Screenshot 2024 02 27 20 21 14 990 com.android.chrome edit 3

 

തമിഴ്നാട്ടിലെ കള്ളക്കുറിച്ചിയിൽ വിഷമദ്യദുരന്തത്തിനിടയാക്കിയ വ്യാജ മദ്യത്തിൽ ഉപയോഗിച്ച മെഥനോൾ വന്നത് ആന്ധ്രാപ്രദേശിലെ ചില മരുന്ന് കമ്പനികളിൽ നിന്നാണെന്ന് സിബിസിഐഡിയുടെ കണ്ടെത്തൽ. ദുരന്തത്തിൽ രാഷ്ട്രീയ പ്രതിരോധത്തിലായതോടെ മരിച്ചവരുടെ കുട്ടികളുടെ പഠനച്ചെലവടക്കം സർക്കാ‍ർ ഏറ്റെടുക്കുന്നുവെന്ന് തമിഴ്നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിൻ പ്രഖ്യാപിച്ചു. ഇത്രയധികം ദുരന്തങ്ങളുണ്ടായിട്ടും സർക്കാർ എന്ത് നടപടിയാണെടുത്തതെന്ന് ചോദിച്ച മദ്രാസ് ഹൈക്കോടതി സർക്കാരിനെതിരെ രൂക്ഷവിമർശനമാണ് ഉന്നയിച്ചത്.

നീറ്റ് നെറ്റ്പരീക്ഷകളിലെ ക്രമക്കേടുമായി ബന്ധപ്പെട്ട് കേന്ദ്ര മന്ത്രി ധർമ്മേന്ദ്ര പ്രധാനെതിരെ സീതാറാം യെച്ചൂരി. സംഭവങ്ങളുടെ ധാർമ്മിക ഉത്തരവാദിത്വം ഏറ്റെടുക്കുന്നവർ രാജിവെക്കാനുള്ള രാഷ്ട്രീയ മര്യാദ കാണിക്കണമെന്നും, നാഷണൽ ടെസ്റ്റിങ് ഏജൻസി പിരിച്ചുവിടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. പരീക്ഷയുടെ ചോദ്യ പേപ്പർ ചോർത്തി വിൽക്കുകയാണ്. ഇന്ത്യയുടെ ഭാവി പ്രതീക്ഷകളായ കോടിക്കണക്കിന് കുട്ടികൾ ഇതിലൂടെ ബുദ്ധിമുട്ടിലായി. സർക്കാരാണ് ഇതിന് ഉത്തരവാദിയെന്നും അദ്ദേഹം ആരോപിച്ചു.

മദ്യനയക്കേസുമായി ബന്ധപ്പെട്ട് വിചാരണ കോടതിയിൽ നിന്നും ജാമ്യം ലഭിച്ച ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിൻ്റെ ജയിൽ മോചനം വൈകും. ജാമ്യം നൽകിയത് സ്റ്റേ ചെയ്ത ദില്ലി ഹൈക്കോടതി ഇഡി ഹര്‍ജിയിൽ വിധി പറയാൻ രണ്ട് മൂന്ന് ദിവസം സമയം വേണമെന്ന് വ്യക്തമാക്കി. കേസ് ഈ മാസം 25 ന് പരിഗണിക്കാനായി ഹൈക്കോടതി മാറ്റിവച്ചു. ഇതോടെയാണ് ജയിൽ മോചനം വൈകുന്നത്. വിധി പറയുന്നത് വരെ കെജ്രിവാളിന്‍റെ ജാമ്യം തത്കാലത്തേക്ക് സ്റ്റേ ചെയ്ത ഹൈക്കോടതി നടപടി തുടരും.

പാർലമെന്‍ററി കീഴ്‌വഴക്കങ്ങൾ ലംഘിച്ച് കൊണ്ട് ലോക്സഭ പ്രോംടേം സ്പീക്കറെ നിയമിച്ച നടപടി പ്രതിഷേധാർഹമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്തമാക്കി. സഭയിൽ ഏറ്റവും കൂടുതൽ കാലം അംഗമായിട്ടും മാവേലിക്കര എം പി കൊടിക്കുന്നിൽ സുരേഷിനെ തഴഞ്ഞത് എന്തിനാണെന്ന് കേന്ദ്ര സർക്കാർ വ്യക്തമാക്കേണ്ടതുണ്ട്. സംഘപരിവാർ പിന്തുടരുന്ന സവർണ്ണ രാഷ്ട്രീയമാണ് ഈ തീരുമാനത്തിനു പിന്നിലെന്ന് സംശയിക്കുന്നവർക്ക് എന്താണ് ബി ജെ പിയുടെ മറുപടിയെന്നും മുഖ്യമന്ത്രി ചോദിച്ചു.

സിറോ മലബാര്‍ സഭ കുര്‍ബാനത്തര്‍ക്കത്തില്‍ അനുനയനീക്കം സജീവം. ഏകീകൃത കുര്‍ബാന അർപ്പിക്കാത്ത വൈദികര്‍ക്കെതിെര നടപടി എടുക്കില്ലെന്നാണ് സൂചന. ഞായറാഴ്ച ഒരുതവണ ഏകീകൃത കുര്‍ബാന അര്‍പ്പിക്കണമെന്നാണ് ഉപാധി. കുര്‍ബാന അര്‍പ്പിക്കാത്ത വൈദികരെ സഭയില്‍ നിന്ന് പുറത്താക്കുമെന്ന മേജര്‍ ആര്‍ച്ച് ബിഷപ്പിന്റെ സര്‍ക്കുലറിനെതിരെ അഞ്ച് ബിഷപ്പുമാര്‍ പുറപ്പെടുവിച്ച വിയോജനക്കുറിപ്പ് ഫരിദാബാദ് രൂപത ആര്‍ച്ച് ബിഷപ് മാര്‍ കുര്യാക്കോസ് ഭരണികുളങ്ങര ശരിവച്ചു. രണ്ടുദിവസമായി നടന്ന സഭയുടെ സമ്പൂര്‍ണ സിനഡിലെ ചര്‍ച്ചകളില്‍ ഇരുപക്ഷവും വീട്ടുവീഴ്ചയ്ക്ക് തയ്യാറായി എന്നാണ് സൂചന.

ആലപ്പുഴ മെഡിക്കൽ കോളേജിൽ ആരോഗ്യമന്ത്രിയുടെ ഇടപെടൽ കാര്യക്ഷമമാക്കണമെന്ന് സിപിഐ ആലപ്പുഴ ജില്ലാ സെക്രട്ടറി ടിജെ ആഞ്ജലോസ് പറഞ്ഞു. പ്രശ്നങ്ങൾ ഉണ്ടാകുമ്പോൾ ഉള്ള താത്കാലിക ഇടപെടൽ അല്ല വേണ്ടതെന്നും നിരന്തരമായി ആരോഗ്യ മന്ത്രിയുടെ ശ്രദ്ധ വേണമെന്നും ചികിത്സാ പിഴവ് ഉണ്ടാകുന്നത് എന്തുകൊണ്ടാണ്, അവർക്ക് നീതി ലഭിക്കണമെന്നും ആഞ്ജലോസ് പറഞ്ഞു.

ബംഗാളിലും ത്രിപുരയിലും സംഭവിച്ചത് കേരളത്തില്‍ ആവര്‍ത്തിക്കാതിരിക്കണമെങ്കില്‍ യഥാര്‍ത്ഥ തിരുത്തല്‍ പ്രക്രിയയ്ക്കു തുടക്കം കുറിക്കണമെന്നും അതു പിണറായില്‍ നിന്നായിരിക്കണമെന്നും കെപിസിസി പ്രസിഡന്‍റ് കെ സുധാകരൻ പറഞ്ഞു. ആത്മാവ് നഷ്ടപ്പെട്ട പാര്‍ട്ടിയുടെ അസ്ഥികൂടത്തിന് കാവലിരിക്കുന്ന ദുര്‍ഭൂതമാണ് മുഖ്യമന്ത്രി പിണറായി വിജയനെന്നും അണികള്‍ ചോരയും നീരയും നല്‍കി കെട്ടിപ്പെടുത്ത പ്രസ്ഥാനത്തിന്‍റേയും ഭരണത്തിന്‍റേയും തലപ്പത്തിരിക്കുന്നവര്‍ ചീഞ്ഞുനാറുന്നത് തിരുത്തല്‍ യജ്ഞക്കാര്‍ കണ്ടില്ലെന്ന് നടിച്ചെന്നും അദ്ദേഹം പറഞ്ഞു.

വയനാട് തെരഞ്ഞെടുപ്പിൽ സിപിഐ ഉന്നയിച്ച വിമർശനങ്ങളെ കാര്യമായി കാണുന്നില്ലെന്ന് കെ സി വേണുഗോപാൽ. ഇന്ത്യ മുന്നണിയുടെ മര്യാദ പാലിക്കേണ്ടത് കോൺഗ്രസിന്റെ മാത്രം ഉത്തരവാദിത്വമല്ലെന്നും കെസി വേണുഗോപാൽ പറഞ്ഞു. വയനാട്ടിൽ പ്രിയങ്ക ഗാന്ധിക്കെതിരെ മത്സരിക്കുമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം വ്യക്തമാക്കിയിരുന്നു.

പ്രിയങ്ക ഗാന്ധിക്ക് വേണ്ടി പ്രചരണം നടത്താൻ തൃണമൂൽ കോൺഗ്രസ് നേതാവ് മമത ബാന‌ർജി എത്തുമെന്ന് റിപ്പോർട്ട്. തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച് പ്രചരണം തുടങ്ങുന്ന വേളയിൽ മമത വയനാട്ടിലെത്തുമെന്നാണ് സൂചന. കഴിഞ്ഞ ദിവസം മുതിർന്ന കോൺഗ്രസ് നേതാവ് പി. ചിദംബരം കൊൽക്കത്തയിൽ വെച്ച് മമത ബാനർജിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.

പാലക്കാട് കെഎസ്‍യുവിലെ രാജി പ്രതിഷേധത്തിൽ സംസ്ഥാന നേതൃത്വം അന്വേഷണ കമ്മിറ്റിയെ നിയോഗിച്ചു. സംസ്ഥാന വൈസ് പ്രസിഡൻ്റ് എംജെ യദുകൃഷ്ണയുടെ നേതൃത്വത്തിൽ മൂന്നംഗ സമിതി നിലവിലെ ജില്ലാ കമ്മിറ്റി ഭാരവാഹികളുമായി സംസാരിക്കും. സംഘടനാ വിരുദ്ധ പ്രവർത്തനം നടത്തിയ ഇബ്രാഹിം ബാദുഷയെ വൈസ് പ്രസിഡൻറായി നിയമിച്ചതിനെതിരെയായിരുന്നു പ്രതിഷേധം.

സംസ്ഥാനത്ത് മറ്റന്നാൾ വരെ അതിതീവ്ര മഴയ്ക്ക് സാധ്യത.ജൂൺ 25 വരെ കേരള-കർണ്ണാടക-ലക്ഷദ്വീപ് തീരങ്ങളിൽ മണിക്കൂറിൽ 35 മുതൽ 45 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ 55 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥക്കും സാധ്യത. ഈ ദിവസങ്ങളിൽ മത്സ്യബന്ധനത്തിന് പോകരുതെന്നും കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പു നൽകി.

മലബാറിലെ പ്ലസ് വൺ സീറ്റ് പ്രതിസന്ധിയിൽ സംസ്ഥാനത്ത് ഇന്നു, മലപ്പുറത്തും കോഴിക്കോട്ടും കെഎസ്‍യുവിന്‍റെയും എംഎസ്എഫിന്‍റെയും നേതൃത്വത്തില്‍ പ്രതിഷേധ പരിപാടികളുണ്ടായി. കോഴിക്കോട് കമ്മീഷണർ ഓഫീസിനു മുന്നിലേക്ക് നടന്ന കെഎസ്‍യു മാര്‍ച്ചില്‍ സംഘര്‍ഷമുണ്ടായി. പ്രതിസന്ധി പരിഹരിച്ചില്ലെങ്കിൽ ശക്തമായ സമരത്തിലേക്ക് നീങ്ങുമെന്ന് എസ്എഫ്ഐ വ്യക്തമാക്കി. രണ്ടു ജില്ലകളിലെയും വിദ്യാഭ്യാസ ഓഫീസുകള്‍ക്ക് മുന്നിലാണ് പ്രതിഷേധ ധര്‍ണ നടന്നത്.

 

സര്‍ക്കാര്‍ കരാറുകാര്‍ക്ക് വിവിധ വകുപ്പുകളില്‍ നിന്ന് കിട്ടാനുള്ള കുടിശ്ശിക 15,000 കോടി രൂപ കടന്നു. ജലവിഭവ വകുപ്പില്‍ നിന്ന് മാത്രം 4000 കോടിയിലധികം രൂപയാണ് കരാറുകാര്‍ക്ക് കിട്ടാനുള്ളത്. പ്രതിസന്ധി പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട്, രാജ്ഭവനിലേക്ക് മാര്‍ച്ച് നടത്താനുള്ള തീരുമാനത്തിലാണ് കരാറുകാര്‍.

 

വാട്സ് ആപ്പ് വഴി എ ഐ സാങ്കേതിക വിദ്യയുടെ സഹായത്തോടെ സുഹൃത്തിന്‍റെ മുഖം വ്യാജമായി കാണിച്ച് പണം തട്ടിയ കേസില്‍ എല്ലാ പ്രതികളും പിടിയിലായി. സംസ്ഥാനത്തെ ആദ്യ ഡീപ്പ് ഫേക്ക് തട്ടിപ്പ് കേസിലെ  പ്രധാനപ്രതി ഹൈദരാബാദ് സ്വദേശി മുഹമ്മദലിയെന്ന പ്രശാന്താണ് കഴിഞ്ഞ ദിവസം പിടിയിലായത്. പാലാഴി സ്വദേശി രാധാകൃഷ്ണനാണ് കഴിഞ്ഞ വര്‍ഷം നാല്‍പതിനായിരം രൂപ നഷ്ടമായത്.

കയ്പമംഗലത്ത് സ്കൂൾ മാനേജർ നിയമനത്തട്ടിപ്പ് കേസിൽ അറസ്റ്റിൽ. കൂരിക്കുഴി എ.എം.യു.പി. സ്കൂൾ മാനേജർ പ്രവീൺ വാഴൂർ (49) നെയാണ് കയ്പമംഗലം പോലീസ് അറസ്റ്റ് ചെയ്തത്. ഇതേ സ്കൂളിലെ അധ്യാപകരായ ഏഴ് പേർ നൽകിയ പരാതിയിലാണ് പോലീസ് അന്വേഷണം നടത്തി അറസ്റ്റ് ചെയ്തത്. 25 ലക്ഷം രൂപ മുതൽ 45 ലക്ഷം രൂപ വരെ മാനേജർ ടീച്ചർമാരിൽ നിന്നും വാങ്ങിയിട്ടുണ്ടെന്നാണ് പരാതി.

കൊല്ലത്ത് 8 വയസുകാരിയെ ലൈംഗികമായി ആക്രമിച്ച പ്രതിക്ക് 16 വര്‍ഷം കഠിനതടവും 40,000 രൂപ പിഴയും വിധിച്ച് കോടതി. പത്തനാപുരം സ്വദേശി ഹമീദിനെയാണ് കരുനാഗപ്പള്ളി ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യല്‍ കോടതി ശിക്ഷിച്ചത്. 2022 സെപ്റ്റംബറിലാണ് കേസിനാസ്പദമായ സംഭവം.

യുജിസി നെറ്റ് പരീക്ഷയുടെ ചോദ്യപേപ്പര്‍ ചോർന്ന സംഭവത്തില്‍ സിബിഐ അന്വേഷണത്തിന്‍റെ പ്രാഥിക വിവരങ്ങൾ പുറത്തുവന്നു. പരീക്ഷയ്ക്ക് 48 മണിക്കൂര്‍ മുമ്പ് ചോദ്യപേപ്പര്‍ ചോര്‍ന്നുവെന്നും, ആറ് ലക്ഷം രൂപയ്ക്ക് വരെയാണ് ചോദ്യ പേപ്പർ വില്‍പനയ്ക്ക് വെച്ചതെന്നും സിബിഐ അന്വേഷണത്തില്‍ കണ്ടെത്തി. ഡാർക്ക് വെബിലും ടെലഗ്രാമിൽ അടക്കം നെറ്റ് ചോദ്യപേപ്പറുകളുടെ വില്‍പന നടന്നുവെന്നും എഫ്ഐആറിലുണ്ട്. സംഭവത്തില്‍ ചില പരിശീലന കേന്ദ്രങ്ങളും സിബിഐയുടെ നിരീക്ഷണത്തിലാണ്.

വിദ്യാർഥികള്‍ക്ക് പിഴയിട്ട മുംബൈ ഐഐടിയുടെ തീരുമാനത്തിനെതിരെ പ്രതിക്ഷേധം ശക്തമാകുന്നു. ക്യാമ്പസ് കലോത്സവത്തില്‍ അവതരിപ്പിച്ച രഹോവന്‍ എന്ന നാടകമാണ് പ്രശ്നങ്ങള്‍ക്കിടയാക്കിയത്. രാമായണത്തില്‍ നിന്നും ആശയം സ്വീകരിച്ചുള്ളതായിരുന്നു നാടകം. ഈ നാടകം സമുഹമാധ്യമങ്ങളില്‍ കൂടിയെത്തിയതോടെ രാമനെയുംസീതയെയും മോശമായി ചിത്രീകരിച്ചെന്നും ഹിന്ദുസംസ്കാരത്തെ അപമാനിച്ചെന്നും ആരോപിച്ച് ഒരുകൂട്ടം വിദ്യാർഥികൾ രംഗത്തുവന്നതിനെ തുടർന്ന് അച്ചടക്ക സമിതിയുടെ ശുപാർശയുടെ അടിസ്ഥാനത്തിലാണ് പിഴ ചുമത്തിയത്.

തമിഴ്നാട് കള്ളക്കുറിച്ചിയിലെ വിഷമദ്യ ദുരന്തത്തിൽ ഉത്തരവാദികള്‍ക്കെതിരെ കടുത്ത നടപടിയുണ്ടാകുമെന്ന് തമിഴ്നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിൻ നിയമസഭയില്‍ വ്യക്തമാക്കി. പ്ലക്കാർഡുകളുമായി നിയമസഭയിലെത്തി നടുത്തളത്തിൽ പ്രതിഷേധിച്ച അണ്ണാ ഡിഎംകെ അംഗങ്ങളെ സ്പീക്കർ പുറത്താക്കിയെങ്കിലും ചർച്ചയ്ക്ക് തയ്യാറെന്ന് മുഖ്യമന്ത്രി സ്റ്റാലിൻ അറിയിച്ചതോടെ തിരിച്ച് വിളിച്ചിട്ടുണ്ട്. വിഷമദ്യ ദുരന്തത്തില്‍ മരണം 52 ആയി ഉയര്‍ന്നു. ദുരന്തം നിസ്സാരമല്ലെന്നും അന്വേഷണറിപ്പോർട്ടുകൾ പൂഴ്ത്തി സർക്കാരിന് രക്ഷപ്പെടാനാകില്ലെന്നും രൂക്ഷവിമർശനമുയർത്തിയ മദ്രാസ് ഹൈക്കോടതി അടുത്ത ബുധനാഴ്ചയ്ക്കുള്ളിൽ വിശദമായ സത്യവാങ്മൂലം നൽകാൻ ഉത്തരവിട്ടു.

തമിഴകവെട്രി കഴകം അധ്യക്ഷനും സൂപ്പർ താരവുമായ വിജയ് നാളത്തെ തന്‍റെ അമ്പതാം പിറന്നാളാഘോഷങ്ങൾ റദ്ദാക്കി. ആ പണം കള്ളക്കുറിച്ചിയിലെ ഇരകളുടെ കുടുംബങ്ങൾക്ക് നൽകണമെന്ന് ആരാധകരോട് വിജയ് പറഞ്ഞു. വ്യാജമദ്യമൊഴുക്ക് തടയാൻ കർശന നിയമം വേണമെന്ന് സൂപ്പർ താരം സൂര്യയും വാർത്താക്കുറിപ്പിലൂടെ ആവശ്യപ്പെട്ടു.

ഇന്ത്യയിലെ ഏറ്റവും വലിയ കടല്‍പ്പാലമായ അടല്‍ സേതുവിൽ വിള്ളല്‍. നവി മുംബൈയിലെ ഉൽവെയിലേക്കുള്ള റോഡിലാണ് വിള്ളലുകൾ കണ്ടെത്തിയത്. അഞ്ച് മാസം മുമ്പ് പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് അടൽ സേതു ഉദ്ഘാടനം ചെയ്തത്. പുതുതായി ഉദ്ഘാടനം ചെയ്ത പാലത്തിന് വിള്ളലുണ്ടായത് വിവാദങ്ങൾക്കും അഴിമതി ആരോപണങ്ങൾക്കും കാരണമായിട്ടുണ്ട്. മഹാരാഷ്ട്ര കോൺഗ്രസ് അധ്യക്ഷൻ നാനാ പടോലെ സ്ഥലം സന്ദർശിച്ച് വിള്ളലുകൾ പരിശോധിക്കുകയും യാത്രക്കാരുടെ സുരക്ഷയെക്കുറിച്ച് ഗുരുതരമായ ആശങ്കകൾ ഉന്നയിക്കുകയും ചെയ്തു.

പശ്ചിമ ബംഗാള്‍ കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്ത്‌ നിന്ന് അധീര്‍ രഞ്ജന്‍ ചൗധരി രാജിവെച്ചു. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് പാര്‍ട്ടിക്കുണ്ടായ തിരിച്ചടി അവലോകനം ചെയ്യുന്നതിനായി ചേര്‍ന്ന പിസിസി യോഗത്തിന് ശേഷമാണ് അദ്ദേഹം തന്റെ രാജി പ്രഖ്യാപിച്ചത്. എന്നാല്‍ അദ്ദേഹത്തിന്റെ രാജി സ്വീകരിക്കുന്നത് സംബന്ധിച്ച് കോണ്‍ഗ്രസ് നേതൃത്വത്തിന്റെ ഔദ്യോഗിക പ്രതികരണം വന്നിട്ടില്ല.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *