ഇന്ത്യയിലെ വോട്ടിങ് യന്ത്രങ്ങള്‍ ആർക്കും പരിശോധിക്കാൻ കഴിയാത്ത ബ്ലാക്ക് ബോക്സുകളെന്ന് രാഹുല്‍ ഗാന്ധി. തെരഞ്ഞെടുപ്പ് പ്രക്രിയയിലെ സുതാര്യതയെക്കുറിച്ച് ഗുരുതരമായ ആശങ്കകൾ ഉയരുന്നുവെന്നും, ഭരണഘടന സ്ഥാപനങ്ങള്‍ക്ക് ഉത്തരവാദിത്തം ഇല്ലാതാകുമ്പോള്‍ ജനാധിപത്യം വഞ്ചിക്കപ്പെടുമെന്നും രാഹുല്‍ഗാന്ധി സമൂഹമാധ്യമമായ എക്സില്‍ കുറിച്ചു.വോട്ടിങ് യന്ത്രങ്ങള്‍ ഹാക്ക് ചെയ്യാൻ കഴിയുമെന്നും അത് ഉപേക്ഷിക്കണമെന്നുമുള്ള ഇലോണ്‍ മസ്ക്കിന്‍റെ പ്രസ്താവനയെ തുടർന്നാണ് വിഷയം ചർച്ചയാകുന്നത്.

 

എക്സ് മേധാവി ഇലോൺ മസ്കിന്റെ പ്രസ്താവന തെറ്റാണെന്ന് മുൻ കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ. സുരക്ഷിതമായ ഡിജിറ്റല്‍ ഹാർഡ്‍വെയർ ആർക്കും ഉണ്ടാക്കാൻ കഴിയില്ലെന്ന ധാരണ തെറ്റാണെന്ന് രാജീവ് ചന്ദ്രശേഖർ പ്രതികരിച്ചു. മസ്ക്കിന്‍റെ വാദം ഇൻറർനെറ്റ് ബന്ധിപ്പിക്കുന്ന ഇവിഎം ഉള്ള അമേരിക്കയില്‍ ബാധകമായിരിക്കും. എന്നാൽ ഇന്ത്യയിലെ ഇവിഎമ്മുകള്‍ ബ്ലൂടുത്തോ ഇന്‍റർനെറ്റോ ആയി ബന്ധിപ്പിക്കാനാകാത്തതെന്നും മുന്‍ കേന്ദ്രമന്ത്രി വ്യക്തമാക്കി.

 

പ്യൂർട്ടോ റിക്കോയില്‍ പ്രൈമറി തെര‍ഞ്ഞെടുപ്പിനിടെ വോട്ടിങ് യന്ത്രത്തില്‍ ക്രമക്കേട് ഉണ്ടായെന്ന വിവാദം തുടരുമ്പോഴാണ് ഇവിഎം യന്ത്രങ്ങളെ കുറിച്ച് ഇലോണ്‍ മസ്ക് പ്രതികരിച്ചത്. ഇലക്ട്രോണിക് വോട്ടിങ് യന്ത്രങ്ങള്‍ മനുഷർക്കോ നിർമിത ബുദ്ധി വഴിയോ ഹാക്ക് ചെയ്യാൻ കഴിയുമെന്നും വോട്ടിങ് യന്ത്രങ്ങള്‍ ഉപേക്ഷിക്കണമെന്നും സ്പെസ് എക്സ് മേധാവിയായ ഇലോണ്‍ മസ്ക് പറ‍ഞ്ഞു. മുൻ അമേരിക്കൻ പ്രസിഡന്‍റ് ജോണ്‍ എഫ് കെന്നഡിയുടെ അനന്തിരവൻ റോബർട്ട് എഫ് കെന്നഡിയുടെ പ്രതികരണത്തിലായിരുന്നു മസ്കിന്‍റെ പ്രസ്താവനയെങ്കിലും വിഷയം ചർച്ചയാകുന്നത് ഇന്ത്യയിലാണ്.

 

വോട്ടിങ് യന്ത്രങ്ങള്‍ നിരോധിക്കണമെന്ന് ഇലോണ്‍ മസ്ക്കിന്‍റെ പ്രസ്താവന ചര്‍ച്ചയായതോടെ ഇനിയുള്ള തെരഞ്ഞെടുപ്പുകള്‍, ബാലറ്റ് പേപ്പറില്‍ നടത്തണമെന്ന ആവശ്യവുമായി അഖിലേഷ് യാദവ് രംഗത്തെത്തി. ലോകത്തെ പ്രമുഖരായ സാങ്കേതിക വിദഗ്ധര്‍ പോലും ഇവിഎമ്മിൽ ക്രമക്കേട് സാധ്യമെന്ന് പറയുന്നു. എന്തിനാണ് ഇവിഎം  അടിച്ചേല്‍പ്പിക്കുന്നതെന്ന് ബിജെപി വിശദീകരിക്കണമെന്നും അഖിലേഷ് യാദവ് പറഞ്ഞു.

മുഖ്യമന്ത്രി പിണറായി വിജയൻ ഏവർക്കും ബക്രീദ് ആശംസകൾ നേർന്നു . പരസ്പര സ്‌നേഹത്തിന്‍റെയും ത്യാഗത്തിന്‍റെയും മഹത്തായ സന്ദേശമാണ് ബലിപെരുന്നാള്‍ പകരുന്നത് എന്ന്   സന്ദേശത്തില്‍ പിണറായി വിജയൻ പറഞ്ഞു.എല്ലാത്തരം വേര്‍തിരിവുകള്‍ക്കും അതീതമായി നമുക്കൊരുമിച്ച് ആഘോഷിക്കാംബലിപെരുന്നാൾ . ഐക്യത്തിന്‍റെയും മതനിരപേക്ഷതയുടെയും നാടായി കേരളത്തെ നിലനിര്‍ത്താന്‍ ഈ ദിനം നമുക്ക് പ്രചോദനമാകട്ടെയെന്നും ഏവര്‍ക്കും ഹൃദയപൂര്‍വ്വം ബക്രീദാശംസകള്‍ നേരുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

പാഠപുസ്തകത്തില്‍ നിന്ന് ബാബരി മസ്ജിദെന്ന പേര് ഒഴിവാക്കി എൻസിഇആർടി. ബാബരി മസ്ജിദെന്നതിന് പകരം മൂന്ന് മിനാരങ്ങളോട് കൂടിയ നിർമ്മിതി എന്നാണ് പ്രയോഗിച്ചിരിക്കുന്നത്. പന്ത്രണ്ടാം ക്ലാസിലെ പാഠപുസ്തകത്തിൽ നിന്നാണ് ബാബരി മസ്ജിദ് എന്ന് ഒഴിവാക്കിയത്.അയോധ്യയെ കുറിച്ചുള്ള ഭാഗം നാല് പേജില്‍ നിന്ന് രണ്ടായി ചുരുക്കി. ബാബരി മസ്ദജിദ് തകർത്ത സംഭവം പരാമർശിക്കുന്ന ഭാഗങ്ങള്‍ കുറച്ചു.  രാമജന്മഭൂമി പ്രക്ഷോഭത്തിനാണ്  പാഠപുസ്തകത്തിൽ കൂടുതല്‍ പ്രാധാന്യം നല്‍കിയിരിക്കുന്നത്.

 

 

മെഡിക്കൽ പ്രവേശനത്തിനുള്ള നീറ്റ് പരീക്ഷയിൽ രണ്ടിടങ്ങളിൽ ക്രമക്കേടുകൾ നടന്നെന്ന വിവരം ലഭിച്ചിട്ടുണ്ടെന്ന് കേന്ദ്രമന്ത്രി ധർമ്മേന്ദ്രപ്രധാൻ അറിയിച്ചു. ഇത് സംബന്ധിച്ച് അന്വേഷണം തുടരുകയാണെന്നും, കാരണക്കാർ എത്ര വലിയ ഉദ്യോഗസ്ഥനായാലും വെറുതെ വിടില്ല. കുറ്റക്കാർക്ക് കടുത്ത ശിക്ഷ ഉറപ്പാക്കുമെന്നും മന്ത്രി അറിയിച്ചു.

സിപിഐ തിരുവനന്തപുരം ജില്ലാ കൗൺസിലിൽ മുഖ്യമന്ത്രി പിണറായി വിജയനെതിരെ വിമർശനം. മുഖ്യമന്ത്രിയുടെ ധാർഷ്ട്യമാണ് ലോക്സഭാ തെര‍ഞ്ഞെടുപ്പിലെ പരാജയത്തിന് കാരണമെന്ന് പാർട്ടിയിൽ വിമർശനം ഉയരുകയായിരുന്നു. മുഖ്യമന്ത്രി മാറാതെ ഭരണം നന്നാകില്ല. മുഖ്യമന്ത്രിയുടെ മകളുടെ പേരിലുള്ള അഴിമതി ആരോപണവും തെരഞ്ഞെടുപ്പിൽ തിരിച്ചടിയായെന്നും സിപിഐ വിമർശിക്കുന്നു.

 

പ്രവാസി പുനരധിവാസ നടപടികളുടെ ഭാഗമായി പ്രവാസി ഗ്രാമസഭകള്‍ വിളിച്ചുചേര്‍ത്തു സ്വയം സഹായസംഘങ്ങള്‍, സഹകരണ സംഘങ്ങള്‍ മുതലായവ രൂപീകരിക്കുന്നതു സര്‍ക്കാരിന്റെ പരിഗണനയിലുണ്ടെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍. കുടുംബശ്രീ മാതൃകയില്‍ പ്രവാസി മിഷന്‍ രൂപീകരിക്കുന്ന കാര്യവും പരിശോധിച്ച് തീരുമാനിക്കുമെന്നു നാലാമത് ലോക കേരള സഭയുടെ സമാപന പ്രസംഗത്തില്‍ മുഖ്യമന്ത്രി വ്യക്തമാക്കി.

 

പ്രധാനപ്പെട്ട ഒരു സിപിഎം നേതാവിന്‍റെ സോഷ്യല്‍ മീഡിയ സംവിധാനമാണ് പോരാളി ഷാജിയെന്നതെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. ചെങ്കതിരും പൊന്‍കതിരുമൊക്കെ മറ്റു രണ്ടു പേരുടേതാണെന്നും, ഇപ്പോള്‍ ഇവരൊക്കെ തമ്മില്‍ പോരാടാന്‍ തുടങ്ങി. അത് ഞങ്ങള്‍ നോക്കി നില്‍ക്കുകയാണ് അത് അവരുടെ ആഭ്യന്തരകാര്യമാണെന്നും അദ്ദേഹം പറഞ്ഞു. ബംഗാളിലും ത്രിപുരയിലും സംഭവിച്ചത് കേരളത്തിലെ സി.പി.എമ്മിന് സംഭവിക്കാന്‍ തുടങ്ങിയിരിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കെ.എസ്.ആര്‍.ടി.സി.യിലെ സിവില്‍ വര്‍ക്കുകള്‍ പി.ഡബ്ല്യു.ഡി വഴി ചെയ്യിക്കുന്നതുമായി ബന്ധപ്പെട്ട് പൊതുമരാമത്ത് വകുപ്പ് മന്ത്രിയുടെ അദ്ധ്യക്ഷതയില്‍ ഗതാഗതവകുപ്പു മന്ത്രിയുമായി ചര്‍ച്ച നടത്തി. കൂടാതെ കെ.എസ്.ആര്‍.ടി.സി, ടൂറിസം വകുപ്പുമായി സഹകരിച്ച് ടൂറിസം രംഗത്തും അടിസ്ഥാന സൗകര്യ വികസന മേഖലയിലും പുതിയ പദ്ധതികള്‍ക്കായി ചര്‍ച്ച നടത്തി നടപ്പിലാക്കാനും തീരുമാനമായി.

തൃശൂരിലെ തെരഞ്ഞെടുപ്പ് തോല്‍വി പഠിക്കാനുള്ള കെ.സി. ജോസഫ് ഉപസമിതി മറ്റെന്നാള്‍ തൃശൂരെത്തുമെന്ന് ഡിസിസി അധ്യക്ഷന്‍ വി.കെ. ശ്രീകണ്ഠന്‍ . തൃശൂര്‍ ജില്ലാ കോണ്‍ഗ്രസ് അധ്യക്ഷനായി ചുമതലയേറ്റശേഷമുള്ള യോഗത്തിനുശേഷം സംസാരിക്കുകയായിരുന്നു വികെ ശ്രീകണ്ഠൻ. 18ന് രാവിലെ രാവിലെ മുതിര്‍ന്ന നേതാക്കളുമായി പ്രശ്നം ചര്‍ച്ച ചെയ്യുമെന്ന് വികെ ശ്രീകണ്ഠൻ പറഞ്ഞു.

കേരളത്തിന്റെ തനതു കലകളും സംസ്‌കാരവും വിദേശരാജ്യങ്ങളില്‍ പ്രദര്‍ശിപ്പിക്കുന്നതിന്റെയും ബ്രാന്‍ഡ് ചെയ്യുന്നതിന്റെയും ഭാഗമായി അഞ്ച് ദിവസം വരെ നീണ്ടുനില്‍ക്കുന്ന അവതരണോത്സവങ്ങളും ശില്‍പ്പശാലകളും സെമിനാറുകളും സംഘടിപ്പിക്കുന്നതിനു കലാമണ്ഡലം പദ്ധതി തയാറാക്കിയിട്ടുണ്ടെന്നും ആദ്യ ഷോ അമേരിക്കയില്‍ സംഘടിപ്പിക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ.

കുവൈത്തിലെ ദുരന്തത്തിൽ മരിച്ച ചാവക്കാട് സ്വദേശി ബിനോയ് തോമസിന് ലൈഫ് പദ്ധതിയിലൂടെ വീട് നൽകുമെന്ന് മന്ത്രി കെ രാജൻ. ചാവക്കാട് നഗരസഭ 20 ന് യോഗം ചേർന്ന് അജണ്ട അംഗീകരിക്കും. പിന്നാലെ സംസ്ഥാനസർക്കാർ അംഗീകാരം നൽകുമെന്നും മന്ത്രി കെ. രാജൻ പറഞ്ഞു. ബിനോയ് തോമസിന്റെ മകന് ജോലി ഉറപ്പാക്കുമെന്ന് മന്ത്രി ആർ. ബിന്ദുവും വ്യക്തമാക്കി.

ഇടതു വലതു മുന്നണികള്‍ അതിരുവിട്ട മുസ്‌ലിം പ്രീണനം നടത്തുകയാണെന്ന വിമര്‍ശനവുമായി എസ്എന്‍ഡിപി മുഖമാസികയായ യോഗനാദത്തിന്‍റെ എഡിറ്റോറിയലില്‍ വെളളാപ്പളളി നടേശൻ. മതവിവേചനവും മതവിദ്വേഷവും തിരിച്ചറിഞ്ഞ ക്രിസ്ത്യാനികളാണ് തൃശൂരില്‍ സുരേഷ് ഗോപിയെ വിജയിപ്പിച്ചതെന്നും ലേഖനത്തില്‍ വെള്ളാപ്പളളി ചൂണ്ടിക്കാട്ടുന്നു. കേരളത്തിലെ സാമൂഹിക യാഥാര്‍ഥ്യങ്ങളെ കുറിച്ച് തുറന്നു പറയുന്നതിന്‍റെ പേരില്‍ രക്തസാക്ഷിയാകാനും തയാറെന്ന് അദ്ദേഹം വ്യക്തമാക്കി.

 

വടകരയിൽ വിവാദമായ കാഫിർ പോസ്റ്റ് പിൻവലിച്ച് മുൻഎംഎൽഎയും സിപിഎം സംസ്ഥാന സമിതി നേതാവുമായ കെ കെ ലതിക. വിവാദത്തിന് പിന്നാലെ ഫേസ്ബുക്ക് പ്രൊഫൈലടക്കം ലതിക ലോക്ക് ചെയ്തു. തെരഞ്ഞെടുപ്പ് കാലത്ത് ഏറെ കോളിളക്കം സൃഷ്ടിച്ച ഫേസ്ബുക്ക് കുറിപ്പായിരുന്നു ഇത്. ഒന്നരമാസത്തിലേറെയായി ഈ കുറിപ്പ് കെകെ ലതികയുടെ പ്രൊഫൈലിലുണ്ടായിരുന്നു.

വിവാദമായ കാഫിര്‍ സ്‌ക്രീന്‍ഷോട്ട് പ്രചരിപ്പിച്ച മുൻ എം.എൽ.എയും സി.പി.എം. സംസ്ഥാനസമിതി അംഗവുമായ കെ.കെ. ലതികയെ അറസ്റ്റ് ചെയ്യണമെന്ന് കോൺഗ്രസ്. ലതിക പൊതുസമൂഹത്തോട് മാപ്പ് പറയണമെന്നും പോസ്റ്റ്‌ പിൻവലിച്ചതോടെ അവരുടെ പങ്ക് കൂടുതൽ വ്യക്തമായെന്നും കോഴിക്കോട് ഡി.സി.സി പ്രസിഡന്റ് കെ. പ്രവീൺ കുമാർ പറഞ്ഞു.

ഇന്ദിരാഗാന്ധിയേയും കെ.കരുണാകരനേയും കുറിച്ചുള്ള തന്‍റെ പരാമര്‍ശം മാധ്യമങ്ങള്‍ തെറ്റായി ചിത്രീകരിച്ചെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി പറഞ്ഞു. തന്‍റെ പ്രയോഗത്തിൽ തെറ്റ് പറ്റിയിട്ടില്ല. കരുണാകരൻ കോൺഗ്രസിന്‍റെ പിതാവും കോൺഗ്രസിന്‍റെ മാതാവ് ഇന്ദിരാഗാന്ധിയെന്നുമാണ് പറഞ്ഞത്. എന്നാല്‍ അത് തെറ്റായി പ്രചരിപ്പിച്ചു. ഇത്തരത്തിലെങ്കിൽ മാധ്യമങ്ങളിൽ നിന്ന് അകലും. കലാകാരനായി പോലും മാധ്യമങ്ങൾക്ക് മുന്നിൽ വരില്ലെന്നും അദ്ദേഹം പറഞ്ഞു.

 

ഏകീകൃത കുർബാനയിൽ അന്ത്യശാസനം നൽകിക്കൊണ്ടുള്ള സീറോ മലബാർ സഭയുടെ സർക്കുലർ എറണാകുളം അങ്കമാലി അതിരൂപതയിലെ പള്ളികളിൽ വായിച്ചില്ല. സർക്കുലർ കീറി ചവറ്റുകുട്ടയിലിട്ടും കത്തിച്ചും വിശ്വാസികൾ പലയിടത്തും പ്രതിഷേധിച്ചു. ഇടപ്പള്ളി പള്ളിക്ക് മുന്നിൽ കാത്തലിക് നസ്രാണി അസോസിയേഷന്റെ നേതൃത്വത്തിൽ ഒരു വിഭാഗം സർക്കുലർ വായിച്ചതും പള്ളിയിലെത്തിയ ഒരു വിഭാഗം ഈ നീക്കത്തെ എതിർത്തതും വാക്കുതർക്കത്തിനിടയാക്കി.

 

ക്രിമിനൽ കേസിലെ പ്രതികൾക്കടക്കം പാസ്പോർട്ട് ലഭിക്കാൻ വ്യാജ രേഖ ഉണ്ടാക്കിയ കേസില്‍ തിരുവനന്തപുരം തുമ്പ പൊലീസ് സ്റ്റേഷനിലെ സിവില്‍ പൊലീസ് ഓഫീസറായ അന്‍സില്‍ അസീസിനെ പ്രതിചേര്‍ത്തു. വ്യാജ രേഖ ഉപയോഗിച്ച് പാസ്പോര്‍ട്ട് വെരിഫിക്കേഷൻ നടത്തിയ സംഭവത്തിലാണ് കേസില്‍ അന്‍സിലിനെ പ്രതി ചേര്‍ത്തത്. സംഭവത്തിൽ അൻസിലിന്‍റെ അറസ്റ്റ് ഉള്‍പ്പെടെ ഉടനെ രേഖപ്പെടുത്തും.

 

കൊല്ലം ചിതറ പോലീസ് സ്റ്റേഷനിലെ രണ്ട് ജീപ്പുകളുടെ ചില്ല് അടിച്ചു തകർത്ത പുതുശ്ശേരി സ്വദേശി ധർമദാസിനെ പൊലീസ് അറസ്റ്റ് ചെയ്തു. ഭാര്യക്കെതിരെ നൽകിയ സാമ്പത്തിക തർക്ക പരാതിയിൽ പൊലീസ് കേസെടുത്തില്ലന്ന് ആരോപിച്ച് ഭർത്താവാണ് ആക്രമണം നടത്തിയത്.

 

തൃശൂരും പാലക്കാടും തുടര്‍ച്ചയായ രണ്ടാം ദിവസവും നേരിയ ഭൂചലനം അനുഭവപ്പെട്ടു. കുന്നംകുളം, എരുമപ്പെട്ടി, വേലൂർ, വടക്കാഞ്ചേരി, തൃത്താല, തിരുമിറ്റക്കോട് മേഖലകളിൽ ഭൂമി കുലുങ്ങിയതായി അനുഭവപ്പെട്ടെന്ന് നാട്ടുകാർ പറയുന്നു. ഇന്നലെ രാവിലെയും ഈ മേഖലകളിൽ ഭൂചലനം അനുഭവപ്പെട്ടിരുന്നു.

 

തൃത്താലയിൽ എസ് ഐയെ വണ്ടിയിടിപ്പിച്ച കേസിലെ പ്രതി അലനെ പട്ടാമ്പിയിൽ നിന്നും പൊലീസ് കസ്റ്റഡിയിലെടുത്തു. പാലക്കാട് തൃത്താലയിൽ വെച്ച് വാഹന പരിശോധനയ്ക്കിടെയാണ് തൃത്താല സ്റ്റേഷനിലെ എസ്ഐ ശശി കുമാറിനെ വാഹനമിടിച്ചത്. ജോലി തടസപ്പെടുത്തിയതിനും കൊലപാതക ശ്രമത്തിനും പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിരുന്നു.

 

ഇടുക്കി പൈനാവില്‍ ഭാര്യാ മാതാവിനെയും ഭാര്യാ സഹോദരൻറെ രണ്ടര വയസ്സുള്ള മകളെയും പെട്രോളൊഴിച്ച് കത്തിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചയാൾ ഒളിവിലിരിക്കെ വീണ്ടുമെത്തി ഇവരുടെ വീടുകൾക്കും തീയിട്ട സംഭവത്തില്‍ ഭാര്യ മാതാവിനെ കൊല്ലാൻ ആയിരുന്നു രണ്ടാമതായുണ്ടായ ആക്രമണമെന്ന് ഇടുക്കി എസ് പി ടി കെ വിഷ്ണു പ്രദീപ്‌ പറഞ്ഞ‌ു. നേരത്തെ ഭാര്യാമാതാവായ അന്നക്കുട്ടിയെയും കൊച്ചുമകളെയും ആക്രമിച്ച കേസില്‍ പൊലീസ് ഇയാളെ തിരയുന്നതിനിടെയാണ് വീണ്ടും ആക്രമണ സംഭവമുണ്ടായതും തുടര്‍ന്ന് പൊലീസ് പ്രതിയെ പിടികൂടിയതും.

ഭാര്യക്കൊപ്പം ഹജ്ജിന് പോയ തിരൂര്‍ സ്വദേശി മക്കയില്‍ കുഴഞ്ഞുവീണ് മരിച്ചു. വടക്കന്‍ മുത്തൂര്‍ സ്വദേശി കാവുങ്ങപറമ്പില്‍ അലവികുട്ടി ഹാജി (70)യാണ് മരിച്ചത്. പെരുന്നാള്‍ നമസ്‌കാരത്തിന് ശേഷം മിനായിലേക്ക് പോകുന്നതിനിടെ തളര്‍ന്നുവീഴുകയായിരുന്നു. ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

കോയമ്പത്തൂർ മധുക്കരയിൽ മലയാളികൾക്ക് നേരെയുണ്ടായ ആക്രമണത്തിൽ 4 പേർ അറസ്റ്റിൽ. പട്ടിമറ്റം സ്വദേശി അസ്ലം സിദ്ദിഖും കുടുംബവുമാണ് മുഖംമൂടി സംഘത്തിന്റെ ആക്രമത്തിനിരയായത്. അറസ്റ്റിലായ 4 പേരിൽ രണ്ട് പേർ പാലക്കാട് ചിറ്റൂർ സ്വദേശികളാണ്. പത്തിലധികം വരുന്ന അക്രമികളിൽ നിന്ന് തലനാരിഴക്കാണ് എറണാകുളം പട്ടിമറ്റം സ്വദേശികളായ അസ്ലം സിദ്ദിഖും കുടുംബവും രക്ഷപ്പെട്ടത്.

 

കുടിവെള്ളക്ഷാമത്തിൽ ദില്ലി ചത്തര്‍പൂരിലെ ജല ബോര്‍ഡിന്‍റെ ഓഫീസിലേക്ക് ബിജെപി നടത്തിയ മാര്‍ച്ച് അക്രമാസക്തമായി. ജല ബോര്‍ഡിന്‍റെ ജനല്‍ ചില്ലുകള്‍ ബിജെപി പ്രവര്‍ത്തകര്‍ അടിച്ചുതകര്‍ത്തു.
മുൻ എംപി രമേശ്‌ ബിധുരിയുടെ നേതൃത്വത്തിൽ നടത്തിയ പ്രതിഷേധ മാർച്ചിന് ഇടയിലാണ് ജനൽ ചില്ലുകള്‍ തകര്‍ത്തത്. എന്നാല്‍, ഹരിയാന സർക്കാർ മതിയായ വെള്ളം വിട്ടുതരാത്തത് പ്രശ്നം വഷളാക്കുന്നെന്നും വിഷയത്തിൽ ഉടൻ കേന്ദ്രം ഇടപെടണമെന്നുമാണ് ആംആദ്മി പാര്‍ട്ടിയുടെ ആവശ്യം.

 

മധ്യപ്രദേശിലെ മദ്യ നിർമ്മാണ ശാലയിൽ ബാലവേലക്കിരയാക്കിയ 50 കുട്ടികളെ കണ്ടെത്തി രക്ഷപ്പെടുത്തി. സ്ഥാപനത്തിൽ കുട്ടികളെ എത്തിച്ച് 15 മണിക്കൂറോളം ജോലിയെടുപ്പിക്കുന്നുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പരിശോധന നടന്നത്. ബാലാവകാശ കമ്മീഷന്‍റെ നേതൃത്വത്തിലായിരുന്നു പരിശോധന. ഫാക്ടറി ഉടമയ്ക്കെതിരെ സംസ്ഥാന ബാലാവകാശ കമ്മീഷൻ കേസ് എടുത്തു.

ജപ്പാനില്‍ ഭീതി പടര്‍ത്തി മാംസം തിന്നുന്ന ബാക്ടീരിയ. ശരീരത്തില്‍ കടന്നാല്‍ 48 മണിക്കൂറിനുള്ളില്‍ രോഗിയുടെ ജീവനെടുക്കാന്‍ ശേഷിയുള്ള ബാക്ടീരിയ കാരണം ‘സ്ട്രെപ്റ്റോകോകല്‍ ടോക്സിക് ഷോക് സിന്‍ഡ്രോം എന്ന രോഗമാണ് ഉണ്ടാവുക. കോവിഡ് നിയന്ത്രണങ്ങള്‍ നീക്കിയതിന് പിന്നാലെയാണ് രോഗം ജപ്പാനില്‍ വ്യാപകമായതെന്നാണ് റിപ്പോർട്ട്.

ഭീകരവിരുദ്ധ നടപടികള്‍ ജമ്മുകശ്മീരില്‍ ഊര്‍ജ്ജിതമാക്കാന്‍ നിര്‍ദ്ദേശിച്ച് അമിത്ഷാ. ജമ്മുകശ്മീരിലെ സാഹചര്യം വിലയിരുത്താന്‍ ചേര്‍ന്ന ഉന്നതതല യോഗത്തിലാണ് തീരുമാനം. തീവ്രവാദ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കാൻ സുരക്ഷ ഏജന്‍സികള്‍ സംയുക്തമായി നീങ്ങണമെന്ന് യോഗത്തില്‍ അമിത് ഷാ നിര്‍ദേശിച്ചു.

പുതിയ ക്രിമിനല്‍ നിയമങ്ങള്‍ 2024 ജൂലായ് ഒന്ന് മുതല്‍ പ്രാബല്യത്തില്‍ വരുമെന്ന് കേന്ദ്ര നിയമ മന്ത്രി അര്‍ജുന്‍ റാം മേഘ്‌വാള്‍. ഭാരതീയ ന്യായ സംഹിത, ഭാരതീയ നാഗരിക് സുരക്ഷാ സംഹിത , ഭാരതീയ സാക്ഷ്യ എന്നീ നിയമങ്ങളാണ് ജൂലായ് ഒന്നുമുതല്‍ പ്രാബല്യത്തിലാവുന്നത്. 1860-ലെ ഇന്ത്യന്‍ ശിക്ഷാനിയമം, 1898ലെ ക്രിമിനല്‍ നടപടിച്ചട്ടം , 1872ലെ ഇന്ത്യന്‍ തെളിവ് നിയമം എന്നിവയ്ക്കു പകരമാണ് ഇവ നിലവില്‍ വരുന്നത്.ഐപിസി, സിആര്‍പിസി, ഇന്ത്യന്‍ ശിക്ഷാനിയമം എന്നിവ മാറുകയാണ്. കൂടിയാലോചനകള്‍ക്കുശേഷം, നിയമ കമ്മീഷന്‍ റിപ്പോര്‍ട്ട് പരിഗണിച്ചുകൊണ്ടാണ് പുതിയ നിയമം കൊണ്ടുവന്നിരിക്കുന്നതെന്ന് മന്ത്രി പറഞ്ഞു.

കർണാടകയിൽ പെട്രോൾ, ഡീസൽ വിലവർധിപ്പിച്ചതിനെ ന്യായീകരിച്ച് മുഖ്യമന്ത്രി സിദ്ധരാമയ്യ. പുതുക്കിയ ഇന്ധനനിരക്ക് സംസ്ഥാനത്തെ പൊതു​ഗതാ​ഗത സംവിധാനങ്ങൾക്ക് ധനസഹായം നൽകാൻ സർക്കാരിന് സഹായകരമാകും. മൂന്ന് രൂപ വില വർധിപ്പിച്ചെങ്കിലും നിരക്ക് രാജ്യത്തെ മറ്റ് പല സംസ്ഥാനങ്ങളേയും അപേക്ഷിച്ച് കുറവാണെന്നും അദ്ദേഹം എക്സിൽ കുറിച്ചു.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *