കുവൈത്തിലെ തീപിടുത്ത ദുരന്തത്തിൽ മരിച്ച പ്രിയപ്പെട്ടവർക്ക് കണ്ണീരോടെ വിട. തൃശ്ശൂർ സ്വദേശി ബിനോയ് തോമസ്, കൊല്ലം സ്വദേശി സുമേഷ്, തിരൂർ സ്വദേശി നൂഹ്, പത്തനംതിട്ട സ്വദേശി മുരളീധരൻ, കൊല്ലം സ്വദേശി ഷമീർ എന്നിവരുടെ സംസ്കാര ചടങ്ങുകൾ എല്ലാം പൂർത്തിയായി. മലപ്പുറം പുലാമന്തോൾ സ്വദേശി എം.പി. ബാഹുലേയന്റെ സംസ്കാരം ഇപ്പോൾ നടക്കുകയാണ് . അന്ത്യാഞ്ജലി അര്‍പ്പിക്കാൻ നൂറ് കണക്കിനാളുകളാണ് എത്തിച്ചേര്‍ന്നത്.
കുവൈത്ത് ദുരന്തത്തിൽ മരിച്ച കോട്ടയം സ്വദേശികളായ മൂന്നുപേരുടെ മൃതദേഹം മോർച്ചറിയിലേക്ക് മാറ്റി. സ്റ്റെഫിൻ എബ്രഹാം സാബുവിന്റെ സംസ്കാരം തിങ്കളാഴ്ചയും, ഷിബു വർഗീസിനെയും ശ്രീഹരി പ്രദീപിന്റെയും സംസ്കാരം ഞായറാഴ്ചയുമാണ് നടക്കുക. അതിവൈകാരികമായാണ് മൂന്നുപേരുടെയും മൃതദേഹം ബന്ധുക്കളും നാട്ടുകാരും ഏറ്റുവാങ്ങിയത്.
കുവൈത്തിൽ മരിച്ച ചാവക്കാട് സ്വദേശി ബിനോയ് തോമസിന്റെ മൃതദേഹം കുന്നംകുളത്തെ സെമിത്തേരിയിൽ സംസ്കരിച്ചു. ഒരു വീടെന്ന സ്വപ്നം ബാക്കിവെച്ച് പോയ ബിനോയിക്ക് വീട് നിർമ്മിച്ചു നൽകുമെന്ന് കേന്ദ്ര സഹ മന്ത്രി സുരേഷ് ഗോപി പറഞ്ഞു . ഒരാഴ്ച മുൻപാണ് ബിനോയ് തോമസ് ജോലി തേടി കുവൈത്തിലേക്ക് പോയത്
കുവൈറ്റ് ദുരന്തത്തിൽ മരിച്ച മലപ്പുറം പുലാമന്തോളിലെ ബാഹുലേയൻ്റെ മൃതദേഹം ഷൊർണൂർ ശാന്തിതീരം പൊതുശ്മശാനത്തിൽ സംസ്ക്കരിച്ചു. തിരൂർ കൂട്ടായി സ്വദേശി നൂഹിൻ്റെ മൃതദേഹം വീടിനു സമീപത്തെ ജുമാ മസ്ജിദ് കബർസ്ഥാനിൽ നൂറുകണക്കിന് ആളുകളുടെ സാന്നിദ്ധ്യത്തിൽ ഖബറടക്കി.
.
കുവൈത്തിലെ തീപിടുത്തത്തിൽ കമ്പനിയുടെ ഭാഗത്ത് നിന്ന് വീഴ്ചയുണ്ടായിട്ടില്ലെന്ന് എൻബിറ്റിസി അധികൃതർ. ദുരന്തത്തിൽ കൊല്ലപ്പെട്ടവരുടെ കുടുംബങ്ങൾക്ക് ആവശ്യമായ എല്ലാ സഹായങ്ങളും നൽകും. ഈ കമ്പനിയിൽ എല്ലാവരും ഒരു ഫാമിലി പോലെയാണ് ജോലി ചെയ്തുകൊണ്ടിരുന്നത് എന്നും അധികൃതർ വ്യക്തമാക്കി.നിയമപരമായ എല്ലാ നടപടികളുമായി തങ്ങൾ സഹകരിക്കും.എല്ലാ കുടുംബങ്ങളുടെയും ദുഖത്തിൽ പങ്കുചേരുന്നു. മരിച്ചവരുടെ കുടുംബങ്ങൾക്ക് 8 ലക്ഷം രൂപയും മറ്റ് നിയമപരമായ ആനുകൂല്യങ്ങളും നൽകുമെന്നും കമ്പനി അധികൃതർ പ്രതികരിച്ചു.
രാഹുല്‍ ഗാന്ധി ഏത് മണ്ഡലം നിലനിര്‍ത്തുമെന്ന തീരുമാനവും ഔദ്യോഗിക പ്രഖ്യാപനവും വൈകാതെ ഉണ്ടാകുo. ഇതുമായി ബന്ധപ്പെട്ട ചര്‍ച്ചകളും സജീവമാണ്. വയനാട്ടിൽ രാഹുലിന്‍റെ ഒഴിവില്‍ പ്രിയങ്ക ഗാന്ധി മത്സരിക്കണമെന്ന ആവശ്യo ദേശീയ നേതാക്കള്‍ക്കിടയിലും ശക്തമായി. പ്രതിപക്ഷ നേതൃ സ്ഥാനം ഏറ്റെടുക്കണമെന്ന പ്രമേയം കോണ്‍ഗ്രസ് അവതരിപ്പിച്ചെങ്കിലും ഇക്കാര്യത്തിലും രാഹുല്‍ ഗാന്ധി മനസ് തുറന്നിട്ടില്ല.വയനാട്ടിലും റായ്ബറേലിയിലും എല്ലാവരെയും തൃപ്തിപ്പെടുത്തുന്ന തീരുമാനം വരുമെന്ന രാഹുലിന്‍റെ പ്രതികരണം എന്തായിരിക്കും എന്നറിയാൻ കാത്തിരിക്കുകയാണ് പാർട്ടി നേതൃത്വം .
ലോക കേരള സഭയുടെ ഉദ്ഘാടന വേദിയിൽ സംസാരിക്കവെ മന്ത്രി വീണാ ജോർജിന് കുവൈത്തിൽ പോകാൻ അനുമതി നിഷേധിച്ച സംഭവത്തിൽ കേന്ദ്ര സര്‍ക്കാര്‍ സ്വീകരിച്ച നിലപാട് ഔചിത്യമില്ലാത്തതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്തമാക്കി. നാടിന്റെ സംസ്കാരമാണ് അത്തരത്തിൽ പോകുക എന്നത്. മരിച്ച വീട്ടിൽ പോകുന്നത് ആശ്വസിപ്പിക്കാനാണ്. ഇതൊക്കെ സാധാരണ എല്ലാവരും ചെയ്യുന്ന കാര്യമാണ്. എന്നിട്ടും കേന്ദ്ര സർക്കാർ അനുമതി നിഷേധിച്ചുവെന്നും അദ്ദേഹം പറഞ്ഞു.
സ്വന്തം വാഹനത്തിൽ സ്വിമ്മിംഗ് പൂളൊരുക്കി അമ്പലപ്പുഴയിലെ റോഡിലൂടെ കാറിനുള്ളിൽ കുളിച്ചു കൊണ്ട് യാത്ര ചെയ്ത വ്ലോഗർ സഞ്ജു ടെക്കി മോട്ടോര്‍ വാഹന വകുപ്പിന് വിശദീകരണം നല്‍കി. വാഹനങ്ങളിലെ രൂപമാറ്റം ഗതാഗത നിയമ ലംഘനമാണെന്ന് അറിയില്ലെന്നായിരുന്നുവെന്നാണ് സഞ്ജു ടെക്കിയുടെ വിശദീകരണം. അറിവില്ലായ്മ കൊണ്ട് സംഭവിച്ചതാണെന്നും കൂടുതല്‍ കടുത്ത നടപടിയിലേക്ക് കടക്കരുതെന്നും വിശദീകരണത്തില്‍ സഞ്ജു ടെക്കി വ്യക്തമാക്കുന്നു. സഞ്ജു ടെക്കിയുടെ വിശദീകരണം പരിശോധിച്ചശേഷം തുടര്‍ നടപടി സ്വീകരിക്കുമെന്ന് എന്‍ഫോഴ്സ്മെന്‍റ് ആര്‍ടിഒ അറിയിച്ചു.
സിപിഎമ്മിന്‍റെ കൊലപാതക- ക്വട്ടേഷന്‍ സംഘം പോലെയാണ് സൈബര്‍ ലോകത്ത് പോരാളി ഷാജിയും കൂട്ടരുമെന്ന് കെപിസിസി പ്രസിഡന്‍റ് കെ സുധാകരന്‍. യുഡിഎഫ് നേതാക്കളെ സൈബര്‍ ലോകത്ത് വളഞ്ഞിട്ട് ആക്രമിക്കാന്‍ പോറ്റിവളര്‍ത്തിയ പോരാളി ഷാജിമാരെ ഇപ്പോള്‍ തള്ളിപ്പറയുന്നത് തെരഞ്ഞെടുപ്പ് പരാജയം അവരുടെ തലയില്‍കെട്ടിവച്ച് മുഖ്യമന്ത്രിക്കും സിപിഎം നേതാക്കള്‍ക്കും രക്ഷപ്പെടാനാണെന്നും അദ്ദേഹം പറഞ്ഞു.
പ്ലസ് വണ്‍ സീറ്റ് പ്രതിസന്ധി പരിഹരിക്കാന്‍ മലബാറില്‍ മാത്രമായി അധിക ബാച്ചുകള്‍ അനുവദിക്കണമെന്ന ആവശ്യം ഉന്നയിച്ച് നാളെ കോഴിക്കോട് വിദ്യാഭ്യാസ ഓഫീസിന് മുന്നില്‍ ഉപവാസസമരം നടത്തുമെന്ന് കെഎസ് യു നേതാക്കള്‍. തെക്കന്‍ ജില്ലകളില്‍ കുട്ടികളുടെ എണ്ണം വളരെ കുറവുള്ള പ്ലസ് വണ്‍ ബാച്ചുകള്‍ ആവശ്യക്കാര്‍ ഏറെയുള്ള മലബാറിലേക്ക് സ്ഥിരമായി മാറ്റണമെന്ന ആവശ്യത്തോട് കെ എസ് യു വിന് യോജിപ്പില്ലെന്ന് സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യര്‍ പറഞ്ഞു. തെക്കൻ മേഖലകളിലെ ഒഴിഞ്ഞ ബാച്ചുകള്‍ വടക്കൻ കേരളത്തിലേക്ക് സ്ഥിരമായി മാറ്റണമെന്നാണ് എംഎസ്എഫിന്‍റെ നിലപാട്. ഇതിനെ തള്ളികൊണ്ടാണ് മലബാറില്‍ പ്രത്യേകമായി അധിക ബാച്ചുകള്‍ അനുവദിക്കണമെന്ന കെ എസ് യുവിന്റെ ആവശ്യം.
ആലപ്പുഴ ജില്ലയിലെ വളര്‍ത്തുപക്ഷികളുടെ മുട്ട, ഇറച്ചി, കാഷ്ടം എന്നിവയുടെ വില്‍പനകളും ഉപയോഗവും നിരോധിച്ച് ജില്ല കളക്ടർ ഉത്തരവിറക്കി. പക്ഷിപ്പനി സംശയിക്കുന്നതും ജാഗ്രതാ നിര്‍ദേശം നിലനില്‍ക്കുന്നതുമായ മേഖലകളായ കൈനകരി, ആര്യാട്, മാരാരിക്കുളം തെക്ക്, ചേര്‍ത്തല തെക്ക്, കഞ്ഞിക്കുഴി, മുഹമ്മ, തണ്ണീര്‍മുക്കം, ചേര്‍ത്തല മുനിസിപ്പാലിറ്റി, മണ്ണഞ്ചേരി, മാരാരിക്കുളം വടക്ക്, പട്ടണക്കാട്, വയലാര്‍, ചേന്നംപള്ളിപ്പുറം, കടക്കരപ്പള്ളി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലും ആലപ്പുഴ മുനിസിപ്പാലിറ്റിയിലെ പുന്നമട, കരളകം, പൂന്തോപ്പ്, കൊറ്റംകുളങ്ങര, കറുകയില്‍, കാളാത്ത്, ആശ്രമം, കൊമ്മാടി, തുമ്പോളി എന്നീ വാര്‍ഡുകളിലുമാണ് നിരോധനം.
കേന്ദ്രത്തിൽ മൂന്നാം മോദി സർക്കാരിലും കേരളത്തിൽ ഇടത് സർക്കാരിലും ഒരു പോലെ കക്ഷിയായി തുടരുന്ന പാര്‍ട്ടിയാണ് ജെഡിഎസ്. എച്ച് ഡി കുമാരസ്വാമി എൻഡിഎ സർക്കാരിൽ മന്ത്രിയായതോടെ ഉടൻ രാഷ്ട്രീയ നിലപാട് വ്യക്തമാക്കാൻ കേരള ജെഡിഎസിന് സിപിഎം അന്ത്യശാസനം നൽകി. കേരള ജെഡിഎസ് തുടർ നടപടി സ്വീകരിക്കാൻ 18ന് നേതൃയോഗം വിളിച്ചു.
ബാർ കോഴ ആരോപണത്തിൽ സംസ്ഥാന സർക്കാർ ആവശ്യമില്ലാത്ത തലത്തിലേക്ക് അന്വേഷണം മാറ്റുകയാണെന്ന് തിരുവഞ്ചൂര്‍ രാധാകൃഷ്ണൻ. ബാർകോഴ വിവാദവുമായി സംബന്ധിച്ചുണ്ടായ സാമ്പത്തിക ഇടപാടുകൾ അന്വേഷിക്കാതെ തന്റെ മകനെ ബാർ കോഴയിൽ പെടുത്താൻ ശ്രമിക്കുകയാണ് എന്ന് അദ്ദേഹം പറഞ്ഞു . അതിനുള്ള മറുപടി മകൻ പറഞ്ഞിട്ടുണ്ട്. ആവശ്യമില്ലാതെ സിപിഎം ആളുകളുടെ മേൽ ചെളി വാരി എറിയുകയാണ്. തന്റെ മകൻ അർജുന് ആ സംഘടനയുമായോ വാട്സ്ആപ്പ് ഗ്രൂപ്പുമായോ ഒരു ബന്ധവും ഇല്ലെന്നും തിരുവഞ്ചൂര്‍ കോട്ടയത്ത് വിളിച്ചു ചേര്‍ത്ത വാര്‍ത്താ സമ്മേളനത്തിൽ പറഞ്ഞു.
അടുത്ത അഞ്ച് ദിവസം സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യത. പതിനാറാം തീയതി വരെ ഇടിമിന്നലോടു കൂടിയ മഴയ്ക്കും സാധ്യതയുണ്ട്. 17ന് നാല് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ആലപ്പുഴ, എറണാകുളം, തൃശ്ശൂർ, മലപ്പുറം ജില്ലകളിലാണ് അലർട്ട്. 18ന് കണ്ണൂർ, കാസർഗോഡ് ജില്ലകളിലും യെല്ലോ അലർട്ടാണ്.കേരള തീരത്ത് നാളെ നാളെ രാത്രി 07.00 മണി വരെയും, തമിഴ്‌നാട് തീരത്ത് നാളെ രാത്രി 11.30 വരെയും കള്ളക്കടൽ പ്രതിഭാസത്തിനും, ഉയർന്ന തിരമാലയ്ക്കും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രവും അറിയിച്ചു.
അരളി പൂവ് കഴിച്ചെന്ന സംശയത്തിൽ എറണാകുളം ജില്ലയിലെ കടയിരുപ്പ് ഗവൺമെൻ്റ് ഹൈസ്കൂളിലെ രണ്ട് ഒമ്പതാം ക്ലാസ് വിദ്യാർത്ഥികളെ കോലഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിൽ നിരീക്ഷണത്തിലാക്കി. ഇന്ന് രാവിലെ ക്ളാസിൽ വച്ച് തലവേദനയും ഛർദ്ദിയും ഉണ്ടായതോടെ ഇരുവരെയും കടയിരുപ്പ് സി.എച്ച്.സിയിൽ എത്തിച്ച് പരിശോധിച്ചിരുന്നു. വീട്ടിൽ നിന്നും വരുന്ന വഴി അരളി പൂവ് കഴിച്ചുവെന്ന് കുട്ടികളാണ് ഡോക്ടർമാരോട് പറഞ്ഞത്.. 24 മണിക്കൂർ കർശന നിരീക്ഷണത്തിനു ശേഷം തുടർ ചികിത്സാ കാര്യത്തിൽ തീരുമാനമെടുക്കാനാണ് മെഡിക്കൽ ബോർഡിന്റെ തീരുമാനം.
കുവൈത്തിൽ മരിച്ച പ്രവാസി ഇന്ത്യാക്കാരുടെ കുടുംബങ്ങൾക്ക് 50 ലക്ഷം രൂപ വീതം സഹായധനം നൽകണമെന്ന് എംപി രാജ്മോഹൻ ഉണ്ണിത്താൻ. കേരള സർക്കാരും മരിച്ചവരുടെ സാമ്പത്തിക നിലവാരത്തിന് അനുസരിച്ച് സഹായ ധനം വർധിപ്പിക്കണം. കേരളത്തിൽ നിന്നുള്ള എംപിമാർ ഒരുമിച്ച് പ്രധാനമന്ത്രിയെ കണ്ട് ധന സഹായം വർധിപ്പിക്കണമെന്ന് ആവശ്യപ്പെടുമെന്ന് പറഞ്ഞ അദ്ദേഹം ഈ കാര്യത്തിന് ആവശ്യമെങ്കിൽ രാഷ്ട്രപതി ദ്രൗപദി മുര്‍മുവിനെ കാണുമെന്നും വ്യക്തമാക്കി.
കുവൈത്തിലേക്ക് പോകാൻ മന്ത്രി വീണാ ജോർജിന് പൊളിറ്റിക്കൽ ക്ലിയറൻസ് അനുവദിക്കാതിരുന്ന കേന്ദ്ര സർക്കാർ നടപടി ദൗർഭാഗ്യകരമാണെന്ന് വി.ഡി. സതീശൻ. വിദേശ രാജ്യങ്ങളിൽ ഇത്തരം ദുരന്തങ്ങൾ ഉണ്ടാകുമ്പോൾ കേന്ദ്ര–സംസ്ഥാന പ്രതിനിധികൾ ഉണ്ടാകേണ്ടത് പ്രധാനമാണ്. സംസ്ഥാനത്തിന്റെ പ്രതിനിധി കൂടെ ഉണ്ടായിരുന്നെങ്കിൽ അവിടെയുള്ള മലയാളി സംഘടനകളെ ഏകോപിപ്പിച്ച് കുറേക്കൂടി കാര്യക്ഷമമായി പ്രവർത്തിക്കാൻ കഴിയുമായിരുന്നുവെന്നും സതീശൻ പറഞ്ഞു.
കൊച്ചി മെട്രോ നാടിന് സമർപ്പിച്ചിട്ട് ഈ ജൂൺ പതിനേഴിന് ഏഴ് വർഷം. കൊച്ചി മെട്രോ നാടിന് സമർപ്പിക്കപ്പെട്ട ആരംഭിച്ച ജൂൺ പതിനേഴ് കേരള മെട്രോ റെയിൽ ഡേ ആയി ആചരിച്ച് വരികയാണ്. 2024 ഏപ്രിൽ 25ന് കൊച്ചി വാട്ടർ മെട്രോ പ്രവർത്തനം ആരംഭിച്ച് ഒരു വർഷം പിന്നിട്ടിരുന്നു. കൊച്ചി വാട്ടർ മെട്രോയുടെ ഒന്നാം വാർഷികാഘോഷവും കേരള വാട്ടർ മെട്രോ ദിനവും ജൂൺ പതിനേഴിന് ആചരിക്കുകയാണ്.
തൃശ്ശൂരിൽ ബി ജെ പിയെ സഹായിക്കുന്ന പ്രവർത്തിയാണ് ലോക്സഭാ തെരഞ്ഞെടുപ്പിൽ ഇഡി ചെയ്തതെന്ന് എംവി ഗോവിന്ദൻ. കരുവന്നൂര്‍ കേസിൽ ഇഡിയെ ഉപയോഗിച്ച് സിപിഎമ്മിൻ്റെ ബാങ്ക് അക്കൗണ്ട് മരവിപ്പിച്ച നിലപാട് ജനാധിപത്യവിരുദ്ധമാണെന്ന് അദ്ദേഹം വിമര്‍ശിച്ചു. തൃശ്ശൂരിൽ പല മണ്ഡലങ്ങളിലും കോൺഗ്രസ് വോട്ടുകൾ വമ്പിച്ച രീതിയിൽ ബിജെപിക്ക് പോയിട്ടുണ്ടെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
വടകര കാഫിർ വിവാദ പരാമർശത്തിൽ യൂത്ത് ലീഗ് നേതാവ് കാസിമിന്റെ ഫോണ്‍ പരിശോധിച്ചുവെന്ന് സംസ്ഥാന സര്‍ക്കാര്‍. പ്രഥമ ദൃഷ്ട്യാ നടത്തിയ അന്വേഷണത്തിൽ കാസിം കുറ്റം ചെയ്തതാണെന്ന് കരുതുന്നില്ല. കേസിൽ 12 പേരുടെ മൊഴി രേഖപ്പെടുത്തി. അമ്പാടിമുക്ക് സഖാക്കൾ എന്ന പേജ് ആരാണ് കൈകാര്യം ചെയ്യുന്നതെന്ന് സൈബർ സെൽ അന്വേഷിക്കുകയാണെന്നും അന്വേഷണ സംഘം കേരള ഹൈക്കോടതിയിൽ പറഞ്ഞു.
പോക്സോ കേസില്‍ ബിഎസ് യെദ്യൂരപ്പയുടെ അറസ്റ്റ് കർണാടക ഹൈക്കോടതി തടഞ്ഞു. ജൂൺ 17ന് അന്വേഷണസംഘത്തിന് മുന്നിൽ ഹാജരാകാനാണ് ഹൈക്കോടതി നിർദ്ദേശം. ഫാസ്റ്റ് ട്രാക്ക് കോടതിക്ക് മുൻപാകെ കുറ്റപത്രം സമർപ്പിക്കണം എന്നതിനാലാണ് അറസ്റ്റ് വാറന്റിന് അനുമതി തേടിയത് എന്ന് പൊലീസ് വ്യക്തമാക്കി. രണ്ട് ദിവസം വൈകി യെദ്യൂരപ്പ ഹാജരാകുന്നത് കൊണ്ട് സ്വർഗം ഒന്നും ഇടിഞ്ഞു വീഴില്ലല്ലോ എന്ന് ചോദിച്ച കോടതി ജൂൺ 17 വരെ അറസ്റ്റ് പാടില്ല എന്നും നിർദ്ദേശം നൽകി.
ബിജെപിയെ പരോക്ഷമായി വിമർശിച്ച് ആർഎസ്എസ് ഉന്നത നേതാവ് ഇന്ദ്രേഷ് കുമാർ . അഹങ്കാരം ബാധിച്ചവരെ ശ്രീരാമൻ 240 സീറ്റിൽ ഒതുക്കി . ജയ്പുരിനടുത്തുള്ള കനോട്ടയിൽ നടന്ന പരിപാടിയിൽ സംസാരിക്കുകയായിരുന്നു ഇന്ദ്രേഷ് കുമാർ. ബിജെപിയുടെ പേരു പരാമർശിക്കാതെയായിരുന്നു വിമർശനം. ശ്രീരാമനെ എതിര്‍ത്തതുകൊണ്ടാണ് പ്രതിപക്ഷമുന്നണി രണ്ടാം സ്ഥാനത്തായതെന്നും അദ്ദേഹം പറഞ്ഞു.
ഇന്ത്യയും ഫ്രാന്‍സും തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്തുന്നതാണ് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവേൽ മാക്രോണുമായി നടത്തിയ കൂടിക്കാഴ്ചയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ജി7 ഉച്ചകോടിക്കിടെ ആയിരുന്നു മോദി-മക്രോൺ കൂടിക്കാഴ്ച. പ്രതിരോധം, സുരക്ഷ, സാങ്കേതികവിദ്യ, നിർമിത ബുദ്ധി, സമുദ്രതല വാണിജ്യം തുടങ്ങിയ വിഷയങ്ങളും യുവാക്കളിലെ ഗവേഷണവും കണ്ടുപിടുത്തവും പ്രോത്സാഹിപ്പിക്കുന്ന കാര്യവും കൂടിക്കാഴ്ചയിൽ ചർച്ചയായി. പാരീസ് ഒളിംപിക്സിന് ആശംസ അറിയിച്ചുവെന്നും മോദി വ്യക്തമാക്കി.
ഗുജറാത്തിലെ വഡോദരയിൽ മുഖ്യമന്ത്രി ആവാസ് യോജന സർക്കാർ ഭവന പദ്ധതി പ്രകാരം മുസ്ലിം കുടുംബത്തിന് വീട് അനുവദിച്ചതിൽ പ്രതിഷേധിച്ച് ഒരു വിഭാഗം താമസക്കാർ രംഗത്തെത്തി. ഹിന്ദുക്കൾ താമസിക്കുന്ന കോളനിയിൽ മുസ്ലിം വിഭാഗത്തിന് വീട് നൽകാൻ കഴിയില്ല, സർക്കാർ ഉദ്യോഗസ്ഥർ നിയമം ലംഘിച്ചെന്നും പറഞ്ഞാണ് പ്രതിഷേധക്കാർ രംഗത്തെത്തിയത്. നടപടിയെടുത്തില്ലെങ്കിൽ എംപിമാരുടെയും പൗര ഉദ്യോഗസ്ഥരുടെയും വീടുകൾക്ക് പുറത്ത് പ്രതിഷേധിക്കുമെന്നും ഇവർ മുന്നറിയിപ്പ് നൽകി.
അജിത് പവാർ വിഭാഗവുമായി സഖ്യമുണ്ടാക്കിയത് അബദ്ധമായെന്ന് ആർഎസ്എസ് മുഖപത്രമായ ഓർഗനൈസറിൽ ലേഖനം. പിന്നാലെ ഇരുപാർട്ടികളും വാക്പോരുമായി രംഗത്തെത്തി. അജിത് പവാറിൻ്റെ എൻസിപിക്കൊപ്പം തെരഞ്ഞെടുപ്പിൽ സഖ്യമുണ്ടാക്കിയ ബിജെപിയെ ലേഖനത്തിൽ നിശിതമായി വിമർശിച്ചിരുന്നു.
ആർഎസ്എസ് നേതാവ് ഇന്ദ്രേഷ് കുമാറിന്റെ പരാമർശം ആയുധമാക്കി പ്രതിപക്ഷം . ആർഎസ്എസ് മോദിയുമായും ബിജെപിയുമായും ബന്ധം ഉപേക്ഷിക്കണമെന്ന് സിപിഐ. അഹങ്കാരികളായ ബിജെപിക്കാരെ ആർഎസ്എസ് അധികാരത്തിൽനിന്ന് പുറത്താക്കുമെന്നാണ് വിശ്വാസമെന്ന് ശിവസേന നേതാവ് സഞ്ജയ് റാവുത്ത് പ്രതികരിച്ചു. ഇന്ദ്രേഷ് കുമാർ പറഞ്ഞത് പാതി സത്യമെന്ന് പ്രതികരിച്ച ആര്‍ജെഡി, ഇന്ത്യ സഖ്യത്തെ രാമദ്രോഹികളാക്കാനുള്ള ശ്രമം തെറ്റാണെന്നും വിമര്‍ശിച്ചു.
തെലങ്കാന മുൻഗവർണറും ബി.ജെ.പി.യുടെ തമിഴ്‌നാട്ടിലെ മുതിർന്നനേതാവുമായ തമിഴിസൈ സൗന്ദർരാജനുമായി കൂടിക്കാഴ്ച നടത്തി ബി.ജെ.പി. തമിഴ്‌നാട് സംസ്ഥാന അധ്യക്ഷൻ കെ.അണ്ണാമലൈ. തമിഴിസൈയുടെ വസതിയിൽ വച്ച് വെള്ളിയാഴ്ചയായിരുന്നു കൂടിക്കാഴ്ച. പാർട്ടിക്കുവേണ്ടി തമിഴിസൈ കഠിനാധ്വാനം ചെയ്യുന്നുവെന്ന് കൂടിക്കാഴ്ചയ്ക്ക് പിന്നാലെ അണ്ണാമലൈ എക്സിൽ കുറിച്ചു.