ഭരണഘടനയ്ക്ക് വേണ്ടി ജീവിതം സമർപ്പിച്ചവനാണ് താനെന്നും അംബേദ്കറിന്റെ ഈ ഭരണഘടനയുള്ളതുകൊണ്ടാണ് പിന്നാക്ക വിഭാഗത്തിൽനിന്ന് വന്ന പാവപ്പെട്ട കുടുംബാംഗമായ തനിക്ക് രാജ്യത്തെ സേവിക്കാനായതെന്നും നരേന്ദ്രമോദി എക്സിൽ കുറിച്ചു. ഇന്ന് എൻഡിഎ യോഗത്തിന് എത്തിയപ്പോൾ ഭരണഘടന തൊഴുന്ന ചിത്രവും മോദി പങ്കുവച്ചു.
ബിജെപിയുടെ നേതൃത്വത്തിലുള്ള എന്‍ഡിഎയുടെ പാര്‍ലമെന്ററി പാര്‍ട്ടി നേതാവായി നരേന്ദ്ര മോദിയെ തിരഞ്ഞെടുത്തതിനു പിന്നാലെ മോദി രാഷ്ട്രപതി ഭവനിലെത്തി രാഷ്ട്രപതി ദ്രൗപതി മുര്‍മുവിനെ കണ്ട് സര്‍ക്കാര്‍ ഉണ്ടാക്കുന്നതിന് അവകാശവാദം ഉന്നയിച്ച് കത്ത് നൽകി. രാഷ്ട്രപതിയെ കണ്ട ശേഷം മാധ്യമങ്ങളെ കണ്ട പ്രധാനമന്ത്രി, പുതിയ കാലഘട്ടത്തിലേക്കാണ് രാജ്യം പ്രവേശിക്കുന്നതെന്നും,അമൃത് കാലത്തെ ആദ്യ തെരഞ്ഞെടുപ്പാണ് കഴിഞ്ഞ് പോയത്. എൻഡിഎ സർക്കാറിന് മൂന്നാം തവണയും ജനങ്ങളെ സേവിക്കാൻ അവസരം നൽകിയ ജനത്തിന് നന്ദി.ഇനിയുള്ള അഞ്ച് വർഷവും അതേ ലക്ഷ്യത്തോടെ, സമർപ്പണത്തോടെ രാജ്യത്തെ സ്വപ്നങ്ങൾ സഫലമാക്കാൻ പ്രവർത്തിക്കുമെന്ന് ഉറപ്പ് നൽകുന്നുവെന്നും അദ്ദേഹം പറഞ്ഞു.
ആരോഗ്യ വകുപ്പിലെ വിവിധ ആശുപത്രികളിലെ ഡോക്ടര്‍മാരെ ഓണ്‍ലൈനായി അഭിസംബോധന ചെയ്ത് സംസാരിക്കവെ രോഗികളോട് ആര്‍ദ്രതയോടെയുള്ള പെരുമാറ്റം ചികിത്സയില്‍ പ്രധാനമാണെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. അവര്‍ക്ക് ഗുണനിലവാരമുള്ള ചികിത്സ ഉറപ്പാക്കണം. അനാവശ്യമായി രോഗികളെ റഫര്‍ ചെയ്യരുത്. ആശുപത്രികളുടെ പ്രവര്‍ത്തന സമയം ഉറപ്പാക്കണം. ആശുപത്രികള്‍ പൂട്ടിയിടുന്ന സാഹചര്യം ഒഴിവാക്കണമെന്നും മന്ത്രി നിര്‍ദേശം നല്കി.
തൃശ്ശൂര്‍ ഡിസിസി ഓഫീസിൽ ഇന്ന് വൈകിട്ട് യോഗത്തിനിടെ ഡിസിസി സെക്രട്ടറി സജീവൻ കുര്യച്ചിറയെ ഡിസിസി പ്രസിഡന്റ് ജോസ് വള്ളൂരും അനുകൂലികളും ചേര്‍ന്ന് പിടിച്ചുതള്ളിയെന്ന് ആരോപണം. ഡിസിസി ഓഫീസിൻ്റെ താഴത്തെ നിലയിലാണ് സജീവൻ കുര്യച്ചിറയുള്ളത്. ജോസ് വള്ളൂരും സംഘവും ഡിസിസി ഓഫീസിൻ്റെ ഒന്നാമത്തെ നിലയിലാണ് ഉള്ളത്. തൃശ്ശൂര്‍ ലോക്സഭാ മണ്ഡലത്തിൽ കോൺഗ്രസ് സ്ഥാനാര്‍ത്ഥിയായിരുന്ന കെ മുരളീധരൻ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടതാണ് ഡിസിസിയിൽ ചേരിപ്പോരിന് കളമൊരുക്കിയത്.
സർക്കാർ ഡോക്ടർമാരുടെ വീടുകളിലും സ്ഥാപനങ്ങളിലും വിജിലൻസ് മിന്നൽ പരിശോധന നടത്തി. മെഡിക്കൽ കോളേജ് ആശുപത്രികളിലെ 19 ഡോക്ടര്‍മാരും ഡയറക്ടറേറ്റ് ഓഫ് ഹെൽത്ത് സര്‍വീസിന് കീഴിലെ 64 ഡോക്ടർമാരും സ്വകാര്യ പ്രാക്ടീസ് നടത്തുന്നതായി വിജിലൻസ് കണ്ടെത്തി. നിബന്ധനകൾക്ക് വിധേയമായി സ്വകാര്യ പ്രാക്ടീസ് അനുവദിച്ചിട്ടുണ്ട്. എന്നാൽ ഇത് പാലിക്കാതെ വാടക കെട്ടിടങ്ങളിലും, വാണിജ്യ സമുച്ചയങ്ങളിലും സർക്കാർ നിബന്ധനകൾക്കെതിരായി ഡോക്ടർമാർ സ്വകാര്യ പ്രാക്ടീസ് നടത്തുന്നതായി വിജിലൻസിന് വിവരം ലഭിച്ചിരുന്നു ഇതേ തുടർന്നായിരുന്നു പരിശോധന.
സർക്കാർ ഡോക്ടർമാർ സ്വകാര്യ പ്രാക്ടീസ് നടത്തിയാൽ കർശന നടപടിയെന്ന് ആവർത്തിച്ച് ആരോഗ്യമന്ത്രി വീണ ജോര്‍ജ്. ആരോഗ്യ വകുപ്പിന് കീഴിലുള്ള ഡോക്ടർമാർക്ക് പുറത്ത് പ്രാക്ടീസ് നടത്താൻ അനുമതിയില്ല. ഇത് കണക്കിലെടുത്ത് ഡോക്ടർമാർക്ക് നോൺ പ്രാക്ടീസിംഗ് അലവൻസ് അനുവദിച്ചിട്ടുണ്ട്. കുറ്റക്കാരെന്ന് കണ്ടെത്തിയ ഡോക്ടർമാർക്കെതിരെ നടപടിയുണ്ടാകുമെന്നും മന്ത്രി അറിയിച്ചു.
നിയമ വിധേയമായി വീടുകളിൽ പ്രാക്ടീസ് നടത്തിയ ആരോഗ്യ വകുപ്പ് ഡോക്ടർമാരെ അവഹേളിക്കുന്ന തരത്തിലുള്ള വിജിലൻസ് നടപടി അപലപനീയമെന്ന് സര്‍ക്കാര്‍ ഡോക്ടര്‍മാരുടെ സംഘടന കെജിഎംഒഎ വ്യക്തമാക്കി. ആരോഗ്യ വകുപ്പിന് കീഴിലുള്ള ഡോക്ടർമാർക്ക് അവരുടെ ഡ്യൂട്ടി സമയത്തിന് പുറത്തുള്ള സമയത്ത് പ്രാക്ടീസ് നടത്തുന്നതിന് സർക്കാർ അനുമതിയുണ്ട്. ഡോക്ടർമാരുടെ ആത്മവീര്യം തകർക്കുകയും അവരെ പൊതുജനമധ്യേ അപമാനിക്കുകയും ചെയ്യുന്ന ഇത്തരം നടപടികൾ അവസാനിപ്പിക്കണമെന്ന് കെ. ജി. എം. ഒ.എ സർക്കാരിനോട് ആവശ്യപ്പെട്ടു.
കേരളത്തിൽ ബിജെപി വിജയിക്കുന്നത് തടയാൻ രണ്ട് മുന്നണികളും പരമാവധി ശ്രമിച്ചുവെന്ന് നരേന്ദ്രമോദി. പ്രവർത്തകർ ജമ്മു കാശ്മീരിലേതിനേക്കാൾ കേരളത്തിൽ ത്യാഗം സഹിച്ചു. അതിന്റെ ഫലമാണ് കേരളത്തിലെ വിജയം. തടസങ്ങൾക്കിടയിലും ശ്രമം തുടർന്ന് ഒടുവിൽ വിജയം നേടി. ഇപ്പോൾ അവിടെ നിന്ന് ഒരു ലോക്സഭാംഗത്തെ ലഭിച്ചിരിക്കുകയാണ്. കേരളത്തിലെ വിജയം രക്തസാക്ഷികള്‍ക്ക് സമര്‍പ്പിക്കുന്നുവെന്നും മോദി പറഞ്ഞു.
പ്രളയമാണ് സർക്കാരിനെ വീണ്ടും അധികാരത്തിൽ കയറ്റിയത് എന്നാണ് ഒരു പുരോഹിതൻ പറയുന്നതെന്നും പുരോഹിതരുടെ ഇടയിലും വിവരദോഷികൾ ഉണ്ടാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വിമർശിച്ചു. ലോക്സഭാ തെരഞ്ഞെടുപ്പില്‍ കേരളത്തിലെ ഇടത് മുന്നണിയുടെ തോല്‍വിയില്‍ സിപിഎമ്മിനെ ശക്തമായി വിമർശിച്ച യാക്കോബായ സഭ നിരണം മുൻ ഭദ്രാസനാധിപൻ ഗീവർഗീസ് മാർ കൂറിലോസിന് മറുപടി നല്‍കുകയായിരുന്നു മുഖ്യമന്ത്രി. തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടം കാരണം പലതും ചെയ്യാനായില്ല. മഴക്കാല പൂർവ ശുചീകരണ യോഗം പോലും നടത്താനായില്ല. ഒരു സംസ്ഥാനത്ത് തെരഞ്ഞെടുപ്പ് കഴിഞ്ഞാൽ അവിടുത്തെ സർക്കാരിന് പ്രവർത്തിക്കാനാകണം. അത്തരം പ്രശ്നങ്ങൾ തെരഞ്ഞെടുപ്പ് കമ്മീഷനെ അറിയിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു. ജനം സർക്കാരിനൊപ്പവും സർക്കാര്‍ ജനത്തിനൊപ്പവുമാണെന്നും പിണറായി വിജയന് കൂട്ടിച്ചേര്‍ത്തു.
തെരഞ്ഞെടുപ്പ് ഫല പ്രഖ്യാപന ദിനത്തിലെ വീഴ്ചയ്ക്ക് ശേഷം ഇന്ന് ഓഹരി വിപണി സർവകാല ഉയരത്തിലെത്തി. സെൻസെക്സ് 1600 ലധികം പോയിന്റ് ഉയർന്നു 76787 എന്ന റെക്കോർഡിട്ടു. നിഫ്റ്റിയും നേട്ടത്തിൽ വ്യാപാരം അവസാനിപ്പിച്ചു. എക്സിറ്റ് പോൾ ഫലങ്ങൾ പുറത്തു വന്നതോടെ ഓഹരി വിപണി സർവ്വകാല റെക്കോർഡിട്ടു. എന്നാൽ തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതോടു കൂടി വിപണിയിൽ നാല് വർഷത്തെ ഏറ്റവും വലിയ തകർച്ചയാണ് നേരിട്ടത്. അതിൽ നിന്നും നേരിയ പുരോഗതി അടുത്ത ദിവസങ്ങളിൽ ഉണ്ടായെങ്കിലും ഇന്ന് ഗണ്യമായ വളർച്ചയാണ് ഉണ്ടായത്.
പിന്നാക്ക വിഭാഗങ്ങൾക്ക് സർക്കാരിൽ നിന്നും ഇടതുപക്ഷത്തുനിന്നും നീതി കിട്ടുന്നില്ലെന്ന് വെള്ളാപ്പള്ളി നടേശന്. അതിന്റെ തിരിച്ചടിയാണ് തെരെഞ്ഞെടുപ്പിൽ കിട്ടിയത്. ഈഴവർക്ക് നീതി കിട്ടുന്നില്ല. ന്യൂനപക്ഷ വിഭാഗത്തിൽ പെട്ടവർ വന്നാൽ അവർക്ക് സർക്കാരിലും പാർട്ടിയിലും ഡബിൾ പ്രമോഷനാണ്. ഈഴവർക്ക് അധികാരത്തിലും പാർട്ടിയിലും പരിഗണനയില്ലാത്ത സ്ഥിതിയാണെന്നും വെള്ളാപ്പള്ളി പറഞ്ഞു. മുസ്ലീങ്ങൾക്ക് ചോദിക്കുന്നതെല്ലാം നൽകി. ഈഴവർക്ക് ചോദിക്കുന്നത് ഒന്നും തരുന്നില്ല. കോഴിക്കോടു നിന്നും മലപ്പുറത്തു നിന്നും തിരുവനന്തപുരത്തേക്ക് വണ്ടി കയറുന്നവർ വൈകുന്നേരം ആവുമ്പോഴേക്കും കാര്യം സാധിച്ച് മടങ്ങുന്നുവെന്നും അദ്ദേഹം പറഞ്ഞു.
കോണ്‍ഗ്രസ് നേതാവ് കെ മുരളീധരന് അഭിവാദ്യങ്ങൾ അര്‍പ്പിച്ച് കൊല്ലത്ത് ചിന്നക്കടയിൽ ഫ്ലക്സ് ബോർഡുകൾ. കൊല്ലത്തെ കോൺഗ്രസുകാർ എന്ന പേരിലാണ് ഫ്ലക്സ് പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. പ്രിയപ്പെട്ട കെ എം നിങ്ങള്‍ ഞങ്ങളുടെ ഹൃദയമാണ് ധീരനായ പോരാളിക്ക് അഭിവാദ്യങ്ങള്‍ എന്നാണ് എന്നാണ് ഫ്ലക്സില്‍ എഴുതിയിരിക്കുന്നത്. മുരളീധരനെ പിന്തുണച്ച് നേരത്തെ കോഴിക്കോട് നഗരത്തിലും ഫ്ലക്സ് ബോര്‍ഡുകള്‍ പ്രത്യക്ഷപ്പെട്ടിരുന്നു.
കോന്നി അടവി എക്കോ ടൂറിസം കേന്ദ്രം അനിശ്ചിതകാലത്തേക്ക് അടച്ചു. ഫോറസ്റ്റ് ഉദ്യോഗസ്ഥരുടെ സംഘടനയുടെ ആവശ്യപ്രകാരമാണ് നടപടി . ഇവിടെ ജോലി ചെയ്യാൻ കഴിയാത്ത സാഹചര്യമാണെന്ന് ഉദ്യോഗസ്ഥർ സാക്ഷ്യപ്പെടുത്തുന്നു. കയ്യേറ്റം ചെയ്തതിലും കൈവെട്ടുമെന്ന് നേതാവ് ഭീഷണിപ്പെടുത്തിയതുമായ സംഭവങ്ങളിലാണ് പ്രതിഷേധം.അനധികൃതമായി സ്ഥാപിച്ച കൊടി നീക്കിയ ഉദ്യോഗസ്ഥന്റെ കൈവെട്ടും എന്നായിരുന്നു സിപിഎം നേതാവിന്റെ പരസ്യ ഭീഷണി.
2021 മുതൽ മിക്സഡ് ആക്കാൻ പൊതുവിദ്യാഭ്യാസ വകുപ്പ് അനുമതി നൽകിയത് 53 സ്കൂളുകൾക്കാണെന്ന് മന്ത്രി വി ശിവൻകുട്ടി. ഇതിൽ 26 എണ്ണം സർക്കാർ സ്കൂളുകൾ ആണ്. 27 എണ്ണം എയിഡഡ് സ്കൂളുകളുമാണ്.ലിംഗസമത്വം ഉറപ്പുവരുത്തുക, സഹവിദ്യാഭ്യാസം പ്രോൽസാഹിപ്പിക്കുക എന്നിവ സർക്കാരിൻ്റെ പ്രഖ്യാപിത നയമാണ്.സ്കൂളുകൾ മിക്സഡ് ആക്കുന്നതിനു ആവശ്യമായ അടിസ്ഥാന സൗകര്യങ്ങൾ ഉണ്ടെന്നു ജില്ലാ വിദ്യാഭ്യാസ ഓഫീസർ/ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ അപേക്ഷയിൽ പ്രത്യേകം രേഖപ്പെടുത്തിയിരിക്കണം എന്നും മന്ത്രി വ്യക്തമാക്കി.
കോഴിക്കോട് കാപ്പാട് കടപ്പുറത്ത് മാസപ്പിറവി കണ്ടതിനാൽ നാളെ ദുല്‍ഹിജ്ജ ഒന്നും, ഈമാസം 17 തിങ്കളാഴ്ച ബലിപെരുന്നാളും ആയിരിക്കും. ഖാസിമാരായ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ പ്രസിഡന്റ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍, സമസ്ത ജനറല്‍ സെക്രട്ടറി പ്രൊഫ. കെ. ആലിക്കുട്ടി മുസ്ലിയാര്, പാണക്കാട് സ്വാദിഖ് അലി ശിഹാബ് തങ്ങളുടെ നാഇബ് പാണക്കാട് ഹമീദലി ശിഹാബ് തങ്ങൾ എന്നിവര്‍ അറിയിച്ചു.
ഭക്ഷ്യ സുരക്ഷാ വകുപ്പില്‍ വിവിധ പേരിലറിയപ്പെടുന്ന ഓപ്പറേഷനുകള്‍ എല്ലാം കൂടി ഓപ്പറേഷന് ലൈഫ് എന്ന ഒറ്റ പേരില്‍ ഇനി അറിയപ്പെടുമെന്ന് മന്ത്രി വീണാ ജോര്‍ജ്. ഭക്ഷ്യ സുരക്ഷയ്ക്കായി ഓപ്പറേഷന് ഷവര്‍മ, ഓപ്പറേഷന് മത്സ്യ, ഓപ്പറേഷന് ജാഗറി, ഓപ്പറേഷന് ഹോളിഡേ തുടങ്ങിയ നിരവധി ഡ്രൈവുകളാണ് ഈ സര്‍ക്കാരിന്റെ കാലത്ത് നടപ്പിലാക്കിയത്. ഭക്ഷ്യ സുരക്ഷാ സൂചികയില്‍ കേരളം രാജ്യത്ത് ഒന്നാം സ്ഥാനം നേടി.
ഇടതുമുന്നണിക്ക് വോട്ട് കുറഞ്ഞത് ആശങ്കയോടെ കാണുന്നുവെന്ന് ആര്‍ജെഡി നേതാക്കൾ . നിയമസഭാ തെരഞ്ഞെടുപ്പിനെ അപേക്ഷിച്ച് 10 ശതമാനം വോട്ട് ലോക്സഭാ തെരഞ്ഞെടുപ്പിൽ കുറഞ്ഞു. ഇക്കാര്യം തിങ്കളാഴ്ച ചേരുന്ന എൽഡിഎഫ് യോഗം പരിശോധിക്കും. രാജ്യസഭയിൽ സീറ്റ് വേണമെന്നും സംസ്ഥാന മന്ത്രിസഭയിൽ പ്രാതിനിധ്യം വേണമെന്നും നേതാക്കളായ വർഗീസ് ജോർജ് , യൂജിൻ മൊറേലി, ജയ്സൺ പാനായിക്കുളം എന്നിവര്‍ വാര്‍ത്താ സമ്മേളനത്തിൽ പറഞ്ഞു.
സുരേഷ് ഗോപിയുടെ വിജയത്തോടൊപ്പം കേരളത്തിൽ ബിജെപിയുടെ വോട്ട് ശതമാനവും വർധിച്ചുവെന്ന് ദില്ലിയിൽ മാധ്യമ പ്രവർത്തകരോട് സംസാരിക്കുന്നതിനിടെ കെ സുരേന്ദ്രൻ പറഞ്ഞു. എംപി ഇല്ലാത്തപ്പോഴും കേന്ദ്രമന്ത്രിമാരെ കേരളത്തിന് കിട്ടിയിട്ടുണ്ടെന്നായിരുന്നു സുരേഷ് ഗോപിയുടെ കേന്ദ്രമന്ത്രി സ്ഥാനത്തെ കുറിച്ചുള്ള ചോദ്യത്തിനുള്ള പ്രതികരണം. സിപിഎം ഹമാസിന് അനുകൂലമായി സംസാരിക്കുമ്പോൾ ക്രിസ്ത്യൻ വോട്ടുകൾ ബിജെപിക്ക് കിട്ടുമെന്ന് ഉറപ്പല്ലേയെന്നും കെ സുരേന്ദ്രൻ പറഞ്ഞു.
കാറഡുക്ക സൊസൈറ്റി തട്ടിപ്പില്‍ കോഴിക്കോട് അരക്കിണര്‍ സ്വദേശി വി. നബീല്‍ പിടിയിലായി. രണ്ട് കോടിയോളം രൂപ ഇയാളുടെ അക്കൗണ്ടില്‍ എത്തിയതായാണ് പൊലിസിന്റെ പ്രാഥമിക കണ്ടെത്തല്‍. ഇന്ന് രാവിലെയാണ് നബീൽ പൊലീസിന്റെ പിടിയിലാകുന്നത്.
തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ നടത്തിയ 13 ലിംഗമാറ്റ ശസ്ത്രക്രിയകൾ വിജയിച്ചില്ലെന്ന പരാതിയിൽ, സാമ്പത്തിക സഹായം നൽകണമെന്ന മനുഷ്യാവകാശ കമ്മീഷൻ ഉത്തരവിന്റെ അടിസ്ഥാനത്തിൽ സർക്കാർ 3,06,772 രൂപ അനുവദിച്ചു.കമ്മീഷൻ അദ്ധ്യക്ഷനായിരുന്ന ജസ്റ്റിസ് ആന്റണി ഡൊമിനിക്കിന്റെ ഉത്തരവിന്റെ അടിസ്ഥാനത്തിൽ കാട്ടാക്കട സ്വദേശി സാഗറിനാണ് തുക അനുവദിച്ചത്.
എന്‍ഡിഎ എന്നും ഭരണഘടനാ മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുമെന്നും തെരഞ്ഞെടുപ്പ് സഖ്യത്തിന്റെ ജയമാണെന്നും നരേന്ദ്രമോദി. സര്‍ക്കാര്‍ രൂപീകരണത്തിന് മുന്നോടിയായി എന്‍ഡിഎ സഖ്യത്തിന്റെ യോഗത്തില്‍ സംസാരിക്കുകയായിരുന്നു നരേന്ദ്ര മോദി. രാജ്യത്തിന്റെ അന്തസത്തയാണ് സഖ്യം ഉയര്‍ത്തിപ്പിടിക്കുന്നത്. എന്‍ഡിഎയ്ക്ക് സഖ്യകക്ഷികളുമായി ഉള്ളത് ഉലയാത്ത ബന്ധമാണെന്നും നരേന്ദ്രമോദി കൂട്ടിച്ചേര്‍ത്തു.
കങ്കണ റണാവത്തിനെ തല്ലിയ സിഐഎസ്എഫ് വനിതാ കോൺസ്റ്റബിൾ കുൽവീന്ദര്‍ കൗറിനെതിരെ മൊഹാലി പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. ഗുരുതരമായ വകുപ്പുകൾ ചുമത്തിയാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. അതിനാൽ തന്നെ കുൽവീന്ദര്‍ കൗറിനെ ഉടൻ അറസ്റ്റ് ചെയ്യുമെന്നാണ് വിവരം. സംഭവത്തില്‍ വിശദമായ പരിശോധനയ്ക്ക് ശേഷമേ കേസ് എടുക്കൂവെന്ന് പഞ്ചാബ് പൊലീസ് നേരത്തെ വ്യക്തമാക്കിയിരുന്നു.
എഐഎഡിഎംകെ ജനറൽ സെക്രട്ടറി എടപ്പാടി പളനിസ്വാമി പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് അഭിനന്ദനമറിയിച്ചു. മൂന്നാം തവണയും പ്രധാനമന്ത്രി ആകുന്നതിൽ അഭിനന്ദനം എന്നാണ് ഇപിഎസിന്റെ പോസ്റ്റ്. ബിജെപി ബന്ധത്തെ ചൊല്ലി പാർട്ടിയിൽ പരസ്യമായി പോരു നടക്കുന്നതിനിടെയാണ് എഐഎഡിഎംകെ ജനറൽ സെക്രട്ടറിയുടെ പോസ്റ്റ്.
മഹാരാഷ്ട്രയിൽ ലോക്സഭാ തിരഞ്ഞെടുപ്പിൽ ബിജെപിയ്ക്കുണ്ടായ തിരിച്ചടിയുടെ ഉത്തരവാദിത്വം ഏറ്റെടുത്ത് ഉപമുഖ്യമന്ത്രി പദത്തിൽനിന്ന് രാജി സമർപ്പിച്ച ദേവേന്ദ്ര ഫഡ്നാവിസിനോട് തൽസ്ഥാനത്ത് തുടരാൻ നിർദേശിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. മഹാരാഷ്ട്ര സർക്കാരിനുവേണ്ടി പ്രവർത്തിക്കുന്നത് തുടരാനും സംസ്ഥാനനത്ത് ബിജെപിയെ ശക്തിപ്പെടുത്താനുള്ള പദ്ധതി രൂപവത്ക്കരിക്കാനും ഫഡ്നാവിസിനോട് ഷാ നിർദേശിച്ചെന്നാണ് സൂചന.
കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയെ പ്രശംസിച്ച് ശശി തരൂര്‍. രാഹുലിനെ ‘മാന്‍ ഓഫ് ദ മാച്ച്’ എന്ന് വിശേഷിപ്പിച്ച തരൂര്‍, അദ്ദേഹം ലോക്സഭയിലെ പ്രതിപക്ഷ നേതൃസ്ഥാനം ഏറ്റെടുക്കണമെന്നും ആവശ്യപ്പെട്ടു.ബി.ജെ.പിയുടെ ധാര്‍ഷ്ട്യത്തിനും ഏകാധിപത്യ ഭരണശൈലിക്കും ജനങ്ങള്‍ നല്കിയ തിരിച്ചടിയാണ് തിരുവനന്തപുരം ലോക്സഭാ മണ്ഡലത്തിലെ അവരുടെ തോല്‍വിക്ക് കാരണമെന്നും ശശി തരൂർ പറഞ്ഞു.