ഇസ്രായേൽ- പലസ്തീൻ യുദ്ധം തുടങ്ങി വച്ചത് ഹമാസ് ആണെന്നും ബന്ദികളാക്കിയ പൗരൻമാരെ മോചിപ്പിക്കാതെ ചർച്ചയില്ലെന്നും ദക്ഷിണേന്ത്യയിലെ ഇസ്രായേലി കോൺസുൽ ജനറൽ ടാമി ബെൻഹെയിം. ഇന്ത്യയുടെ പിന്തുണയ്ക്ക് അകമഴിഞ്ഞ നന്ദിയും ഇസ്രായേലി കോൺസുൽ ജനറൽ ടാമി ബെൻഹെയിം അറിയിച്ചു.
ജാതി സെൻസസ് ഉയർത്തി തെരഞ്ഞെടുപ്പിനെ നേരിടുമെന്ന് രാഹുൽ ഗാന്ധി. ജാതി സെന്‍സസ് നടത്തുമ്പോള്‍ ചില കക്ഷികള്‍ക്ക് എതിര്‍പ്പുണ്ടാകുമെന്നും അത് ഞങ്ങള്‍ ഉള്‍ക്കൊള്ളുമെന്നും രാഹുല്‍ഗാന്ധി മാധ്യമങ്ങളോട് പറഞ്ഞു.
തെലങ്കാനയിൽ ഇത്തവണ ത്രികോണപ്പോര്. തെലാങ്കാനയിലെ തെരഞ്ഞെടുപ്പിൽ ഇത്തവണ വാഗ്ദാനപ്പെരുമഴയുമായി എത്തുന്നു കോൺഗ്രസ് . ലോക്സഭ തെരഞ്ഞെടുപ്പിലെ മുന്നേറ്റം സംസ്ഥാന തെരഞ്ഞെടുപ്പിലും ആവർത്തിക്കാനാണ് ബിജെപി ശ്രമിക്കുന്നത്. എഐഎംഐഎമ്മിന്റെ അസറുദ്ദീൻ ഒവൈസി പിടിക്കുന്ന സീറ്റെണ്ണവും നിർണായകമാകും.
തമിഴ്നാട്ടിലെ പടക്ക നിർമാണശാലയിലുണ്ടായ പൊട്ടിത്തെറിയിൽ പത്ത് പേർ മരിച്ചു. അരിയല്ലൂരിലെ തിരുമാനൂരിനടുത്ത് വെട്രിയൂർ വില്ലേജിലാണ് അപകടം. ആറ് പേർക്ക് ഗുരുതരമായി പരിക്കേറ്റു. സ്ഫോടനത്തിൽ പടക്ക നിർമാണശാലയും ഗോഡൗണും പൂർണമായും കത്തിനശിച്ചു.
ഉത്തർപ്രദേശിലെ ഹാപൂർ ജില്ലയിൽ സ്കൂളിലേക്ക് പോകുകയായിരുന്ന പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗം ചെയ്തു. മൂന്ന് പേർ ചേർന്നാണ് പ്ലസ് വൺ വിദ്യാർത്ഥിനിയെ പീഡിപ്പിച്ചത്. സംഭവത്തിൽ പെൺകുട്ടിയുടെ പിതാവിന്റെ സുഹൃത്തുക്കൾക്കെതിരെ കേസെടുത്തു.
തിരുവനന്തപുരത്ത് ജന്തുജന്യ രോഗമായ ബ്രൂസെല്ലോസിസ് സ്ഥിരീകരിച്ചു. വെമ്പായം വേറ്റിനാടാണ് രോഗബാധ സ്ഥിരീകരിച്ചിരിക്കുന്നത്. അച്ഛനും മകനുമാണ് രോഗം ബാധിച്ചത്. രോഗം കന്നുകാലിയിൽ നിന്ന് പകർന്നതെന്നാണ് നിഗമനം. ആരോഗ്യ വകുപ്പ് ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്.
സംസ്ഥാനത്തെ 11 റെയിൽവേ മേൽപ്പാലങ്ങൾക്ക് നിർമാണാനുമതി നൽകിയതായി ധനമന്ത്രി കെ.എൻ ബാലഗോപാൽ. ആറ് ജില്ലകളിലാണ് ഇവ നിർമിക്കുന്നത്. 77.65 കോടി രൂപയാണ് പാലത്തിന്റെ നിർമാണച്ചെലവ്.ഇതിൽ 48.38 കോടി നേരത്തെ അനുവദിച്ചിരുന്നു. 34.26 കോടി രൂപ കൂടി അനുവദിച്ചതോടെ പദ്ധതികളുടെ നിർവഹണ ഘട്ടത്തിലേക്ക് കടക്കാനാകുമെന്ന് ധനമന്ത്രി കെ.എൻ ബാലഗോപാൽ .
സമസ്ത നേതാവ് ഉമർ ഫൈസി മുക്കത്തിന്റെ സ്ത്രീ വിരുദ്ധ പരാമർശത്തിൽ പരാതിയുമായി എഴുത്തുകാരി വി പി സുഹറ. വിവാദ പ്രസ്താവനയ്ക്കെതിരെ വി വി സുഹറ പൊലീസിൽ പരാതി നൽകി. കോഴിക്കോട് സിറ്റി പൊലീസ് കമ്മീഷണർക്കാണ് പരാതി നൽകിയത്.
കരുവന്നൂര്‍ കേസില്‍ ഇ ഡി റിമാൻഡ് റിപ്പോർട്ടിൽ പറയുന്ന ചന്ദ്രമതി തന്റെ അമ്മ അല്ലെന്ന് സിപിഎം കൗണ്‍സിലര്‍ പി ആര് അരവിന്ദാക്ഷൻ. ഇ ഡി വ്യാജ ആരോപണങ്ങൾ ഉന്നയിക്കുകയാണെന്നും, തന്റെ അമ്മയ്ക്ക് അങ്ങനെ ഒരു അക്കൗണ്ടോ, ബാങ്ക് നിക്ഷേപമോ ഇല്ലെന്നും അരവിന്ദാക്ഷൻ കോടതിയെ അറിയിച്ചു.
ഏഷ്യൻ ഗെയിംസിൽ രാജ്യത്തിന്റെ അഭിമാനമായി മാറിയ മലയാളി താരങ്ങളെ സംസ്ഥാന സർക്കാർ അപമാനിച്ചത് കേരളത്തിന് നാണക്കേടാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ.പാർട്ടിക്കാർക്കും അനർഹർക്കും പിൻവാതിൽ നിയമനം നൽകുന്ന പിണറായി സർക്കാർ അഞ്ചുവർഷമായി അർഹരായ കായിക പ്രതിഭകളെ ജോലി നൽകാതെ പറ്റിക്കുകയാണെന്നും കെ.സുരേന്ദ്രൻ പറഞ്ഞു.
തിരുവനന്തപുരം മെഡിക്കല്‍ കോളജ് ഫാര്‍മസിയില്‍ രോഗിക്ക് മരുന്നുമാറി നൽകിയ സംഭവത്തിൽ അന്വേഷണത്തിന് ഉത്തരവിട്ട് ആരോഗ്യ മന്ത്രി. മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടറോട് അന്വേഷിച്ച് നടപടിയെടുക്കാൻ നിർദ്ദേശം നൽകി.
ഷുഹൈബ് വധക്കേസ് ഒന്നാം പ്രതി ആകാശ് തില്ലങ്കേരിയുടെ കാപ്പ ഒഴിവാക്കി. വിയ്യൂരിൽ ജയിലറെ ആക്രമിച്ച കേസ് കാപ്പ ചുമത്താൻ പര്യാപ്തമല്ലെന്ന് കാട്ടിയാണ് ആഭ്യന്തര വകുപ്പ് തീരുമാനം.
ഇസ്രയേലില്‍ കുടുങ്ങിക്കിടക്കുന്ന മലയാളികളുടെ സുരക്ഷിതത്വം ഉറപ്പുവരുത്തുന്നതിനുള്ള നടപടികള്‍ കേന്ദ്ര സര്‍ക്കാര്‍ സ്വീകരിക്കണമെന്ന് സി പി എം സംസ്ഥാന സെക്രട്ടറിയേറ്റ് . ജനാധിപത്യപരമായ രീതിയില്‍ ഇത്തരം പ്രശ്നങ്ങളെ മനസ്സിലാക്കി പരിഹരിക്കാനുള്ള സാഹചര്യം സൃഷ്ടിക്കണമെന്നും പ്രസ്താവനയിൽ പറയുന്നു.