രാത്രി വാർത്തകൾ
ഇസ്രയേൽ-പലസ്തീൻ സംഘർഷം അവസാനിപ്പിക്കണമെന്ന് ആഹ്വാനവുമായി ഫ്രാൻസിസ് മാർപ്പാപ്പ. യുദ്ധം ഒരു പരാജയമാണ്. സംഘർഷങ്ങൾ അവസാനിപ്പിക്കണം. ഇസ്രയേലിന്റെയും പലസ്തീന്റെയും സമാധാനത്തിനായി പ്രാർത്ഥിക്കാമെന്നും സെന്റ് പീറ്റേഴ്സ് സ്ക്വയറിലെ പ്രാർത്ഥനയിൽ ഫ്രാൻസിസ് മാർപ്പാപ്പ ആഹ്വാനം ചെയ്തു.
ഇസ്രയേലിന് പൂർണ പിന്തുണ നൽകി അമേരിക്ക. തീവ്രവാദികളെ അമർച്ച ചെയ്യാൻ ഇസ്രയേലിനൊപ്പം പാറപോലെ ഉറച്ചുനിൽക്കുമെന്ന് യുഎസ് പ്രസിഡന്റ് ജോ ബൈഡൻ.
സാമ്പത്തിക പ്രതിസന്ധിയിലായ കരുവന്നൂര്‍ ബാങ്കിൽ, വായ്പ തിരിച്ചു പിടിക്കാൻ ഒറ്റത്തവണ തീർപ്പാക്കൽ പ്രഖ്യാപിച്ച് അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി. വായ്പകള്‍ ഒറ്റത്തവണ തീര്‍പ്പാക്കുന്നതിന് വലിയ പലിശ ഇളവ് നൽകുമെന്ന് അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി ചെയര്മാന് പി. കെ ചന്ദ്രശേഖരന് അറിയിച്ചു.
മലപ്പുറം മഞ്ചേരിയില്‍ കോണ്‍ഗ്രസ് എ ഗ്രൂപ്പ് നേതാക്കളുടെ രഹസ്യ യോഗം. കെപിസിസി ജനറല്‍ സെക്രട്ടറി ആര്യാടന് ഷൗക്കത്തിന്റെ നേതൃത്വത്തിലാണ് യോഗം ചേര്‍ന്നത്.മണ്ഡലം പ്രസിഡന്റുമാരുടെ നിയമനത്തില്‍ ഗ്രൂപ്പിനെ തഴഞ്ഞതിനെതിരെ പ്രതിഷേധം ശക്തമാക്കാന്‍ യോഗത്തില്‍ ധാരണയായി.
സമസ്ത അധ്യക്ഷൻ ജിഫ്രി മുത്തുക്കോയ തങ്ങൾക്ക് എതിരായ പരാമർശത്തിൽ പിഎംഎ സലാമിനെതിരെ വീണ്ടും സമസ്ത നേതാവ് അബ്ദു സമദ് പൂക്കോട്ടൂർ. തട്ടം വിവാദം കത്തി നിൽക്കുമ്പോൾ വിവാദ പരാമർശം ഒഴിവാക്കേണ്ടതായിരുന്നു എന്നും മുസ്ലിം ലീഗും സമസ്തയും തമ്മിൽ ഭിന്നതയില്ലെന്നും അബ്ദു സമദ് പൂക്കോട്ടൂർ പറഞ്ഞു.
അടുത്ത അഞ്ച് ദിവസം സംസ്ഥാനത്തെ വിവിധ ജില്ലകളിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയെന്നു കേന്ദ്ര കാലാവസ്ഥ മുന്നറിയിപ്പ്.തിങ്കളാഴ്ച മൂന്നു ജില്ലകളിലും ചൊവ്വാഴ്ച നാലു ജില്ലകളിലും യെല്ലോ അലർട്ട് പ്രഖ്യാപിച്ചു.
വയലാർ അവാർഡ് ലഭിച്ചതിന് പിന്നാലെ തുറന്നടിച്ച് ശ്രീകുമാരൻ തമ്പി. പുരസ്കാരം വൈകി വന്ന അംഗീകാരമാണെന്നും, നേരത്തെ അവാർഡ് നൽകാതിരുന്നത് മനപ്പൂർവമാണ് എന്നും അദ്ദേഹം പ്രതികരിച്ചു.
സമസ്ത നേതാവിന്റെ പരാമർശത്തിന് എതിരെ തട്ടം നീക്കി പ്രതിഷേധവുമായി എഴുത്തുകാരി വി.പി.സുഹറ. നല്ലളം സ്കൂളിൽ കുടുംബശ്രീ സംഘടിപ്പിച്ച ‘തിരികെ സ്കൂളിലേക്ക്’ പരിപാടിയിൽ പങ്കെടുക്കവേ ആയിരുന്നു വി.പി.സുഹറയുടെ പ്രതിഷേധം.
കോൺഗ്രസ് പ്രവർത്തകരുടെ കേസുകൾ ഏറ്റെടുത്തു നടത്താനൊരുങ്ങി കെ.പി.സി.സി. കേസുകളിൽ പെട്ട ബൂത്ത് തലം മുതൽ ജില്ലാതലം വരെയുള്ള കോൺഗ്രസ് പ്രവർത്തകരുടെ പട്ടിക സമർപ്പിക്കാൻ കെ.പി.സി.സി അധ്യക്ഷൻ കെ സുധാകരൻ നേതാക്കൾക്ക് നിർദേശം നൽകി.
ലോകസഭാ തെരഞ്ഞെടുപ്പ് ജോലിയിൽ നിന്നും വിട്ടുനിൽക്കുന്ന ജീവനക്കാർക്കെതിരെ കർശന നടപടിക്ക് സർക്കാർ. ജീവനക്കാരുടെ നടപടി പ്രതിസന്ധിയുണ്ടാക്കുന്നു. പട്ടിക പുതുക്കലും തെരഞ്ഞെടുപ്പ് പ്രവർത്തനവും താളം തെറ്റുന്നുവെന്നും ചൂണ്ടിക്കാട്ടിയാണ് സർക്കാർ നീക്കം.
അച്ചടക്ക നടപടിക്ക് വിധേയരായവരെ തിരിച്ചെടുക്കണമെന്ന് കെപിസിസി നേതൃത്വത്തോട് എ ഗ്രൂപ്പ്. ആവശ്യമുന്നയിച്ച് എ ഗ്രൂപ്പ് നേതാക്കൾ കെപിസിസിക്ക് കത്തു നൽകി. ബെന്നി ബഹനാനും കെ.സി ജോസഫുമാണ് കത്തു നല്‍കിയത്.
ഇസ്രായേൽ ഹമാസ് യുദ്ധം തുടരുന്നതിനിടെ ഇസ്രയേലിലേക്കുള്ള വിമാന സർവീസ് റദ്ദാക്കി എയർ ഇന്ത്യ.ടെൽ അവീവിലേക്കുള്ള സർവീസുകൾ ഈ മാസം 14 വരെ എയർ ഇന്ത്യ നിർത്തിവച്ചു.
സംസ്ഥാന ആർജെഡി പിളർന്നു. പഴയ പാർട്ടിയായ നാഷണൽ ജനതാദളിനെ പുനരുജ്ജീവിപ്പിക്കാൻ ജോൺ ജോൺ വിഭാഗം തീരുമാനിച്ചു. യു.ഡി.എഫിന് ഒപ്പം തുടരാനാണ് ജോൺ ജോൺ വിഭാഗത്തിൻ്റെ തീരുമാനം.എൽജെഡി-ആർജെഡി ലയനത്തെ ചൊല്ലിയുള്ള ഭിന്നതയാണ് തീരുമാനത്തിന് പിന്നിൽ.
ഗാസയിൽ 600-ലധികം ഹമാസ് ഭീകരർ കൊല്ലപ്പെട്ടതായി ഇസ്രായേൽ പ്രതിരോധ സേന. ഡസൻ കണക്കിന് ഭീകരരെ ബന്ദികളാക്കിയിട്ടുണ്ട്. ഏറ്റുമുട്ടൽ തുടരുന്ന പട്ടണങ്ങളിൽ ഭീകരർക്കായി തെരച്ചിൽ നടക്കുന്നുണ്ടെന്നും ഉന്നത ഐഡിഎഫ് വക്താവ് ഡാനിയൽ ഹഗാരി വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
ഇസ്രയേല്‍-പലസ്തീന് സംഘര്‍ഷത്തില്‍ പ്രതികരിച്ച് സി.പി.എം. പോളിറ്റ് ബ്യൂറോ അംഗം എം.എ. ബേബി. ഇസ്രയേലിന് നേര്‍ക്ക് ഹമാസ് നടത്തിയതും പ്രത്യാക്രമണമാണെന്നത് പല മാധ്യമങ്ങളും കാണുന്നില്ലെന്ന് എം എ ബേബി.
ഇസ്രയേലിൽ കുടുങ്ങിയ നടി നുസ്രത് ബറൂച്ച തിരികെ ഇന്ത്യയിലെത്തി. ഹൈഫ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിന്റെ ഭാഗമായാണ് നടി ഇസ്രയേലിൽ എത്തിയത്. ഇതിനിടയിലാണ് ഇസ്രയേലിൽ ഹമാസിന്റെ ആക്രമണം നടന്നത്.
എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് പിന്നാലെ ബംഗാളിൽ സിബിഐ റെയ്ഡ്. മന്ത്രി ഫിർഹാദ് ഹക്കിം, മുൻമന്ത്രി മദൻ മിത്ര എന്നിവരുടെ വീടുകളിലും സ്ഥാപനങ്ങളിലുമാണ് റെയ്ഡ് പുരോഗമിക്കുന്നത്. മുനിസിപ്പാലിറ്റി നിയമന ക്രമക്കേട് കേസിലാണ് സിബിഐ നടപടി.
അഫ്ഗാനിസ്ഥാനിലുണ്ടായ ഭൂകമ്പത്തിൽ മരിച്ചവരുടെ എണ്ണം 2000 കടന്നു. ഭൂകമ്പത്തിൽ 9,240 പേർക്ക് പരിക്കേറ്റതായും താലിബാൻ ഭരണകൂടം അറിയിച്ചു. മരിച്ചവരിൽ കൂടുതലും സ്ത്രീകളും കുട്ടികളുമാണ്. ശനിയാഴ്ച പ്രവിശ്യാതലസ്ഥാനമായ ഹേറത്തിന്റെ വടക്കുപടിഞ്ഞാറ് 6.3 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം അനുഭവപ്പെട്ടത്.
ഓസ്ട്രേലിയക്കെതിരായ ലോകകപ്പ് മത്സരത്തിൽ ഇന്ത്യക്ക് 3 വിക്കറ്റ് നഷ്ടം.ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ഓസ്ട്രേലിയ49.3 ഓവറിൽ വിക്കറ്റ് 199 റൺസ് നേടുന്നതിനിടെ ഓൾ ഔട്ടായി. ഇന്ത്യക്കായി ബൗളർമാരെല്ലാം തിളങ്ങി. രവീന്ദ്ര ജഡേജ മൂന്ന് വിക്കറ്റ് വീഴ്ത്തിയപ്പോൾ ബുംറയും കുൽദീപും രണ്ട് വിക്കറ്റ് വീതം സ്വന്തമാക്കി.