പുതുപ്പള്ളിയില്‍ വോട്ടെടുപ്പിനു നിശ്ചിത സമയം കഴിഞ്ഞിട്ടും വോട്ടര്‍മാരുടെ നീണ്ട ക്യൂ. വരി നില്‍ക്കാന്‍ മടിച്ച് നിരവധി വോട്ടര്‍മാര്‍ മടങ്ങിപ്പോയി. വോട്ടെടുപ്പു യന്ത്രങ്ങളുടെയും നടപടിക്രമങ്ങളുടേയും വേഗതക്കുറവുമൂലമാണ് വോട്ടെടുപ്പു വൈകിയതെന്ന് ആരോപണമുണ്ട്. വോട്ടെടുപ്പു സമയം പൂര്‍ത്തിയാകേണ്ടിയിരുന്ന അഞ്ചു മണിക്ക് 72 ശതമാനത്തോളം വോട്ടു രേഖപ്പെടുത്തിയിരുന്നു.
സിപിഎം ഇടുക്കി ജില്ലാ സെക്രട്ടറി സി.വി. വര്‍ഗീസിന് ഹൈക്കോടതിയുടെ താക്കീത്. ശാന്തന്‍പാറയിലെ പാര്‍ട്ടി ഓഫീസ് നിര്‍മാണം തടഞ്ഞ കോടതി ഉത്തരവിനെതിരേ പരസ്യപ്രസ്താവന അരുതെന്ന് ഡിവിഷന്‍ ബെഞ്ച്. കോടതി ഉത്തരവുകള്‍ നടപ്പാക്കുന്ന അമിക്കസ് ക്യൂരിക്കോ ജില്ലാ കലക്ടര്‍ക്കോ എതിരെയും സംസാരിക്കാന്‍ പാടില്ല. സിപിഎം ജില്ലാ സെക്രട്ടറിയ്ക്ക് പറയാനുള്ളതു രേഖാമൂലം കോടതിയെ അറിയിക്കണം. പരസ്യപ്രസ്താവനകള്‍ കോടതിയലക്ഷ്യമായി കണക്കാക്കേണ്ടിവരുമെന്നു കോടതി മുന്നറിയിപ്പു നല്‍കി.
മൂന്നാറില്‍ റവന്യു വകുപ്പ് നല്‍കിയ സ്റ്റോപ്പ് മെമ്മോ ലംഘിച്ചു നിര്‍മാണം തുടര്‍ന്ന ഭൂവുടമകളുടെ വിശദാംശങ്ങള്‍ സമര്‍പ്പിക്കണമെന്നു ഹൈക്കോടതി ജില്ലാ കലക്ടറോട് ആവശ്യപ്പെട്ടു. രണ്ടാഴ്ചക്കകം റിപ്പോര്‍ട്ടു നല്‍കണം. അമിക്കസ് ക്യൂറിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് കോടതിയുടെ ഇടക്കാല ഉത്തരവ്.
നെല്ല് സംഭരണത്തിനു കര്‍ഷകര്‍ക്കു പണം നല്‍കാത്തതിനു കാരണം കേരളം കേന്ദ്ര സര്‍ക്കാരിനു കണക്കുകളും പണത്തിനായുള്ള അപേക്ഷകളും നല്‍കാത്തതുമൂലമാണെന്ന് കോണ്‍ഗ്രസ് എംപി കൊടിക്കുന്നില്‍ സുരേഷ്. കുടിശ്ശിക വിതരണം മുടങ്ങിയതു കേന്ദ്രത്തിന്റെ വീഴ്ചമൂലമാണെന്ന സംസ്ഥാന മന്ത്രിമാരുടെ വാദം അദ്ദേഹം തള്ളി.
സംസ്ഥാനത്തെ ക്വാറികളും, ക്രഷറുകളും അനിശ്ചിത കാലത്തേക്ക് അടച്ചിട്ടു സമരത്തിനിറങ്ങുന്നു. ഇതേക്കുറിച്ച് ആലോചിക്കാന്‍ നാളെ തൃശൂരില്‍ ക്വാറി-ക്രഷര്‍ വ്യവസായികളുടെ സംസ്ഥാന കണ്‍വന്‍ഷന്‍ ചേരുമെന്ന് സംസ്ഥാന ക്വാറി ക്രഷര്‍ കോ-ഓഡിനേഷന്‍ കമ്മിറ്റി ജനറല്‍ കണ്‍വിനര്‍ എം.കെ.ബാബു പറഞ്ഞു. മുന്നൂറോളം ക്വാറികള്‍ അടച്ചുപൂട്ടുന്ന അവസ്ഥയിലാണെന്നും അദ്ദേഹം പറഞ്ഞു.
കണ്ണൂര്‍ മട്ടന്നൂര്‍ വനിതാ ഹോമില്‍ നിന്നും കാണാതായ അഞ്ചു പേരെ കണ്ടെത്തി. ഇന്നലെ രാത്രി ഒരു മണിയോടെയാണ് ഇവര്‍ മുങ്ങിയത്. കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍നിന്നു ട്രെയിനില്‍ കയറിയ ഇവരെ ഉഡുപ്പിയില്‍നിന്നാണു കണ്ടെത്തിയത്.
ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ നേതൃത്വത്തില്‍ സെപ്റ്റംബര്‍ 15 ന് സംസ്ഥാന വ്യാപകമായി ഓപ്പറേഷന്‍ ഫോസ്‌കോസ് ലൈസന്‍സ് ഡ്രൈവ് നടത്തുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്.
നാളെ ശ്രീകൃഷ്ണ ജയന്തി. നാടെങ്ങും ശോഭായാത്രകള്‍. ഗുരുവായൂര്‍ ക്ഷേത്രം അടക്കം ശ്രീകൃഷ്ണ ക്ഷേത്രങ്ങളില്‍ ദര്‍ശനത്തിനു ഭക്തരുടെ തിരക്ക്.
ശ്രീനാരായണ ഗുരു സമാധി ദിനം 22 നാണെന്ന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍.
കരിപ്പൂര്‍ വിമാനത്താവളത്തില്‍ രണ്ടര കോടി രൂപ വില വരുന്ന നാലു കിലോ സ്വര്‍ണവുമായി കോഴിക്കോട് മടവൂര്‍ സ്വദേശി മുഹമ്മദ് ഫാറൂഖ് പിടിയിലായി.
വീട്ടില്‍ കയറി പെണ്‍കുട്ടിയെയും മുത്തശ്ശനെയും മുത്തശ്ശിയെയും വെട്ടിയ യുവാവ് തൂങ്ങി മരിച്ചു. ഇരിങ്ങോല്‍ സ്വദേശി ബേസില്‍ (എല്‍ദോസ്) ആണ് മരിച്ചത്. പെരുമ്പാവൂര്‍ രായമംഗലത്തെ അല്‍ക്കയെന്ന പെണ്‍കുട്ടിയെ വീട്ടില്‍ കയറി വെട്ടിയ പ്രതി, തടയാന്‍ ശ്രമിച്ച മുത്തച്ഛന്‍ ഔസേഫ്, മുത്തശ്ശി ചിന്നമ്മ എന്നിവരേയും വെട്ടുകയായിരുന്നു. വെട്ടേറ്റ് മൂന്നുപേരും ചികില്‍സയിലാണ്.
ഇന്ത്യ മുന്നണി എന്ന പേരിനെ ഭയക്കുന്നതുകൊണ്ടാണു മോദി രാജ്യത്തിന്റെ പേരു ഭാരതം എന്നു മാറ്റാന്‍ ശ്രമിക്കുന്നതെന്ന് കോണ്‍ഗ്രസ് നേതാവ് അധിര്‍ രഞ്ജന്‍ ചൗധരി. പേരു മാറ്റത്തതിനു പിറകില്‍ ബ്രിട്ടീഷുകാരുടെ സാമൃജ്യത്വത്തിന് എതിരായ നിലപാടാണെങ്കില്‍ വൈസ്രോയിയുടെ വസതിയായിരുന്ന രാഷ്ട്രപതി ഭവന്‍ ഉപേക്ഷിക്കണം. ഹിന്ദുവെന്ന പേര് നല്‍കിയതും വിദേശരാജ്യങ്ങളാണ്. അദ്ദേഹം പറഞ്ഞു.
റിപ്പബ്ലിക് ഓഫ് ഭാരത് എന്നാക്കുന്നതു ഭരണഘടനാ ലംഘനമല്ലെന്നു കോണ്‍ഗ്രസ് നേതാവ് ശശി തരൂര്‍ എംപി. വിലമതിക്കാനാകാത്ത ബ്രാന്‍ഡ് മൂല്യം ഇന്ത്യ എന്ന പേരിനുണ്ടെന്നും അതു കളയാന്‍ സര്‍ക്കാര്‍ തയ്യാറാകില്ലെന്നാണ് കരുതുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പ്രതിപക്ഷ സഖ്യത്തിന് ഭാരത് എന്നു പേരിട്ടാല്‍ രാജ്യത്തിന്റെ പേര് ബിജെപി എന്നാക്കുമോയെന്നു ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍. രാജ്യം 140 കോടി ജനങ്ങളുടേതാണെന്ന് മറക്കരുതെന്ന് കെജ്‌രിവാള്‍ പറഞ്ഞു.
അമ്പതു ലക്ഷം രൂപ കൈക്കൂലി വാങ്ങിയ കേസില്‍ ഗ്യാസ് അതോറിറ്റി ഓഫ് ഇന്ത്യ ലിമിറ്റഡ് എക്സിക്യൂട്ടീവ് ഡയറക്ടര്‍ കെ. ബി സിംഗിനെ സിബിഐ അറസ്റ്റ് ചെയ്തു. സഹായികളായ മൂന്നു പേരും അറസ്റ്റിലായി. ഡല്‍ഹി, നോയിഡ, വിശാഖപട്ടണം എന്നിവിടങ്ങളില്‍ സിബിഐ റെയ്ഡ് നടത്തിയശേഷം ചോദ്യം ചെയ്തതിനു പിറകേയാണ് അറസ്റ്റ്.
കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുടെ എംപി സ്ഥാനം പുനഃസ്ഥാപിച്ചതിനെതിരെ സുപ്രീം കോടതിയില്‍ ഹര്‍ജി. ലക്‌നൗ സ്വദേശിയായ അഡ്വക്കേറ്റ് അശോക് പാണ്ഡേയാണ് കോടതിയെ സമീപിച്ചത്.
രണ്ടു മണ്ഡലങ്ങളില്‍ വോട്ടുണ്ടെന്ന് ആരോപിച്ച് മുഖ്യമന്ത്രി അരവിന്ദ് കെജരിവാളിന്റെ ഭാര്യ സുനിതക്കു ഡല്‍ഹി തീസ് ഹസാരി കോടതിയുടെ സമന്‍സ്. ബിജെപി ഡല്‍ഹി സെക്രട്ടറി ഹരീഷ് ഖുറാനയാണ് പരാതി നല്‍കിയത്.
ജമ്മു കാഷ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയതിനെതിരായ ഹര്‍ജികളില്‍ സുപ്രീം കോടതി ഭരണഘടന ബെഞ്ചില്‍ വാദം പൂര്‍ത്തിയായി. വിധി പറയാനായി കേസ് മാറ്റി.
എന്‍ഫോഴ്‌സ്‌മെന്റ് അറസ്റ്റു ചെയ്തു ജയിലില്‍ കഴിയുന്ന തമിഴ്‌നാട്ടിലെ മന്ത്രി സെന്തില്‍ ബാലാജി വകുപ്പില്ലാ മന്ത്രിയായി തുടരാണോയെന്ന് മുഖ്യമന്ത്രി തീരുമാനിക്കട്ടെയെന്ന് മദ്രാസ് ഹൈക്കോടതി. മുഖ്യമന്ത്രിയെ നിര്‍ബന്ധിക്കാന്‍ കോടതിക്കു കഴിയില്ല. ബാലാജിയുടെ മന്ത്രിപദവി ഭരണഘടന ധാര്‍മികതയ്ക്കു വിരുദ്ധമാണെന്നും ചീഫ് ജസ്റ്റീസ് അധ്യക്ഷനായ ബഞ്ച് ചൂണ്ടിക്കാട്ടി.
ഫളാറ്റ് തട്ടിപ്പു കേസില്‍ തൃണമൂല്‍ കോണ്‍ഗ്രസ് എംപിയും നടിയുമായ നുസ്രത്ത് ജഹാന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് സമന്‍സ് അയച്ചു. 12 ന് കൊല്‍ക്കത്തയിലെ ഇഡി ഓഫീസില്‍ ഹാജരാകാനാണ് നിര്‍ദേശം.