കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പിന്റെ പേരില്‍ സിപിഎമ്മിന്റെ പ്രതിച്ഛായ തകര്‍ന്നിരിക്കേ, ഭവന സന്ദര്‍ശന പദ്ധതിയുമായി സഹകരണ സംഘങ്ങളുടെ അസോസിയേഷന്‍ രംഗത്തു വരുന്നു. സഹകരണ മേഖലയുടെ വിശ്വാസ്യത നിലനിര്‍ത്താന്‍കൂടിയാണ് ഭവന സന്ദര്‍ശനം. നിക്ഷേപകരുടെ പണം നഷ്ടപ്പെടില്ലെന്നും ബോധ്യപ്പെടുത്താന്‍ വി. ജോയ് എംഎല്‍എ അധ്യക്ഷനായുള്ള അസോസിയേഷന്‍ തീരുമാനിച്ചു.
കരുവന്നൂര്‍ സഹകരണ ബാങ്കില്‍ വായ്പ തിരിച്ചടച്ചിട്ടും ആധാരം തിരികെ ലഭിച്ചില്ലെന്ന ഹര്‍ജിയില്‍ ഹൈക്കോടതി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിനോട് വിശദീകരണം തേടി. ആധാരം ഉള്‍പ്പെടെയുള്ള രേഖകള്‍ ഇഡി കൊണ്ടുപോയെന്ന് ബാങ്ക് വിശദീകരിച്ചിരുന്നു. രേഖകള്‍ തിരിച്ചു നല്‍കാന്‍ എന്താണ് തടസമെന്ന് കോടതി ഇഡിയോടു ചോദിച്ചു. തൃശൂര്‍ ചെമ്മണ്ട സ്വദേശി ഫ്രാന്‍സിസാണ് വായപയ്ക്ക് ഈടായി നല്‍കിയ 50 സെന്റ് സ്ഥലത്തിന്റെ ആധാരം ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചത്.
എറണാകുളം ജനറല്‍ ആശുപത്രിയോടനബന്ധിച്ചു തുടങ്ങുന്ന കാന്‍സര്‍ സെന്ററില്‍ അത്യാധുനിക സൗകര്യങ്ങള്‍ സജ്ജമാക്കിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. 25 കോടി രൂപ മുതല്‍മുടക്കില്‍ ആറു നിലകളിലായി നിര്‍മ്മാണം പൂര്‍ത്തീകരിച്ച കാന്‍സര്‍ സെന്റര്‍ തിങ്കളാഴ്ച ഉദ്ഘാടനം ചെയ്യും. കാന്‍സര്‍ പ്രതിരോധം, രോഗനിര്‍ണയം, ചികിത്സ എന്നീ രംഗങ്ങളിലെ നൂതന സംവിധാനങ്ങള്‍ ചുരുങ്ങിയ ചെലവില്‍ എല്ലാവര്‍ക്കും ലഭ്യമാക്കുമെന്ന് മുഖ്യമന്ത്രി അറിയിച്ചു. എറണാകുളം ജനറല്‍ ആശുപത്രിയില്‍ വൃക്ക മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ നടത്താനുള്ള സംവിധാനങ്ങള്‍ അടുത്തയാഴ്ച സജ്ജമാകുമെന്ന് മന്ത്രി വീണ ജോര്‍ജ് പറഞ്ഞു.
പൊന്നാനി സര്‍ക്കാര്‍ ആശുപത്രിയില്‍ എട്ടു മാസം ഗര്‍ഭിണിയായ പാലപ്പെട്ടി സ്വദേശിനി റുക്‌സാനയ്ക്കു രക്തം മാറി നല്‍കിയ സംഭവത്തില്‍ രണ്ടു താല്‍ക്കാലിക ഡോക്ടര്‍മാരെ പിരിച്ചുവിട്ടു. ഡ്യൂട്ടിയിലുണ്ടായിരുന്ന നഴ്‌സിനെ സസ്‌പെന്‍ഡു ചെയ്തു. കേസ് ഷീറ്റ് പരിശോധിക്കാതെയാണ് രോഗിക്കു രക്തം നല്‍കിയതെന്നും നഴ്‌സിനും ഡോക്ടര്‍ക്കും വീഴ്ചയുണ്ടായെന്നും കണ്ടെത്തിയതിനെത്തുടര്‍ന്നാണു നടപടി.
ക്ഷേമ പെന്‍ഷന്‍ ഇല്ലാതാക്കുമെന്ന സൂചനയാണ് കേന്ദ്ര ധനകാര്യമന്ത്രി നിര്‍മലാ സീതാരാമന്‍ നല്‍കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ക്ഷേമ പെന്‍ഷന്‍ അനര്‍ഹര്‍ക്കു നല്‍കുകയാണെന്നു കേന്ദ്രമന്ത്രി കുറ്റപ്പെടുത്തി സംസാരിച്ചത് അതുകൊണ്ടാണെന്നു പിണറായി വിജയന്‍ പറഞ്ഞു. തിരുവല്ലയില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
മുസ്ലിം ലീഗിന് മൂന്നാം ലോക്‌സഭാ സീറ്റിന് അര്‍ഹതയുമുണ്ടെന്ന് മുസ്ലിം ലീഗ് നേതാവ് പി.കെ. കുഞ്ഞാലിക്കുട്ടി. യുഡിഎഫില്‍ ആലോചിച്ച് അന്തിമ തീരുമാനമെടുക്കുമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.
എലത്തൂരിലെ ട്രെയിന്‍ തീവയ്പു കേസിലെ ഏക പ്രതിയായ ഷാരൂഖ് സൈഫിക്ക് തീവ്രവാദ ലക്ഷ്യങ്ങളുണ്ടായിരുന്നെന്ന് എന്‍ഐഎ. കൊച്ചിയിലെ കോടതിയില്‍ സമര്‍പ്പിച്ച അന്തിമ കുറ്റപത്രത്തിലാണ് ഈ വിവരം. ജിഹാദി പ്രവര്‍ത്തനം വഴി സമൂഹത്തില്‍ ഭീകരത സൃഷ്ടിക്കാനും ഭയം സൃഷ്ടിക്കാനുമായിരുന്നു ഇയാളുടെ ശ്രമമെന്നും കുറ്റപത്രത്തില്‍ പറയുന്നു.
ശബരിമല തീര്‍ഥാടന പാതകള്‍ ശുചീകരിക്കുന്നതിന് ആയിരം വിശുദ്ധി സേനാംഗങ്ങളെ നിയോഗിക്കണമെന്നു സംസ്ഥാന സര്‍ക്കാരിന് ശുപാര്‍ശ നല്‍കുമെന്ന് പത്തനംതിട്ട ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ് അയ്യര്‍. സന്നിധാനം, പമ്പ, നിലയ്ക്കല്‍, പന്തളം, കുളനട എന്നിവിടങ്ങളിലെ തീര്‍ഥാടന പാതകള്‍ ശുചീകരിക്കുന്നതിനാണ് ഈ നടപടി. കഴിഞ്ഞ വര്‍ഷം ഇവര്‍ക്കു പ്രതിഫലമായി 450 രൂപയാണ് നല്‍കിയിരുന്നത്. ഈ വര്‍ഷം വര്‍ധിപ്പിക്കാന്‍ ശുപാര്‍ശ നല്‍കും. യാത്രാപടിയായി 1000 രൂപയും നല്‍കും. കളക്ടര്‍ പറഞ്ഞു.
കാസര്‍കോട് ചെറുവത്തൂരില്‍ ഹോം നേഴ്‌സിനെ കൊന്നു കുഴിച്ചുമൂടിയ കേസില്‍ ഒന്നാം പ്രതി കണിച്ചിറ സ്വദേശി സതീശന് ജീവപര്യന്തം തടവുശിക്ഷ. രണ്ടാം പ്രതി മാഹി സ്വദേശി ബെന്നിക്ക് അഞ്ചു വര്‍ഷം തടവു ശിക്ഷയുമാണ് കാസര്‍കോട് അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതി വിധിച്ചത്. 2014 സെപ്റ്റംബര്‍ 12 നാണ് ഒളവറ സ്വദേശിനി രജനിയെ കൊലപ്പെടുത്തിയത്.
തിരുവനന്തപുരം മദാക്കല്‍ ചെമ്പൂര്‍ കളിക്കല്‍കുന്നില്‍ വീട്ടില്‍ നിഷയെ (35) തലയ്ക്കടിച്ചു കൊന്ന കേസില്‍ ഭര്‍ത്താവ് അഴൂര്‍ സ്വദേശി സന്തോഷിന് (37) ജീവപര്യന്തം തടവും ലക്ഷം രൂപ പിഴയും ശിക്ഷ. പണം മകള്‍ സനീഷയ്ക്കു നല്‍കണം. മദ്യപിച്ചു ലക്കുകെട്ടു മര്‍ദിക്കാറുള്ള ഭര്‍ത്താവിനെതിരേ പോലീസില്‍ പരാതി നല്‍കിയതിനുള്ള വൈരാഗ്യംമൂലമാണു കൊല നടത്തിയത്.
കോവളം പാം ബീച്ച് റെസ്റ്റോറന്റില്‍ കയറി ഉടമയായ വനിതയെയും ജീവനക്കാരനെയും മര്‍ദിച്ച കേസിലെ പ്രതികള്‍ അറസ്റ്റില്‍. വഴിഞ്ഞം സ്വദേശി മാലിക് (36), ആവാടുതുറ വിജി (41). കണ്ണങ്കോട് മനോജ് (29), വെങ്ങാനൂര്‍ വിപിന്‍ (24), വിഴിഞ്ഞം വേണു എന്ന ജപ്പാനുണ്ണി (49), വെങ്ങാനൂര്‍ ബിപിന്‍ കുമാര്‍ (ലാലു 34) എന്നിവരെയാണ് അറസ്റ്റു ചെയ്തത്.
കോഴിക്കോട് സൗത്ത് ബീച്ചിനു സമീപം നീലത്തിമിംഗലത്തിന്റെ അഴുകിയ ജഡം കരക്കടിഞ്ഞു. പതിനഞ്ച് അടിയോളം നീളമുണ്ട്.
അമ്മയെ കൊന്ന കേസിലെ പ്രതി തൂങ്ങി മരിച്ചു. കോട്ടയം വാകത്താനത്ത് പനച്ചിക്കാട് സ്വദേശി ബിജു എന്ന 52 കാരനാണ് മരിച്ചത്. കഴിഞ്ഞ വര്‍ഷംഅമ്മ സതിയെ കൊന്ന കേസില്‍ ഇയാള്‍ ജയിലിലായിരുന്നു. ഈയിടെയാണ് ജാമ്യത്തിലിറങ്ങിയത്. വാകത്താനം പള്ളിക്കു സമീപം ഉദിക്കല്‍ പാലത്തിലാണ് മൃതദേഹം കണ്ടത്. ഓട്ടോ ഡ്രൈവറായ ഇയാളുടെ ഓട്ടോയില്‍ കയര്‍ കെട്ടി കഴുത്തില്‍ കുരുക്കിട്ട ശേഷം പാലത്തില്‍ നിന്ന് ചാടുകയായിരുന്നു.
നടന്‍ മോഹന്‍ ശര്‍മ്മ ചെന്നൈയില്‍ മര്‍ദനം. ടി നഗറില്‍നിന്നു ചെന്നൈ ചെട്ട്‌പേട്ട് ഹാരിംഗ്ടണ്‍ റോഡിലെ തന്റെ വസതിയിലേക്കു മടങ്ങിവരവെ മോഹന്‍ ശര്‍മ്മെ ആക്രമിച്ചത്. മുഖത്ത് ഇടിയേറ്റിട്ടുണ്ട്.
ഗള്‍ഫ് രാജ്യങ്ങള്‍ ഒറ്റ വിസയില്‍ സന്ദര്‍ശിക്കാന്‍ അനുവദിക്കുന്ന വിസ സംവിധാനം ഏര്‍പ്പെടുത്തിതു വിനോദ സഞ്ചാരികള്‍ക്കു പ്രയോജനകരമാകും. സൗദി അറേബ്യ, യു.എ.ഇ, കുവൈറ്റ്, ഖത്തര്‍, ബഹറിന്‍, ഒമാന്‍ എന്നീ ഗള്‍ഫ് രാജ്യങ്ങളിലേക്ക് ഒറ്റ വിസയാണു പറത്തിറക്കിയത്.
സര്‍ക്കാര്‍ ജീവനക്കാര്‍ക്കെതിരേ മോശമായി പ്രസംഗിച്ച മുന്‍മന്ത്രിയും സിപിഎം നേതാവുമായ എംഎം മണിക്കെതിരെ ഫെഡറേഷന്‍ ഓഫ് എംപ്ലോയീസ് ആന്റ് ടീച്ചേഴ്‌സ് ഓര്‍ഗനൈസേഷന്‍ ഡിജിപിക്കു പരാതി നല്‍കി. സര്‍ക്കാര്‍ ജീവനക്കാരേയും കുടുംബാംഗങ്ങളെയും അപമാനിച്ച മണിക്കെതിരേ നടപടിയെടുക്കണമെന്നാണ് ആവശ്യം.
ഇന്ത്യ ഭീകരന്മാരുടെ പട്ടികയില്‍ ഉള്‍പെടുത്തിയിട്ടുള്ള ഖലിസ്ഥാന്‍ നേതാവ് ഹര്‍ദീപ് സിംഗ് നിജ്ജാര്‍ കാനഡയില്‍ കൊല്ലപ്പെട്ട സംഭവത്തില്‍ ഇന്ത്യന്‍ ഉദ്യോഗസ്ഥരെ ചോദ്യം ചെയ്യണമെന്ന കാനഡയുടെ ആവശ്യം ഇന്ത്യ തള്ളി. എന്തെങ്കിലും തെളിവു ഹാജരാക്കണമെന്ന ആവശ്യം കാനഡ അംഗീകരിച്ചിട്ടില്ലെന്നും ഇന്ത്യ കുറ്റപ്പെടുത്തി. സെല്‍ഫോണ്‍ തെളിവുകളുണ്ടെന്നാണ് കാനഡ പറയുന്നത്.
2000 രൂപ നോട്ടുകള്‍ മാറ്റുന്നതിനും നിക്ഷേപിക്കുന്നതിനുമുള്ള സമയപരിധി ഒക്ടോബര്‍ ഏഴു വരെ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ നീട്ടി.
എന്‍ഡിഎയില്‍ ചേര്‍ന്നതിനെതിരേ ജെഡിഎസ് കര്‍ണാടക സംസ്ഥാന കമ്മിറ്റി പ്രസിഡന്റ് സി.എം. ഇബ്രാഹിം. അങ്ങനെയൊരു സഖ്യം നിലവിലില്ല. തങ്ങളോടു കൂടിയാലോചിക്കാതെ എടുത്ത തീരുമാനം അംഗീകരിക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു.
മഹാത്മാഗാന്ധിയുടെ ഘാതകന്‍ നാഥുറാം ഗോഡ്‌സെയുടെ ആശയങ്ങള്‍ പിന്തുടരുന്ന പാര്‍ട്ടിയാണ് ബിജെപിയെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ഗാന്ധി. മധ്യപ്രദേശില്‍ കോണ്‍ഗ്രസ് നടത്തുന്ന റാലിയില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
അഞ്ചാം ക്ലാസുകാരിയുടെ വസ്ത്രങ്ങള്‍ അഴിച്ചുമാറ്റി സ്വകാര്യ ഭാഗങ്ങളില്‍ സ്പര്‍ശിച്ചെന്ന പരാതിയില്‍ സ്‌കൂള്‍ പ്രിന്‍സിപ്പല്‍ റിസ്വാന്‍ അഹമ്മദ് അറസ്റ്റില്‍. അയോധ്യക്കടുത്ത് റുദൗലി തഹസില്‍ മേഖലയിലെ സ്‌കൂളിലെ പ്രിന്‍സിപ്പലാണു പിടിയിലായത്.