കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പിലെ കള്ളപ്പണക്കേസില്‍ മുന്‍ ബാങ്ക് അക്കൗണ്ടന്റ് സി.കെ ജില്‍സിനെ എന്‍ഫോഴ്‌സ്‌മെന്റ് അറസ്റ്റു ചെയ്തു. സിപിഎം നേതാവ് വടക്കാഞ്ചേരി നഗരസഭാ കൗണ്‍സിലര്‍ പി.ആര്‍. അരവിന്ദാക്ഷനെ ഇന്ന് ഉച്ചയോടെ അറസ്റ്റു ചെയ്തതിനു പിറകേയാണ് ജില്‍സിനെയും അറസ്റ്റു ചെയ്തത്. സിപിഎം സംസ്ഥാന സമിതി അംഗങ്ങളായ മുന്‍ മന്ത്രി എ.സി മൊയ്തീന്‍ എംഎല്‍എയും തൃശൂര്‍ സഹകരണ ബാങ്ക് പ്രസിഡന്റും കേരള ബാങ്ക് വൈസ് പ്രസിഡന്റുമായ എം കെ കണ്ണനും എന്‍ഫോഴ്‌സ്‌മെന്റിന്റെ അന്വേഷണ പരിധിയിലാണ്.
എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റിന്റെ പ്രത്യേക അധികാരങ്ങള്‍ പുനഃപരിശോധിക്കുമെന്ന് സുപ്രീംകോടതി. പ്രത്യേക അധികാരങ്ങള്‍ അനുവധിക്കപ്പെട്ട 2022 ലെ വിധിയാണ് പരിശോധിക്കാന്‍ സുപ്രീകോടതി തീരുമാനിച്ചത്. ഇതിനായി മൂന്നംഗ ബെഞ്ചു രൂപീകരിച്ചു. ഒക്ടോബര്‍ 18 ന് പുനഃപരിശോധന ഹര്‍ജികള്‍ പരിഗണിക്കുമെന്നും സുപ്രീം കോടതി വ്യക്തമാക്കി.
എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ അടുത്ത ലക്ഷ്യം താനും എ.സി മൊയ്തീനുമാണെന്ന് സിപിഎം നേതാവ് എം കെ കണ്ണന്‍. തങ്ങളിലേക്ക് എത്താന്‍ വേണ്ടിയാണ് ഇഡി അരവിന്ദാക്ഷനെ അറസ്റ്റു ചെയ്തതെന്നും കണ്ണന്‍ പറഞ്ഞു.
കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പിലെ കളളപ്പണം വെളുപ്പിക്കല്‍ കേസില്‍ എന്‍ഫോഴ്‌സ്‌മെന്റിനെതിരേ പരാതിപ്പെട്ടതിനാണ് പി.ആര്‍.അരവിന്ദാക്ഷനെ അറസ്റ്റു ചെയ്തതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം,വി.ഗോവിന്ദന്‍. അറസ്റ്റ് പ്രതികാര നടപടിയാണ്. മൊയ്തീനിലേക്കു മാത്രമല്ല, ആരിലേക്കും ഇ ഡി എത്താം. പാര്‍ട്ടി വഴങ്ങില്ലെന്നും അദ്ദേഹം ആരോപിച്ചു.
ഭരണ നിര്‍വഹണം വേഗത്തിലാക്കാന്‍ ഉദ്യോഗസ്ഥര്‍ ജാഗ്രത പുലര്‍ത്തണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. അനാവശ്യ കാലതാമസം ഇല്ലാതാക്കണം. എല്ലാ പദ്ധതികളും സമയബന്ധിതമായി പൂര്‍ത്തിയാക്കണം. മുഖ്യമന്ത്രി പറഞ്ഞു. തിരുവനന്തപുരം ജിമ്മി ജോര്‍ജ് ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ മുഖ്യമന്ത്രിയുടേയും മന്ത്രിമാരുടേയും നേതൃത്വത്തില്‍ ഉദ്യോഗസ്ഥര്‍ക്കായി നടത്തിയ മേഖലാതല അവലോകന യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
മഹാത്മാ ഗാന്ധി സര്‍വകലാശാല വ്യാഴാഴ്ച നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവച്ചു. പുതിയ തീയതി പിന്നീട് അറിയിക്കും. നബി ദിനം പ്രമാണിച്ച് സംസ്ഥാനത്തെ പൊതുഅവധി 28 ലേക്കു മാറ്റിയിരുന്നു.
ബിജെപിയുടെ സഖ്യകക്ഷിയായ ജെഡിഎസിനെ മന്ത്രിസഭയില്‍നിന്നും എല്‍ഡിഎഫില്‍നിന്നും പുറത്താക്കാത്തത് സിപിഎം ബിജെപിക്കൊപ്പമായതുകൊണ്ടാണെന്നു കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍ എംപി. പിണറായി സര്‍ക്കാര്‍ സര്‍ക്കാര്‍ ചെലവില്‍ ജനസദസ് നടത്തുന്നത് എല്‍ഡിഎഫിന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനാണെന്നും അദ്ദേഹം ആരോപിച്ചു.
കേരളം ഭരിക്കുന്നത് എന്‍ഡിഎ – എല്‍ഡിഎഫ് സഖ്യകക്ഷി സര്‍ക്കാരാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. എന്‍ഡിഎ സഖ്യകക്ഷിയായ ജെഡിഎസ് എല്‍ഡിഎഫിലും മന്ത്രിസഭയിലും തുടരുന്നതിന് അര്‍ത്ഥം അതാണെന്നു സതീശന്‍ പറഞ്ഞു.
കേരളീയം, ജനസദസ് എന്നിവ സംഘടിപ്പിക്കാന്‍ 200 കോടി രൂപ കടക്കുമെന്ന വാര്‍ത്ത വാസ്തവവിരുദ്ധമെന്ന് പൊതു വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. ബഹുജന മുന്നേറ്റ പരിപാടികളുടെ യശസ് ഇടിച്ചു താഴ്ത്താനാണ് ഇത്തരം വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നത്.
പി വി അന്‍വര്‍ എംഎല്‍എ ഭൂപരിധി ലംഘിച്ചു കൈവശം വച്ചിരിക്കുന്ന 6.25 ഏക്കര്‍ മിച്ചഭൂമി തിരിച്ചുപിടിക്കാന്‍ താമരശ്ശേരി താലൂക്ക് ലാന്‍ഡ് ബോര്‍ഡ് ഉത്തരവിട്ടു. ഒരാഴ്ചയ്ക്കകം നടപടി പൂര്‍ത്തിയാക്കാനാണ് നിര്‍ദേശം.
ഭാരതീയ ചികിത്സാ വകുപ്പിലെയും ഹോമിയോപ്പതി വകുപ്പിലെയും 150 ആയുഷ് ആരോഗ്യ സ്വാസ്ഥ്യ കേന്ദ്രങ്ങള്‍ ആദ്യഘട്ടമായി എന്‍.എ.ബി.എച്ച്. നിലവാരത്തിലേക്ക് ഉയര്‍ത്തുന്നു. ഇതിനുള്ള നടപടികള്‍ ആരംഭിച്ചെന്ന് ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു.
കൊല്ലം ജില്ലയിലെ തിങ്കള്‍കരിക്കകം വില്ലേജ് ഓഫീസിലെ വില്ലേജ് ഫീല്‍ഡ് അസിസ്റ്റന്റ് കൈക്കൂലി വാങ്ങുന്നതിനിടെ പിടിയില്‍. പട്ടയം അനുവദിക്കാന്‍ 15,000 രൂപ കൈക്കൂലി വാങ്ങിയ സുജി മോന്‍ സുധാകരനെയാണ് വിജിലന്‍സ് പിടികൂടിയത്.
തിരുവനന്തപുരത്തെ ഇഞ്ചിവിള, പനച്ചമൂട്, വെള്ളറട എന്നിവിടങ്ങളിലെ സ്വകാര്യ ഗോഡൗണുകളില്‍ സൂക്ഷിച്ചിരുന്ന 3500 കിലോ റേഷനരി പിടികൂടി.
കൊല്ലം കടയ്ക്കലില്‍ മര്‍ദ്ദിച്ച ശേഷം നിരോധിത സംഘടനയായ പിഎഫ്‌ഐ എന്നു പുറത്ത് എഴുതിയെന്ന് വ്യാജ പരാതി നല്‍കിയ സൈനികനും സുഹൃത്തും അറസ്റ്റില്‍. കടയ്ക്കല്‍ സ്വദേശി ഷൈന്‍ കുമാറും ജോഷിയുമാണ് അറസ്റ്റിലായത്. കലാപ ശ്രമം, ഗൂഢാലോചനക്കുറ്റം എന്നിവ ചുമത്തിയാണ് അറസ്റ്റ്. ദേശീയ ശ്രദ്ധ നേടി ജോലിയില്‍ മെച്ചപ്പെട്ട സ്ഥാനം കിട്ടാനായിരുന്നു വ്യാജ പരാതിയെന്നു പോലീസ്.
മുഖ്യമന്ത്രിയുടെ മകളുടെ കമ്പനി എക്‌സാലോജിക്കും കരിമണല്‍ കമ്പനിയായ കൊച്ചിന്‍ മിനറല്‍സും തമ്മിലുള്ള സാമ്പത്തിക ഇടപാട് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് സീരിയസ് ഫ്രോഡ് ഇന്‍വെസ്റ്റിഗേഷന്‍ ഓഫീസിന് കോട്ടയം ജില്ലാ പഞ്ചായത്ത് അംഗവും പി.സി. ജോര്‍ജിന്റെ മകനുമായ ഷോണ്‍ ജോര്‍ജ് പരാതി നല്‍കി.
ബാങ്ക് ലോണ്‍ ഏതാനും മാസമായി തിരിച്ചടയ്ക്കാത്തതിന് ജപ്തി നോട്ടിസ് ലഭിച്ച ഓട്ടോറിക്ഷാ ഡ്രൈവര്‍ തൂങ്ങിമരിച്ചു. മാള കുഴൂരില്‍ ഓട്ടോറിക്ഷ ഡ്രൈവര്‍ പാറപ്പുറം സ്വദേശി ബിജു (42) വാണ് മരിച്ചത്. കുഴൂര്‍ സഹകരണ ബാങ്കില്‍ മൂന്ന് ലക്ഷം രൂപ വായ്പാ കുടിശികയുണ്ടായിരുന്നു.
കോട്ടയത്ത് കര്‍ണാടക ബാങ്കിന്റെ ഭീഷണിമൂലം വ്യാപാരി കെ.സി. ബിനു (50) ജീവനൊടുക്കിയ സംഭവത്തില്‍ ബാങ്കിനെതിരേ അന്വേഷണം നടത്തുമെന്ന് പോലീസ്. പോലീസ് മേധാവി ഉറപ്പുനല്‍കിയതിനുശേഷമാണ് ബന്ധുക്കള്‍ ബാങ്കിനു മുന്നില്‍ ബിനുവിന്റെ മൃതദേഹവുമായുള്ള പ്രതിഷേധ സമരം അവസാനിപ്പിച്ചത്.
കോട്ടയത്തു വ്യാപാരി ജീവനൊടുക്കിയ സംഭവത്തില്‍ ബാങ്ക് മാനേജര്‍ക്കെതിരെ കൊലക്കുറ്റത്തിനു കേസെടുക്കണമെന്ന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി. വ്യാപാരിയുടെ കുടുംബത്തിനു നഷ്ടപരിഹാരം നല്‍കണമെന്ന് ഏേകോപന സമിതി സംസ്ഥാന പ്രസിഡന്റും കോണ്‍ഫെഡറേഷന്‍ ഓഫ് ആള്‍ ഇന്ത്യാ ട്രേഡേഴ്‌സ് (ഇഅകഠ) ദേശീയ സെക്രട്ടറിയുമായ എസ്. എസ്. മനോജ് ആവശ്യപ്പെട്ടു.
ഐ.എ.എസ് കോച്ചിംഗ് ക്ലാസ് കഴിഞ്ഞ് മടങ്ങിയ പെണ്‍കുട്ടിയെ കടന്നുപിടിച്ച കേസിലെ പ്രതിയെ വഞ്ചിയൂര്‍ പൊലീസ് കസ്റ്റഡിയിലെടുത്തു. കാട്ടാക്കട മണ്ണൂര്‍കര ഉത്തരംകോട് കുന്തിരിമൂട്ടില്‍ ജി.എസ് ഭവനില്‍ പ്രസാദിനെ (47) ആണ് പൊലീസ് കസ്റ്റഡിയിലെടുത്തത്.
വയനാട്ടില്‍ തമിഴ്‌നാട് അതിര്‍ത്തിയില്‍ കാട്ടാനയുടെ ചവിട്ടേറ്റ് മധ്യവയസ്‌കന്‍ കൊല്ലപ്പെട്ടു. ചേരമ്പാടി കോരഞ്ചാലിലാണ് സംഭവം. ചേരമ്പാടി സ്വദേശി കുമാരന്‍ എന്ന 45 കാരനാണ് കൊല്ലപ്പെട്ടത്.
ഹൈക്കോടതി ജഡ്ജിമാരുടെ നിയമനം കേന്ദ്ര സര്‍ക്കാര്‍ വൈകിപ്പിക്കുകയാണെന്നു സുപ്രീംകോടതി. 80 ശുപാര്‍ശകള്‍ 10 മാസമായി തീര്‍പ്പുകല്‍പ്പിക്കാതെ കേന്ദ്ര സര്‍ക്കാര്‍ മാറ്റിവച്ചിരിക്കുകയാണ്. 26 ജഡ്ജിമാരുടെ സ്ഥലംമാറ്റവും ‘സെന്‍സിറ്റീവ് ഹൈക്കോടതി’യില്‍ ചീഫ് ജസ്റ്റിസിനെ നിയമിക്കുന്നതും മാറ്റിവച്ചു. മണിപ്പൂര്‍ ഹൈക്കോടതിയിലെ സ്ഥലംമാറ്റ നിര്‍ദേശവും നടപ്പാക്കാനായിട്ടില്ല. ഒരുപാട് പറയാനുണ്ടെങ്കിലും പ്രതികരിക്കുന്നില്ലെന്നു സുപ്രീംകോടതി.
അയോധ്യ രാമക്ഷേത്രത്തില്‍ വിഗ്രഹ പ്രതിഷ്ഠ ജനുവരി 22 ന്. ജനുവരി 14 ന് പ്രതിഷ്ഠ പൂജകള്‍ തുടങ്ങും. നിര്‍മ്മാണ ജോലികള്‍ ഡിസംബറോടെ പൂര്‍ത്തിയാകും. തന്ത്രി ആചാര്യ സത്യേന്ദ്രദാസ് അറിയിച്ചു. വിഗ്രഹ പ്രതിഷ്ഠക്കായി പ്രധാനമന്ത്രി നരേന്ദ്രമോദി 20 മുതല്‍ അഞ്ചു ദിവസം അയോധ്യയില്‍ തങ്ങും. കോണ്‍ഗ്രസ് മുന്‍ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും എത്തുമെന്നാണ് റിപ്പോര്‍ട്ട്.
ബിജെപിയിലെ വിമത നേതാവായ പങ്കജ മുണ്ടെയുടെ വൈദ്യനാഥ് ഷുഗര്‍ ഫാക്ടറിക്ക് 19 കോടി രൂപയുടെ ജിഎസ്ടി കുടിശ്ശിക നോട്ടീസ്. ബീഡ് ജില്ലയിലുള്ള ഫാക്ടറി സാമ്പത്തിക പ്രതിസന്ധിയിലാണ്. തെറ്റൊന്നും ചെയ്തിട്ടില്ലെന്ന് മുന്‍ മന്ത്രി കൂടിയായ പങ്കജ പറഞ്ഞു. സാമ്പത്തിക സഹായത്തിനായി അപേക്ഷിച്ച മറ്റു ഫാക്ടറികള്‍ക്കു സഹായം ലഭിച്ചപ്പോള്‍ തന്റെ ഫാക്ടറിയെ തഴഞ്ഞെന്നും പങ്കജ ആരോപിച്ചു.
രാജസ്ഥാനിലെ കാബിനറ്റ് മന്ത്രിയും മുഖ്യമന്ത്രി അശോക് ഗെലോട്ടിന്റെ വിശ്വസ്തനുമായ രാജേന്ദ്ര സിങ് യാദവിന്റെ വീട്ടില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് റെയ്ഡ്. രാജസ്ഥാന്‍ മന്ത്രിസഭയിലെ രണ്ടാമനാണ് രാജേന്ദ്ര സിങ്.
സ്‌കോര്‍പിയോ എസ്യുവി അപകടത്തില്‍പ്പെട്ട് മരിച്ച മകന്റെ അച്ഛന്‍ നല്‍കിയ പരാതിയില്‍ മഹീന്ദ്ര തലവന്‍ ആനന്ദ് മഹീന്ദ്രയ്ക്കെതിരെ കേസ്. യുപിയിലെ ്. കാണ്‍പൂര്‍ സ്വദേശിയായ രാജേഷ് മിശ്രയാണ് പരാതിക്കാരന്‍. മഹീന്ദ്ര ഗ്രൂപ്പ് ചെയര്‍മാന്‍ ആനന്ദ് മഹീന്ദ്രയ്ക്കും മറ്റ് 12 ജീവനക്കാര്‍ക്കുമെതിരെയാണ് എഫ്ഐആര്‍ ഫയല്‍ ചെയ്തത്.
ലോകം അസാധാരണ പ്രക്ഷുബ്ധാവസ്ഥയിലാണെന്ന് യുഎന്‍ ജനറല്‍ അസംബ്‌ളിയില്‍ ഇന്ത്യന്‍ വിദേശകാര്യ മന്ത്രി എസ് ജയ്ശങ്കര്‍. ചില രാജ്യങ്ങള്‍ അജണ്ട നിശ്ചയിക്കുന്ന കാലം കഴിഞ്ഞു. ജി 20 ല്‍ ആഫ്രിക്കന്‍ യൂണിയനെ ഇന്ത്യയുടെ ശ്രമത്തിലൂടെ സ്ഥിരാംഗമാക്കി. ഇത് യുഎന്‍ രക്ഷാസമിതിയുടെ നവീകരണത്തിന് പ്രചോദനമാകട്ടെയെന്നും അദ്ദേഹം പറഞ്ഞു. നമസ്‌തേ ഫ്രം ഭാരത് എന്നു പറഞ്ഞുകൊണ്ടാണ് അദ്ദേഹം പ്രസംഗം തുടങ്ങിയത്.