night news hd 15

 

അര്‍ഹതയില്ലാത്തവര്‍ക്കു സാമൂഹിക സുരക്ഷാ പെന്‍ഷന്‍ നല്‍കിയെന്നും നികുതി പിരിവില്‍ പിഴവുണ്ടായെന്നും സംസ്ഥാന സര്‍ക്കാരിനെ വിമര്‍ശിച്ച് സിഎജി റിപ്പോര്‍ട്ട്. ആര്‍ടിഒ ഉദ്യോഗസ്ഥരുടെ പിഴവ് മൂലം 72.98 കോടി രൂപയുടെ നികുതി ചുമത്തിയില്ല. ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് ഇല്ലാതെ 38,270 വാഹനങ്ങളാണ് സംസ്ഥാനത്തുള്ളത്. ബജറ്റില്‍ പൊതുമേഖലാ സ്ഥാപനങ്ങള്‍ക്ക് വകയിരുത്തിയ തുക ഫലപ്രദമായി വിനിയോഗിച്ചില്ല. നിരസിക്കപ്പെട്ട അപേക്ഷകളിലെ തെറ്റുകള്‍ തിരുത്തുന്നതിനു പകരം പുതിയ അപേക്ഷകള്‍ സ്വീകരിച്ചതു മൂലമാണ് അനര്‍ഹര്‍ക്ക് സാമൂഹ്യ സുരരക്ഷാ പെന്‍ഷന്‍ കിട്ടിയത്. മരിച്ച 4039 പേര്‍ക്ക് ക്ഷേമ പെന്‍ഷന്‍ ലഭിച്ചു. മദ്യലൈസന്‍സ് അനധികൃതമായി കൈകാര്യം ചെയ്തതുമൂലം 2.17 കോടി രൂപയുടെ നഷ്ടമുണ്ടായെന്നും പ്രിന്‍സിപ്പല്‍ അക്കൗണ്ട് ജനറല്‍മാരായ എസ്. സുനില്‍ രാജ്, ഡോ ബിജു ജേക്കബ് എന്നിവര്‍ പറഞ്ഞു.

കോഴിക്കോട് ജില്ലയിലെ കണ്ടൈയ്ന്‍മെന്റ് സോണുകളില്‍ ആരാധനാലയങ്ങളിലടക്കം കൂടിച്ചേരലുകള്‍ വിലക്കി. കള്ള് ചെത്തുന്നതും വില്‍ക്കുന്നതും നിര്‍ത്താന്‍ നിര്‍ദേശിച്ചിട്ടുണ്ട്. ആശുപത്രികളില്‍ സന്ദര്‍ശകരെ അനുവദിക്കില്ല. ഒരു ബൈസ്റ്റാന്‍ഡറെ മാത്രമേ അനുവദിക്കൂ. കോഴിക്കോട് ബീച്ചുകളിലും നിയന്ത്രണമേര്‍പ്പെടുത്തി. നാളെ രാവിലെ പത്തിന് കോഴിക്കോട് സര്‍വ്വകക്ഷിയോഗം നടത്തും. 11 ന് മന്ത്രി മുഹമ്മദ് റിയാസിന്റെ നേതൃത്വത്തില്‍ രോഗബാധിത ഗ്രാമപഞ്ചായത്തുകളിലെ പ്രസിഡന്റുമാരുടെ യോഗം നടക്കും.

നിപ വ്യാപനം തടയാന്‍ കോഴിക്കോട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ശനിയാഴ്ചയും അവധി പ്രഖ്യാപിച്ചു. പ്രൊഫഷണല്‍ കോളജുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി ബാധകമാണ്.

നിപ പ്രതിരോധത്തിനുള്ള മോണോക്ലോണ്‍ ആന്റിബോഡി എത്തിയെന്ന് ആരോഗ്യ മന്ത്രി വീണ ജോര്‍ജ്. മുപ്പതിന് മരിച്ചയാളുടെ സമ്പര്‍ക്കത്തിലുള്ള എല്ലാവരേയും പരിശോധിക്കും. നിപ പൊസിറ്റീവ് റിപ്പോര്‍ട്ട് ചെയ്ത ആശുപത്രികളില്‍ പ്രത്യേക മെഡിക്കല്‍ ബോര്‍ഡ് രൂപീകരിക്കും. രാജീവ് ഗാന്ധി ബയോടെക്‌നോളജി സജ്ജീകരിച്ച മൊബൈല്‍ വൈറോളജി ലാബ് കോഴിക്കോട്ട് എത്തിക്കും.

കേരളത്തില്‍ അഞ്ചു ദിവസം ശക്തമായ മഴയ്ക്കു സാധ്യത. വടക്കന്‍ ഒഡിഷക്കു മുകളിലെ ശക്തമായ ന്യുനമര്‍ദ്ദം ഛത്തീസ്ഗഡ് – കിഴക്കന്‍ മധ്യപ്രദേശ് മേഖലയിലേക്കു നീങ്ങാന്‍ സാധ്യത. തെക്ക് കിഴക്കന്‍ ഉത്തര്‍പ്രാദേശിനും വടക്ക് കിഴക്കന്‍ മധ്യപ്രാദേശിനും മുകളിലായി ചക്രവാതചുഴിയുമുണ്ട്.

കെട്ടിടങ്ങളുടെ ഒറ്റത്തവണ നികുതി നിശ്ചയിക്കാന്‍ റവന്യൂ വകുപ്പ് ഉദ്യോഗസ്ഥര്‍ അളവെടുക്കേണ്ടതില്ലെന്ന വ്യവസ്ഥയുമായി സംസ്ഥാന കെട്ടിട നിയമ ഭേദഗതി ബില്‍ നിയമസഭ പാസാക്കി. റവന്യൂ വകുപ്പ് ഉദ്യോഗസ്ഥരും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ഉദ്യോഗസ്ഥരും അളന്നാണ് നികുതി നിശ്ചയിച്ചിരുന്നത്. പുതിയ ഭേദഗതി പ്രകാരം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ഉദ്യോഗസ്ഥര്‍ റിപ്പോര്‍ട്ടുചെയ്യുന്ന വിസ്തീര്‍ണത്തെ ആധാരമാക്കി റവന്യൂ വകുപ്പ് ഒറ്റത്തവണ നികുതി നിശ്ചയിക്കും. ആഡംബര നികുതി എന്ന വാക്കിനു പകരം അഡീഷണല്‍ നികുതി എന്നാക്കിയിട്ടുണ്ട്.

കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട എന്‍ഫോഴ്‌സ്‌മെന്റിന്റെ റിമാന്‍ഡ് റിപ്പോര്‍ട്ട് നിയമസഭയില്‍ വായിച്ച മാത്യു കുഴല്‍നാടന്റെ മൈക്ക് സ്പീക്കര് എ.എന്‍. ഷംസീര്‍ ഓഫാക്കി. സംസ്ഥാന സഹകരണ നിയമ ഭേദഗതി ബില്ലിനിടെയാണു ബഹളവും മൈക്ക് ഓഫാക്കലും സംഭവിച്ചത്.

കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പ് കേസിലെ ബിനാമി തട്ടിപ്പുകാരന്‍ സതീശന്റെ ബാങ്ക് അക്കൗണ്ടുകള്‍ എന്‍ഫോഴ്‌സ്‌മെന്റ് മരവിപ്പിച്ചു. അയ്യന്തോള്‍ സര്‍വ്വീസ് സഹകരണ ബാങ്കിലെ അക്കൗണ്ടാണ് മരവിപ്പിച്ചത്. സതീശന്റെ പേരിലുള്ള രണ്ട് സ്ഥിര നിക്ഷേപ അക്കൗണ്ടുകള്‍ക്കു പുറമേ, സതീശന്റെ ഭാര്യ, മകന്‍ എന്നിവരുടെ പേരിലുള്ള അക്കൗണ്ടുകളും മരവിപ്പിച്ചു.

സിപിഎം ഭരിക്കുന്ന പത്തനംതിട്ട നെടുമ്പ്രം പഞ്ചായത്തില്‍ 69 ലക്ഷം രൂപയുടെ കുടുംബശ്രീ ഫണ്ട് ക്രമക്കേട്. സിഡിഎസ് അധ്യക്ഷ, അക്കൗണ്ടന്റ്, വി.ഇ.ഒ എന്നിവര്‍ക്കെതിരെ നപടിക്കു ശുപാര്‍ശ. കൊവിഡ് സഹായം, മുഖ്യമന്ത്രിയുടെ പ്രളയസഹായം, അഗതികളുടെ ഫണ്ട്, കാന്‍സര്‍ ചികിത്സ സഹായം, ജനകീയ ഹോട്ടല്‍ നടത്തിപ്പ് തുടങ്ങിയവയിലാണ് തിരിമറി.

പട്ടയ ഭൂമിയില്‍ ചട്ടംലംഘിച്ചുള്ള നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ക്രമപ്പെടുത്താന്‍ സംസ്ഥാന സര്‍ക്കാരിന് അധികാരം നല്‍കുന്ന ഭൂപതിവ് നിയമ ഭേദഗതി ബില്‍ നിയമസഭ പാസാക്കി. നിയമ ഭേദഗതിയെ പിന്തുണച്ച പ്രതിപക്ഷം ചട്ടരൂപീകരണം ശ്രദ്ധയോടെ വേണമെന്ന് ആവശ്യപ്പെട്ടു.

വിജിലന്‍സ് അന്വേഷണത്തില്‍ ആശങ്കയില്ലെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍. വ്യക്തി ജീവിതത്തില്‍ കറയില്ലെന്ന് തെളിയിയ്ക്കാനുള്ള അവസരമായാണ് ഇതിനെ കാണുന്നതെന്നും കെ സുധാകരന്‍. പിരിച്ച പണത്തിന്റെ കണക്കുണ്ട്. പണം എല്ലാവര്‍ക്കും മടക്കി നല്‍കി. രേഖകള്‍ കൃത്യമായി സമര്‍പ്പിച്ചു. മുന്‍ഡ്രൈവര്‍ പ്രശാന്ത് ബാബു രാഷ്ട്രീയ ചട്ടുകമായി പ്രവര്‍ത്തിക്കുകയാണെന്നും സുധാകരന്‍ വിമര്‍ശിച്ചു.

മാധ്യമപ്രവര്‍ത്തകന്‍ കെഎം ബഷീറിനെ വാഹനമിടിച്ചു കൊലപ്പെടുത്തിയ കേസില്‍ ജില്ലാ കോടതി വീണ്ടും വിചാരണ നടത്തും. കേസില്‍ പ്രതിയായ ഐഎഎസ് ഉദ്യോഗസ്ഥന്‍ ശ്രീറാം വെങ്കിട്ടരാമനെതിരെയുള്ള നരഹത്യ കുറ്റം നിലനില്‍ക്കുമെന്നു ഹൈക്കോടതിയും സുപ്രീം കോടതിയും ഉത്തരവിട്ടതിനെത്തുടര്‍ന്നാണിത്. ജുഡീഷ്യല്‍ ഒന്നാം ക്ലാസ്സ് മജിസ്‌ട്രേറ്റ് കോടതി മൂന്ന് തുടര്‍ വിചാരണ നടപടികള്‍ക്കായാണ് ജില്ലാ കോടതിക്ക് കേസ് കൈമാറിയത്.

കോഴിക്കോട് പേരാമ്പ്ര ചാലിക്കരയില്‍ പരസ്യ ബോര്‍ഡ് സ്ഥാപിക്കുകയായിരുന്ന യുവാവ് ഷോക്കേറ്റ് മരിച്ചു. പേരാമ്പ്ര കക്കാട് സ്വദേശി ചെറുകുന്നത്ത് മുനീബ് (27) ആണ് മരിച്ചത്.

തദ്ദേശീയ വാസ്തുവിദ്യ തരംതാണല്ലെന്നു കൗണ്‍സില്‍ ഓഫ് ആര്‍ക്കിടെക്ചര്‍ പ്രസിഡന്റ് അഭയ് പുരോഹിത്. ആര്‍ക്കിടെക്ചറില്‍ ഉണ്ടായ ഏറ്റവും മോശം സംഗതി കോണ്‍ക്രീറ്റിന്റെ വരവാണെന്ന് അദ്ദേഹം പറഞ്ഞു. സാംസ്‌കാരിക വകുപ്പിന് കീഴിലുള്ള വാസ്തുവിദ്യാ ഗുരുകുലം സംഘടിപ്പിച്ച പൈതൃകോത്സവം ദേശീയ സെമിനാറില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

രാജീവ് ഗാന്ധി വധക്കേസില്‍ ജയില്‍ മോചിതരായ കുറ്റവാളികള്‍ക്കു ശ്രീലങ്കയിലേക്കു മടങ്ങാന്‍ അനുമദി. മദ്രാസ് ഹൈക്കോടതിയില്‍ കേന്ദ്ര സര്‍ക്കാര്‍ നിലപാടറിയിച്ചു. മുരുകന്‍, ശാന്തന്‍, ജയകുമാര്‍, റോബര്‍ട്ട് പയസ് എന്നിവരെയാണ് ശ്രീലങ്കയിലേക്ക് തിരിച്ചയക്കുന്നത്. മുരുകന്റെ ഭാര്യ നളിനി നല്‍കിയ അപേക്ഷയിലാണ് നടപടി.

ഇന്ത്യ മുന്നണി 14 മാധ്യമപ്രവര്‍ത്തകരെ ബഹിഷ്‌കരിക്കാന്‍ തീരുമാനിച്ചു. ഹിന്ദി, ഇംഗ്ലീഷ് വാര്‍ത്താ ചാനലുകളിലെ ബിജെപിയുടെ പ്രചാരകരായ അവതാരകരാണ്. അതിഥി ത്യാഗി, അമന്‍ ചോപ്ര, അമീഷ് ദേവ്ഗണ്‍, ആനന്ദ് നരസിംഹന്‍, അര്‍ണാബ് ഗോസ്വാമി, അശോക് ശ്രീവാസ്തവ്, ചിത്ര ത്രിപദി, ഗൗരവ് സാവന്ത്, വിക കുമാര്‍, പ്രാചി പരാശര്‍, റുബിക ലിയാഖത്, ശിവ് അരൂര്‍, സുധിര്‍ ചൗധരി, സുശാന്ത് സിന്‍ഹ എന്നിവരെയാണു ബഹിഷ്‌കരിക്കുക.

നിരോധിക്കപ്പെട്ട തീവ്ര ഇടത് സംഘടന സിപിഐ മാവോയിസ്റ്റിന്റെ നേതാവ് സഞ്ജയ് ദീപക് റാവു അറസ്റ്റില്‍. കേരളം അടക്കമുള്ള മാവോയിസ്റ്റ് പശ്ചിമഘട്ട സ്‌പെഷ്യല്‍ സോണ്‍ കമ്മിറ്റി തലവനാണ് അറുപതുകാരനായ സഞ്ജയ് ദീപക് റാവു. ഇദ്ദേഹത്തിന്റെ ഭാര്യ കര്‍ണാടകയില്‍ അറസ്റ്റിലായിട്ടുണ്ട്.

ലക്ഷദ്വീപിലെ സ്‌കൂള്‍ ഉച്ചഭക്ഷണത്തില്‍ നിന്ന് മാംസാഹാരം ഒഴിവാക്കിയ നടപടി സുപ്രീം കോടതി ശരിവച്ചു. കോഴി, ആട്ടിറച്ചി എന്നിവ ഒഴിവാക്കിയ ഉത്തരവില്‍ ഇടപെടാന്‍ കോടതി വിസമ്മതിച്ചു.

ഡല്‍ഹി മദ്യ നയ അഴിമതിക്കേസില്‍ തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖര്‍ റാവുവിന്റെ മകളും ബിആര്‍എസ് നേതാവുമായ കെ കവിതക്ക് എന്‍ഫോഴ്‌സ്‌മെന്റിന്റെ സമന്‍സ്. നാളെ ഡല്‍ഹിയിലെ ഇഡി ഓഫീസില്‍ ഹാജരാകാനാണ് നോട്ടീസ്. കഴിഞ്ഞ മാര്‍ച്ചു മാസത്തില്‍ കവിതയെ രണ്ടു ദിവസം തുടര്‍ച്ചയായി ചോദ്യം ചെയ്തിരുന്നു.

 

 

 

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *