വീണ്ടും നിപ സ്ഥിരീകരിച്ച് കേന്ദ്ര ആരോഗ്യ മന്ത്രാലയം. നിപ സ്ഥിരീകരിച്ച കോഴിക്കോട് കേന്ദ്ര സംഘം എത്തുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി മന്‍സുഖ് മാണ്ഡവ്യ. കോഴിക്കോട് മരിച്ച രണ്ടു പേരുടെ പരിശോധനാ ഫലമാണ് പോസിറ്റീവായത്. എന്നാല്‍ പൂനയിലെ വൈറോളജി ലാബിലെ പരിശോധന ഫലം ലഭിച്ചില്ലെന്നാണ് വൈകുന്നേരം ആരോഗ്യമന്ത്രി വീണ ജോര്‍ജ് പറഞ്ഞത്. ഇതേസമയം, വിഷയം സംസ്ഥാന ആരോഗ്യമന്ത്രിയുമായി കേന്ദ്ര ആരോഗ്യമന്ത്രി മന്‍സുഖ് മാണ്ഡവ്യ സംസാരിച്ചു. നിപയെ നേരിടാന്‍ സജ്ജമാണെന്നും പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ തുടരുമെന്നും വീണ ജോര്‍ജ് അറിയിച്ചെന്നും കേന്ദ്രമന്ത്രി വിവരിച്ചു.
നിപ പടര്‍ന്ന സാഹചര്യത്തില്‍ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ഒരുക്കിയ സജ്ജീകരണങ്ങള്‍ മന്ത്രി വീണാ ജോര്‍ജ് വിലയിരുത്തി. മെഡിക്കല്‍ കോളജില്‍ 75 ബെഡുകളുള്ള ഐസലേഷന്‍ റൂമുകള്‍ സജ്ജമാക്കി. കുട്ടികള്‍ക്ക് പ്രത്യേകമായും ഐസലേഷന്‍ സൗകര്യമുണ്ട്. ഐ.സി.യു, വെന്റിലേറ്റര്‍ സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ടെന്ന് വീണാ ജോര്‍ജ് പറഞ്ഞു.
ചുഴലിക്കാറ്റും വെള്ളപ്പൊക്കവും മൂലം തകര്‍ന്ന് കിഴക്കന്‍ ലിബിയ. മരിച്ചവരുടെ എണ്ണം 2000 കടന്നു. പതിനായിരത്തിലധികം പേരെ കാണാതായി. ഡെര്‍ന നഗരത്തെ കടലെടുത്തു. നഗരത്തിലെ രണ്ട് ഡാമുകള്‍ തകര്‍ന്നതോടെയാണ് ഇത്രയും വലിയ നാശനഷ്ടമുണ്ടായത്.
തൃപ്പൂണിത്തുറ തെരഞ്ഞെടുപ്പ് കേസില്‍ ഹൈക്കോടതി നടപടികള്‍ തുടരാമെന്ന് സുപ്രീം കോടതി. കെ. ബാബുവിനെതിരെ മല്‍സരിച്ച എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി എം സ്വരാജ് നല്കിയ ഹര്‍ജി നിലനില്‍ക്കുമെന്ന കേരളാ ഹൈക്കോടതി ഉത്തരവ് സുപ്രീംകോടതി സ്റ്റേ ചെയ്തില്ല.
കേരളത്തിനുള്ള രണ്ടാം വന്ദേ ഭാരത് ഉടനേയെന്ന് എം കെ രാഘവന് എം പി. മംഗലാപുരം മുതല്‍ തിരുവനന്തപുരം വരെയാകും സര്‍വീസെന്നും ദക്ഷിണ റെയില്‍വെയില്‍നിന്ന് ഇക്കാര്യത്തില്‍ ഉറപ്പു ലഭിച്ചെന്നും എം കെ രാഘവന് അറിയിച്ചു.
കോണ്‍ഗ്രസ് മണ്ഡലം പുനഃസംഘടന 20 നുള്ളില്‍ പൂര്‍ത്തിയാക്കണമെന്ന് ഡിസിസികള്‍ക്ക് കെപിസിസി അധ്യക്ഷന്‍ കെ.സുധാകരന് അന്ത്യശാസനം നല്കി. കെപിസിസ നേതൃയോഗത്തിലാണു നിര്‍ദേശം. പുതുപ്പള്ളിയില്‍ ഉമ്മന്‍ചാണ്ടിയോടുള്ള സ്നേഹത്തോടൊപ്പം സര്‍ക്കാര്‍ വിരുദ്ധ വികാരവും വോട്ടായെന്നാണ് കെപിസിസി ഭാരവാഹി യോഗം വിലയിരുത്തിയത്.
ഇടുക്കി ചെറുതോണി അണക്കെട്ട് സുരക്ഷിതമെന്ന് ഡാം സേഫ്റ്റി അധികൃതര്‍. ഡാമിന്റെ അഞ്ചു ഷട്ടറുകളും തുറന്നു പരിശോധിച്ചു. ഡാമിന്റെ അതീവ സുരക്ഷാ മേഖലയില്‍ കയറിയ താഴിട്ടു പൂട്ടുകയും ഷട്ടര്‍ റോപ്പില്‍ ദ്രാവകം ഒഴിക്കുകയും ചെയ്ത ഒറ്റപ്പാലം സ്വദേശിയെ കണ്ടെത്താന്‍ പൊലീസ് ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കും.
തൃശൂരില്‍ അവധിയിലായിരുന്ന എസ്ഐ മദ്യപിച്ചെന്നു കള്ളക്കേസില്‍ കുടുക്കിയ സിഐക്കെതിരേ നടപടി വരും. എസ്.ഐ. ആമോദിന്റെ രക്ത പരിശോധന ഫലം പുറത്തുവന്നു. എസ്.ഐ മദ്യപിച്ചിട്ടില്ലെന്ന് രക്തപരിശോധന ഫലത്തില്‍ വ്യക്തമാണ്.
ഫോണില്‍ അശ്ലീല വീഡിയോ കാണുന്നത് തെറ്റല്ലെന്ന് ഹൈക്കോടതി. അശ്ലീല വീഡിയോ പ്രചരിപ്പിക്കുന്നതും വിതരണം ചെയ്യുന്നതുമാണ് കുറ്റം. 2016 ജൂലൈയില്‍ ആലുവ പാലത്തിന് സമീപം അശ്ലീല വീഡിയോ കണ്ടതിന് യുവാവിനെതിരെ ആലുവ പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസ് ഹൈക്കോടതി റദ്ദാക്കി.
ചാലക്കുടിയില്‍ ബ്യൂട്ടി പാര്‍ലര്‍ ഉടമ ഷീല സണ്ണിയെ വ്യാജ ലഹരി കേസില്‍ കുടക്കിയ സംഭവത്തില്‍ മുന്‍കൂര്‍ ജാമ്യ ഹര്‍ജിയുമായി മരുമകളുടെ അനുജത്തിയായ യുവതി ഹൈക്കോടതിയില്‍. ലഹരിമരുന്ന് കേസില്‍ തന്നെ പ്രതിയാക്കി അറസ്റ്റു ചെയ്യുന്നതു തടയണമെന്ന് ആവശ്യപ്പെട്ടാണ് യുവതി മുന്‍കൂര്‍ ജാമ്യ ഹര്‍ജി നല്‍കിയത്.
പുതുപ്പള്ളിയിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായിരുന്ന സിപിഎം ജില്ലാ കമ്മിറ്റി അംഗം ജെയ്ക്ക് സി തോമസിനും പങ്കാളി ഗീതു തോമസിനും ആണ്‍കുഞ്ഞ് പിറന്നു. തെരഞ്ഞെടുപ്പ് സമയത്ത് ഗര്‍ഭിണിയായിരുന്ന ഗീതുവിനെ സോഷ്യല്‍മീഡിയയില്‍ അപമാനിച്ചതിനു കേസെടുത്തിരുന്നു.
കാസര്‍കോട് ഉപ്പള പച്ചിലംപാറയില്‍ രണ്ടു മാസം പ്രായമുള്ള കുഞ്ഞിനെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. സുമംഗലി – സത്യനാരായണ ദമ്പതികളുടെ കുഞ്ഞാണ് കൊല്ലപ്പെട്ടത്. വയലിലെ ചെളിയില്‍ നിന്നാണ് കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്.
സ്റ്റാഫ് സെലക്ഷന് കമ്മീഷന് ഡല്‍ഹി പോലീസ് കോണ്‍സ്റ്റബിള്‍ (എക്സിക്യുട്ടീവ്) പരീക്ഷക്ക് ഓണ്‍ലൈനായി അപേക്ഷ ക്ഷണിച്ചു.
ഡീസല്‍ വാഹനങ്ങള്‍ക്കു പത്തു ശതമാനം അധിക ജീഎസ്ടി ഏര്‍പ്പെടുത്തുമെന്ന് കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി പറഞ്ഞു. വായുമലിനീകരണം തടയുന്നതിന് പൊല്യുഷന്‍ ടാക്സ് എന്ന പേരിലാണ് അധിക ജിഎസ്ടി കൂടി ചുമത്തണമെന്ന നിര്‍ദേശം ധനമന്ത്രാലയത്തിനു നല്‍കിയതെന്നും ഗഡ്കരി വ്യക്തമാക്കി.
ഛത്തീസ്ഗഡില്‍ നിയമസഭാ തെരഞ്ഞെടുപ്പിനു മുന്നോടിയായി ബിജെപിയുടെ ‘പരിവര്‍ത്തന്‍ യാത്ര’ ബസ്തറിലെ ദന്തേവാഡയില്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഉദ്ഘാടനം ചെയ്തു. പതിനാറ് ദിവസം നീളുന്ന ഒന്നാം പരിവര്‍ത്തന്‍ യാത്ര 21 ജില്ലകളിലായി 1728 കിലോമീറ്റര്‍ ദൂരം സഞ്ചരിച്ച് കോണ്‍ഗ്രസ് സര്‍ക്കാരിനെതിരേ പ്രചാരണം നടത്തും. സെപ്റ്റംബര്‍ 28 ന് ബിലാസ്പുരിലാണ് യാത്ര അവസാനിക്കുക.
സനാതമ ധര്‍മത്തെ എതിര്‍ക്കുന്നവരുടെ നാവ് പിഴുതെടുക്കുകയും കണ്ണ് ചൂഴ്ന്നെടുക്കുകയും ചെയ്യുമെന്ന കൊലവിളിയുമായി കേന്ദ്രമന്ത്രി ഗജേന്ദ്ര സിംഗ് ഷെഖാവത്. രാജസ്ഥാനിലെ ബാര്‍മറില്‍ ബിജെപിയുടെ പരിവര്‍ത്തന്‍ സങ്കല്പ് യാത്രയ്ക്കിടെയാണ് മന്ത്രിയുടെ ഭീഷണിയെന്ന് ഇന്ത്യാടുഡെ റിപ്പോര്‍ട്ട് ചെയ്തു. പൂര്‍വികര്‍ ജീവന് പണയംവച്ചു സംരക്ഷിച്ച സനാതന ധര്‍മം ഉന്മൂലനം ചെയ്യാന്‍ ചിലര്‍ ശ്രമിക്കുകയാണെന്ന് മന്ത്രി കുറ്റപ്പെടുത്തി.
ഇന്ത്യയും സൗദി അറേബ്യയും തമ്മിലുള്ള ബന്ധം കൂടുതല്‍ ശക്തമാക്കുന്ന 45 കരാറുകളില്‍ ഒപ്പുവച്ചു. ഉഭയകക്ഷി സ്ട്രാറ്റജിക് പാര്‍ട്ണര്‍ഷിപ്പ് കൗണ്‍സില്‍ നേതാക്കളുടെ ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ ഇന്ത്യയിലെത്തിയ സൗദി കിരീടാവകാശിയും പ്രധാനമന്ത്രിയുമായ അമീര്‍ മുഹമ്മദ് ബിന്‍ സല്മാന് ബിന്‍ അബ്ദുല്‍അസീസ് അല്‍ സൗദിന്റെ സന്ദര്‍ശനത്തിലാണ് തീരുമാനങ്ങളുണ്ടായത്.
വിമാനം തകരാറിലായതുമൂലം ഡല്‍ഹിയില്‍ തങ്ങിയിരുന്ന കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന് ട്രൂഡോ മടങ്ങിപ്പോയി. ജി 20 ഉച്ചകോടിക്ക് എത്തിയ അദ്ദേഹം രണ്ടു ദിവസം കഴിഞ്ഞ് വിമാനം നന്നാക്കിയശേഷമാണു സ്വന്തം രാജ്യത്തേക്കു മടങ്ങിയത്.