ദീപാവലിയോടനുബന്ധിച്ച് കേരളത്തിലേക്ക് ഒരു വന്ദേഭാരത് ട്രെയിന്‍കൂടി. ചെന്നൈ -ബെംഗളൂരു- എറണാകുളം റൂട്ടില്‍ കര്‍ണാടകത്തെയും തമിഴ്‌നാടിനെയും ബന്ധിപ്പിച്ചായിരിക്കും സര്‍വീസ് നടത്തുക. വെള്ളി, ശനി, ഞായര്‍ ദിവസങ്ങളിലാണു സര്‍വീസ്.
തെരഞ്ഞെടുപ്പ് കമ്മിഷന്റെ അംഗീകൃത ദേശീയ പാര്‍ട്ടി അല്ലാത്തതിനാല്‍ കേരളത്തിലെ ജെഡിഎസിന് തരംപോലെ തീരുമാനിക്കാമെന്നു നേതാക്കള്‍. സംസ്ഥാന ഘടകം പ്രത്യേക വിഭാഗമായി തുടരും. വേറെ പാര്‍ട്ടി രൂപീകരിക്കില്ല. മറ്റു സംസ്ഥാനങ്ങളെ നേതാക്കളുമായി ചര്‍ച്ച തുടരുന്നുണ്ട്. ചിഹ്നത്തെച്ചൊല്ലി അയോഗ്യതാ നപടികളുണ്ടായാല്‍ നിയമപരമായി നേരിടുമെന്ന് ജെഡിഎസ് നേതാക്കളായ മാത്യു ടി തോമസ്, മന്ത്രി കെ കൃഷ്ണന്‍കുട്ടി, സികെ നാണു എന്നിവര്‍ പറഞ്ഞു.
സപ്ലൈകോയില്‍ സാധനങ്ങളില്ലാതെ നൊ സപ്ലൈ സാഹചര്യമാണെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രന്‍. തൊഴിലുറപ്പ് പദ്ധതി സ്തംഭിച്ചത് സംസ്ഥാന വിഹിതം നല്‍കാത്തതുകൊണ്ടാണ്. സര്‍ക്കാരിന് ശമ്പളവും പെന്‍ഷനും കൊടുക്കാനാവുന്നില്ലെന്നും സുരേന്ദ്രന്‍.
തൃശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ കൊവിഡ് കാലത്ത് കെഡാവര്‍ ബാഗ് വാങ്ങിയതില്‍ എംപ്ലോയ്‌സ് സൊസൈറ്റി 320 രൂപ അധികം വാങ്ങിയെന്നു റിപ്പോര്‍ട്ട്. സിബിഐ അന്വേഷണം ആവശ്യപ്പെട്ട് കോണ്‍ഗ്രസ് നേതാവ് അനില്‍ അക്കര കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന് കത്തയച്ചു.
ദേശീയ ന്യൂനപക്ഷ ധനകാര്യ വികസന കോര്‍പറേഷന്റെ മികച്ച ചാനലൈസിംഗ് ഏജന്‍സിക്കുള്ള ഒന്നാം സ്ഥാനം സംസ്ഥാന വനിതാ വികസന കോര്‍പറേഷന്‍ നേടി.
സിപിഎം ഭരിച്ചിരുന്ന കോട്ടയം കടനാട് സര്‍വീസ് സഹകരണ ബാങ്ക് ഭരണ സമിതി രാജിവച്ചു. നിക്ഷേപകര്‍ക്ക് 55 കോടിയോളം രൂപ നല്‍കാനാവാതെ പ്രതിസന്ധിയിലാണു ബാങ്ക്.
ഇടുക്കിയില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചു ഗര്‍ഭിണിയാക്കിയ കേസില്‍ പ്രതിക്ക് 33 വര്‍ഷം കഠിന തടവും ഒരു ലക്ഷത്തി അയ്യായിരം രൂപ പിഴയും ശിക്ഷ. ഇടുക്കി അതിവേഗ കോടതിയാണ് ശിക്ഷ വിധിച്ചത്.
പെരുമ്പാവൂര്‍ ബീവറേജസ് മദ്യശാലയില്‍ കത്തിക്കുത്ത്. ലോറിയില്‍നിന്ന് മദ്യം ഇറക്കിയിണ്ടിരുന്ന യൂനിയന്‍ തൊഴിലാളികള്‍ക്കാണു കുത്തേറ്റത്. സംഭവത്തില്‍ അല്ലപ്ര സ്വദേശി ഷിയാസിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.
രാജസ്ഥാന്‍ നിയമസഭ തെരഞ്ഞെടുപ്പില്‍ ഏഴ് വമ്പന്‍ വാഗ്ദാനങ്ങളുമായി കോണ്‍ഗ്രസ്. 1.05 കോടി കുടുംബങ്ങള്‍ക്ക് 500 രൂപ നിരക്കില്‍ പാചക വാതക സിലിണ്ടറുകളും ഒരു കുടുംബത്തിലെ സ്ത്രീക്ക് ഗഡുക്കളായി 10,000 രൂപ വാര്‍ഷിക ഓണറേറിയവും പ്രഖ്യാപിച്ചതിനു പിറകേയാണ് അഞ്ചു വാഗ്ദാനംകൂടി മുഖ്യമന്ത്രി അശോക് ഗെലോട്ട് പ്രഖ്യാപിച്ചത്. ഒന്നാം വര്‍ഷ സര്‍ക്കാര്‍ കോളജ് വിദ്യാര്‍ത്ഥികള്‍ക്ക് സൗജന്യ ലാപ്ടോപ്പ് ടാബ്ലെറ്റ്, പഴയ പെന്‍ഷന്‍ പദ്ധതി (ഒപിഎസ്) , വിള നഷ്ടത്തിന് 15 ലക്ഷം രൂപയുടെ ഇന്‍ഷുറന്‍സ് പരിരക്ഷ തുടങ്ങിയവയാണു പുതിയ വാഗ്ദാനങ്ങള്‍.
തെലങ്കാനയില്‍ ബിജെപി അധികാരത്തിലെത്തിയാല്‍ പിന്നാക്ക സമുദായാംഗത്തെ മുഖ്യമന്ത്രിയാക്കുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. തെലങ്കാനയിലെ സൂര്യപേട്ടില്‍ പ്രസംഗിക്കവേയാണ് പ്രഖ്യാപനം. തെലങ്കാനയില്‍ കഴിഞ്ഞ തവണ ബിജെപിക്ക് ഒരു സീറ്റാണു ലഭിച്ചത്.
മധ്യപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പില്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാന്‍ കഴുതപ്പുറത്തേറി സ്ഥാനാര്‍ഥി. ബുര്‍ഹാന്‍പൂര്‍ നിയമസഭാ മണ്ഡലത്തിലെ സ്വതന്ത്ര സ്ഥാനാര്‍ഥിയായ പ്രിയങ്ക് സിംഗ് താക്കൂറാണ് കഴുതപ്പുറത്ത് തഹസില്‍ദാര്‍ ഓഫീസിലെത്തിയത്. രാഷ്ട്രീയക്കാര്‍ ജനങ്ങളെ കഴുതകളാക്കുകയാണെന്നു പരിഹസിക്കാനാണ് ഇതു ചെയ്തത്.