ഇന്നു മുതല്‍ മൂന്നു ദിവസത്തേക്ക് ഇടിമിന്നലോടു കൂടിയ മഴയ്ക്കു സാധ്യത. കേരള തീരത്തും തെക്കന്‍ തമിഴ്നാട് തീരത്തും ഉയര്‍ന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം മുന്നറിയിപ്പു നല്‍കി.
ചൈനയില്‍നിന്ന് എത്തിച്ച കൂറ്റന്‍ ക്രെയിന്‍ വിഴിഞ്ഞം തുറമുഖത്ത് ഇറക്കി. ചൈനീസ് ചരക്കു കപ്പലായ ഷെന്‍ഹുവ-15 ല്‍നിന്നാണ് 1100 ടണ്ണിലധികം ഭാരമുള്ള സൂപ്പര്‍ പോസ്റ്റ് പാനാ മാക്‌സ് ക്രെയിന്‍ (ഷിപ്പ് ടു ഷോര്‍ ക്രെയിന്‍) ബര്‍ത്തിലിറക്കിയത്. കപ്പലില്‍കൊണ്ടുവന്ന ക്രെയിനുകളില്‍ ഏറ്റവും വലുതാണിത്.
തലസ്ഥാനത്ത് നവംബര്‍ ഒന്നിന് ആരംഭിക്കുന്ന കേരളീയത്തിന്റെ ഭാഗമായി ഏഴു വരെ എല്ലാ ദിവസവും വൈകിട്ട് അഞ്ചു മുതല്‍ ആറുവരെ എന്‍സിസി അശ്വാരൂഢസേനയുടെ അഭ്യാസപ്രകടനവും എയറോ മോഡല്‍ ഷോയും ഉണ്ടാകും. മണ്ണുത്തി വണ്‍ കേരള റീമൗണ്ട് ആന്‍ഡ് വെറ്ററിനറി സ്‌ക്വാഡിന്റെ നേതൃത്വത്തില്‍ കവടിയാര്‍ സാല്‍വേഷന്‍ ആര്‍മി ഗ്രൗണ്ടിലായിരിക്കും അശ്വാരൂഢ സേനാ പ്രകടനം.
താമരശേരി ചുരത്തിലെ ഗതാഗത കുരുക്കിനു പരിഹാരം വേണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയനും പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസിനും കല്‍പ്പറ്റ എംഎല്‍എ അഡ്വ ടി സിദ്ദിഖ് നിവേദനം നല്‍കി. രാഹുല്‍ ഗാന്ധി എംപിക്കും നിവേദനം കൈമാറിയിട്ടുണ്ട്. കേന്ദ്ര ഉപരിതല ഗതാഗത മന്ത്രിയോട് വിഷയം ഉന്നയിക്കാമെന്ന് രാഹുല്‍ ഗാന്ധി ഉറപ്പ് നല്‍കിയെന്ന് എംഎല്‍എ പറഞ്ഞു.
ആലപ്പുഴ ജില്ലയിലെ അമ്പലപ്പുഴ വടക്ക് പഞ്ചായത്ത് പ്രസിഡന്‍രും ഏരിയാ കമ്മിറ്റി അംഗവുമായ എസ് ഹാരിസ് സിപിഎമ്മില്‍നിന്നു രാജിവച്ചു. നേതൃത്വത്തിന്റെ ഏകപക്ഷീയ നടപടികളില്‍ പ്രതിഷേധിച്ച് പാര്‍ട്ടി പ്രവര്‍ത്തനം അവസാനിപ്പിക്കുന്നതായി ഫേസ്ബുക്ക് പോസ്റ്റിടുകയായിരുന്നു
കരാറുകാരനെ അപായപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ പാലക്കാട് ചെറുപ്പുളശ്ശേരിയില്‍ മുസ്ലിം ലീഗ് കൗണ്‍സിലറെ അറസ്റ്റു ചെയ്തു.പി. മൊയ്തീന്‍ കുട്ടിയെയാണ് ചെര്‍പ്പുളശ്ശേരി പൊലീസ് അറസ്റ്റ് ചെയ്തത്. ഗോപാലകൃഷണന്‍ എന്നയാളെ ആക്രമിച്ച കേസിലാണ് പിടിയിലായത്.
സംവിധായകന്‍ ബാലചന്ദ്രകുമാര്‍ വൃക്കരോഗംമൂലം അതീവ ഗുരുതരാവസ്ഥയിലെന്ന് കുടുംബം. തിരുവനന്തപുരം എസ് യു ടി ആശുപത്രിയിലുള്ള ബാലചന്ദ്രകുമാറിന്റെ ചികിത്സയ്ക്ക് 20 ലക്ഷത്തിലേറെ രൂപ വേണമെന്നും എല്ലാവരുടെയും സഹായം വേണമെന്നും ഭാര്യ ഷീബ അഭ്യര്‍ത്ഥിച്ചു.
കൊച്ചി പറവൂരില്‍ സഹോദര പുത്രന്‍ വീടു തകര്‍ത്ത് ഇറക്കിവിട്ട ലീലയ്ക്ക് കുടുംബ സ്വത്തായ ഏഴു സെന്റ് സ്ഥലം സഹോദരങ്ങള്‍ എഴുതി നല്‍കി. പുതിയ വീടു വയ്ക്കാന്‍ സാമ്പത്തിക സഹായം നല്‍കുന്നുണ്ട്.
തൃശൂര്‍ കുട്ടനെല്ലൂര്‍ സഹകരണ ബാങ്കില്‍ ഒരു കോടിരൂപയുടെ വായ്പാ തട്ടിപ്പ് നടന്നെന്ന പരാതിയുമായി റിസോര്‍ട്ട് ഉടമയും നഴ്‌സറി വ്യവസായിയുമായ രായിരത്ത് സുധാകരന്‍. നാലുപേരുടെ വ്യാജ വിലാസത്തില്‍ ബാങ്ക് ജീവനക്കാരുടെ ഒത്താശയോടെ ഒരു കോടി രൂപ തട്ടിയെടുത്തെന്നാണ് ആരോപണം. സി.എസ്.ബി ബാങ്കിലെ ബാധ്യത തീര്‍ത്ത് റിസോര്‍ട്ട് വാങ്ങാമെന്ന് പറഞ്ഞ് മൂന്നരക്കോടി രൂപയുടെ ഇടപാടു നടത്തിയതിലാണു തട്ടിപ്പെന്നാണു പരാതി.
തൃശൂരിലെ ഒല്ലൂര്‍ പള്ളി പെരുന്നാളിനു പോയ യുവാവ് കിണറ്റില്‍ വീണു. ഒരു രാത്രി മുഴുവന്‍ കിണറ്റിലെ പൈപ്പില്‍ തൂങ്ങിക്കിടന്ന യുവാവിനെ രാവിലെ ഫയര്‍ഫോഴ്‌സ് എത്തിയാണ് രക്ഷിച്ചത്. തൃശൂര്‍ ഒല്ലൂര്‍ സ്വദേശി ജോണ്‍ ഡ്രിന്‍ ആണ് ഇന്നലെ രാത്രി കിണറ്റില്‍ വീണത്.
ഗുജറാത്തില്‍ മദ്രസാ വിദ്യാര്‍ഥികളെ ലൈംഗികമായി പീഡിപ്പിച്ച അധ്യാപകനെതിരെ കൂടുതല്‍ പരാതികള്‍. പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടികളടക്കം പത്തോളം പേര്‍ പരാതി നല്‍കി. 17 വയസ്സുള്ള ഒരു ആണ്‍കുട്ടി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് 25 കാരനായ അധ്യാപകനെ പൊലീസ് അറസ്റ്റു ചെയ്തത്.
മധ്യപ്രദേശില്‍ ബിജെപിക്കെതിരേ വോട്ടിനു നോട്ട് ആരോപണവുമായി കോണ്‍ഗ്രസ്. വോട്ട് പിടിക്കാന്‍ ബിജെപിയുടെ റവന്യൂ മന്ത്രി ഗോവിന്ദ സിങ് രാജ്പുത്തും മുതിര്‍ന്ന നേതാവ് കൈലാഷ് വിജയ് വര്‍ഗിയയും പണം ഓരോ ബൂത്തിനും 25 ലക്ഷം രൂപ നല്‍കുമെന്ന് വാഗ്ദാനം ചെയ്‌തെന്ന് കോണ്‍ഗ്രസ് നേതാവ് ശോഭ ഓജ ആരോപിച്ചു.
ചെന്നൈയില്‍ ട്രെയിനിടിച്ച് ഭിന്നശേഷിക്കാരായ മൂന്നു കുട്ടികള്‍ മരിച്ചു. കര്‍ണാടക സ്വദേശികളായ സുരേഷ് (15), രവി (15), മഞ്ജുനാഥ് (11) എന്നിവരാണ് മരിച്ചത്. സംസാരശേഷിയും കേള്‍വിശേഷിയുമില്ലാത്ത കുട്ടികളാണ് അപകടത്തില്‍ മരിച്ചത്.
ഇന്ത്യന്‍ പൗരന്‍മാര്‍ക്ക് ശ്രീലങ്ക സന്ദര്‍ശിക്കാന്‍ ഇനി വിസ ഫീസ് നല്‌കേണ്ട. ഇന്ത്യ ഉള്‍പ്പെടെ ഏഴ് രാജ്യങ്ങളില്‍നിന്നുള്ള യാത്രക്കാര്‍ക്ക് സൗജന്യ വിസ അനുവദിക്കാന്‍ ശ്രീലങ്ക മന്ത്രിസഭ തീരുമാനിച്ചു. രണ്ടായിരത്തി ഇരുന്നൂറ്റമ്പത് രൂപയാണ് ശ്രീലങ്കയുടെ ടൂറിസ്റ്റ് വിസയ്ക്കു ഫീസ് ഈടാക്കിയിരുന്നത്.
റഷ്യന്‍ പ്രസിഡന്റ് വ്‌ളാദിമിര്‍ പുടിന് ഹൃദയാഘാതംമൂലം കുഴഞ്ഞുവീണെന്ന് വാര്‍ത്ത പ്രചരിച്ചു. അങ്ങനെ സംഭവിച്ചിട്ടില്ലെന്ന് റഷ്യ. ഔദ്യോഗിക വസതിയിലെ കിടപ്പുമുറിയില്‍ തറയില്‍ കുഴഞ്ഞു വീണ നിലയില്‍ പുടിനെ കണ്ടെത്തിയെന്നാണു സാമൂഹിക മാധ്യമങ്ങളില്‍ പ്രചരണമുണ്ടായത്.
ഹമാസിന്റെ പിടിയിലുള്ള ഇരുന്നൂറിലധികം ബന്ദികള്‍ ഭൂഗര്‍ഭ അറകളിലാണെന്ന് മോചിതരായവര്‍ വെളിപ്പെടുത്തി. ബന്ദികളെ ബൈക്കിനു പിറകില്‍ ഇരുത്തിയാണ് രഹസ്യകേന്ദ്രങ്ങളിലേക്കു മാറ്റിയതെന്നും അവര്‍ പറഞ്ഞു.
പൊതുവേദിയില്‍നിന്ന് രണ്ടു മാസത്തോളമായി കാണാതായ ചൈനീസ് പ്രതിരോധ മന്ത്രി ലി ഷാങ്ഫുവിനെ മന്ത്രിസഭയില്‍നിന്നു പുറത്താക്കി. ചൈനീസ് പാര്‍ലമെന്റായ നാഷണല്‍ പിപ്പിള്‍സ് കോണ്‍ഗ്രസ് സ്റ്റാന്‍ഡിംഗ് കമ്മിറ്റിയാണ് ലിയെ നീക്കിയത്.
ദിനോസറിന്റെ അസ്ഥികള്‍ മോഷ്ടിച്ച് ചൈനയിലേക്ക് കയറ്റിയച്ച നാല് അമേരിക്കന്‍ പൗരന്മാര്‍ക്കെതിരെ കേസ്. എട്ട് കോടിയിലധികം രൂപ വില വരുന്ന അസ്ഥികള്‍ മോഷ്ടിച്ചതിനാണ് കേസ്.