ഇസ്രയേല്‍ – ഹമാസ് യുദ്ധം ചര്‍ച്ച ചെയ്യാന്‍ ഈജിപ്തിലെ കെയ്റോയില്‍ അറബ് ഉച്ചകോടി തുടങ്ങി. പലസ്തീന്‍ ജനത എവിടേക്കും ഓടിപ്പോകാന്‍ ഉദ്ദേശിക്കുന്നില്ലെന്നും മാതൃരാജ്യത്ത് തുടരുമെന്നും പലസ്തീന്‍ പ്രസിഡന്റ് മഹമൂദ് അബ്ബാസ് പറഞ്ഞു. ഖത്തര്‍, യുഎഇ, സൗദി അറേബ്യ, ബഹറിന്‍, കുവൈറ്റ്, ജോര്‍ദാന്‍, ഇറാഖ്, സൈപ്രസ് എന്നീ രാജ്യങ്ങളുടെ അധികാരികളാണ് ഈജിപ്തില്‍ ഒത്തുചേരുന്നത്. ഐക്യ രാഷ്ട്രസഭ ജനറല്‍ സെക്രട്ടറിയും ജപ്പാന്‍, ജര്‍മനി, തുര്‍ക്കി, ഗ്രീസ് എന്നീ രാജ്യങ്ങളിലെയും പ്രതിനിധികളും പങ്കെടുക്കുന്നുണ്ട്.
കരിമണല്‍ കമ്പനിയില്‍നിന്നു ലഭിച്ച 1.72 കോടി രൂപക്കു മുഖ്യമന്ത്രിയുടെ മകള്‍ വീണ വിജയന്റെ കമ്പനി ഐ ജിഎസ്ടി അടച്ചിട്ടുണ്ടെന്ന് ജിഎസ് ടി കമ്മീഷണറുടെ റിപ്പോര്‍ട്ട്. മാസപ്പടി വിവാദത്തിനു മുമ്പേ പണമടച്ചെന്നാണ് റിപ്പോര്‍ട്ടെങ്കിലും അടച്ച തുക എത്രയെന്ന് പറയുന്നില്ല. നികുതി അടച്ചതിന്റെ രേഖകള്‍ പുറത്തുവിടണമെന്ന് പരാതി ഉന്നയിച്ച മാത്യു കുഴല്‍ നാടന്‍ ആവശ്യപ്പെട്ടു.
നരേന്ദ്ര മോദിയെ പ്രധാനമന്ത്രിയാക്കാന്‍ നടക്കുന്ന പാര്‍ട്ടിയുടെ കേരളഘടകം സര്‍ക്കാരില്‍ വേണോയെന്ന് സിപിഎം തീരുമാനിക്കണമെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍. ദേശീയ നേതൃത്വവുമായി ജെഡിഎസിന്റെ കേരള ഘടകത്തിന് ഭിന്നത ഉണ്ടെങ്കില്‍ അത് വാക്കാന്‍ പറഞ്ഞാല്‍ പോരെന്നും തെരഞ്ഞെടുപ്പ് കമ്മീഷന് കത്തു നല്‍കണമെന്നും വേണുഗോപാല്‍ ആവശ്യപ്പെട്ടു.
ജില്ലാ അണ്‍ എംപ്ലോയ്‌മെന്റ് സഹകരണ സൊസൈറ്റി തട്ടിപ്പുകേസില്‍ മുന്‍ മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ വിഎസ് ശിവകുമാറിനെ പ്രതി ചേര്‍ത്തു. ശിവകുമാര്‍ പറഞ്ഞിട്ടാണ് പണം നിക്ഷേപിച്ചതെന്ന പരാതിക്കാരന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് കരമന പൊലീസ് കേസെടുത്തത്. ഈ സൊസൈറ്റിയില്‍ 13 കോടി രൂപയുടെ ക്രമക്കേട് നടന്നെന്നാണ് ആരോപണം.
കേരള കലാമണ്ഡലം വൈസ് ചാന്‍സലറായി ഡോ. ബി. അനന്തകൃഷ്ണനെ നിയമിച്ചു. സെര്‍ച്ച് കമ്മിറ്റി ശുപാര്‍ശ അംഗീകരിച്ച് ചാന്‍സലര്‍ മല്ലികാ സാരാഭായ് ആണ് നിയമന ഉത്തരവില്‍ ഒപ്പുവച്ചത്. ഹൈദരാബാദ് കേന്ദ്ര സര്‍വ്വകലാശാല തിയറ്റര്‍ വിഭാഗം മേധാവിയായിരുന്നു ബി. അനന്തകൃഷ്ണന്‍. കൊല്ലം ശാസ്താംകോട്ട സ്വദേശിയാണ്. നാടക രംഗത്തെ പ്രതിഭയാണ്.
പാലിയേക്കര ടോള്‍ പ്ലാസക്കെതിരേ സമരം നടത്തിയ കോണ്‍ഗ്രസ് എം.പിമാര്‍ക്കും നേതാക്കള്‍ക്കുമെതിരെ പൊലീസ് കേസെടുത്തു. ടോള്‍ പ്ലാസ മാനേജരുടെ പരാതിയിലാണ് കേസെടുത്തത്. കോണ്‍ഗ്രസ് നേതാക്കളായ ടി എന്‍ പ്രതാപന്‍ എം.പി, രമ്യ ഹരിദാസ് എം.പി, ജോസ് വള്ളൂര്‍, അനില്‍ അക്കര, ജോസഫ് ടാജറ്റ് എന്നിവരക്കം 145 പേര്‍ക്കെതിരെയാണ് കേസ്. ടോള്‍ ഗെയ്റ്റിലേതടക്കം ഏഴു ലക്ഷം രൂപയുടെ നഷ്ടമുണ്ടായെന്നാണ് ടോള്‍ പ്ലാസയുടെ പരാതി.
ബിജെപിയുടെ ഘടകകക്ഷിയായ ജെഡിഎസ് അംഗം കെ കൃഷ്ണന്‍കുട്ടി മന്ത്രിയായി തുടരുന്നതിനെ ന്യായീകരിച്ച ഗോവിന്ദന്‍ മാഷ് ബിജെപിയുടെ ഏജന്റിനെപ്പോലെയാണ് സംസാരിക്കുന്നതെന്ന് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. ദേശീയ പ്രസിഡന്റ് ദേവഗൗഡ വിപ്പ് നല്‍കിയാല്‍ അനുസരിക്കേണ്ടിവരില്ലേയെന്നും ചെന്നിത്തല ചോദിച്ചു.
തിരുവനന്തപുരത്തുനിന്ന് കോട്ടയം വഴി കാസര്‍കോട്ടേക്കു സര്‍വീസ് നടത്തുന്ന വന്ദേ ഭാരതിന്റെ സമയം അഞ്ചു മിനിറ്റു നേരത്തെയാക്കി. ചെങ്ങന്നൂരില്‍ അധിക സ്റ്റോപ്പ് അനുവദിച്ചതിനെ തുടര്‍ന്നാണ് സമയക്രമത്തില്‍ മാറ്റം വരുത്തിയത്. തിരുവനന്തപുരത്ത് നിന്ന് തിങ്കളാഴ്ച മുതല്‍ 5.15 നു പുറപ്പെടും. 6.03 ന് കൊല്ലത്തെത്തും.
പോക്‌സോ കേസുകളില്‍ ശിക്ഷാ നിരക്ക് കുറയുന്ന സാഹചര്യം ഒഴിവാക്കണമെന്നു ക്രമസമാധാന വിഭാഗം എ ഡി ജി പി. സമര്‍പ്പിച്ച റിപ്പോര്‍ട്ട് തുടര്‍ നടപടികള്‍ക്കായി മനുഷ്യാവകാശ കമ്മീഷന്‍ കേരള ഹൈക്കോടതി രജിസ്ട്രാര്‍ക്കും ആഭ്യന്തര വകുപ്പ് അഡിഷണല്‍ ചീഫ് സെക്രട്ടറിക്കും അയച്ചു. പൊതു താല്‍പ്പര്യ ഹര്‍ജിയിലാണ് കമ്മീഷന്‍ ആക്റ്റിങ് ചെയര്‍പേഴ്‌സണും ജുഡീഷ്യല്‍ അംഗവുമായ കെ. ബൈജൂനാഥിന്റെ നടപടി.
മണ്ഡലം പ്രസിഡന്റ് നിയമനത്തെച്ചൊല്ലി മലപ്പുറം കോണ്‍ഗ്രസില്‍ പോര്. എ ഗ്രൂപ്പിന് അംഗീകാരം നല്‍കാത്തതില്‍ പ്രതിഷേധിച്ച് പുനഃസംഘടനാ ഉപസമതിയില്‍നിന്ന് ആര്യാടന്‍ ഷൗക്കത്ത് രാജിവച്ചു. ഡിസിസി പ്രസിഡന്റ് വി എസ് ജോയിക്കും എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാലിനുമെതിരേ പ്രവര്‍ത്തകര്‍ മുദ്രാവാക്യം വിളിച്ചു.
കണ്ണൂരില്‍ ഗാനമേളയ്ക്കിടെ മേയറെ കയ്യേറ്റം ചെയ്ത യുവാവിനെ പൊലീസ് വൈദ്യപരിശോധന നടത്താതെ വിട്ടയച്ചതിനെതിരേ മേയര്‍ ടി.ഒ. മോഹനന്‍. മദ്യപിച്ചോയെന്നു പരിശോധിക്കാന്‍ പോലും തയാറാകാതെ പൊലീസ് പ്രതി ജബ്ബാറിനെ 20 മിനിറ്റിനുളളില്‍ വിട്ടയച്ചെന്നാണ് കോര്‍പറേഷന്റെ ആക്ഷേപം.
രാജസ്ഥാനില്‍ സ്ഥാനാര്‍ത്ഥി പ്രഖ്യാപനവുമായി ബിജെപിയും കോണ്‍ഗ്രസും. കോണ്‍ഗ്രസ് 33 അംഗ പട്ടികയും ബിജെപി 83 അംഗ പട്ടികയും പുറത്തിറക്കി. ഗെലോട്ട് പക്ഷത്തെ നേതാക്കള്‍ക്കും സീറ്റ് ലഭിച്ചിട്ടുണ്ട്.
ബിറ്റ്‌കോയിന്‍ മൂല്യം ഉയര്‍ന്നു നില്‍ക്കുകയാണെങ്കിലും രാജ്യത്ത് ക്രിപ്‌റ്റോ നിക്ഷേപങ്ങള്‍ നിരോധിച്ച തീരുമാനത്തില്‍ മാറ്റമില്ലെന്ന് റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ശക്തികാന്ത ദാസ്. അന്താരാഷ്ട്ര നാണ്യനിധിയുടെ സാമ്പത്തിക സുരക്ഷാ ബോര്‍ഡ് ക്രിപ്‌റ്റോയിലെ അപകടസാധ്യതകള്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ടെന്ന് ശക്തികാന്ത ദാസ് പറഞ്ഞു.