കോണ്‍ഗ്രസിനെ കൂട്ടുപിടിച്ച് എല്‍ഡിഎഫിനെ തകര്‍ക്കാന്‍ ബിജെപി ശ്രമിക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സംസ്ഥാനത്തിന്റെ വികസനത്തെയാണ് ഇവര്‍ തടയാന്‍ ശ്രമിക്കുന്നത്. എല്‍ഡിഎഫിനെ നേരിടാനല്ല അവര്‍ ഇതു ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു.
നവകേരള സദസിന്റെ പിന്തുണ പറവൂരില്‍ കാണാമെന്ന മുഖ്യമന്ത്രിയുടെ വെല്ലുവിളി ഭരണത്തിന്റെ തണലില്‍ പാര്‍ട്ടിക്കാര്‍ നടത്തുന്ന പരിപാടിയായതിനാല്‍ പ്രത്യേകിച്ചു കാണാനൊന്നുമില്ലെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. നവകേരള സദസിന്റെ പേരില്‍ മുഖ്യമന്ത്രി നടത്തുന്നത് വെല്ലുവിളിയും കലാപാഹ്വാനവുമാണ്. രണ്ട് സ്‌കൂളിന്റെ മതില്‍ പരിപാടിക്കു വേണ്ടി പൊളിച്ചെന്നും അദ്ദേഹം പറഞ്ഞു.
യൂത്ത് കോണ്‍ഗ്രസ് തെരഞ്ഞെടുപ്പിനു വ്യാജ തിരിച്ചറിയല്‍ കാര്‍ഡുണ്ടാക്കിയെന്ന കേസില്‍ തന്നെ ചോദ്യം ചെയ്യാനല്ല മൊഴിയെടുക്കാനാണു പോലീസ് വിളിപ്പിച്ചതെന്ന് സംസ്ഥാന പ്രസിഡന്റ് രാഹുല്‍ മാങ്കൂട്ടത്തില്‍. അറസ്റ്റിലായ പ്രതികളുമായി അടുപ്പമുണ്ടെങ്കിലും അവര്‍ വ്യാജ രേഖയുണ്ടായതായി അറിയില്ലെന്നും വ്യാജവോട്ടുകള്‍ ലഭിച്ചിട്ടില്ലെന്നും രാഹുല്‍ പോലീസിനു മൊഴി നല്‍കി. ഇനിയും വിളിപ്പിച്ചാല്‍ പോയി മൊഴി നല്‍കുമെന്നും രാഹുല്‍ പറഞ്ഞു.
മസാല ബോണ്ട് സമാഹരണത്തിലെ വിദേശനാണ്യ വിനിമയ നിയന്ത്രണ നിയമം ലംഘിച്ചെന്ന കേസില്‍ മുന്‍ ധനമന്ത്രി തോമസ് ഐസക്കിന് പുതിയ സമന്‍സ് അയക്കാന്‍ ഹൈക്കോടതി എന്‍ഫോഴ്‌സ്‌മെന്റിന് അനുമതി നല്‍കി. സമന്‍സ് അയക്കുന്നത് ഹൈക്കോടതി നേരത്തെ തടഞ്ഞിരുന്നു. മസാല ബോണ്ട് സമാഹരിച്ചതില്‍ കിഫ്ബി വിദേശ നാണ്യ ചട്ടം ലംഘിച്ചെന്നും റിസര്‍വ് ബാങ്കിന്റെ അനുമതി വാങ്ങിയില്ലെന്നും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് വാദിച്ചു.
മലയാളി മാധ്യമപ്രവര്‍ത്തക സൗമ്യ വിശ്വനാഥന്‍ കൊലക്കേസില്‍ നാലു പ്രതികള്‍ക്ക് ജീവപര്യന്തം തടവ്. അഞ്ചാം പ്രതിക്ക് മൂന്നു വര്‍ഷം തടവും ഏഴു ലക്ഷം രൂപ പിഴയും ശിക്ഷ. ഡല്‍ഹി സാകേത് അഡീഷണല്‍ സെഷന്‍സ് കോടതി ജഡ്ജി രവീന്ദ്രകുമാര്‍ പാണ്ഡേയാണ് വിധി പ്രസ്താവിച്ചത്. 2008 സെപ്റ്റംബര്‍ 30 നാണ് സൗമ്യയെ കൊലപ്പെടുത്തിയത്. പ്രതികളായ രവി കപൂര്‍, അമിത് ശുക്ല, ബല്‍ജിത് സിംഗ്, അജയ് കുമാര്‍ എന്നീ നാലു പ്രതികളെയാണ് ജീവപര്യന്തം തടവിനു ശിക്ഷിച്ചത്. നാലു പ്രതികളും ഒന്നേകാല്‍ ലക്ഷം രൂപവീതം പിഴയും അടയ്ക്കണം. അഞ്ചാം പ്രതി അജയ് സേത്തിയെ മൂന്നുവര്‍ഷം തടവിനു ശിക്ഷിച്ചു.
സൗമ്യ വിശ്വനാഥന്‍ കൊലക്കേസ് വിധിയില്‍ ഏറെ ആശ്വാസമെന്ന് സൗമ്യയുടെ അമ്മ മാധവി. തങ്ങള്‍ അനുഭവിച്ച വേദന പ്രതികളും അനുഭവിക്കണം. എന്തായാലും മകളെ തിരികെ കിട്ടില്ലല്ലോയെന്നും അവര്‍ പ്രതികരിച്ചു.
ഹൈക്കോടതി വിലക്കിയിട്ടും കോഴിക്കോട്ടെ ബാലുശേരിയില്‍ നവകേരള സദസിന് ആളെയെത്തിക്കാന്‍ വീണ്ടും സ്‌കൂള്‍ ബസുകള്‍. നാലു ബസുകളാണ് ആളുകളെ കൊണ്ടുവരാന്‍ ഓടിച്ചത്.
കേരള പോലീസ് വാടകയ്‌ക്കെടുത്ത ഹെലികോപ്റ്ററിനു ജീവന്റെ വിലയാണെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍. ഹൃദയമാറ്റ ശസ്ത്രക്രിയക്കായി തിരുവനന്തപുരത്തുനിന്ന് കൊച്ചിയിലേക്കു ഹൃദയം കൊണ്ടുപോയത് ഈ ഹെലികോപ്റ്ററിലായിരുന്നു. ഫേസ് ബുക്കിലൂടെയാണു മുഖ്യമന്ത്രിയുടെ പ്രതികരണം.
കോഴിക്കോട് തിരുവങ്ങൂരില്‍ മുഖ്യമന്ത്രി പിണറായി വിജയനെതിരെ കരിങ്കൊടി പ്രതിഷേധം. യൂത്ത് കോണ്‍ഗ്രസ് നിയോജക മണ്ഡലം പ്രസിഡന്റ് തന്‍ഹീര്‍ കൊല്ലം, ജില്ലാ ജനറല്‍ സെക്രട്ടറി എം കെ. സായീഷ്, എ.കെ ജാനിബ്, ഷഫീര്‍ വെങ്ങളം, ഷംനാസ്, കെ.എം ആദര്‍ശ്, ഷെനസ് എന്നിവരടങ്ങുന്ന സംഘത്തെ കൊയിലാണ്ടി പൊലീസ് അറസ്റ്റു ചെയ്തു.
കോട്ടയത്ത് വനിതാ മജിസ്‌ട്രേറ്റിനെതിരെ അഭിഭാഷകര്‍ അസഭ്യ മുദ്രാവാക്യങ്ങള്‍ മുഴക്കിയ സംഭവം ബാര്‍ കൗണ്‍സില്‍ സമിതി അന്വേഷിക്കും. അഡ്വ കെപി ജയചന്ദ്രന്റെ നേതൃത്വത്തിലാണ് അന്വേഷണ സമിതി. ഒരാഴ്ചയ്ക്കകം റിപ്പോര്‍ട്ട് നല്‍കും.
തിരുവനന്തപുരം കണ്ടല സഹകരണ ബാങ്ക് തട്ടിപ്പു കേസില്‍ പ്രതിയായ സിപിഐ നേതാവും മുന്‍ ബാങ്ക് പ്രസിഡന്റുമായ ഭാസുരാംഗനെ നെഞ്ചുവേദനമൂലം എറണാകുളം ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഭാസുരാംഗനെ കോടതി റിമാന്‍ഡ് ചെയ്ത്. ജയിലിലാക്കിയിരുന്നു.
ശ്രീധന്യ കണ്‍സ്ട്രക്ഷനില്‍ കണ്ടെത്തിയ ക്രമക്കേടുകളുടെ വിവരങ്ങള്‍ ആദായ നികുതി വകുപ്പ് എന്‍ഫോഴ്‌സ്‌മെന്റിനു കൈമാറും. കണക്കില്‍പെടാത്ത 360 കോടി രൂപയുടെ ഇടപാടുകളാണ് ആദായനികുതി വകുപ്പിന്റെ പ്രാഥമിക പരിശോധനയില്‍ കണ്ടെത്തിയത്.
മണ്ഡലകാലത്ത് സന്നിധാനത്തും പമ്പയിലും ജലക്ഷാമം അനുഭവപെടാതിരിക്കാന്‍ വാട്ടര്‍ അതോറിറ്റി രണ്ടു ലക്ഷം ലിറ്റര്‍ സംഭരണ ശേഷിയുള്ള സ്റ്റീല്‍ ടാങ്ക് സ്ഥാപിച്ചു. നിലവില്‍ നാലു ലക്ഷം ലിറ്റര്‍ സംഭരണ ശേഷിയുള്ള പമ്പയിലെ പ്രധാന ടാങ്കിനരികിലാണ് പുതിയ സ്റ്റീല്‍ ടാങ്ക് സ്ഥാപിച്ചത്.
തദ്ദേശഭരണ സ്ഥാപനങ്ങളുടെ ഭരണസമിതി തീരുമാനത്തിനു വിരുദ്ധമായി നവകേരള സദസിനു പണം നല്‍കിയ പഞ്ചായത്ത് സെക്രട്ടറിമാര്‍ രണ്ടര വര്‍ഷം കഴിഞ്ഞാല്‍ അഴിയെണ്ണുമെന്ന് കോണ്‍ഗ്രസ് നേതാവ് കെ.മുരളീധരന്‍ എംപി. പഞ്ചായത്ത് രാജ് നിയമത്തിന്റെ ലംഘനമാണ് സെക്രട്ടറിമാര്‍ നടത്തിയതെന്നും മുരളീധരന്‍ പറഞ്ഞു.
നേതൃഗുണത്തിന്റെ മികച്ച പാഠമാണ് മുഖ്യമന്ത്രി പിണറായി വിജയനെന്നു കോഴിക്കോട് ബിഷപ്പ് വര്‍ഗീസ് ചക്കാലക്കല്‍. മുഖ്യമന്ത്രിയുമൊത്തുള്ള പ്രഭാത ഭക്ഷണ യോഗത്തിലാണ് ബിഷപ്പിന്റെ പുകഴ്ത്തല്‍. നവകേരള സദസ് ചരിത്ര സംഭവമാണെന്നും വര്‍ഗീസ് ചക്കാലക്കല്‍ അഭിപ്രായപ്പെട്ടു.
യാക്കോബായ സഭ അദ്ധ്യക്ഷന്‍ ബസേലിയോസ് തോമസ് പ്രഥമന്‍ ബാവയെ നടനും ബിജെപി നേതാവുമായ സുരേഷ് ഗോപി സന്ദര്‍ശിച്ചു. സഭാ ആസ്ഥാനമായ എറണാകുളം പുത്തന്‍കുരിശ് പാസ്റ്ററല്‍ സെന്ററിലായിരുന്നു കൂടിക്കാഴ്ച. മെത്രാപൊലീത്ത ജോസഫ് മാര്‍ ഗ്രിഗോറിയോസ്, കുര്യോക്കോസ് മാര്‍ തെയോഫിലോസ് എന്നിവരും ബാവയ്‌ക്കൊപ്പം ഉണ്ടായിരുന്നു.
കൊച്ചിയില്‍ ഫുഡ് വ്‌ളോഗിനായി വീഡിയോ ചിത്രീകരിക്കവേ, മിക്‌സി പൊട്ടിത്തെറിച്ച് നടിയും ഗായികയുമായ അഭിരാമി സുരേഷിന് പരിക്ക്. മിക്‌സിയുടെ പല്ല് കൈയ്യില്‍ തട്ടി അഭിരാമിയുടെ അഞ്ച് വിരലുകള്‍ക്കും പരിക്കുണ്ട്.
എറണാകുളം ചെറായിയില്‍ ഓടിക്കൊണ്ടിരുന്ന ലോറിക്കു തീപിടിച്ചു. റേഡിയേറ്ററില്‍നിന്ന് പുക വന്നതിനു പിറകേ ലോറി ഡ്രൈവറും സഹായിയും വാഹനത്തില്‍നിന്ന് ഇറങ്ങി ഓടി. തൊടുപുഴയില്‍നിന്നു കേരള ഫീഡ്‌സിന്റെ കാലിതീറ്റയുമായി വൈപ്പിന്‍ മാലിപ്പുറത്തേക്ക് പോകുകയായിരുന്നു ലോറി.
പഞ്ചാബില്‍ കഴിഞ്ഞ വര്‍ഷം നിയമസഭാ തെരഞ്ഞെടുപ്പു പ്രചാരണത്തിനെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ യാത്രക്കിടെ സുരക്ഷാ വീഴ്ചയുണ്ടായ സംഭവത്തില്‍ ബത്തിന്‍ഡ എസ്പിയെ സസ്‌പെന്‍ഡ് ചെയ്തു. ഫിറോസ്പൂര്‍ എസ് പിയായിരുന്ന ഗുര്‍വീന്ദര്‍ സിംഗ് സാംഗയെയാണ് പഞ്ചാബ് ഡിജിപി സസ്‌പെന്‍ഡ് ചെയ്തത്. പ്രധാനമന്ത്രിയുടെ വാഹനവ്ൂഹം പ്രതിഷേധക്കാര്‍ 20 മിനിറ്റോളം തടഞ്ഞിട്ടിരുന്നു.
ഡീപ്പ് ഫേക്ക് ഉള്ളടക്കങ്ങള്‍ തടയാന്‍ ഉള്ളടക്ക പരിശോധനയ്ക്കായി പ്രത്യേക ഓഫീസറെ നിയമിക്കുമെന്ന് കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖര്‍. വിവിധ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളുമായി കേന്ദ്ര ഐടി മന്ത്രി അശ്വിനി വൈഷ്ണവ് ചര്‍ച്ച നടത്തിയ ശേഷമാണ് തീരുമാനം.
മോദി സര്‍ക്കാരിനെതിരേ പാര്‍ലമെന്റില്‍ ചോദ്യം ഉന്നയിക്കാന്‍ കോഴ വാങ്ങിയെന്ന കേസില്‍ തൃണമൂല്‍ കോണ്‍ഗ്രസ് എംപി മുഹവ മൊയ്ത്രക്കെതിരേ സിബിഐ അന്വേഷണം. ലോക്പാല്‍ നിര്‍ദേശപ്രകാരമാണ് അന്വേഷണം.
ഇന്ത്യ തദ്ദേശീയമായി നിര്‍മിച്ച ലൈറ്റ് കോംബാറ്റ് ഫൈറ്റര്‍ എയര്‍ക്രാഫ്റ്റായ തേജസില്‍ പറന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. അവിശ്വസനീയമായ അനുഭവമെന്നാണ് മോദി യാത്രയ്ക്കുശേഷം പ്രതികരിച്ചത്. ബംഗളൂരു ആസ്ഥാനമായുള്ള പ്രതിരോധ പൊതുമേഖലാ സ്ഥാപനമായ ഹിന്ദുസ്ഥാന്‍ എയ്‌റോനോട്ടിക്‌സ് സന്ദര്‍ശിച്ചശേഷമാണ് പ്രധാനമന്ത്രി തേജസില്‍ കയറിയത്.
കേന്ദ്ര സര്‍ക്കാരിന്റെ കംപ്യൂട്ടര്‍ എമര്‍ജന്‍സി റെസ്‌പോണ്‍സ് ടീം വിഭാഗത്തെ വിവരാവകാശ നിയമത്തിന്റെ പരിധിയില്‍ നിന്ന് ഒഴിവാക്കി. സൈബര്‍ ആക്രമണങ്ങളും സുരക്ഷയുമായി ബന്ധപ്പെട്ട കേസുകള്‍ കൈകാര്യം ചെയ്യുന്ന കേന്ദ്ര ഐടി മന്ത്രാലയത്തിനു കീഴിലുളള ഏജന്‍സിയാണ് കംപ്യൂട്ടര്‍ എമര്‍ജന്‍സി റെസ്‌പോണ്‍സ് ടീം. രാഹുല്‍ ഗാന്ധി അടക്കമുള്ള പ്രതിപക്ഷ നേതാക്കള്‍ ആപ്പിള്‍ ഫോണ്‍ ചോര്‍ത്തലുമായി ബന്ധപ്പെട്ട അന്വേഷണം തുടരുന്നതിനിടെയാണ് ഈ നടപടി.