സംസ്ഥാനത്തെ ഹയര്‍ സെക്കന്‍ഡറി വരെയുള്ള വിദ്യാര്‍ത്ഥികളെ നവകേരള സദസില്‍ പങ്കെടുപ്പിക്കരുതെന്ന് ഹൈക്കോടതി. അക്കാദമിക് കരിക്കുലത്തില്‍ ഇല്ലാത്ത കാര്യങ്ങള്‍ക്ക് ഉത്തരവിടാന്‍ സര്‍ക്കാരിന് അധികാരമില്ല. എം എസ് എഫ് സംസ്ഥാന പ്രസിഡന്റ് പി.കെ നവാസിന്റെ ഹര്‍ജിയിലാണ് ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്റെ ഇടക്കാല ഉത്തരവ്.
അരുതെന്നു വിലക്കിയിട്ടും മുഖ്യമന്ത്രിയേയും മന്ത്രിമാരേയും കാണാന്‍ വിദ്യാര്‍ത്ഥികള്‍ നവകേരള സദസിലേക്കു വരികയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കോഴിക്കോട് പേരാമ്പ്ര മണ്ഡലത്തിലെ നവകേരള സദസില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. സ്‌കൂളിലെ കുട്ടികളെ നിര്‍ത്തേണ്ടെന്നു പറഞ്ഞിട്ടും പലയിടത്തും കുട്ടികള്‍ വരുന്നു. ഇളം മനസ്സില്‍ കള്ളമില്ലെന്നും രാഷ്ട്രീയ വേര്‍തിരിവ് ഇല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
മന്ത്രി അഹമ്മദ് ദേവര്‍ കോവിലിനെതിരെ നവകേരള സദസില്‍ മുഖ്യമന്ത്രിക്കു പരാതി. മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ തട്ടിയെടുത്ത 63 ലക്ഷം രൂപ തിരികേ കൊടുക്കണമെന്ന കോടതി വിധി നടപ്പാക്കാന്‍ സഹായിക്കണമെന്നാണ് പരാതിയില്‍ ആവശ്യപ്പെടുന്നത്. വടകര മുട്ടുങ്ങല്‍ സ്വദേശി എ.കെ യൂസഫ് ആണ് പരാതി നല്‍കിയത്. മുഖ്യമന്ത്രിക്ക് നേരത്തെ നല്‍കിയ പരാതി മറുപടി ലഭിക്കാത്തതിനെത്തുടര്‍ന്നാണ് വീണ്ടും പരാതി നല്‍കയതെന്ന് പരാതിക്കാരന്‍ പറഞ്ഞു.
കോട്ടയത്ത് അഭിഭാഷകര്‍ തനിക്കെതിരേ നടത്തിയ അസഭ്യവര്‍ഷത്തെ പറ്റി വനിതാ മജിസ്‌ട്രേറ്റ് ഹൈക്കോടതി രജിസ്ട്രാര്‍ക്ക് റിപ്പോര്‍ട്ട് നല്‍കി. എന്നാല്‍ പരാതി ലഭിക്കാത്തതിനാല്‍ അഭിഭാഷകരുടെ തെറിയഭിഷേകത്തില്‍ പൊലീസ് കേസെടുത്തിട്ടില്ല.
കെഎസ്ആര്‍ടിസിക്ക് സംസ്ഥാന സര്‍ക്കാര്‍ സഹായമായി 90.22 കോടി രൂപകൂടി അനുവദിച്ചു. ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ അറിയിച്ചതാണിക്കാര്യം. 70.22 കോടി രൂപ പെന്‍ഷന്‍ വിതരണത്തിനാണ്. സര്‍ക്കാരിന്റെ സാമ്പത്തിക സഹായമായി 20 കോടി രൂപയും അനുവദിച്ചു.
ആര്യാടന്‍ ഷൗക്കത്ത് ആര്യാടന്‍ ഫൗണ്ടേഷന്റെ പേരില്‍ റാലി നടത്തിയത് അച്ചടക്ക ലംഘനമാണെന്ന് കെപിസിസി നേതൃത്വം. ആര്യാടന്‍ ഫൗണ്ടേഷന്റെ പരിപാടികള്‍ ഡിസിസിയെ മുന്‍കൂട്ടി അറിയിക്കണം. അച്ചടക്കലംഘനം ആവര്‍ത്തിക്കരുത്. സമാന്തര കമ്മിറ്റികള്‍ പാടില്ലെന്നും കെപിസിസി അറിയിച്ചു.
ജനങ്ങളുടെ ശബ്ദമാണ് പ്രതിപക്ഷമെന്നും ജനങ്ങള്‍ക്കുവേണ്ടിയാണ് യൂത്ത് കോണ്‍ഗ്രസുകാര്‍ കരിങ്കൊടി കാണിച്ചതും അടികൊണ്ടതെന്നും നടനും ബിജെപി നേതാവുമായ സുരേഷ് ഗോപി. കണ്ണൂരില്‍ നവകേരള സദസ്സിനെത്തിയ മുഖ്യമന്ത്രിക്കുനേരെ കരിങ്കൊടി പ്രതിഷേധം നടത്തിയ യൂത്ത് കോണ്‍ഗ്രസുകാരെ ആക്രമിച്ച സംഭവത്തിലാണ് സുരേഷ് ഗോപിയുടെ പ്രതികരണം.
മകന്‍ കാനഡയില്‍ മരിച്ചതറിഞ്ഞ് അമ്മ മാവേലിക്കര താലൂക്ക് ആശുപത്രിയിലെ കായംകുളം സ്വദേശിനിയായ ഡോക്ടര്‍ ജീവനൊടുക്കി. ഡോ. മെഹറുന്നീസയാണ് വീട്ടില്‍ തൂങ്ങി മരിച്ചത്. കാനഡയില്‍ എന്‍ജിനീയറിംഗ് വിദ്യാര്‍ത്ഥിയായിരുന്ന മകന്‍ ബിന്യാമിന്‍ കഴിഞ്ഞ ദിവസം വാഹനാപകടത്തില്‍ മരിച്ചിരുന്നു.
തൃശൂര്‍ പൂമലയില്‍ ഹോട്ടലിനും വീടിനും നേരെ പെട്രോള്‍ ബോംബെറിഞ്ഞ ഏഴുപേര്‍ പിടിയില്‍. പൂമല പള്ളിയ്ക്ക് സമീപത്തെ അരുണിന്റെ ഹോട്ടലിനെതിരേയാണു പെട്രോള്‍ ബോംബെറിഞ്ഞത്.
തിരുവനന്തപുരം കല്ലറ നീറുമണ്‍കടവില്‍ ഒരാളുടെ പുരയിടത്തില്‍ അസ്ഥികൂടം. സമീപം് തുണിയും വാച്ചുമുണ്ടായിരുന്നു. മൃതദേഹത്തിന് 20 ദിവസത്തിലധികം പഴക്കമുണ്ടെന്ന് പൊലീസ്.
മുംബൈ അന്താരാഷ്ട്ര വിമാനത്താവളം തകര്‍ക്കുമെന്ന് ഭീഷണിപ്പെടുത്തിയയാളെ തിരുവനന്തപുരത്തുനിന്ന് അറസ്റ്റു ചെയ്തു. ഇയാളെ മുംബൈയിലേക്കു കൊണ്ടുപോയി. പത്തു ലക്ഷം ഡോളര്‍ നല്‍കിയില്ലെങ്കില്‍ ടെര്‍മിനല്‍ രണ്ട് തകര്‍ക്കുമെന്നായിരുന്നു ഇ-മെയിലിലിലൂടെ ഭീഷണി സന്ദേശം.
ലഹരി മരുന്നു വാങ്ങാന്‍ പണമില്ലാത്തതിനാല്‍ സ്വന്തം കുഞ്ഞുങ്ങളെ വിറ്റ ദമ്പതികളും സുഹൃത്തുക്കളും അറസ്റ്റില്‍. ഷാബിര്‍, ഭാര്യ സനിയ ഖാന്‍, ഷാക്കീല്‍, ഏജന്റായ ഉഷ റാത്തോഡ് എന്നിവരെയാണ് മുംബൈ ക്രൈംബ്രാഞ്ച് അറസ്റ്റു ചെയ്തത്. രണ്ടുവയസുള്ള ആണ്‍കുട്ടിയെയും ഒരുമാസം പ്രായമുള്ള പെണ്‍കുട്ടിയെയുമാണ് ദമ്പതികള്‍ ഏജന്റ് മുഖേന വിറ്റത്. പെണ്‍കുഞ്ഞിനെ കണ്ടെത്തിയിട്ടുണ്ട്.