night news hd 25

 

പുതിയ പാര്‍ലമെന്റ് മന്ദിരത്തില്‍ പൂജയും അധികാരച്ചെങ്കോലിനു മുന്നില്‍ പ്രണമിക്കലും അടക്കമുള്ള ഉദ്ഘാടനത്തോടെ പ്രധാനമന്ത്രി നരേന്ദ്രമോദി അടുത്ത ലോക്‌സഭാ തെരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങള്‍ക്കു തുടക്കമിട്ടു. ബിജെപി മുഖ്യമന്ത്രിമാരുടെ യോഗം പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്നു. ഡല്‍ഹിയിലെ പാര്‍ട്ടി ആസ്ഥാനത്തെ യോഗത്തില്‍ ബിജെപി ഉപമുഖ്യമന്ത്രിമാരും പങ്കെടുക്കുന്നുണ്ട്. സംസ്ഥാനങ്ങളിലെ വികസന പ്രവര്‍ത്തനങ്ങളുടെ റിപ്പോര്‍ട്ടും ലോക്‌സഭാ തെരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങളുമാണു ചര്‍ച്ച. ബിജെപി ദേശീയ അധ്യക്ഷന്‍ ജെ.പി.നദ്ദ, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ തുടങ്ങിയവരും പങ്കെടുക്കുന്നുണ്ട്.

മണിപ്പൂര്‍ സംഘര്‍ഷത്തില്‍ 40 തീവ്രവാദികളെ വധിച്ചെന്ന് മുഖ്യമന്ത്രി എന്‍ ബിരേന്‍ സിംഗ്. നിരവധി പേരെ അറസ്റ്റ് ചെയ്തു. ആയുധങ്ങളുമായി അക്രമം നടത്തിയവര്‍ക്കെതിരെയാണ് പ്രത്യേക ഓപ്പറേഷനിലൂടെ തിരിച്ചടി നല്‍കിയതെന്നും ബിരേന്‍ സിംഗ് പറഞ്ഞു. സാമുദായിക സംഘര്‍ഷങ്ങള്‍ തുടരുന്ന മണിപ്പൂരില്‍ മൂന്നു ദിവസം മുമ്പ് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ സന്ദര്‍ശനം നടത്തിയിരുന്നു.

തീരത്ത് ഉയര്‍ന്ന തിരമാലയുണ്ടാകുമെന്നു ജാഗ്രത നിര്‍ദ്ദേശം. കടലാക്രമണത്തിന് സാധ്യത. മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണം. നാളെ രാത്രി 11.30 വരെ 0.8 മീറ്റര്‍ മുതല്‍ 1.3 മീറ്റര്‍ വരെ ഉയര്‍ന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയെന്നാണു റിപ്പോര്‍ട്ട്. കൂടുതല്‍ മഴ മേഘങ്ങള്‍ കേരളത്തിലേക്ക് എത്തുന്നതിനാല്‍ മഴ മെച്ചപ്പെടും. കേരള – കര്‍ണാടക – ലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യബന്ധനത്തിനു പോകരുതെന്നു മുന്നറിയിപ്പ്.

അരിക്കൊമ്പന്‍ കാടുകയറിയതോടെ തമിഴ്‌നാട് വനംവകുപ്പ് മയക്കുവെടി വയ്ക്കാനുള്ള നീക്കം താത്കാലികമായി അവസാനിപ്പിച്ചു. അരികൊമ്പന്‍ മേഘമല വന്യജീവി സങ്കേതത്തിലാണ്. ജനവാസ മേഖലയിലേക്കു തിരിച്ചിറങ്ങിയാല്‍ മയക്കുവെടി വയ്ക്കുമെന്ന് തമിഴ്‌നാട് വനം മന്ത്രി എം. മതിവേന്ദന്‍ പറഞ്ഞു.

പുതിയ പാര്‍ലമെന്റ് മന്ദിരം ഉദ്ഘാടനം ബ്രാഹ്‌മണ പൂജാരിമാരെക്കൊണ്ടുള്ള ക്ഷേത്രം ഉദ്ഘാടനമാക്കി മാറ്റിയതിനെതിരേ പ്രതിപക്ഷ കക്ഷി നേതാക്കളുടെ പ്രതിഷേധം. രാഷ്ട്രപതിയേയും ഉപരാഷ്ട്രപതിയേയും അവഗണിച്ചു. അധികാര ചെങ്കോലിനു മുന്നില്‍ സാഷ്ടാംഗം പ്രണമിച്ച കിടക്കുന്ന പ്രധാനമന്ത്രി നരേന്ദ്രമോദിക്കു തൊട്ടരികില്‍ ബിജെപി നേതാവ് ലൈംഗികപീഡനത്തിനരയാക്കിയ ഗുസ്തിതാരങ്ങളുടെ കണ്ണീര്‍ കാണാനാകുന്നില്ലെന്നും ആരോപിച്ചു.

പുതിയ പാര്‍ലമെന്റ് മന്ദിരം ഉദ്ഘാടനം തന്റെ കിരീടധാരണമായാണ് പ്രധാനമന്ത്രി നരേന്ദ്രമോദി കണക്കാക്കുന്നതെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ‘പാര്‍ലമെന്റ് ജനങ്ങളുടെ ശബ്ദമാണ്. എന്നാല്‍ ഗുസ്തി താരങ്ങളുടെ പ്രതിഷേധശബ്ദം പൊലീസിനെ ഉപയോഗിച്ച് അടിച്ചമര്‍ത്തുകയാണ് പ്രധാനമന്ത്രി’ എന്നു രാഹുല്‍ ട്വീറ്റ് ചെയ്തു.

പുതിയ പാര്‍ലമെന്റിന്റെ ഉദ്ഘാടനം കേന്ദ്രസര്‍ക്കാര്‍ മതപരമായ ചടങ്ങാക്കിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇന്ത്യ മതേതര റിപ്പബ്ലിക് ആണ്. മതനിരപേക്ഷതയാണു ഭരണഘടന ഉറപ്പു നല്‍കുന്നത്. പാര്‍ലമെന്റ് ഉദ്ഘാടനത്തില്‍ അതു ലംഘിച്ചു. മുഖ്യമന്ത്രി പറഞ്ഞു.

താനാണ് എല്ലാമെന്ന് സ്ഥാപിക്കുന്ന ഏകാധിപതിയെയാണ് പുതിയ പാര്‍ലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടന ചടങ്ങില്‍ ലോകം കണ്ടതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. രാഷ്ട്രപതിയേയും ഉപരാഷ്ട്രപതിയേയും മാറ്റിനിര്‍ത്തി. ജനാധിപത്യം അരിയിട്ട് വാഴിക്കലുകളോ ഫോട്ടോ ഷൂട്ടുകളോ അല്ലെന്നും സതീശന്‍ ഫേസ്ബുക്കില്‍ കുറിച്ചു.

പുതിയ പാര്‍ലമെന്റിന്റെ ഗതി വ്യക്തമാണെന്ന് ബിനോയ് വിശ്വം എംപി. പുതിയ പാര്‍ലമെന്റ് അദാനിക്കുവേണ്ടിയാണ്. ചെങ്കോലിനെ പ്രണമിച്ചയാള്‍ ജന്തര്‍മന്ദറില്‍ സമരം ചെയ്യുന്ന ഗുസ്തി താരങ്ങള്‍ക്ക് നല്‍കിയത് അടിയാണെന്നും അദ്ദേഹം പറഞ്ഞു.

ആര്‍എസ്എസുകാരുടെ ആശയദാരിദ്ര്യമാണ് ഡല്‍ഹിയില്‍ ബ്രാഹ്‌മണ പൗരോഹിത്യത്തിനു മുന്നില്‍ കമിഴ്ന്നുവീണതിലൂടെ നാം കണ്ടതെന്ന് സിപിഎം പൊളിറ്റ് ബ്യൂറോ അംഗം എം എ ബേബി. പ്രധാനമന്ത്രി നരേന്ദ്ര മോദി സ്ഥാപിച്ച ചെങ്കോല്‍ ജാതി – ജന്മി – നാടുവാഴി ഭരണത്തിന്റെ പ്രതീകമാണ്. ബേബി പറഞ്ഞു.

പുതിയ പാര്‍ലമെന്റ് മന്ദിരം രാജ്യത്തിന് അഭിമാനമാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. പാര്‍ലമെന്റ് മന്ദിര ഉദ്ഘാടന ചടങ്ങ് ബഹിഷ്‌ക്കരിച്ച പ്രതിപക്ഷം ജനാധിപത്യത്തെ പിന്നില്‍ നിന്നു കുത്തുന്നവരാണെന്ന് തെളിയിച്ചിരിക്കുകയാണ്. സുരേന്ദ്രന്‍ പറഞ്ഞു.

യഥാര്‍ത്ഥ ചരിത്രം പഠിപ്പിക്കാന്‍ കേരളത്തിന് ഉത്തരവാദിത്തമുണ്ടെന്ന് പൊതു വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി. പൊതുവിദ്യാഭ്യാസ വകുപ്പ് സമഗ്ര ശിക്ഷ കേരളയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച പ്രാദേശിക ചരിത്രരചന സംസ്ഥാനതല ത്രിദിന ശില്പശാല ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി.

വിദ്യാഭ്യാസ ആരോഗ്യ മേഖലയില്‍ കേരളത്തിന്റെ മുന്നേറ്റം വലുതാണെന്നും ഇതാണ് യഥാര്‍ത്ഥ കേരള സ്റ്റോറിയെന്നും ബീഹാര്‍ ഉപമുഖ്യമന്ത്രി തേജസ്വി യാദവ്. ബിജെപി മനുഷ്യന്റെ മനസില്‍ വെറുപ്പ് വിതക്കുകയാണെന്നും തേജസ്വി യാദവ് കോഴിക്കോട് പറഞ്ഞു.

കെപിസിസി ഓഫിസില്‍ കെഎസ്‌യു ഭാരവാഹികളുടെ കൂട്ടത്തല്ല്. എ, ഐ ഗ്രൂപ്പുകള്‍ ഒന്നിച്ച് സംസ്ഥാന പ്രസിഡന്റിനെതിരെ തിരിഞ്ഞതാണ് കയ്യാങ്കളിയില്‍ കലാശിച്ചത്. വിവാഹം കഴിഞ്ഞ ഭാരവാഹികളെ ചൊല്ലിയായിരുന്നു അടി. വിവാഹം കഴിഞ്ഞവരും പ്രായ പരിധി കഴിഞ്ഞവരുമായ 10 പേരാണ് കെഎസ് യു കമ്മിറ്റിയിലുള്ളത്.

കടബാധ്യതയെത്തുടര്‍ന്ന് വയനാട് തിരുനെല്ലിയില്‍ കര്‍ഷകന്‍ ആത്മഹത്യ ചെയ്തു. തിരുനെല്ലി അരമംഗലം സ്വദേശി പി.കെ. തിമ്മപ്പനാണ് മരിച്ചത്. 10 ലക്ഷം രൂപയുടെ കടബാധ്യത ഇയാള്‍ക്കുണ്ടെന്നു വീട്ടുകാര്‍ പറയുന്നു.

ഡോക്ടര്‍മാര്‍ക്കെന്നപോലെ രോഗിക്കും സംരക്ഷണം വേണമെന്ന് രമേശ് ചെന്നിത്തല. ശസ്ത്രക്രിയ ഉപകരണം വയറ്റില്‍ കുടുങ്ങിയ ഹര്‍ഷിനയ്ക്ക് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് നല്‍കിയ ഉറപ്പ് പാലിക്കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു. കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിക്കുു മുന്നില്‍ സമരം തുടരുന്ന ഹര്‍ഷിനയെ സന്ദര്‍ശിച്ചശേഷം സംസാരിക്കുകയായിരുന്നു ചെന്നിത്തല.

കാഞ്ഞങ്ങാട് നഗരസഭയുടെ ട്രഞ്ചിംഗ് ഗ്രൗണ്ടിലും തീപിടുത്തം. ചെമ്മട്ടംവയലിലെ മാലിന്യപ്ലാന്റില്‍ മാലിന്യ കൂമ്പാരത്തിനാണ് തീപിടിച്ചത്. നാട്ടുകാരും ഫയര്‍ ഫോഴ്‌സും ചേര്‍ന്ന് തീയണച്ചു.

പത്തനംതിട്ടയില്‍ നദിയില്‍ കുളിക്കാനിറങ്ങി മുങ്ങിപ്പോയ രണ്ടു കുട്ടികളും മരിച്ചു. ഫയര്‍ഫോഴ്‌സിന്റെ സ്‌ക്യൂബ ടീം മുങ്ങിയെടുത്ത് ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഇളകൊള്ളൂരില്‍ അച്ചന്‍കോവില്‍ ആറ്റില്‍ കുളിക്കാന്‍ ഇറങ്ങിയ വെട്ടൂര്‍ സ്വദേശികളായ അഭിരാജ്, ഋഷി അജിത് എന്നിവരാണ് മരിച്ചത്.

കോഴിക്കോട് പതങ്കയം വെള്ളച്ചാട്ടത്തില്‍് എരഞ്ഞിപ്പാലം സ്വദേശി അമല്‍ (18) മുങ്ങിമരിച്ചു. നാലു പേരാണ് മുങ്ങിയത്. മൂന്നുപേര്‍ നീന്തി രക്ഷപ്പെട്ടു.

ബെംഗളുരു- മൈസുരു ദേശീയപാതയില്‍ ബൈക്കും ലോറിയും കൂട്ടിയിടിച്ച് രണ്ടു മലയാളി വിദ്യാര്‍ത്ഥികള്‍ മരിച്ചു. മലപ്പുറം നിലമ്പൂര്‍ ആനയ്ക്കല്‍ സ്വദേശി നിഥിന്‍(21), തിരുവനന്തപുരം നെടുമങ്ങാട് സ്വദേശി ഷഹിന്‍ ഷാജഹാന്‍ (21) എന്നിവരാണ് മരിച്ചത്.

മലപ്പുറം ചാലിയാറില്‍ മുറിഞ്ഞ മാടില്‍ ലൈസന്‍സ് ഇല്ലാതെ സര്‍വീസ് നടത്തിയ ബോട്ട് പോര്‍ട്ട് ഉദ്യോഗസ്ഥരും അരീക്കോട് പൊലീസും ചേര്‍ന്നു പിടിച്ചെടുത്തു. മറുകരയില്‍ യാത്രക്കാരെ ഇറക്കി തിരിച്ചു വന്ന റിവര്‍ ലാന്‍ഡ് എന്ന ബോട്ട് ഓടിച്ച ഡ്രൈവര്‍ക്ക് ലൈസന്‍സും മറ്റു മൂന്നു പേര്‍ക്ക് രേഖകളും ഇല്ലായിരുന്നു.

തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ചികില്‍സാ പിഴവുകാരണം പ്ലസ് ടു വിദ്യാര്‍ത്ഥിനി മരിച്ചെന്നു പരാതി. ആറ്റിങ്ങല്‍ പിരപ്പന്‍കോട്ടുകോണം സ്വദേശി മീനാക്ഷി (18) ആണ് മരിച്ചത്. മുക്കുപണ്ട കമ്മലില്‍ നിന്ന് അലര്‍ജി ബാധിച്ച് ചികില്‍സയിലായിരുന്നു മീനാക്ഷി.

സൗദി ബഹിരാകാശ സഞ്ചാരികളായ റയാന ബര്‍നാവിയും അലി അല്‍ ഖര്‍നിയും അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ ശാസ്ത്രീയ ദൗത്യം ആരംഭിച്ചു. മൈക്രോ ഗ്രാവിറ്റി പരിസ്ഥിതിയില്‍ 14 ശാസ്ത്ര – വിദ്യാഭ്യാസ ഗവേഷണ പരീക്ഷണങ്ങള്‍ നടത്തും. സൗദി അറേബ്യയിലെ 47 വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ 12,000 വിദ്യാര്‍ത്ഥികള്‍ ഉപഗ്രഹം വഴി ബഹിരാകാശ സഞ്ചാരികളുമായി സംവദിക്കുന്ന മൂന്നു വിദ്യാഭ്യാസ പരീക്ഷണങ്ങള്‍ ഇതിലുള്‍പ്പെടും.

ലൈവ് സ്ട്രീമിംഗില്‍ ഏഴു കുപ്പി മദ്യം കുടിച്ച ചൈനീസ് സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സര്‍ സാന്‍കിയാങേ എന്നറിയപ്പെടുന്ന 34 കാരന്‍ മരിച്ചു. ചൈനീസ് സോഷ്യല്‍ മീഡിയയായ ഡൂയിനില്‍ തത്സമയ സ്ട്രീമിങ്ങിനിടെയാണ് ഇയാള്‍ ചൈനീസ് വോഡ്കയായ ബൈജിയു ഏഴ് കുപ്പി അകത്താക്കിയത്.

 

 

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *