night news hd 21

 

സര്‍ക്കാര്‍ ആശുപത്രികളില്‍ എസ്‌ഐഎസ്എഫിന്റെ സുരക്ഷ ഏര്‍പ്പെടുത്തുമെന്നു സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയില്‍. ആദ്യഘട്ടമെന്ന നിലയില്‍ തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ എസ്‌ഐഎസ്എഫ് സുരക്ഷ ഏര്‍പ്പെടുത്തും. സര്‍ക്കാര്‍ ആശുപത്രിയില്‍ പോലീസിന്റെ സാന്നിധ്യത്തില്‍ ഡോക്ടര്‍ കൊല്ലപ്പെട്ട സാഹചര്യത്തിലാണ് എസ്‌ഐഎസ്എഫിനെ സുരക്ഷാ ചുമതല ഏല്‍പിക്കുമെന്നു സര്‍ക്കാര്‍ അറിയിച്ചത്. ആശുപത്രി സംരക്ഷണ ഓര്‍ഡിനന്‍സ് നിലവില്‍ വന്നെന്നും കോടതിയെ അറിയിച്ചു. ആശുപത്രികളിലെ സുരക്ഷാ സംവിധാനങ്ങളുടെ വിവരങ്ങള്‍ സര്‍ക്കാര്‍ കോടതിയില്‍ സമര്‍പ്പിച്ചു. പ്രോട്ടോകോള്‍ ഡോക്ടര്‍മാരുടെ സംഘടനകളുടെകൂടി അഭിപ്രായം തേടിയശേഷം നടപ്പാക്കണമെന്നും കോടതി നിര്‍ദേശിച്ചു.

പ്ലസ് ടു പരീക്ഷയില്‍ 82.95 ശതമാനം വിജയം. റെഗുലര്‍ വിഭാഗത്തില്‍ പരീക്ഷ എഴുതിയ 3,76,135 വിദ്യാര്‍ത്ഥികളില്‍ 3,12,005 പേര്‍ വിജയിച്ചു. 33,915 പേര്‍ എല്ലാ വിഷയങ്ങളിലും എ പ്ലസ് നേടി. ഇത്തവണ വിജയശതമാനം 0.92 ശതമാനം കുറഞ്ഞു. സര്‍ക്കാര്‍ സ്‌കൂളുകളില്‍ 79.19 ശതമാനമാണു വിജയം. എയ്ഡഡ് സ്‌കൂളുകളില്‍ 86.31 ശതമാനവും അണ്‍ എയ്ഡഡ് സ്‌കൂളുകളില്‍ 82.70 ശതമാനവും വിജയം നേടി. ടെക്‌നിക്കല്‍ ഹയര്‍ സെക്കന്‍ഡറിയില്‍ 75.30 ശതമാനം വിജയം. 98 വിദ്യാര്‍ത്ഥികള്‍ക്ക് എല്ലാ വിജയങ്ങള്‍ക്കും എ പ്ലസ് ലഭിച്ചു. കലാമണ്ഡലത്തിലെ വിജയശതമാനം 89.06 ആണ്. സേ ഇംപ്രൂവ്‌മെന്റ് പരീക്ഷ ജൂണ്‍ 21 മുതല്‍ നടക്കും.

സംസ്ഥാനത്ത് ഫയല്‍ നീക്കത്തിനു വേഗം പോരെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കേരളത്തെ സമ്പൂര്‍ണ ഇ ഗവേണ്‍ന്‍സ് സംസ്ഥാനമായി പ്രഖ്യാപിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. അടിസ്ഥാന സൗകര്യ വികസനതലത്തിലും പ്രവര്‍ത്തനതലത്തിലും വിനിയോഗതലത്തിലും കാര്യക്ഷമമായി ഇടപെട്ട് ഇ-ഗവേര്‍ണന്‍സ് സംവിധാനങ്ങളെ പൂര്‍ണതയിലേക്ക് എത്തിക്കാനുള്ള നടപടികളാണ് സര്‍ക്കാര്‍ സ്വീകരിക്കുന്നത്. മുഖ്യമന്ത്രി പറഞ്ഞു.

തിങ്കളാഴ്ച വരെ സംസ്ഥാനത്ത് ഇടിമിന്നലോടുകൂടിയ മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യത.
കേരള, ലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യബന്ധനത്തിന് പോകരുതെന്നും മുന്നറിയിപ്പ്.

ചെയ്യാത്ത ജോലിക്ക് കരാറുകാരനു പണം നല്‍കിയ പൊതുമരാമത്ത് വകുപ്പ് എന്‍ജിനിയര്‍മാരെ സസ്‌പെന്‍ഡു ചെയ്തു. മല്ലശേരി – പ്രമാടം റോഡിന്റെ പണിയിലണ് കൃത്രിമം കണ്ടെത്തിയത്. പത്തനംതിട്ട പൊതുമരാമത്ത് വകുപ്പ് അസിസ്റ്റന്റ് എന്‍ജിനീയര്‍ അഞ്ജു സലിം, അസിസ്റ്റന്റ് എക്‌സിക്യുട്ടീവ് എഞ്ചിനീയര്‍ ബിനു എന്നിവരെയാണ് സസ്‌പെന്റ് ചെയ്തത്.

എസ്എഫ്‌ഐ ആള്‍മാറാട്ടക്കേസില്‍ കാട്ടാക്കട ക്രിസ്ത്യന്‍ കോളജില്‍ പൊലീസ് പരിശോധന. കോളജ് യൂണിയന്‍ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട രേഖകള്‍ പൊലിസ് കസ്റ്റഡിയിലെടുത്തു.

വാഴച്ചാല്‍- മലക്കപ്പാറ റൂട്ടില്‍ നാളെ മുതല്‍ ഗതാഗത നിയന്ത്രണം. അറ്റകുറ്റപ്പണികള്‍ നടക്കുന്നതിനാല്‍ ജൂണ്‍ രണ്ടുവരെ സ്വകാര്യ വാഹനങ്ങള്‍ കടത്തിവിടില്ല. കെഎസ്ആര്‍ടിസി സര്‍വീസ് നടത്തും. വാഴച്ചാല്‍ ചെക്കുപോസ്റ്റ് മുതല്‍ മലക്കപ്പാറ ചെക്കുപോസ്റ്റ് വരെയാണ് ഗതാഗത നിയന്ത്രണം.

പന്തീരായിരം രൂപ തരാത്തയാളുടെ പതിനാറുകാരിയായ മകളെ കുത്തിക്കൊന്ന യുവാവ് കുറ്റക്കാരനെന്നു മഞ്ചേരി അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതി. പ്രതിക്കുള്ള ശിക്ഷ നാളെ വിധിക്കും. പശ്ചിമ ബംഗാള്‍ ബര്‍ദ്ധമാന്‍ ഖല്‍ന ഗുഗുഡന്‍ഗ സാദത്ത് ഹുസൈന്‍ (29) ആണ് പ്രതി. കൊല്ലപ്പെട്ട സമീന ഖാത്തൂന്‍(16)യുടെ പിതാവിന്റെ കീഴില്‍ ജോലി ചെയ്തു വരികയായിരുന്നു പ്രതി.

ഇന്‍സ്റ്റഗ്രാമില്‍ പരിചയപ്പെട്ട് വിളിച്ചുവരുത്തി ഹണിട്രാപ്പില്‍ കുടുക്കുന്ന യുവതി അടക്കം രണ്ടുപേര്‍ പിടിയില്‍. കോഴിക്കോട് ചുങ്കം ഫറോക്ക് പോസ്റ്റില്‍ തെക്കേപുരയ്ക്കല്‍ വീട്ടില്‍ ശരണ്യ(20), സുഹൃത്ത് മലപ്പുറം വാഴക്കാട് ചെറുവായൂര്‍ എടവന്നപ്പാറയില്‍ എടശേരിപറമ്പില്‍ വീട്ടില്‍ അര്‍ജുന്‍ (22) എന്നിവരെയാണ് എറണാകുളം സൗത്ത് പൊലീസ് അറസ്റ്റ് ചെയ്തത്. തട്ടിപ്പിന് ഇരയായ അടിമാലി സ്വദേശിയുടെ പരാതിയിലാണു നടപടി.

തമിഴ്‌നാട്ടിലെ ക്ഷീര കര്‍ഷകരില്‍നിന്ന് അമൂല്‍ പാല്‍ സംഭരിക്കരുതെന്ന് ആവശ്യപ്പെട്ട് കേന്ദ്രമന്ത്രി അമിത് ഷായ്ക്ക് തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിന്‍ കത്തയച്ചു. തമിഴ്നാട് സര്‍ക്കാരിന്റെ ഉടമസ്ഥതയിലുള്ള സഹകരണ സ്ഥാപനമായ ആവിന്‍ പാല്‍ സംഭരിക്കുന്ന മേഖലകളിലേക്കുള്ള അമുലിന്റെ കടന്നുകയറ്റം ക്ഷീരമേഖലയ്ക്കു ഗുണകരമല്ലെന്ന് സ്റ്റാലിന്‍ പറഞ്ഞു.

ഡല്‍ഹിയിലെ ഉദ്യോഗസ്ഥരുടെ സ്ഥലമാറ്റം, നിയമനം എന്നിവയ്ക്കു കേന്ദ്ര സര്‍ക്കാര്‍ അതോറിറ്റി രൂപീകരിച്ച
ഓര്‍ഡിനന്‍സിനെതിരെ പിന്തുണ തേടി ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാള്‍ എന്‍സിപി അധ്യക്ഷന്‍ ശരദ് പവാറിനെ കണ്ടു. കൂടിക്കാഴ്ച്ചയില്‍ പ്രതിപക്ഷ ഐക്യവും ചര്‍ച്ചയായി.

പുതിയ പാര്‍ലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടനം ബഹിഷ്‌കരിക്കാനുള്ള പ്രതിപക്ഷ പാര്‍ട്ടികളുടെ തീരുമാനം ശരിയല്ലെന്ന് ബിഎസ്പി അധ്യക്ഷ മായാവതി. കേന്ദ്രസര്‍ക്കാരാണ് പാര്‍ലമെന്റ് നിര്‍മ്മിച്ചത്. ഉദ്ഘാടനം ചെയ്യാന്‍ പ്രധാനമന്ത്രിക്ക് അവകാശമുണ്ട്. വ്യക്തിപരമായ തിരക്കുമൂലം തനിക്കു പങ്കെടുക്കാനാവില്ലെന്നും മായാവതി പറഞ്ഞു.

ആദ്യമശാസ്ത്ര തത്വങ്ങള്‍ വേദങ്ങളിലായിരുന്നെന്ന് ഐഎസ്ആര്‍ഒ ചെയര്‍മാന്‍ എസ്.സോമനാഥ്. വേദങ്ങളില്‍ നിന്നും ലഭിച്ച ശാസ്ത്രതത്വങ്ങള്‍ പിന്നീട് അറബ് രാജ്യങ്ങള്‍ വഴി യൂറോപ്പില്‍ എത്തി. പിന്നീട് ഇവ ശാസ്ത്ര നേട്ടങ്ങളായി പാശ്ചത്യ ശാസ്ത്രജ്ഞര്‍ സ്വന്തമാക്കിയെന്നും എസ്. സോമനാഥ് പറഞ്ഞു. മധ്യപ്രദേശിലെ ഉജ്ജയിനിയിലെ മഹാഋഷി പാണിനി സംസ്‌കൃത വേദ യൂണിവേഴ്‌സിറ്റി ബിരുദദാന ചടങ്ങില്‍ പ്രസംഗിക്കുകയായിരുന്നു എസ്.സോമനാഥ്. ബീജഗണിതം, വര്‍ഗമൂലങ്ങള്‍, സമയത്തെക്കുറിച്ചുള്ള പഠനം, വാസ്തുവിദ്യ, പ്രപഞ്ച ഘടന, ലോഹശാസ്ത്രം, വ്യോമയാനം എന്നിവയെല്ലാം ആദ്യം പരാമര്‍ശിച്ചത് വേദങ്ങളിലാണെന്നും അദ്ദേഹം വിശദീകരിച്ചു.

സാമുദായിക സംഘര്‍ഷങ്ങള്‍ തുടരുന്ന മണിപ്പൂരിലേക്ക് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. മൂന്നു ദിവസം അവിടെ തങ്ങും. സമാധാന ശ്രമങ്ങള്‍ക്കായി കൂടിക്കാഴ്ചകള്‍ നടത്തുമെന്നും അദ്ദേഹം പ്രഖ്യാപിച്ചു.

നമീബിയയില്‍നിന്ന് എത്തിച്ച ചീറ്റ പ്രസവിച്ച ഒരു കുഞ്ഞ് കൂടി ചത്തു. നാലു കുഞ്ഞുങ്ങളില്‍ അവശേഷിച്ച മൂന്നെണ്ണത്തിലൊന്നാണ് ചത്തത്. നേരത്തെ ഒരു കുഞ്ഞ് ചത്തിരുന്നു.

വിമാനവാഹിനിക്കപ്പലായ ഐഎന്‍എസ് വിക്രാന്തില്‍ മിഗ് 29 കെ യുദ്ധവിമാനം രാത്രിയില്‍ കന്നി ലാന്‍ഡിംഗ് നടത്തി. ് ഇന്ത്യന്‍ നേവിയുടെ സുപ്രധാന നാഴികക്കല്ലാണു പിന്നിട്ടത്. ഇന്ത്യ തദ്ദേശീയമായി നിര്‍മിച്ച വിമാനവാഹിനിക്കപ്പലാണ് ഐഎന്‍എസ് വിക്രാന്ത്.

ടിപ്പു സുല്‍ത്താന്റെ വാള്‍ ലണ്ടനില്‍ ലേലത്തില്‍ വിറ്റത് 140 കോടി രൂപയ്ക്ക്. 140 ലക്ഷം പൗണ്ടിനാണ് വാള്‍ വിറ്റുപോയതെന്ന് ലേലം സംഘടിപ്പിച്ച് ബോന്‍ഹാംസ് വെളിപ്പെടുത്തി.

കോവിഡിനേക്കാള്‍ മാരകമായ മഹാമാരി ‘ഡിസീസ് എക്‌സ്’ ലോകത്തെ കീഴടക്കുമെന്ന മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന. രോഗത്തിന്റെ കാരണം തിരിച്ചറിയാത്തതിനാലാണ് ഡിസീസ് എക്‌സ് എന്നു പേരിട്ടിരിക്കുന്നത്.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *