സ്വര്‍ണ്ണക്കടത്തു കേസില്‍ തെളിവുകള്‍ നശിപ്പിച്ചു സ്ഥലംവിട്ടാല്‍ 30 കോടി രൂപ തരാമെന്നും ഇല്ലെങ്കില്‍ കൊന്നു കളയുമെന്നും ഭീഷണിപ്പെടുത്തിയെന്ന് സ്വപ്‌ന സുരേഷ്. പണം തന്നു സത്യത്തെ ഇല്ലാതാക്കാമെന്നു പിണറായി വിജയന്‍ കരുതരുത്. അവസാന ശ്വാസംവരേയും പോരാടും. എന്നെ കൊന്നാലും കുടുംബാംഗങ്ങളും അഭിഭാഷകരും ഈ പോരാട്ടം തുടരും. ഒറ്റ തന്തയ്ക്കു ജനിച്ചവളാണു താന്‍. സ്വപ്‌ന ഫേസ് ബുക്ക് ലൈവില്‍ പറഞ്ഞു. കണ്ണൂരില്‍നിന്നുള്ള വിജയ്പിള്ളയാണ് ഇടനിലക്കാരനായി തന്നെ സമീപിച്ചത്. സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍ തീര്‍ത്തു കളയുമെന്നു വിജയ്പിള്ള ഭീഷണിപ്പെടുത്തി. ബാഗില്‍ മയക്കുമരുന്നോ വിദേശ കറന്‍സികളോ തിരുകിക്കയറ്റി കള്ളക്കേസില്‍ കുടുക്കാന്‍ യൂസഫലിയും ശ്രമിക്കുമെന്നും വിജയന്‍പിള്ള പറഞ്ഞു. മുഖ്യമന്ത്രിക്കെതിരായ തെളിവുകളെല്ലാം കൈമാറി ഹരിയാനയിലേക്കോ രാജസ്ഥാനിലെ ജയ്പൂരിലേക്കോ ആരുമറിയാതെ താമസം മാറ്റണമെന്നാണു ഭീഷണി. സ്വപ്‌ന പറഞ്ഞു.
മാധ്യമത്തിന് അഭിമുഖത്തിനെന്ന പേരിലാണ് വിജയ്പിള്ള തന്നെ സമീപിച്ചതെന്ന് സ്വപ്‌ന സുരേഷ്. ബംഗളൂരുവില്‍ വിജയ് പിള്ള നിര്‍ദേശിച്ച ഹോട്ടലിലാണ് സംസാരിച്ചത്. വിജയ്പിള്ള ആരെന്നു തനിക്ക് അറിയില്ല. വിജയ് പിള്ളയുമായുള്ള സംഭാഷണത്തിന്റെ ചിത്രങ്ങളും ഏതാനും ചില ഓഡിയോയും വീഡിയോയും സ്വപ്‌ന പുറത്തുവിട്ടിട്ടുണ്ട്. കൊച്ചിയില്‍ പ്രവര്‍ത്തിക്കുന്ന വി ജി എന്‍ ഇന്‍ഫോടെക് പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയിലാണ് വിജയ് പിള്ള പ്രവര്‍ത്തിക്കുന്നത്. സ്വപ്‌നയുടെ വെളിപെടുത്തല്‍ സിപിഎമ്മിനെ ഞെട്ടിച്ചിരിക്കുകയാണ്.
രണ്ടു വര്‍ഷത്തിനിടെ സര്‍ക്കാര്‍ ജീവനക്കാര്‍ക്കെതിരെ 150 ഗുരുതരമായ കേസുകളുണ്ടായെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍. ഇതില്‍ മുക്കാല്‍ ഭാഗത്തോളം ബലാത്സംഗം, പീഡനം, പോക്‌സോ എന്നീ കേസുകളാണ്. 59 പോക്‌സോ കേസുകളില്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ പ്രതികളാണ്. സ്‌കൂള്‍ അധ്യാപകര്‍ക്കും ജീവനക്കാര്‍ക്കും എതിരേയാണ് പോക്‌സോ കേസുകളിലധികവും റിപ്പോര്‍ട്ട് ചെയ്തതെന്നും മുഖ്യമന്ത്രി.
ബ്രഹ്‌മപുരം പ്ലാന്റിലെ തീ ഇനിയും അണയ്ക്കാനാകാത്തതില്‍ പ്രതിഷേധിച്ച് യുഡിഎഫ് കൗണ്‍സിലര്‍മാരുടെ നേതൃത്വത്തില്‍ പ്രവര്‍ത്തകര്‍ കൊച്ചി മേയറുടെ വസതിയിലേക്ക് മാര്‍ച്ച് നടത്തി. ‘മേയറെ തേടി’ എന്ന പ്ലക്കാര്‍ഡുമായാണ് മാര്‍ച്ച് നടത്തിയത്.
കൊച്ചി കോര്‍പറേഷന്റെ ദൈനംദിന മാലിന്യ സംസ്‌കരണ കരാറിലും അഴിമതിയെന്ന് മുന്‍ മേയര്‍ ടോണി ചമ്മിണി. സ്റ്റാര്‍ കണ്‍സ്ട്രക്ഷന്‍സിന് കരാര്‍ നല്‍കിയത് കോര്‍പറേഷന്‍ നേരിട്ടാണ്. മാലിന്യ സംസ്‌കരണത്തില്‍ ഒരു പരിചയവുമില്ലാത്ത കമ്പനിക്കാണ് കരാര്‍ നല്‍കിയത്. സിപിഎം നേതാക്കന്മാര്‍ക്കു പണമുണ്ടാക്കാനാണു വഴിവിട്ട കരാറുകളെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
ജയിലിലേക്കു കൊണ്ടുപോകുന്നതിനിടെ പ്രതി ജീപ്പില്‍നിന്ന് ചാടി. തലയ്ക്കു ഗുരുതര പരിക്കേറ്റ വലിയതുറ സ്വദേശി സനു സോണി (30) യെ തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തൃശൂര്‍ നഗരത്തില്‍ ആളുകളെ കത്തികാട്ടി വിരട്ടി ഭീകരാന്തരീക്ഷം സൃഷ്ടിച്ച കേസിലെ പ്രതിയാണ് ഇയാള്‍.
കൊല്ലം അഞ്ചലില്‍ എംഡിഎംഎയുമായി എക്‌സൈസ് ഉദ്യോഗസ്ഥനടക്കം മൂന്നുപേര്‍ പിടിയില്‍. എക്‌സൈസ് ഉദ്യോഗസ്ഥനായ കോട്ടുക്കല്‍ സ്വദേശി അഖില്‍, തഴമേല്‍ സ്വദേശി ഫൈസല്‍, ഏരൂര്‍ സ്വദേശി അല്‍സാബിത്ത് എന്നിവരാണ് അറസ്റ്റിലായത്. ഇവരില്‍നിന്ന് 20 ഗ്രാം എംഡിഎംഎയും 58 ഗ്രാം കഞ്ചാവും പിടിച്ചെടുത്തു.
ഭാര്യയെ വീണ്ടും വിവാഹം ചെയ്ത അഡ്വ. ഷുക്കൂറിന്റെ കാഞ്ഞങ്ങാട്ടെ വീടിനു പൊലീസ് സംരക്ഷണം. ആക്രമിക്കാന്‍ സാധ്യതയുണ്ടെന്ന ഇന്റലിജന്‍സ് റിപ്പോര്‍ട്ടിനെത്തുടര്‍ന്നാണു സംരക്ഷണം ഏര്‍പ്പെടുത്തിയത്. സാമൂഹിക മാധ്യമങ്ങളില്‍ ഷുക്കൂറിനെതിരേ ചിലര്‍ കൊലവിളി മുഴക്കിയിരുന്നു. ‘ന്നാ താന്‍ കേസ് കൊട്’ സിനിമയിലൂടെ പ്രശസ്തനായ നടനും അഭിഭാഷകനുമായ ഷുക്കൂറും ഭാര്യ കണ്ണൂര്‍ സര്‍വകലാശാല നിയമവകുപ്പ് മേധാവി ഷീനയും രണ്ടാമതും വിവാഹിതരായത്
സ്വപ്ന സുരേഷിന്റെ ആരോപണങ്ങളെക്കുറിച്ചു സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍ മറുപടി പറയണമെന്ന് ബിജെപി സംസ്ഥാന സെക്രട്ടറി കെ സുരേന്ദ്രന്‍. ആരാണ് വിജയന്‍ പിള്ള? എന്താണ് 30 കോടി കൊടുക്കാന്‍ പ്രേരിപ്പിച്ച തെളിവ്? സുരേന്ദ്രന്‍ ചോദിച്ചു.
കള്ളനോട്ടു കേസില്‍ അറസ്റ്റിലായ എടത്വ കൃഷി ഓഫീസര്‍ എം. ജിഷമോളെ കൃഷിവകുപ്പില്‍നിന്നു സസ്‌പെന്‍ഡു ചെയ്തു. മറ്റൊരാള്‍ ബാങ്കില്‍ നല്‍കിയ ഏഴു കള്ളനോട്ടുകള്‍ ജിഷമോള്‍ നല്‍കിയതാണെന്ന ആരോപണത്തിന്റെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. വീട്ടില്‍ പരിശോധന നടത്തിയെങ്കിലും കൂടുതല്‍ കള്ളനോട്ട് കണ്ടെത്താനായില്ല. ജിഷമോളെ കള്ളനോട്ടു നല്‍കി മറ്റാരെങ്കിലും കബളിപ്പിച്ചതാണോയെന്നും പരിശോധിക്കുന്നുണ്ട്.
ഓര്‍ത്തഡോക്‌സ്- യാക്കോബായ സഭാ തര്‍ക്കം പരിഹരി്കുന്നതിനുള്ള നിയമത്തിന്റെ കരടിന് എല്‍ഡിഎഫ് അംഗീകാരം നല്‍കി. സുപ്രീം കോടതി വിധിക്ക് എതിരാകാതെ ഇരു സഭകള്‍ക്കും ആരാധനാ സ്വാതന്ത്ര്യം നല്‍കുന്ന ബില്ലാണു തയാറാക്കിയിരിക്കുന്നത്.
ത്രിതലപഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ നാദാപുരം തെരുവന്‍പറമ്പ് ചിയ്യൂരില്‍ പൊലീസുകാരെ ആക്രമിച്ച കേസില്‍ ജാമ്യത്തിലിറങ്ങി മുങ്ങിയ പ്രതിയെ അറസ്റ്റു ചെയ്തു. വിഷ്ണുമംഗലം സ്വദേശി കിഴക്കെ പറമ്പത്ത് കെ പി റഹീസിനെയാണ് (26) നാദാപുരം പൊലീസ് അറസ്റ്റ് ചെയ്തത്.
തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ഡോക്ടര്‍ ഓപറേഷന്‍ തിയേറ്ററില്‍വച്ച് നഴ്‌സിംഗ് അസിസ്റ്ററ്റിനെ ചവിട്ടിയെന്നു പരാതി. ഓര്‍ത്തോ വിഭാഗത്തിലെ ഡോക്ടര്‍ക്കെതിരെയാണ് പരാതി. ജീവനക്കാര്‍ സൂപ്രണ്ടിന്റെ ഓഫീസിനു മുന്നില്‍ പ്രതിഷേധിച്ചു. പിന്നീട് ഒത്തുതീര്‍പ്പായതോടെ പരാതി പിന്‍വലിച്ചു.
തിരുവനന്തപുരം ചേങ്കോട്ടുകോണത്ത് വിദ്യാര്‍ത്ഥിനിയെ മര്‍ദിച്ച മൂന്നുപേരെ പോലീസ് തെരയുന്നു. മര്‍ദനമേറ്റ പെണ്‍കുട്ടിയെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഉംറ നിര്‍വഹിക്കാന്‍ സൗദി അറേബ്യയിലെത്തിയ മലയാളി യുവതി മദീനയില്‍ അന്തരിച്ചു. മലപ്പുറം പള്ളിക്കല്‍ ബസാര്‍ പരുത്തിക്കോട് സ്വദേശിനി അമ്പലങ്ങാടന്‍ വീട്ടില്‍ നസീറ (36) ആണ് മരിച്ചത്.
തെരഞ്ഞെടുപ്പിനു ബിജെപിക്ക് അനുകൂലമായി കളമൊരുക്കാനാണ് ആദ്യം എന്‍ഫോഴ്‌സ്‌മെന്റിനേയും സിബിഐയേയും മോദി അയക്കുന്നതെന്ന് തെലങ്കാന മുഖ്യമന്ത്രിയുടെ മകളും ബിആര്‍എസ് നേതാവുമായ കെ കവിത. വനിത എന്ന നിലയിലല്‍ വീട്ടില്‍ വന്നു മൊഴി എടുക്കണമെന്ന ചട്ടം പാലിക്കാന്‍ എന്‍ഫോഴ്‌സ്‌മെന്റ് തയാറല്ലെന്നും കവിത.
പെരിയാറിന്റെ ഓര്‍മകള്‍ ഉള്ളിടത്തോളം നരേന്ദ്ര മോദിക്കോ ആര്‍എസ്എസിനോ തെന്നിന്ത്യയിലേക്കു കടക്കാനാകില്ലെന്ന് ജിഗ്‌നേഷ് മേവാനി. ചെന്നൈയില്‍ മുസ്ലീം ലീഗ് പ്ലാറ്റിനം ജൂബിലി സമ്മേളനത്തില്‍ സംസാരിക്കുകായിരുന്നു അദ്ദേഹം. രാജ്യത്തിന്റെ മതേതര സ്വഭാവം ചോദ്യം ചെയ്യപ്പെടുന്നു. ഇഡിയും സിബിഐയും അടക്കമുള്ള ഭരണഘടനാ സ്ഥാപനങ്ങളെ ആര്‍എസ്എസ് കൈയടക്കി. രാഷ്ട്രീയ എതിരാളികളെ നേരിടാനുള്ള ഉപകരണങ്ങളാക്കിയെന്നും അദ്ദേഹം ആരോപിച്ചു.
നാഗ്പൂര്‍ നഗരത്തിലെ ഫുട്പാത്തുകളില്‍ ഭിക്ഷാടനം നിരോധിച്ചു. നാഗ്പൂര്‍ പൊലീസാണ് നിരോധന ഉത്തരവിറക്കിയത്. ഫുട്പാത്തുകളിലും ട്രാഫിക് ഇടങ്ങളിലും കൂട്ടംകൂടി നില്‍ക്കരുതെന്നും പോലീസ് ആവശ്യപ്പെട്ടു.