night news hd 20

 

പാര്‍ലമെന്റില്‍ പ്രതിപക്ഷ ശബ്ദം വിലക്കുകയാണെന്നു ജനാധിപത്യം അട്ടിമറിക്കപ്പെടുകയാണെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. കണ്ണൂര്‍ പെരളശ്ശേരിയില്‍ ഇഎംഎസ്, എകെജി അനുസ്മരണ റാലി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കേന്ദ്രസര്‍ക്കാര്‍ രാജ്യത്തെ ഭരണഘടനാ സ്ഥാനങ്ങളെ ആര്‍എസ്എസിന്റെ കൈയില്‍ കൈപ്പിടിയില്‍ ഒതുക്കുകയാണ്. അദ്ദേഹം കുറ്റപ്പെടുത്തി.

കോണ്‍ഗ്രസില്‍ ഡിസിസി, ബ്ലോക്ക് പുനഃസംഘടനക്കായി ഏഴംഗ ഉപസമിതിയെ നിയോഗിച്ചു. കൊടിക്കുന്നില്‍ സുരേഷ് എംപി, അഡ്വ. ടി സിദ്ധിക്ക് എംഎല്‍എ, കെ.സി ജോസഫ്, എ.പി അനില്‍ കുമാര്‍ എംഎല്‍എ, ജോസഫ് വാഴക്കന്‍, അഡ്വ കെ ജയന്ത് , അഡ്വ. എം ലിജു എന്നിവരാണ് ഉപസമിതി അംഗങ്ങള്‍. ജില്ലകളില്‍ നിന്ന് പുനഃസംഘടനാ സമിതി കെപിസിസിക്കു കൈമാറിയ ഡിസിസി ഭാരവാഹികളുടെയും ബ്ലോക്ക് പ്രസിഡന്റുമാരുടെയും ലിസ്റ്റില്‍നിന്ന് അന്തിമ പട്ടിക തയാറാക്കുകയാണ് ഉപസമിതിയുടെ ദൗത്യം.

മാസപ്പിറവി കണ്ടു, കേരളത്തില്‍ റംസാന്‍ വൃതാരംഭം നാളെ മുതല്‍. ഗള്‍ഫ് രാജ്യങ്ങളിലും നാളെയാണ് റംസാന്‍ നോമ്പ് ആരംഭിക്കുന്നത്.

ബ്രഹ്‌മപുരം വിഷയത്തില്‍ വഴിവിട്ട് കരാര്‍ നല്‍കിയതില്‍ മുഖ്യമന്ത്രിയുടെ പങ്കും പരിശോധിക്കണമെന്നും സി ബി ഐ അന്വേഷണം വേണമെന്നും ബിജെപി നേതാവും മുന്‍ കേന്ദ്ര മന്ത്രിയുമായ പ്രകാശ് ജാവദേക്കര്‍. കേരളത്തില്‍ സംഭവിച്ചത് വലിയ ഒരു പരിസ്ഥിതി ദുരന്തമാണ്. അട്ടിമറി അടക്കമുള്ള കാര്യങ്ങള്‍ അന്വേഷിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

പദ്മ പുരസ്‌കാരം രാഷ്ട്രപതി ദ്രൗപദി മുര്‍മുവില്‍ നിന്ന് നാല് മലയാളികളും ഏറ്റുവാങ്ങി. 80 വര്‍ഷമായി ഗാന്ധിയന്‍ ആശങ്ങളുടെ പ്രചാരകനായ കണ്ണൂര്‍ ഗാന്ധി വി പി അപ്പുക്കുട്ടന്‍ പൊതുവാള്‍, ചരിത്രകാരന്‍ സി ഐ ഐസക്, കളരി ഗുരുക്കള്‍ എസ് ആര്‍ ഡി പ്രസാദ്, വയനാട്ടിലെ കര്‍ഷകനും നെല്ല് വിത്ത് സംരക്ഷകനുമായ ചെറുവയല്‍ കെ രാമന്‍ എന്നീവര്‍ക്കാണ് പദ്മ പുരസ്‌കാരം സമ്മാനിച്ചത്.

ചീഫ് സെക്രട്ടറി വി.പി. ജോയ് ജൂലൈയില്‍ വിരമിക്കും. ആഭ്യന്തര അഡീഷണല്‍ ചീഫ് സെക്രട്ടറി ഡോ. വി. വേണു ചീഫ് സെക്രട്ടറിയായേക്കും.

ഉന്നതവിദ്യാഭ്യാസ രംഗത്ത് കേരളവുമായി സഹകരിക്കാന്‍ സന്നദ്ധത അറിയിച്ച് ബ്രിട്ടീഷ് ഡെപ്യൂട്ടി ഹൈക്കമ്മീഷണര്‍ ചന്ദ്രു അയ്യര്‍ മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്തി. മുഖ്യമന്ത്രിയുട ഓഫീസാണ് വിവരം പുറത്തുവിട്ടത്.

കൊവിഡ് വ്യാപനം വര്‍ധിക്കുന്നതിനാല്‍ സംസ്ഥാനത്ത് കൊവിഡ് ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചു. പ്രതിദിന കൊവിഡ് കേസുകളുടെ എണ്ണം 172 ആയി ഉയര്‍ന്നിട്ടുണ്ട്.

തൃശൂര്‍ ഒളരി മദര്‍ ആശുപത്രിയിലെ കുട്ടികളുടെ ഐസിയുവില്‍ തീപിടുത്തം. ഏഴു കുട്ടികളെയും രണ്ടു ഗര്‍ഭിണികളെയും വേഗത്തില്‍ പുറത്തെത്തിക്കാനായതിനാല്‍ വന്‍ ദുരന്തം ഒഴിവായി. കുട്ടികളുടെ ഐസിയു, ഗൈനക്കോളജി വാര്‍ഡുകളിലാണ് പുക പടര്‍ന്നത്.

ഇടുക്കിയിലെ ചിന്നക്കനാല്‍, ശാന്തന്‍പാറ മേഖലയില്‍ വന്‍ നാശമുണ്ടാക്കുന്ന അരിക്കൊമ്പന്‍ എന്ന കാട്ടാനയെ മയക്കുവെടി വച്ചു പിടികൂടാനുള്ള ദൗത്യം ഞായറാഴ്ചത്തേക്കു മാറ്റി. ശനിയാഴ്ച മയക്കുവെടി വയ്ക്കാനാണ് നേരത്തെ തീരുമാനിച്ചിരുന്നത്. കുങ്കിയാനകള്‍ എത്താന്‍ വൈകിയതും പ്ലസ് വണ്‍ പരീക്ഷകള്‍ നടക്കുന്നതും മൂലമാണ് തീയതി മാറ്റിയത്. ഞായറാഴ്ച പ്രദേശത്ത് നിരോധനാജ്ഞ പ്രഖ്യാപിക്കും.

മൂന്നു ദിവസമായി അവധിയിലായിരുന്ന സിവില്‍ പൊലീസ് ഉദ്യോഗസ്ഥനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. പാലക്കാട് ശ്രീകൃഷ്ണപുരം സ്റ്റേഷനിലെ സുമേഷിനെയാണ് (39) അരിമണി എസ്റ്റേറ്റിലെ ഷെഡില്‍ മരിച്ചത്.

അച്ചടക്ക ലംഘനം നടത്തിയ അഞ്ച് ജീവനക്കാരെ കെഎസ്ആര്‍ടിസി സസ്‌പെന്‍ഡ് ചെയ്തു. മദ്യപിച്ച് സര്‍വ്വീസ് നടത്തിയ രണ്ടു ഡ്രൈവര്‍മാര്‍, ടിക്കറ്റില്‍ തിരിമറി നടത്തിയ കണ്ടക്ടര്‍, അമിതവേഗതയില്‍ അപകടം ഉണ്ടാക്കിയ ഡ്രൈവര്‍, മേലുദ്യോഗസ്ഥര്‍ക്കെതിരെ അപകീര്‍ത്തി പ്രചരണം നടത്തിയ കണ്ടക്ടര്‍ എന്നിവരെയാണ് സസ്‌പെന്‍ഡു ചെയ്തത്.

കൈക്കൂലി വാങ്ങി അറസ്റ്റിലായ നഗരസഭാ സെക്രട്ടറിയെ രക്ഷിക്കാന്‍ അമ്പതിനായിരം രൂപ മകന്റെ അക്കൗണ്ടിലേക്കു കൈക്കൂലി വാങ്ങിയ വിജിലന്‍സ് ഡിവൈഎഎസ്പി വേലായുധന്‍ നായരുടെ കഴക്കൂട്ടത്തെ വീട്ടില്‍ വിജിലന്‍സ് പരിശോധന.

കോഴിക്കോട്- പാലക്കാട് ദേശീയ പാതയില്‍ തിരൂര്‍ക്കാട്ട് ബൈക്കുകളും ബസും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ വിദ്യാര്‍ത്ഥിനി മരിച്ച സംഭവത്തില്‍ ബൈക്കോടിച്ച സഹപാഠിയുടെ അറസ്റ്റ് രേഖപ്പെടുത്തി. തൃശൂര്‍ വന്നുക്കാരന്‍ അശ്വിന്‍ (21)നെയാണ് അറസ്റ്റു ചെയ്തത്. എംഇഎസ് മെഡിക്കല്‍ കോളജിലെ വിദ്യാര്‍ത്ഥിനിയായ അല്‍ഫോന്‍സയാണു (22) മരിച്ചത്. ഇരുവരും സഞ്ചരിച്ച ബൈക്ക് വളവില്‍ മറ്റൊരു ബൈക്കിലും ബസിലും ഇടിക്കുകയായിരുന്നു.

ആലുവ മാര്‍ത്താണ്ഡവര്‍മ്മ പാലത്തില്‍നിന്നു പുഴയിലേക്കു ചാടിയ പെണ്‍കുട്ടിയെ രക്ഷിക്കാന്‍ ചാടിയ 17 വയസുകാരന്‍ മരിച്ചു. തായിക്കാട്ടുകര സ്വദേശി ഗൗതമാണ് മരിച്ചത്. പെണ്‍കുട്ടി പരിക്കുകളോടെ രക്ഷപ്പെട്ടു. ആലപ്പുഴ സ്വദേശി അഖിലയാണ് രക്ഷപെട്ടത്.

വീടിന്റെ ടെറസില്‍നിന്ന് വീണ് നരിപ്പറ്റ മീത്തല്‍വയലിലെ മുസ്ലിം യൂത്ത് ലീഗ് പ്രവര്‍ത്തകരന്‍ തെറ്റത്ത് അനസ് (39) മരിച്ചു. ടെറസില്‍ വീണ തേങ്ങ താഴേക്കിടുന്നതിനിടയില്‍ കാല്‍വഴുതി വീഴുകയായിരുന്നു.

വയനാട്ടിലെ മുത്തങ്ങയില്‍ അരക്കിലോയോളം എംഡിഎംഎയുമായി മൂന്ന് യുവാക്കളെ പൊലീസ് അറസ്റ്റ് ചെയ്തു.

സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയെ വീട്ടിലാക്കമെന്നു പറഞ്ഞു വാഹനത്തില്‍ കയറ്റിക്കൊണ്ടുപോയി ലൈംഗികാതിക്രമത്തിനു മുതിര്‍ന്ന 48 കാരന്‍ റിമാന്റിലായി. പാലക്കോട്ട് വയല്‍ പുതുക്കുടി സുനില്‍കുമാറി(48)നെയാണ് കോഴിക്കോട് പോക്‌സോ കോടതി റിമാന്റ് ചെയ്തത്.

സുല്‍ത്താന്‍ ബത്തേരി പൊലീസ് സ്റ്റേഷനില്‍ പീഡനക്കേസ് പ്രതി അലമാരയുടെ ചില്ലില്‍ സ്വയം തല ഇടിച്ചു പരിക്കേല്‍പിച്ചു. അമ്പലവയല്‍ റിസോര്‍ട്ട് പീഡനക്കേസിലെ പ്രതിയായ മീനങ്ങാടി സ്വദേശി ലെനിനെ തെളിവെടുപ്പിന് എത്തിച്ചപ്പോഴാണ് സംഭവം. വ്യക്തിവൈരാഗ്യംമൂലം പോലീസ് മര്‍ദിച്ചതാണെന്ന് പ്രതി മാധ്യമങ്ങളോടു വിളിച്ചു പറഞ്ഞു. തമിഴ്‌നാട് അമ്പലമൂലയില്‍ മൂന്നു പേരെ കൊന്ന കേസിലെ പ്രതിയാണ് ലെനിന്‍.

കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പീഡനത്തിനിരയായ യുവതിയെ വനിതാ കമ്മീഷന്‍ അധ്യക്ഷ അഡ്വ. പി സതീദേവി സന്ദര്‍ശിച്ചു. ഓപ്പറേഷന്‍ സമയത്തും തിരികെ വാര്‍ഡിലേക്കു മാറ്റുമ്പോഴും രോഗികളായ സ്ത്രീകള്‍ക്ക് വനിതാ ജീവനക്കാരുടെ സേവനം ലഭ്യമാക്കണമെന്ന് കമ്മീഷന്‍ പറഞ്ഞു.

ജഡ്ജിമാരുടെ നിയമനം വൈകുന്നതില്‍ കേന്ദ്രസര്‍ക്കാരിനെതിരെ സുപ്രീംകോടതി കൊളീജിയം. ആവര്‍ത്തിച്ച് ശുപാര്‍ശ ചെയ്ത പേരുകള്‍ പോലും അംഗീകരിക്കാതെ പിടിച്ചുവച്ചിരിക്കുകയാണ്. ഇത് അംഗീകരിക്കാനാവില്ല. അഞ്ച് ജില്ലാ ജഡ്ജിമാരെ മദ്രാസ് ഹൈക്കോടതി ജഡ്ജിമാരാക്കാന്‍ ശുപാര്‍ശ ചെയ്ത് പുറപ്പെടുവിച്ച പ്രമേയത്തിലാണ് കൊളീജിയത്തിന്റെ വിമര്‍ശനം. മദ്രാസ് ഹൈക്കോടതിയിലേക്ക് അഭിഭാഷകനായ ആര്‍ ജോണ്‍ സത്യന്റെ പേര് വീണ്ടും ശുപാര്‍ശ ചെയ്തിരുന്നെന്നും പ്രമേയത്തില്‍ ചൂണ്ടിക്കാട്ടുന്നു.

ഡല്‍ഹിയിലെ ബിട്ടീഷ് ഹൈക്കമ്മീഷണര്‍ ഓഫീസിനു മുന്നിലെ സുരക്ഷ ഇന്ത്യ പിന്‍വലിച്ചു. ഹൈക്കമ്മീഷണറുടെ വസതിക്ക് മുന്നിലെ സുരക്ഷ കുറ്ക്കുകയും ചെയ്തു. പഞ്ചാബില്‍ അമൃത്പാല്‍ സിംഗിനെതിരായ പൊലീസ് നടപടികളില്‍ പ്രതിഷേധിച്ച് ലണ്ടനിലെ ഇന്ത്യന്‍ ഹൈക്കമ്മീഷണര്‍ ഓഫീസില്‍ ഖലിസ്ഥാന്‍ വാദികള്‍ അക്രമിച്ചിരുന്നു. ഇവരെ പിടികൂടാത്തതില്‍ പ്രതിഷേധിച്ചാണ് സുരക്ഷ പിന്‍വലിച്ചത്.

ഡല്‍ഹിയില്‍ വീണ്ടും ഭൂചലനം. റിക്ടര്‍ സ്‌കെയിലില്‍ 2.7 തീവ്രത രേഖപ്പെടുത്തി. പശ്ചിമ ഡല്‍ഹി മേഖലയാണ് ഭൂചലനത്തിന്റെ പ്രഭവ കേന്ദ്രം.

തമിഴ്‌നാട് കാഞ്ചീപുരം കുരുവിമലയ്ക്ക് സമീപം പടക്കശാലയിലുണ്ടായ സ്ഫോടനത്തില്‍ എട്ടു പേര്‍ മരിച്ചു. പതിനഞ്ചിലേറെ പേര്‍ക്കു പൊള്ളലേറ്റു. പുറത്ത് ഉണങ്ങാനിട്ട പടക്കങ്ങളിലേക്ക് തീ പടരുകയായിരുന്നു. നരേന്ദ്രകുമാറിന്റെ ഉടമസ്ഥതയിലുള്ള പടക്കശാലയില്‍ നാല്‍പ്പതിലേറെപ്പേര്‍ ജോലി ചെയ്തിരുന്നു.

രാജ്യത്തെ 12 വിമാനത്താവളങ്ങള്‍കൂടി കോടീശ്വരനായ ഗൗതം അദാനിയുടെ അദാനി എയര്‍പോര്‍ട്ട്‌സ് ഏറ്റെടുക്കും. ഈ വര്‍ഷം രാജ്യത്ത് കൂടുതല്‍ വിമാനത്താവളങ്ങള്‍ക്കായി ലേലം വിളിക്കുമെന്ന് ചീഫ് എക്സിക്യൂട്ടീവ് അരുണ്‍ ബന്‍സാല്‍ പറഞ്ഞു. ഇതിനകം ആറു വിമാനത്താവളങ്ങള്‍ പ്രവര്‍ത്തിപ്പിക്കാനുള്ള കരാറാണ് അദാനി എയര്‍പോര്‍ട്ട്‌സ് നേടിയത്.

അടുത്ത വര്‍ഷം തെരഞ്ഞെടുപ്പു നടക്കാനിരിക്കേ, പ്രധാനമന്ത്രി നരേന്ദ്ര മോദി സ്വന്തം മണ്ഡലമായ വാരാണസിയില്‍ 1,780 കോടി രൂപയുടെ പദ്ധതികളുടെ പ്രഖ്യാപനം വെള്ളിയാഴ്ച എത്തും. രാവിലെ 10.30ന് രുദ്രാകാശ് കണ്‍വെന്‍ഷന്‍ സെന്ററില്‍ ഏകലോക ക്ഷയരോഗ ഉച്ചകോടിയെ പ്രധാനമന്ത്രി അഭിസംബോധന ചെയ്യും. ഉച്ചയ്ക്ക് 12 ന് സമ്പൂര്‍ണാനന്ദ സംസ്‌കൃത സര്‍വകലാശാല ഗ്രൗണ്ടിലാണ് 1780 കോടിയിലധികം രൂപയുടെ വിവിധ പദ്ധതികളുടെ സമര്‍പ്പണവും തറക്കല്ലിടലും പ്രധാനമന്ത്രി നിര്‍വഹിക്കും.

റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിന്റെ വിമര്‍ശകനും യുക്രെയിന്‍ അധിനിവേശത്തിനിടെ പ്രചാരം നേടിയ ‘അക്വാ ഡിസ്‌കോ’ ഗാനമൊരിക്കിയ പോപ് ഗായകനുമായ ദിമ നോവയെ മരിച്ച നിലയില്‍ കണ്ടെത്തി. വോള്‍ഗ നദി മറികടക്കാന്‍ ശ്രമിക്കുന്നതിനിടെ മുങ്ങിമരിച്ച നിലയിലാണ് നോവയെ കണ്ടെത്തിയത്.

 

 

 

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *