night news hd 16

 

തിങ്കളാഴ്ച ഡല്‍ഹി രാംലീല മൈതാനിയില്‍ കിസാന്‍ മഹാപഞ്ചായത്ത്. കര്‍ഷക സംഘടനകളുടെ നേതൃത്വത്തിലാണു പരിപാടി. ഒരു വര്‍ഷം നീണ്ട കര്‍ഷക സമരത്തിനൊടുവില്‍ കേന്ദ്രസര്‍ക്കാര്‍ നല്‍കിയ വാഗ്ദാനങ്ങളില്‍ വിശ്വസിച്ചു സമരം നിര്‍ത്തിയതാണ്. പക്ഷേ മൂന്നു വര്‍ഷമായിട്ടും വാഗ്ദാനങ്ങളൊന്നും നടപ്പാക്കാത്തതില്‍ പ്രതിഷേധിച്ചാണ് വീണ്ടും സമരകാഹളവുമായി കര്‍ഷകര്‍ സംഗമിക്കുന്നത്. താങ്ങുവില, എംഎസ്പി പാനല്‍ രൂപീകരിക്കല്‍, കര്‍ഷകര്‍ക്കെതിരായ കേസുകള്‍ പിന്‍വലിക്കല്‍ തുടങ്ങിയ കാര്യങ്ങള്‍ ഉന്നയിച്ചാണു സമരം.

മോദി സര്‍ക്കാര്‍ ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയെ കോര്‍പറേറ്റുകള്‍ക്കു പണയപ്പെടുത്തുകയാണെന്ന് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. ഭരണഘടനയുടെ അടിസ്ഥാന സ്തംഭങ്ങള്‍ക്കെതിരേയാണു മോദി ആക്രമണം നടത്തുന്നത്. വിമര്‍ശിക്കുന്നവരെ ദേശവിരുദ്ധരായി മുദ്രകുത്തുന്നത് അപകടകരമാണ്. സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്റെ നേതൃത്വത്തില്‍ നടന്ന ജനകീയ പ്രതിരോധ ജാഥയുടെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

പുതിയ അധ്യയന വര്‍ഷം ഈ മാസംതന്നെ തുടങ്ങുന്നത് സിബിഎസ്ഇ വിലക്കി. ഏപ്രില്‍ മുതല്‍ മാര്‍ച്ച് വരെയാണ് സിബിഎസ്ഇ സ്‌കൂളുകളില്‍ അധ്യയനവര്‍ഷം. കേരളത്തിലടക്കം പല സ്‌കൂളുകളിലും ഏപ്രില്‍ ഒന്നിനു മുന്‍പ് ക്ലാസ് തുടങ്ങാനിരിക്കേയാണ് സിബിഎസ്ഇ സെക്രട്ടറി അനുരാഗ് ത്രിപാഠി കര്‍ശന നിര്‍ദ്ദേശം നല്‍കിയത്.

പോപ്പുലര്‍ ഫ്രണ്ട് ചെയര്‍മാന്‍ ഒ എം എ സലാം അടക്കം പോപ്പുലര്‍ ഫ്രണ്ടിന്റെ പന്ത്രണ്ട് ദേശീയ നേതാക്കള്‍ക്കെതിരെ എന്‍ഐഎ കുറ്റപത്രം സമര്‍പ്പിച്ചു. രാജ്യത്ത് ഇസ്ലാമിക ഭരണത്തിനായി സായുധ കലാപത്തിനു സംഘങ്ങളെ രൂപീകരിച്ചെന്നാണ് ആരോപണം. പോപ്പുലര്‍ ഫ്രണ്ട് നിരോധനവുമായി ബന്ധപ്പെട്ട് എന്‍ഐഎ സമര്‍പ്പിക്കുന്ന അഞ്ചാമത്തെ കുറ്റപത്രമാണിത്.

കേന്ദ്ര സര്‍ക്കാരിന്റെ നവലിബറല്‍ സാമ്പത്തിക നയങ്ങള്‍ ജനജീവിതത്തെ ദുരിതപൂര്‍ണമാക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കര്‍ഷകരുടെ ലോംഗ് മാര്‍ച്ച് അടക്കമുള്ള ജനകീയ സമരങ്ങളിലുണ്ടാകുന്ന വര്‍ദ്ധിച്ച ജനപങ്കാളിത്തം മുതലാളിത്ത ഭരണകൂടത്തെ ഭയപ്പെടുത്തുന്നുണ്ട്. ഒരുവര്‍ഷം നീണ്ട കര്‍ഷകസമരത്തിന്റെ വിജയവും കഴിഞ്ഞ വര്‍ഷങ്ങളിലുണ്ടായ 21 ദേശീയ പണിമുടക്കുകളും കേന്ദ്ര സര്‍ക്കാരിനെ സമ്മര്‍ദത്തിലാക്കിയെന്നും പിണറായി വിജയന്‍.

കോര്‍പ്പറേഷന്റെ ഭാഗം കേള്‍ക്കാതെയാണ് ദേശീയ ഹരിത ട്രൈബ്യൂണല്‍ ബ്രഹ്‌മപുരം തീ പിടുത്തത്തിന്റെ പേരില്‍ നൂറു കോടി രൂപ പിഴശിക്ഷ വിധിച്ച് ഉത്തരവിറക്കിയതെന്ന് കൊച്ചി മേയര്‍ എം അനില്‍ കുമാര്‍. തീപിടിത്തംമൂലമുണ്ടായ നഷ്ടം കണക്കാക്കാതെയാണ് 100 കോടി രൂപ പിഴ വിധിച്ചതെന്നും അനില്‍ കുമാര്‍ കുറ്റപ്പെടുത്തി.

ബ്രഹ്‌മപുരം തീ പിടുത്തത്തിനു ദേശീയ ഹരിത ട്രൈബ്യൂണല്‍ കൊച്ചി കോര്‍പ്പറേഷനു വിധിച്ച 100 കോടി രൂപയുടെ പിഴ ശിക്ഷ ജനങ്ങളുടെ തലയില്‍ കെട്ടിവയ്ക്കാതെ മേയറും ഉദ്യോഗസ്ഥരും മന്ത്രിമാരും അടക്കമുള്ളവരില്‍നിന്ന് ഈടാക്കണമെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രന്‍. സംഭവത്തില്‍ സംസ്ഥാന സര്‍ക്കാരാണ് ഒന്നാം പ്രതി. കൊച്ചി കോര്‍പ്പറേഷന്‍ ഭരണസമിതി പിരിച്ചുവിടണമെന്നും സുരേന്ദ്രന്‍ ആവശ്യപ്പെട്ടു.

ഭൂകമ്പംമൂലം തകര്‍ന്ന തുര്‍ക്കിയിലെ ജനങ്ങള്‍ക്കു കേരളത്തിന്റെ സഹായമായി 10 കോടി രൂപ അനുവദിച്ചെന്ന് ധനകാര്യ മന്ത്രി കെ എന്‍ ബാലഗോപാല്‍. ഭൂകമ്പബാധിതരായ തുര്‍ക്കി ജനതയെ സഹായിക്കാന്‍ സംസ്ഥാന ബജറ്റില്‍ പ്രഖ്യാപിച്ചിരുന്നതാണ് ഈ തുക.

മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്റായി സാദിഖ് അലി തങ്ങളും ജനറല്‍ സെക്രട്ടറിയായി പിഎംഎ സലാമും ട്രഷററായി സി ടി അഹമ്മദ് അലിയും തുടരും. കോഴിക്കോടു ചേര്‍ന്ന യോഗത്തിലാണു തീരുമാനം.

രണ്ടു ദിവസം വേനല്‍മഴയ്ക്കു സാധ്യത. ഇടിമിന്നലോടു കൂടിയ മഴ പെയ്യുമെന്നാണു മുന്നറിയിപ്പ്.

തിരുവനന്തപുരം ലോ കോളേജില്‍ കെഎസ്‌യു കൊടികള്‍ കൂട്ടിയിട്ട് കത്തിച്ച 24 എസ്എഫ്‌ഐ പ്രവര്‍ത്തകരുടെ സസ്‌പെന്‍ഷന്‍ പിന്‍വലിക്കേണ്ടെന്ന് പിടിഎ യോഗം തീരുമാനിച്ചു. സംഘര്‍ഷം അവസാനിപ്പിക്കാന്‍ തിങ്കളാഴ്ച ഇരു വിദ്യാര്‍ത്ഥി സംഘടനകളുടേയും യോഗം പ്രിന്‍സിപ്പാള്‍ വിളിച്ചു. പിടിഎ പ്രതിനിധികളും പങ്കെടുക്കും. സസ്‌പെന്‍ഷന്‍ പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് 21 അധ്യാപകരെ പത്തു മണിക്കൂര്‍ പൂട്ടിയിട്ടതിന് 60 എസ്എഫ്‌ഐക്കാര്‍ക്കെതിരേ പോലീസ് കേസെടുത്തിട്ടുണ്ട്.

പാലക്കാട് കല്ലേപ്പുള്ളി മില്‍മ പ്ലാന്റില്‍ അമോണിയം വാതക ചോര്‍ച്ച. വാതകം ശ്വസിച്ച് കുട്ടികള്‍ക്കു ദേഹാസ്വാസ്ഥ്യം ഉണ്ടായി. നേരിയ തോതില്‍ ഉണ്ടായ ചോര്‍ച്ച പരിഹരിച്ചെന്നാണ് മില്‍മയുടെ വിശദീകരണം.

തലയ്ക്കടിച്ചു കൊലപാതകം നടത്തിയ കേസിലെ പ്രതി റിപ്പന്‍ ജയാനന്ദന് മകളുടെ വിവാഹത്തില്‍ പങ്കെടുക്കാന്‍ ഹൈക്കോടതി പരോള്‍ അനുവദിച്ചു. ജയാനന്ദന്റെ ഭാര്യ നല്‍കിയ ഹര്‍ജിയിലാണ് ഉത്തരവ്. വിയ്യൂര്‍ ജയിലില്‍ കഴിയുന്ന ജയാനന്ദന് 15 ദിവസത്തെ പരോള്‍ ആവശ്യപ്പെട്ടാണു ഹൈക്കോടതിയെ സമീപിച്ചത്.

ആര്‍എസ്എസിനോടുള്ള നിലപാടില്‍ ഒരു മാറ്റവും വരുത്തിയിട്ടില്ലെന്ന് മുസ്ലീം ലീഗ് ജനറല്‍ സെക്രട്ടറി പിഎംഎ സലാം. മലപ്പുറത്ത് മുസ്ലിം ലീഗ് എംഎല്‍എയുമായി ചര്‍ച്ച നടത്തിയെന്നും ലീഗിനെ ജനാധിപത്യ പാര്‍ട്ടിയായാണ് കാണുന്നതെന്നും ആര്‍എസ്എസ് നേതാക്കള്‍ കൊച്ചിയില്‍ പറഞ്ഞിരുന്നു. ഇതിനു പിറകേയാണ് മുസ്ലീം ലീഗിന്റെ പ്രതികരണം.

പത്തനംതിട്ട വലഞ്ചുഴിയില്‍ കോണ്‍ഗ്രസ് ജാഥയ്ക്കു നേരെ മുട്ടയെറിഞ്ഞ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍. ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി നടത്തുന്ന ഹാഥ് സേ ഹാഥ് യാത്രക്കെതിരെയാണ് പ്രവര്‍ത്തകര്‍ മുട്ടയെറിഞ്ഞത്. ഡിസിസി ജനറല്‍ സെക്രട്ടറി എം സി ഷെരീഫിന്റെ നേതൃത്വത്തിലുള്ള വിഭാഗമാണ് മുട്ട എറിഞ്ഞതെന്നാണ് ആരോപണം.

അക്വേറിയം വൃത്തിയാക്കുന്നതിനിടെ ഷോക്കേറ്റ് മണപ്പുറം സെന്റ് തെരേസാസ് സ്‌കൂള്‍ ആറാം ക്ലാസ് വിദ്യാര്‍ഥി മരിച്ചു. പാണാവള്ളി പഞ്ചായത്ത് അഞ്ചാം വാര്‍ഡ് വളവില്‍ വീട്ടില്‍ ശരത് – സിനി ദമ്പതികളുടെ മകന്‍ അലന്‍ ( ഉണ്ണിക്കുട്ടന്‍- 11 ) ആണ് മരിച്ചത്.

നടി മോളി കണ്ണമാലിയുടെ ജപ്തി ഭീഷണി നേരിടുന്ന പുരയിടം വീണ്ടെടുക്കാന്‍ സഹായിച്ച് ഫിറോസ് കുന്നംപറമ്പില്‍. മോളിയുടെ വീടിന്റെ ആധാരം ഫിറോസ് തിരിച്ചെടുത്തിനല്‍കി.

ജമ്മു കാഷ്മീരിലെ ഡ്യൂട്ടിയില്‍നിന്ന് അവധിയെടുത്തു നാട്ടിലേക്കു ട്രെയിന്‍ മാര്‍ഗം വരികയായിരുന്ന സൈനികന്‍ ട്രെയിനില്‍ കുഴഞ്ഞുവീണു മരിച്ചു. മുതുകുളം വടക്ക് സുനില്‍ ഭവനത്തില്‍ സുനില്‍കുമാറാ (42)ണ് മരിച്ചത്. തെലങ്കാനയിലെ വാറംഗലില്‍ ട്രെയിന്‍ എത്തിയപ്പോഴായിരുന്നു മരണം.

പശ്ചിമബംഗാളില്‍ നദിയില്‍ സ്വര്‍ണം കണ്ടെത്തിയെന്നു പ്രചരിച്ചതിനെത്തുടര്‍ന്ന് സ്വര്‍ണം ശേഖരിക്കാന്‍ ഗ്രാമവാസികളുടെ തിരക്ക്. ബിര്‍ഭും ജില്ലയിലെ ബന്‍സ്ലോയ് നദിയുടെ തീരത്താണ് സ്വര്‍ണം ശേഖരിക്കാനായി ആളുകള്‍ മണ്ണു വാരി അരിച്ചുകൊണ്ട് തിരക്ക് കൂട്ടുന്നത്.

ഖലിസ്ഥാന്‍ വിഘടനവാദി നേതാവ് അമൃത്പാല്‍ സിംഗിനെ പഞ്ചാബ് പൊലീസ് അറസ്റ്റ് ചെയ്തു. നാടകീയ നീക്കങ്ങള്‍ക്കൊടുവില്‍ ജലന്ധറില്‍ വച്ചാണ് പിടികൂടിയത്. ഇയാളുടെ ആറ് അനുയായികളെയും പൊലീസ് പിടികൂടി.

കാഷ്മീര്‍ തീവ്രവാദ റിക്രൂട്ട്മെന്റ് കേസില്‍ കേരള ഹൈക്കോടതി വിധിച്ച ശിക്ഷ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പന്ത്രണ്ടാം പ്രതി സുപ്രീം കോടതിയില്‍. കളമശേരി സ്വദേശി ഫിറോസാണ് അപ്പീല്‍ സമര്‍പ്പിച്ചത്. തീവ്രവാദ റിക്രൂട്ട്‌മെന്റില്‍ പങ്കില്ലെന്നാണ് ഇയാളുടെ വാദം.

ഓസ്‌കാര്‍ പുരസ്‌കാരം നേടി തിരിച്ചെത്തിയ ആര്‍ആര്‍ആര്‍ സിനിമയുടെ ആഹ്ലാദവുമായി രാം ചരണും മെഗസ്റ്റാര്‍ ചിരഞ്ജീവിയും ഡല്‍ഹിയില്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുമായി കൂടികാഴ്ച നടത്തി.

ആഗോള ഭീകരതാ സൂചികയില്‍ തീവ്രവാദം ഏറ്റവും കൂടുതലുള്ള രാജ്യങ്ങളുടെ പട്ടികയില്‍ അഫ്ഗാനിസ്ഥാന്‍ ഒന്നാം സ്ഥാനം നിലനിര്‍ത്തി. പാകിസ്ഥാന് ആറാം സ്ഥാവും ഇന്ത്യക്കു 13 ാം സ്ഥാനവുമാണ്. ഗ്ലോബല്‍ ടെററിസം ഇന്‍ഡക്‌സിന്റെ ഏറ്റവും പുതിയ റിപ്പോര്‍ട്ടനുസരിച്ച് 2022 ല്‍ അഫ്ഗാനിസ്ഥാനില്‍ ഭീകരതയുമായി ബന്ധപ്പെട്ട് 866 പേര്‍ കൊല്ലപ്പെട്ടു.

പാകിസ്ഥാന്‍ മുന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ ഇസ്ലാമാബാദ് കോടതിയില്‍ ഹാജരായി. കോടതി വളപ്പിലും ഇമ്രാന്‍ഖാന്റെ ലാഹോറിലെ വസതിക്കു ചുറ്റും പൊലീസും പാര്‍ട്ടി പ്രവര്‍ത്തകരും തമ്മില്‍ ഏറ്റുമുട്ടി. കോടതി പരിസരത്തായിരുന്നു വന്‍ സംഘര്‍ഷം അരങ്ങേറിയത്. ഇമ്രാന്റെ വസതിയിലേക്ക് പോലീസ് ഇരച്ചുകയറി റെയ്ഡ് നടത്തി. തടയാന്‍ ശ്രമിച്ച പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കുനേരെ ലാത്തിച്ചാര്‍ജ് നടത്തി. കോടതി പരിസരത്ത് കണ്ണീര്‍വാതകവും പ്രയോഗിച്ചു.

അമേരിക്ക അടക്കമുള്ള സാമ്രാജ്യത്വ ശത്രുക്കള്‍ക്കെതിരെ പോരാടാന്‍ എട്ടു ലക്ഷം യുവാക്കള്‍ സന്നദ്ധ സൈനിക സേവനത്തിന് തയ്യാറാണെന്ന് ഉത്തര കൊറിയ. ശത്രുക്കളെ പൂര്‍ണമായി തുടച്ചുനീക്കുമെന്നും ഇരു കൊറിയകളെയും ഏകീകരിക്കുമെന്നും സന്നദ്ധ പ്രവര്‍ത്തകര്‍ പ്രതിജ്ഞ ചെയ്‌തെന്നും ഉത്തരകൊറിയ മാധ്യമമായ റോഡോംഗ് സിന്‍മ റിപ്പോര്‍ട്ടു ചെയ്തു.

.

 

 

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *