night news hd 8

 

പ്രതിപക്ഷ നേതാവ് വിഡി സതീശനെതിരെ വിജിലന്‍സ് അന്വേഷണം. കേന്ദ്ര സര്‍ക്കാരിന്റെ അനുമതിയില്ലാതെ വിദേശത്തുനിന്നു പുനര്‍ജനി പദ്ധതിക്കു പണം പിരിച്ചെന്ന ആരോപണത്തിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണത്തിന് ഉത്തരവിട്ടത്. പ്രളയത്തിനുശേഷം തന്റെ മണ്ഡലമായ പറവൂരില്‍ സതീശന്റെ നേതൃത്വത്തില്‍ നടപ്പാക്കിയ പദ്ധതിയെ ക്കുറിച്ചാണ് അന്വേഷണം നടത്തുന്നത്.

ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം. അടുത്ത 24 മണിക്കൂറിനുള്ളില്‍ ന്യൂനമര്‍ദ്ദം ശക്തപ്രാപിക്കും. കേരളത്തില്‍ ശക്തമായ മഴയ്ക്കു സാധ്യത.

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും കെപിസിസി മുന്‍ ജനറല്‍ സെക്രട്ടറിയുമായ കെ.കെ എബ്രഹാമിന്റെ വീട്ടില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് റെയ്ഡ്. പുല്‍പ്പള്ളി സര്‍വീസ് സഹകരണ ബാങ്കില്‍ നടന്ന സാമ്പത്തിക ക്രമക്കേടുകളുമായി ബന്ധപ്പെട്ടാണ് റെയ്ഡ്. സഹകരണ ബാങ്കിലെ വായ്പാ തട്ടിപ്പിനെ തുടര്‍ന്ന് കര്‍ഷകനായ രാജേന്ദ്രന്‍ നായര്‍ ആത്മഹത്യ ചെയ്ത സാഹചര്യത്തിലാണ് നടപടി.

സംസ്ഥാനത്തു കോണ്‍ഗ്രസിലെ ചേരിപ്പോര് ഒഴിവാക്കാന്‍ ചര്‍ച്ചയുമായി കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍. ഐ ഗ്രൂപ്പ് നേതാവ് രമേശ് ചെന്നിത്തലയുമായി കെപിസിസി ഓഫീസില്‍ ചര്‍ച്ച നടത്തി. കെപിസിസി പ്രസിഡന്റിനോടു കാര്യങ്ങള്‍ പറഞ്ഞിട്ടുണ്ട്. ഹൈക്കമാന്റിന്റെ ശ്രദ്ധയില്‍ പെടുത്തിയിട്ടുമുണ്ട്. പരിഹാരമുണ്ടാകുമോ എന്ന് നോക്കാം. ചെന്നിത്തല പറഞ്ഞു.

കോണ്‍ഗ്രസിലെ ആഭ്യന്തര തര്‍ക്കം വെറും ചെറിയ കാറ്റാണെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍. എല്ലാ പ്രശ്‌നങ്ങളും പറഞ്ഞ് തീര്‍ക്കും. ഗ്രൂപ്പുകളുടെ സംയുക്ത യോഗത്തെക്കുറിച്ച് അറിയില്ല. ബ്ലോക്ക് പ്രസിഡന്റ് സ്ഥാനത്തേക്കുള്ള പുതിയ നിയമനങ്ങള്‍ ചര്‍ച്ച നടത്തിയാണു നടത്തിയതെന്നും സുധാകരന്‍.

കോണ്‍ഗ്രസ് ബ്‌ളോക്ക് പ്രസിഡന്റുമാരുടെ നിയമനത്തില്‍ നേതൃത്വത്തിനെതിരേ ഉമ്മന്‍ ചാണ്ടിയെ കരുവാക്കരുതെന്ന് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍. എ ഗ്രൂപ്പിലെ ചില നേതാക്കള്‍ ഉമ്മന്‍ചാണ്ടിയെ ബംഗളൂരില്‍ പോയി കണ്ടു ചര്‍ച്ച നടത്തിയിരുന്നു. രോഗാവസ്ഥയില്‍ അദ്ദേഹത്തെ വിവാദത്തിലേക്കു വലിച്ചിഴയ്ക്കരുതെന്നു തിരുവഞ്ചൂര്‍ പറഞ്ഞു.

കെ ഫോണ്‍ പദ്ധതിക്കായി ചൈനയില്‍ നിര്‍മ്മിച്ച ഒപ്റ്റിക്കല്‍ ഫൈബര്‍ കേബിള്‍ വാങ്ങിയത് അസ്വാഭാവികവും ദുരൂഹവുമെന്ന് കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖര്‍. ഇന്ത്യയില്‍ നിരവധി കമ്പനികള്‍ കേബിള്‍ ഉല്‍പാദിപ്പിക്കുന്നുണ്ട്. എന്തിനാണ് ചൈനയില്‍നിന്നു വാങ്ങിയതെന്ന് ഉത്തരവാദികള്‍ വിശദീകരിക്കണം. അദ്ദേഹം പറഞ്ഞു.

എഴുതാത്ത പരീക്ഷ ജയിച്ച സംഭവം എസ്എഫ്‌ഐയെ തകര്‍ക്കാനുള്ള ശ്രമത്തിന്റെ ഭാഗമെന്ന് സിപിഎം സംസ്ഥാന സെക്രട്ടേറിയേറ്റ്. വിഷയത്തില്‍ എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറി പിഎം ആര്‍ഷോ നിരപരാധിയാണെന്ന് യോഗം വിലയിരുത്തി.

പ്രണയത്തില്‍നിന്നു പിന്‍മാറാത്തിന് അമ്പൂരി രാഖിയെ കൊലപ്പെടുത്തിയ കേസില്‍ മൂന്നു പ്രതികള്‍ക്കും ജീവപര്യന്തം തടവ്. അഖില്‍, സഹോദരന്‍ രാഹുല്‍, സുഹൃത്ത് ആദര്‍ശ് എന്നീ മൂന്നു പ്രതികളും നാലു ലക്ഷം രൂപ വീതം പിഴയും ഒടുക്കണം. തിരുവനന്തപുരം സെഷന്‍സ് കോടതിയാണ് ശിക്ഷ വിധിച്ചത്. പിഴ ഒടുക്കിയില്ലെങ്കില്‍ ഒരു വര്‍ഷം അധികം തടവുശി്ഷ അനുഭവിക്കണം. പിഴത്തുക പെണ്‍കുട്ടിയുടെ കുടുംബത്തിന് നല്‍കണം. 2019 ജൂണ്‍ 21 നായിരുന്നു കൊലപാതകം.

പുല്‍പ്പള്ളി ബാങ്ക് വായ്പാ തട്ടിപ്പിനിരയായി ജീവനൊടുക്കിയ രാജേന്ദ്രന്‍ നായരുടെ ആത്മഹത്യാ കുറിപ്പ് കണ്ടെത്തിയെന്നു കുടുംബം. ഒരു ഡയറിയില്‍നിന്ന് കണ്ടെത്തിയ കുറിപ്പില്‍ കെ കെ എബ്രഹാം, സജീവന്‍ കൊല്ലപ്പള്ളി, സുജാത ദിലീപ്, രമാദേവി എന്നിവരുടെ പേരുകള്‍ പരാമര്‍ശിച്ചിട്ടുണ്ടെന്നാണു വിവരം. വീട്ടുകാര്‍ കുറിപ്പ് പോലീസിനു കൈമാറി.

സോളാര്‍ കേസില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയേയും യുഡിഎഫ് നേതാക്കളേയും വേട്ടയാടാന്‍ കൂട്ടുനില്‍ക്കാത്ത ഉദ്യോഗസ്ഥരെ ദ്രോഹിച്ചതിന്റെ കഥയാണ് എഡിജിപി ഹേമചന്ദ്രന്റെ ആത്മകഥയിലൂടെ പുറത്തുവന്നതെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍. അന്നത്തെ സോളാര്‍ അന്വേഷണ സംഘം തലവന്‍ എ ഹേമചന്ദ്രനെ ക്രൈംബ്രാഞ്ച് മേധാവി സ്ഥാനത്തുനിന്ന് അപ്രധാനമായ കെഎസ്ആര്‍ടിസി എംഡി സ്ഥാനത്തേക്കു പിണറായി വിജയന്‍ മാറ്റിയത് സോളാര്‍ കേസില്‍ സത്യസന്ധമായ റിപ്പോര്‍ട്ട് നല്‍കിയതുകൊണ്ടാണെന്ന് സുധാകരന്‍ പറഞ്ഞു.

കണ്ണൂരില്‍ ട്രെയിനില്‍ തീവയ്പു നടത്തിയ പ്രതി കൂടുതല്‍ ബോഗികള്‍ കത്തിക്കാന്‍ ശ്രമിച്ചിരുന്നെന്നു മൊഴി. പ്രതി പ്രസൂണ്‍ ജിത് സിക്ദറാണ് ട്രെയിനിന്റെ 19 ാം കോച്ചും കത്തിക്കാന്‍ ശ്രമിച്ചിരുന്നന്നെന്നും പ്ലാസ്റ്റിക് കുപ്പി കത്തിച്ച് ഈ സീറ്റിലേക്ക് ഇട്ടിരുന്നുവെന്നും മൊഴി നല്‍കിയത്.

തിരുവനന്തപുരം ആര്യന്‍കോട് മരം വീണ്ട് അഞ്ചു തൊഴിലുറപ്പ് തൊഴിലാളികള്‍ക്കു പരിക്കേറ്റു. ഒരാളെ നെയ്യാറ്റിന്‍കര താലൂക്ക് ആശുപത്രിയിലും മറ്റുള്ളവരെ മെഡിക്കല്‍ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു.

കാഞ്ഞിരപ്പള്ളി അമല്‍ ജ്യോതി കോളേജിന് സംരക്ഷണം നല്‍കാന്‍ പൊലീസ് ഹൈക്കോടതി നിര്‍ദ്ദേശം. കോട്ടയം ജില്ലാ പോലീസ് മേധാവി, കാഞ്ഞിരപ്പള്ളി എസ്.എച്ച്.ഒ എന്നിവര്‍ക്കാണ് സുരക്ഷ ഒരുക്കാന്‍ നിര്‍ദേശം നല്‍കിയത്. വിദ്യാര്‍ത്ഥിനി ശ്രദ്ധ സതീഷിന്റെ ആത്മഹത്യയെ തുടര്‍ന്നുള്ള പ്രതിഷേധത്തിന്റെ പശ്ചാത്തലത്തിലാണ് ഉത്തരവ്.

കോണ്‍ഗ്രസില്‍ പുനഃസംഘടന. കേരളത്തില്‍ നിന്നുള്ള പി.സി വിഷ്ണുനാഥിനും എഐസിസി സെക്രട്ടറി മന്‍സൂര്‍ അലി ഖാനും തെലങ്കാനയുടെ ചുമതല നല്‍കി. ഹരിയാന, ഡല്‍ഹി സംസ്ഥാനങ്ങളുടെ ചുമതല എഐസിസി നേതാവ് ദീപക് ബാബരിയക്കാണ്. ശക്തിസിംഗ് ഗോഹിലിനെ ഗുജറാത്ത് പിസിസി അധ്യക്ഷനാക്കി. വി. വൈത്തിലിംഗം പുതുച്ചേരി പിസിസി അധ്യക്ഷനാവും.

ഗവര്‍ണര്‍ക്കെതിരെ കോടതിയെ സമീപിക്കാന്‍ തമിഴ്‌നാട് മുഖ്യമന്ത്രി സ്റ്റാലിന്‍ നിയമ വിദഗ്ധരുടെ അഭിപ്രായം തേടി. ബില്ലുകളില്‍ തീരുമാനം വൈകിക്കുന്നത് അംഗീകരിക്കാനാകില്ല. മുഖ്യമന്ത്രി സര്‍വകലാശാല ചാന്‍സലര്‍ ആകണം എന്നാണ് സര്‍ക്കാര്‍ നിലപാട്. ഗവര്‍ണര്‍ കാരണം ബിരുദദാന ചടങ്ങുപോലും മുടങ്ങിയെന്നും സ്റ്റാലിന്‍ പറയുന്നു.

മണിപ്പൂരില്‍ വീണ്ടും സംഘര്‍ഷം. മൂന്നുപേര്‍ കൊല്ലപ്പെട്ടു. ഒരു സ്ത്രീ അടക്കമുള്ളവരാണ് കൊല്ലപ്പെട്ടത്. ഖോക്കന്‍ ഗ്രാമത്തിലെ വെടിവയപിലാണു മരണം. മണിപ്പൂര്‍ കലാപം അന്വേഷിക്കാന്‍ സിബിഐ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു.

പശ്ചിമബംഗാള്‍ പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസും സിപിഎമ്മും തമ്മില്‍ സഖ്യം. 75,000 ത്തില്‍ പരം സീറ്റുകളിലേക്കാണ് മത്സരം. 2016 ലും 2021 ലും പശ്ചിമ ബംഗാള്‍ നിയമസഭ തെരഞ്ഞെടുപ്പുകളില്‍ ഇരു പാര്‍ട്ടികളും ധാരണയോടെയാണ് മത്സരിച്ചത്.

തമിഴ് നടനും സംവിധായകനുമായ ശരണ്‍ രാജ് വാഹനാപകടത്തില്‍ മരിച്ചു. ചെന്നൈയിലെ കെ കെ നഗറില്‍ മറ്റൊരു നടനായ പളനിയപ്പന്റെ കാറും ശരണിന്റെ ബൈക്കും തമ്മില്‍ കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്.

താന്‍ എച്ച്‌ഐവി ബാധിനതാണെന്നും മരിച്ച 32 കാരി സരസ്വതി മകളെപ്പോലെയായിരുന്നെന്നും മുംബൈയില്‍ ലിവ് ഇന്‍ പാര്‍ട്ണറെ കൊലപ്പെടുത്തിയ പ്രതി മനോജ് സാനെ എന്ന 56 കാരന്‍. അവളെ കൊന്നിട്ടില്ല. വീട്ടിലെത്തുമ്പോള്‍ സരസ്വതി അബോധാവസ്ഥയിലായിരുന്നു. മരിച്ചെന്നു സംശയിച്ചു. വായില്‍ കൃത്രിമശ്വാസം നല്‍കിയെങ്കിലും രക്ഷപ്പെട്ടില്ല. അറസ്റ്റ് ഭയന്ന് മൃതദേഹം വെട്ടിനുറുക്കിയതെന്നും പ്രതി പറഞ്ഞു.

വിവാഹം കഴിക്കണമെന്ന് ആവശ്യപ്പെട്ട കാമുകിയെ കൊലപ്പെടുത്തി പോലീസില്‍ പരാതി നല്‍കിയ വിവാഹിതനായ പൂജാരി അറസ്റ്റിലായി. തെലങ്കാന സ്വദേശിയായ അപ്‌സരയെ കൊലപ്പെടുത്തി മാന്‍ ഹോളില്‍ തള്ളിയ വെങ്കിടസൂര്യ സായ് കൃഷ്ണ എന്ന ബില്‍ഡര്‍ കൂടിയായ പൂജാരിയെയാണു പോലീസ് അറസ്റ്റു ചെയതത്.

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ഈ സാമ്പത്തിക വര്‍ഷം 50,000 കോടി രൂപ കടപ്പത്രങ്ങള്‍ വഴി സമാഹരിക്കും. ദീര്‍ഘകാല ബോണ്ടുകളോ ബേസല്‍ ബോണ്ടുകളോ പോലുള്ള കടപ്പത്രങ്ങള്‍ ഇറക്കിയാണു ധനസമാഹരണം നടത്തുക.

ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് രണ്ടു വര്‍ഷത്തിനകം മനുഷ്യരെ കൊല്ലുമെന്ന മുന്നറിയിപ്പുമായി യുകെ പ്രധാനമന്ത്രി റിഷി സുനകിന്റെ ഉപദേശകന്‍. സൈബര്‍, ജൈവ ആയുധങ്ങള്‍ നിര്‍മ്മിക്കാന്‍ എഐയ്ക്ക് കഴിവുണ്ടെന്നാണ് അഡ്വാന്‍സ്ഡ് റിസര്‍ച്ച് ആന്‍ഡ് ഇന്‍വെന്‍ഷന്‍ ഏജന്‍സിയുടെ ചെയര്‍മാന്‍ കൂടിയായ മാറ്റ് ക്ലിഫോര്‍ഡ് പറയുന്നത്.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *