പ്രകൃതി ദുരന്തങ്ങളും പകര്‍ച്ച വ്യാധികളും നേരിടാന്‍ കേരളത്തിന് ലോക ബാങ്ക് 1,228 കോടി രൂപയുടെ വായ്പ അനുവദിച്ചു. മുമ്പ് അനുവദിച്ച 1250 ലക്ഷം ഡോളറിന്റെ വായ്പയ്ക്കു പുറമേയാണിത്. വെള്ളപ്പൊക്കം, പ്രളയം, തീരശോഷണം തുടങ്ങിയ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കും ആരോഗ്യ മേഖലയിലും ഈ തുക വിനിയോഗിക്കാം.
പ്രധാനമന്ത്രിയെ കാണാന്‍ മണിപ്പൂരില്‍നിന്ന് എത്തിയ പ്രതിപക്ഷ പാര്‍ട്ടി നേതാക്കള്‍ക്കു കൂടിക്കാഴ്ചയ്ക്കുള്ള സമയം അനുവദിക്കാതെ പ്രധാനമന്ത്രി നരേന്ദ്രമോദി. പ്രധാനമന്ത്രിയെ കാണാന്‍ മണിപ്പൂരില്‍നിന്നുള്ള പത്തു പ്രതിപക്ഷ പാര്‍ട്ടികളുടെ നേതാക്കളടങ്ങിയ സംഘം മൂന്നു ദിവസമായി ഡല്‍ഹിയില്‍ തുടരുകയാണ്. ചൊവ്വാഴ്ച പ്രധാനമന്ത്രി വിദേശ പര്യടനത്തിനു പോകുകയാണ്. നൂറ്റിഇരുപതോളം പേര്‍ കൊല്ലപ്പെടുകയും എണ്‍പതിനായിരം പേര്‍ ദുരിതാശ്വാസ ക്യാമ്പുകളിലാകുകയും ചെയ്ത മണിപ്പൂര്‍ വംശീയ കലാപം അവസാനിപ്പിക്കാന്‍ മോദി ഇടപെടുന്നില്ലെന്നു പ്രതിപക്ഷം ആരോപിച്ചു.
മണിപ്പൂരിലെ കലാപം നിയന്ത്രിച്ചില്ലെങ്കില്‍ സര്‍ക്കാരിനുള്ള പിന്തുണ പിന്‍വലിക്കുമെന്ന് പ്രധാന ഘടകകക്ഷിയായ എന്‍പിപി സംസ്ഥാന സര്‍ക്കാരിനു മുന്നറിയിപ്പ് നല്‍കി. ഇന്ന് ഇംഫാല്‍ ഈസ്റ്റില്‍ സുരക്ഷ സേനയും അക്രമി സംഘങ്ങളും തമ്മില്‍ മണിക്കൂറുകളോളം ഏറ്റുമുട്ടി.
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന കേസില്‍ ജീവപര്യന്തം തടവുശിക്ഷ വിധിച്ച കോടതി ഉത്തരവു മാനിക്കുന്നുവെന്ന് പുരാവസ്തു തട്ടിപ്പു കേസ് പ്രതി മോന്‍സന്‍ മാവുങ്കല്‍. ജീവനക്കാരിയുടെ പ്രായപൂര്‍ത്തിയാകാത്ത മകളെ പലതവണ ലൈംഗികമായി പീഡിപ്പിച്ചെന്നാണു കേസ്. കേസിനെക്കുറിച്ച് കൂടുതല്‍ ഒന്നും തത്കാലം പറയുന്നില്ലെന്നും മോന്‍സന്‍ പറഞ്ഞു.
പത്തനംതിട്ടയില്‍ എലിപ്പനി ബാധിച്ച് ഒരാള്‍ മരിച്ചു. അടൂര്‍ പെരിങ്ങനാട് സ്വദേശി രാജന്‍ ആണ് മരിച്ചത്. 60 വയസായിരുന്നു. കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു രാജന്‍.
കാസര്‍കോട് ജനറല്‍ ആശുപത്രിയിലെ മൂന്നു മാസമായി കേടായിക്കിടക്കുന്ന ലിഫ്റ്റ് നന്നാക്കാന്‍ തുടങ്ങി. പണി പൂര്‍ത്തിയാക്കാന്‍ രണ്ടാഴ്ച വേണ്ടിവരുമെന്നാണ് അറിയിച്ചിരിക്കുന്നത്. ലിഫ്റ്റ് ഇല്ലാത്തതിനാല്‍ ആറാം നിലയില്‍നിന്ന് കിടപ്പു രോഗികളെയും മറ്റും ചുമന്നാണ് ഇറക്കുകയും കയറ്റുകയും ചെയ്തിരുന്നത്.
തൃശൂര്‍ അത്താണി ഫെഡറല്‍ ബാങ്കില്‍ ജീവനക്കാര്‍ക്കുനേരേ പെട്രോള്‍ ഒഴിച്ച് ബാങ്ക് കൊള്ളയടിക്കുമെന്നു ഭീഷണിപ്പെടുത്തിയയാളെ ജീവനക്കാരും നാട്ടുകാരും ചേര്‍ന്ന് പിടികൂടി പോലീസില്‍ ഏല്‍പിച്ചു. മാനസിക അസ്വാസ്ഥ്യമുള്ളയാളാണ് ഇയാളെന്ന് പൊലീസ് പറഞ്ഞു.
ലൈംഗിക പീഡനത്തിനു ഗുസ്തി ഫെഡറേഷന്‍ പ്രസിഡന്റ് ബ്രിജ് ഭൂഷണെതിരേ സമരം നയിച്ച ഗുസ്തി താരങ്ങളെ അനുനയിപ്പിക്കാന്‍ തുടര്‍നീക്കങ്ങളുമായി കേന്ദ്ര സര്‍ക്കാര്‍. താരങ്ങള്‍ക്കു പരിശീലനത്തിനു സാവകാശം ലഭിക്കാന്‍ ഏഷ്യന്‍ ഗെയിംസിലേക്കുള്ള യോഗ്യതാ മത്സരങ്ങള്‍ നീട്ടിവയ്ക്കണമെന്ന് ഇന്ത്യന്‍ ഒളിംപിക്സ് അസോസിയേഷന്‍ സംഘാടകരായ ഒളിംപിക് കൗണ്‍സില്‍ ഓഫ് ഏഷ്യക്കു കത്തയച്ചു.
തന്നോട് കോണ്‍ഗ്രസില്‍ ചേര്‍ന്നുകൂടെയെന്ന് ഒരു നേതാവു തന്നോടു ചോദിച്ചപ്പോള്‍, അതിലും ഭേദം കിണറ്റില്‍ ചാടുന്നതാണെന്നാണു താന്‍ മറുപടി നല്‍കിയതെന്ന് കേന്ദ്ര ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരി. നരേന്ദ്രമോദി സര്‍ക്കാരിന്റെ ഒന്‍പതാം വാര്‍ഷികത്തോട് അനുബന്ധിച്ച് മുംബൈയില്‍ നടത്തിയ പൊതുയോഗത്തില്‍ പ്രസംഗിക്കുകയായിരുന്നു ഗഡ്കരി.
ഉഗാണ്ടയില്‍ ഭീകരര്‍ സ്‌കൂളിനുനേരെ നടത്തിയ ആക്രമണത്തില്‍ 38 വിദ്യാര്‍ത്ഥികള്‍ അടക്കം 41 പേര്‍ കൊല്ലപ്പെട്ടു. സെക്കന്‍ഡറി സ്‌കൂളിനുനേരെ ഐഎസുമായി ബന്ധമുള്ള അലൈഡ് ഡെമോക്രാറ്റിക് ഫോഴ്‌സസ് എന്ന ഭീകര സംഘടനാ പ്രവര്‍ത്തകര്‍ ബോംബാക്രമണം നടത്തുകയായിരുന്നു.