ഗുജറാത്ത് തീരമേഖലയില്‍ 40 മുതല്‍ 120 വരെ കിലോമീറ്റര്‍ വേഗതയിലുള്ള ബിപോര്‍ജോയ് ചുഴലിക്കാറ്റ്. കനത്ത നാശം വിതച്ചുകൊണ്ടാണു ചുഴലിക്കാറ്റ് കടന്നുപോകുന്നത്. ജഖാവു തുറമുഖത്തിനരികില്‍ ചുഴലിക്കാറ്റ് എത്തി. ഗുജറാത്തിലെ ഭുജ് മേഖലയിലടക്കം കനത്ത മഴയും കാറ്റും. തീരമേഖലയില്‍ കാറ്റിന്റെ വേഗത ഓരോ നിമിഷവും വര്‍ധിക്കുകയാണ്. ദിയുവില്‍ 50 കിലോ മീറ്റര്‍ വേഗതയിലാണ് കാറ്റ്. ദ്വാരകയില്‍ 45, പോര്‍ബന്തറില്‍ 47 കിലോ മീറ്റര്‍ വേഗതയിലാണ് കാറ്റ്. ഇന്ന് അര്‍ധരാത്രിവരേയും കാറ്റ് ഇന്ത്യന്‍ തീരത്തു ഭീഷണിയാകും.
തൃക്കാക്കര ഉപതെരഞ്ഞെടുപ്പിനു സിപിഎം എറണാകുളം ജില്ലാ കമ്മിറ്റിക്കുണ്ടായ വീഴ്ച ആവര്‍ത്തിക്കരുതെന്ന് താക്കീതുമായി സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍. വീഴ്ചയ്ക്ക് ആര്‍ക്കെതിരേയും നടപടിയെടുക്കാതെയാണ് വിഷയം ഒതുക്കിയത്. പാര്‍ട്ടി നിയോഗിച്ച അന്വേഷണ കമ്മീഷന്‍ നല്‍കിയ റിപ്പോര്‍ട്ട് ജില്ലാ കമ്മിറ്റി യോഗത്തില്‍ ചര്‍ച്ച ചെയ്തു.
ടി പി വധക്കേസിലെ പ്രതി ടി കെ രജീഷിനെ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍നിന്ന് കര്‍ണാടക പൊലീസ് അറസ്റ്റു ചെയ്തു. മൂന്ന് പിസ്റ്റളുകളും 99 ബുള്ളറ്റുകളുമായി ബെംഗളുരുവില്‍ പിടിയിലായ മലയാളിയായ നീരജ് ജോസഫിനെ ചോദ്യം ചെയ്തപ്പോഴാണ് രജീഷാണ് ആയുധക്കടത്തിനു പിറകിലെന്നു കണ്ടെത്തിയത്.
എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറി പിഎം ആര്‍ഷോയുടേ മാര്‍ക്ക് ലിസ്റ്റ് അടക്കം മഹാരാജാസ് കോളേജിലെ കഴിഞ്ഞ അഞ്ചു വര്‍ഷത്തെ പരീക്ഷ നടത്തിപ്പിനെക്കുറിച്ച് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് ഗവര്‍ണര്‍ക്ക് പരാതി. ഒന്നാം സെമസ്റ്ററില്‍ ആര്‍ഷോയ്ക്ക് നൂറില്‍ നൂറുമാര്‍ക്കും രണ്ടാം സെമസ്റ്ററില്‍ പൂജ്യം മാര്‍ക്കുമാണെന്നും മാര്‍ക്കിലെ അന്തരം തട്ടിപ്പിന്റെ അടയാളമാണെന്നും പരാതിയില്‍ പറയുന്നു. സേവ് യൂണിവേഴ്‌സിറ്റി ക്യാമ്പെയ്ന്‍ കമ്മിറ്റിയാണ് പരാതി നല്‍കിയത്.
മാര്‍ക്ക് ലിസ്റ്റിലെ പിഴവ് നേരത്തെ അറിഞ്ഞില്ലെന്നും തന്റെ മാര്‍ക്ക് ലിസ്റ്റ് മാത്രമാണു തിരുത്തിയതെന്നാണ് കരുതിയതെന്നും എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറി പിഎം ആര്‍ഷോ. ചെയ്യാത്ത തെറ്റിന് തന്നെ മാധ്യമങ്ങള്‍ ആക്രമിച്ചു. പരാതി കൊടുക്കുകയല്ലാതെ മറ്റെന്ത് ചെയ്യും. വ്യാജ രേഖ ചമയ്ക്കാന്‍ കെ. വിദ്യയെ ഏതെങ്കിലും എസ്എഫ്‌ഐക്കാര്‍ സഹായിച്ചെന്ന് തെളിയിച്ചാല്‍ നടപടിയെടുക്കുമെന്നും ആര്‍ഷോ പറഞ്ഞു.
സ്ത്രീത്വത്തെ അപമാനിച്ചെന്ന കേസില്‍ നടന്‍ ഉണ്ണി മുകുന്ദനെതിരായ തുടര്‍നടപടികള്‍ ഹൈക്കോടതി സ്റ്റേ ചെയ്തു കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഉണ്ണി മുകുന്ദന്‍ നല്‍കിയ ഹര്‍ജിയിലാണ് നടപടി. പരാതിക്കാരിയുമായി കേസ് ഒത്തുതീര്‍പ്പായെന്ന് ഉണ്ണി മുകുന്ദന്‍ ഹൈക്കോടതിയെ അറിയിച്ചിരുന്നു.
വിമാനത്താവളം വഴി കസ്റ്റംസ് ഉദ്യോഗസ്ഥര്‍ 80 കിലോ സ്വര്‍ണം കടത്താന്‍ സഹായിച്ചെന്ന് ഡിആര്‍ഐ. ഒരോ കിലോ സ്വര്‍ണം കടത്താനും കമ്മീഷനായി കസ്റ്റംസ് ഉദ്യോഗസ്ഥര്‍ക്ക് അറുപതിനായിരം മുതല്‍ ഒരു ലക്ഷം വരെ രൂപയാണ് ലഭിച്ചതെന്നും റിപ്പോര്‍ട്ട്. അറസ്റ്റിലായ കസ്റ്റംസ് ഉദ്യോഗസ്ഥരായ അനീഷ് മുഹമ്മദിനേയും നിതിനേയും ചോദ്യം ചെയ്തപ്പോഴാണ് ഈ വിവരം ലഭിച്ചതെന്ന് ഡിആര്‍ഐ.
കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ മൂന്നു മാസം മുമ്പു കേടായ ലിഫ്റ്റ് ഇനിയും നന്നാക്കിയില്ല. രോഗിയുടെ മൃതദേഹം ചുമന്നുകൊണ്ട് ഇറക്കേണ്ടിവന്നു. ബേക്കല്‍ സ്വദേശി രമേശന്റെ മൃതദേഹമാണ് ബന്ധുക്കളും ജീവനക്കാരും ചേര്‍ന്ന് ആറാം നിലയില്‍നിന്ന് ചുമന്ന് ഇറക്കിയത്.
എന്‍ഫോഴ്‌സ്‌മെന്റ് അറസ്റ്റു ചെയ്ത് ജുഡീഷ്യല്‍ കസ്റ്റഡിയിലുള്ള തമിഴ്‌നാട് മന്ത്രി സെന്തില്‍ ബാലാജിയെ ചെന്നൈയിലെ കാവേരി ആശുപത്രിയിലേക്കു മാറ്റാന്‍ മദ്രാസ് ഹൈക്കോടതി അനുമതി നല്‍കി. അടിയന്തര ഹൃദയ ശാസ്ത്രക്രിയ നടത്താന്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍നിന്ന് കാവേരിയിലേക്കു മാറ്റണമെന്ന മന്ത്രിയുടെ അപേക്ഷ കോടതി അംഗീകരിച്ചു. സര്‍ക്കാര്‍ ആശുപത്രി നല്‍കിയ റിപ്പോര്‍ട്ട് വിശ്വാസ്യയോഗ്യമല്ലെന്ന എന്‍ഫോഴ്‌സ്‌മെന്റിന്റെ വാദം കോടതി തള്ളി.
നിയമനത്തിനു കോഴ വാങ്ങിയെന്ന കേസില്‍ എന്‍ഫോഴ്‌സ്‌മെന്റ് അറസ്റ്റ ചെയ്ത മന്ത്രി സെന്തില്‍ ബാലാജിയുടെ വകുപ്പുകള്‍ മറ്റു മന്ത്രിമാര്‍ക്കു വീതിച്ചു നല്‍കി. വൈദ്യുതി വകുപ്പ് ധനമന്ത്രി തങ്കം തേനരാശിനും എക്‌സൈസ് വകുപ്പ് ഭവന മന്ത്രി മുത്തുസ്വാമിക്കും കൈമാറി.
കര്‍ണാടകത്തില്‍ ബിജെപി സര്‍ക്കാര്‍ നടപ്പാക്കിയ നിര്‍ബന്ധിത മതപരിവര്‍ത്തന നിരോധന നിയമം കോണ്‍ഗ്രസ് സര്‍ക്കാര്‍ റദ്ദാക്കി. ആര്‍എസ്എസ് സ്ഥാപകനും ആദ്യ സര്‍സംഘചാലകുമായ കേശവ് ബലിറാം ഹെഡ്‌ഗെവാറിനെക്കുറിച്ചുള്ള പാഠഭാഗങ്ങള്‍ ഒഴിവാക്കാനും സിദ്ധരാമയ്യ സര്‍ക്കാര്‍ തീരുമാനിച്ചു. സ്‌കൂളുകളിലും കോളേജുകളിലും ഭരണഘടനയുടെ ആമുഖം വായിക്കുന്നത് നിര്‍ബന്ധമാക്കാനും തീരുമാനിച്ചിട്ടുണ്ട്.
മധ്യപ്രദേശില്‍ ജ്യോതിരാദിത്യ സിന്ധ്യക്കൊപ്പം കൂറുമാറി ബിജെപിയിലെത്തിയ എംഎല്‍എ തിരികെ കോണ്‍ഗ്രസിലെത്തി. ബൈജ്‌നാഥ് സിംഗാണ് ബിജെപിയെ ഞെട്ടിച്ച് കോണ്‍ഗ്രസിലേക്കു തിരിച്ചെത്തിയത്. ശിവപുരിയില്‍ സ്വാധീനമുള്ള നേതാവാണിദ്ദേഹം. ശിവപുരിയില്‍ നിന്ന് ഭോപ്പാലിലേക്ക് 300 കിലോമീറ്റര്‍ ദൂരം 400 കാറുകളുടെ അകമ്പടിയോടെയാണ് ബൈജ്‌നാഥ് എത്തിയത്.
ഓറഞ്ചിനോളം വലുപ്പമുള്ള കിഡ്‌നി സ്റ്റോണ്‍. ലോകത്തെ ഏറ്റവും വലിയ കിഡ്‌നി സ്‌റ്റോണ്‍ ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്തത് ശ്രീലങ്കയിലെ സൈനിക ആശുപത്രിയിലാണ്. 13.372 സെന്റിമീറ്റര്‍ നീളവും 801 ഗ്രാം ഭാരവുമുള്ള കല്ല് 62 കാരനായ വിരമിച്ച സൈനികനില്‍ നിന്നാണ് നീക്കിയത്.