എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറി ആര്‍ഷോ എഴുതാത്ത പരീക്ഷ ജയിച്ചെന്ന ആരോപണം ഉയര്‍ന്ന ദിവസത്തെ മഹാരാജാസ് കോളജിലെ സിസിടിവി ദൃശ്യങ്ങള്‍ വേണമെന്ന് പോലീസ്. കെഎസ് യു പ്രവര്‍ത്തകര്‍ ആരോപണം ഉന്നയിച്ച ജൂണ്‍ ആറാം തീയതിയിലെ ദൃശ്യങ്ങളാണ് ആവശ്യപ്പെട്ടത്. പ്രിന്‍സിപ്പലിന്റെ റൂമില്‍ കെഎസ്‌യു പ്രവര്‍ത്തകര്‍ എത്തിയതും കാമ്പസില്‍ മാധ്യമ പ്രവര്‍ത്തകര്‍ വന്നതും അടക്കമുളള ദൃശ്യങ്ങള്‍ പരിശോധിക്കാനാണിത്.
സിപിഎം നിയന്ത്രണത്തിലുള്ള മുട്ടത്തറ സഹകരണ ബാങ്ക് പിരിച്ചു വിട്ടു. അഴിമതി ആരോപണത്തെ തുടര്‍ന്നാണ് നടപടി. സഹകരണ രജിസ്ട്രാറുടെ അന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ സഹകരണ മന്ത്രി വിഎന്‍ വാസവനാണ് ബാങ്ക് പിരിച്ചുവിട്ടത്. സ്വര്‍ണപണയ വായ്പ, ഭൂപണയ വായ്പ, നിക്ഷേപത്തിന്മേലുള്ള വായ്പ എന്നിവയിലെല്ലാം തട്ടിപ്പ് നടത്തിയിട്ടുണ്ട്.
ഗുരുവായൂരിലെ ലോഡ്ജ് മുറിയില്‍ രണ്ടു കുട്ടികളെ കൊലപ്പെടുത്തി കൈഞരമ്പു മുറിച്ച് ആത്മഹത്യക്കു ശ്രമിച്ചയാളെ അത്യാസന്ന നിലയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സുല്‍ത്താന്‍ ബത്തേരി സ്വദേശികളായ 12, 9 വയസുള്ള പെണ്‍കുട്ടികളാണ് മരിച്ചത്. കുട്ടികളുടെ അച്ഛന്‍ ചന്ദ്രശേഖരന്റെ ആത്മഹത്യാ കുറിപ്പും കണ്ടെത്തി.
ബിവറേജസ് കോര്‍പറേഷന്‍ ജീവനക്കാര്‍ പണിമുടക്കിന്. പതിനൊന്നാം ശമ്പളപരിഷ്‌ക്കരണം കെഎസ്ബിസിയില്‍ നടപ്പാക്കാത്തതില്‍ പ്രതിഷേധിച്ച് സംയുക്ത ട്രേഡ് യൂണിയന്‍ കോര്‍ഡിനേഷന്‍ യോഗത്തിലാണ് പണിമുടക്കാന്‍ തീരുമാനിച്ചത്. പണിമുടക്കിനു മുന്നോടിയായി ഈ മാസം 20 ന് സെക്രട്ടറിയേറ്റിലേക്ക് മാര്‍ച്ചും ധര്‍ണയും നടത്തും.
മൂന്നാറില്‍ മൂന്നു നിലയില്‍ കൂടുതലുള്ള കെട്ടിടങ്ങള്‍ക്കു നിര്‍മാണാനുമതി നല്‍കരുതെന്ന് ഹൈക്കോടതി. രണ്ടാഴ്ചത്തേക്കാണ് ഇടക്കാല വിലക്ക്. വിഷയം പഠിക്കാന്‍ അഡ്വ. ഹരീഷ് വാസുദേവനെ കോടതി അമിക്കസ് ക്യൂരിയായി നിയോഗിച്ചു.
പ്രമാണം രജിസ്റ്റര്‍ ചെയ്യുന്നതിനു നാലായിരം രൂപ കൈക്കൂലി വാങ്ങുന്നതിനിടെ സബ് രജ്‌സ്ട്രാര്‍ ഓഫീസ് ജീവനക്കാരനെ വിജിലന്‍സ് പിടികൂടി. കുണ്ടറ സബ് രജിസ്ട്രാര്‍ ഓഫീസിലെ ഓഫീസ് അസിസ്റ്റന്റ് കിഴക്കേ കല്ലട സ്വദേശി സുരേഷാണു പിടിയിലായത്.
പാലക്കാട് പാലന ആശുപത്രിയില്‍ പ്രസവ ശസ്ത്രക്രിയക്കു ശേഷം ശരീരത്തിനകത്ത് പഞ്ഞിക്കെട്ട് മറന്നുവച്ചെന്നു പരാതി. പാലക്കാട് മേപ്പറമ്പ് സ്വദേശി ഷബാനയാണ് ആശുപത്രിക്കെതിരെ പരാതിപ്പെട്ടത്.
മോദി സര്‍ക്കാര്‍ മാധ്യമങ്ങളെയും മാധ്യമപ്രവര്‍ത്തകരേയും ഭീഷണിപ്പെടുത്തുകയാണെന്ന് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. വ്യാജകുറ്റം ചുമത്തി ജയിലിലടക്കുകയാണെന്നും വിയോജിക്കുന്നവരെ ഭയപ്പെടുത്തുന്നുവെന്നും സിപിഎം ജനറല്‍ സെക്രട്ടറി വിമര്‍ശിച്ചു.
ബിഹാര്‍ മുന്‍ മുഖ്യമന്ത്രി ജിതന്‍ റാം മാഞ്ചിയുടെ മകന്‍ സന്തോഷ് കുമാര്‍ സുമന്‍ ബിഹാര്‍ മന്ത്രിസഭയില്‍നിന്നു രാജിവച്ചു. ബിജെപിക്കെതിരേ വിശാല പ്രതിപക്ഷ യോഗം 23 നു പാറ്റ്‌നയില്‍ ചേരാനിരിക്കേ സഖ്യകക്ഷി മന്ത്രിയുടെ രാജി മുഖ്യമന്ത്രി നിതീഷ്‌കുമാറിനു തിരിച്ചടിയായി.
നീറ്റ് പരീക്ഷ ഒഴിവാക്കി പ്ലസ് ടു മാര്‍ക്കിന്റെ അടിസ്ഥാനത്തില്‍ എംബിബിഎസ് പ്രവേശനം നടത്തണമെന്ന് ആവശ്യപ്പെട്ട് തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിന്‍ പ്രധാനമന്ത്രിക്കു കത്തയച്ചു. നീറ്റ് പരീക്ഷ പാവപ്പെട്ട വിദ്യാര്‍ത്ഥികളുടെ അവസരം ഇല്ലാതാക്കുമെന്ന് കത്തില്‍ പറയുന്നു.
ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ഭൂചലനം. ഡല്‍ഹി, ഹരിയാന, പഞ്ചാബ്, എന്നിവിടങ്ങളിലും ജമ്മു കാഷ്മീരിലും റിക്ടര്‍ സ്‌കെയിലില്‍ 5.2 രേഖപ്പെടുത്തിയ ഭൂചലനമാണുണ്ടായത്. നാശനഷ്ടങ്ങളില്ല.
മഹാരാഷ്ട്രയില്‍ എണ്ണ ടാങ്കര്‍ മറിഞ്ഞ് തീപിടിച്ച് നാലു പേര്‍ മരിച്ചു. പുണെ – മുംബൈ എക്‌സ്പ്രസ് വേയിലാണ് അപകടമുണ്ടായത്. ടാങ്കറില്‍നിന്ന് എണ്ണ പരന്നൊഴുകി ചുറ്റും തീപിടിക്കുകയായിരുന്നു.