ട്രെയിന്‍ തീവയ്പു കേസില്‍ പിടിയിലായ പ്രതി ഉത്തര്‍പ്രദേശ് സ്വദേശിയാണെന്ന് പൊലീസ്. നേരത്തെ ട്രെയിനിനു മുന്നില്‍ ചവര്‍ കൂട്ടിയിട്ട് കത്തിച്ച കേസില്‍ ഇയാളെ കസ്റ്റഡിയിലെടുത്തിരുന്നു. ഇന്നലെ ഷര്‍ട്ട് ധരിക്കാതെ പ്രതി കണ്ണൂര്‍ റെയില്‍വെ സ്റ്റേഷന്റെ ഭാഗത്തുണ്ടായിരുന്നു. ഇയാളെ ബിപിസിഎല്ലിലെ ഉദ്യോഗസ്ഥനാണ് കണ്ടത്. ഈ സാക്ഷി പ്രതിയെ തിരിച്ചറിഞ്ഞു. ട്രെയിനില്‍ എന്‍ഐഎ സംഘം പരിശോധന നടത്തി.
എന്‍സിഇആര്‍ടി പാഠപുസ്തകത്തില്‍നിന്ന് ‘ജനാധിപത്യം നേരിടുന്ന വെല്ലുവിളികള്‍’ അടക്കമുള്ള പാഠഭാഗങ്ങള്‍ ഒഴിവാക്കി. പത്താം ക്ലാസ് പാഠപുസ്തകത്തില്‍ നിന്ന് പിരിയോഡിക് ടേബിള്‍, ഊര്‍ജ്ജ സ്രോതസുകള്‍ എന്നീ ഭാഗങ്ങളാണ് ഒഴിവാക്കിയത്. പ്രധാന പോരാട്ടങ്ങളും മുന്നേറ്റങ്ങളും, രാഷ്ട്രീയ പാര്‍ട്ടികള്‍ തുടങ്ങിയ ഭാഗങ്ങളും ഒഴിവാക്കിയിട്ടുണ്ട്. കുട്ടികളുടെ പഠന ഭാരം കുറയ്ക്കാനാണിത് എന്നാണ് വിശദീകരണം. ഗാന്ധിവധം, മുഗള്‍ ചരിത്രം, ഗുജറാത്ത് കലാപം, ഡാര്‍വിന്റെ പരിണാമ സിദ്ധാന്തം എന്നിവ ഏതാനും മാസം മുമ്പ് ഒഴിവാക്കിയത് വിവാദമായിരുന്നു.
സംസ്ഥാനത്തു കടുത്ത വൈദ്യുതി ക്ഷാമം. വൈദ്യുതി നിരക്ക് വര്‍ധിപ്പിച്ചെങ്കിലും വൈദ്യുതി വാങ്ങല്‍ കരാറുകള്‍ക്കു റഗുലേറ്ററി കമ്മീഷന്റെ അംഗീകാരം ലഭിക്കാത്തതിനാല്‍ പവര്‍കട്ട് ഏര്‍പ്പെടുത്തേണ്ട അവസ്ഥയിലാണെന്ന് കെഎസ്ഇബി സര്‍ക്കാരിനെ വീണ്ടും അറിയിച്ചു.
ഹൈക്കോടതി ജീവനക്കാരുടെ വിരമിക്കല്‍ പ്രായം 56 ല്‍നിന്ന് 58 വയസാക്കി വര്‍ധിപ്പിക്കണമെന്ന ഹൈക്കോടതി രജിസ്ട്രാറുടെ ആവശ്യത്തില്‍ സര്‍ക്കാര്‍ തീരുമാനമെടുക്കട്ടെയെന്ന് ഹൈക്കോടതി. സര്‍ക്കാരിന്റെ തീരുമാനം വരുന്നതുവരെ സര്‍വീസില്‍ തുടരാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജി കോടതി അംഗീകരിച്ചില്ല.
കേരളത്തിന്റെ സൗജന്യ ചികിത്സയെ പ്രശംസിച്ച് ലോകാരോഗ്യ സംഘടന ഹെല്‍ത്ത് ഫിനാന്‍സിംഗ് ലീഡ് ഡോ. ഗ്രേസ് അച്യുഗുരാ. ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജുമായി നടത്തിയ കൂടിക്കാഴ്ചയിലും സ്റ്റേറ്റ് ഹെല്‍ത്ത് ഏജന്‍സി തിരുവനന്തപുരത്ത് സംഘടിപ്പിച്ച ‘അനുഭവ് സദസ്’ ദേശീയ ശില്‍പശാലയിലും സംസ്ഥാനത്തെ സൗജന്യ ചികിത്സ മാതൃകാപരമാണെന്ന് അവര്‍ അഭിപ്രായപ്പെട്ടു.
സംസ്ഥാനത്തെ രണ്ടു ഡിജിപിമാരുടെ വിരമിക്കല്‍ ചടങ്ങില്‍ ആദരസൂചകമായി ആകാശത്തേക്കു വെടി ഉതിര്‍ക്കാന്‍ തോക്ക് ഉപയോഗിച്ചതില്‍ വീഴ്ച വരുത്തിയ വനിതാ ബറ്റാലിയനിലെ 35 വനിതാ പൊലീസ് ഉദ്യോഗസ്ഥര്‍ക്കു ശിക്ഷ. ഒരാഴ്ച തൃശൂര്‍ പൊലീസ് അക്കാദമിയിലെ പരിശീലനത്തില്‍ പങ്കെടുക്കണമെന്നാണ് നിര്‍ദേശം. വിരമിക്കുന്ന ഡി.ജി.പിമാരായ ഡോ. ബി. സന്ധ്യക്കും എസ്. ആനന്ദകൃഷ്ണനും എസ്.എ.പി. ഗ്രൗണ്ടില്‍ നല്‍കിയ യാത്രയയപ്പ് പരേഡിലാണു വീഴ്ച.
ബിഷപ്പ് ഫ്രാങ്കോ മുളക്കല്‍ രാജിവച്ചു. ജലന്ധര്‍ ബിഷപ്പ് സ്ഥാനത്തുനിന്നുള്ള രാജി മാര്‍പാപ്പ സ്വീകരിച്ചു. ഇനി ഫ്രാങ്കോ മുളയ്ക്കല്‍ ബിഷപ്പ് എമിരറ്റസ് എന്നറിയപ്പെടും. കന്യാസ്ത്രീയെ ബലാത്സംഗം ചെയ്‌തെന്ന് ആരോപിച്ചുള്ള കേസില്‍ കോടതി കുറ്റമുക്തനാക്കി വെറുതെവിട്ടെങ്കിലും അപ്പീല്‍ കോടതിയുടെ പരിഗണനയിലാണ്.
യുഎസിലെ ലോക കേരള സഭാ സമ്മേളനത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനൊപ്പം ഇരിക്കാന്‍ സംഘാടക സമിതി 82 ലക്ഷം രൂപ പിരിച്ചെടുത്തെന്ന വാര്‍ത്തകള്‍ക്കു പിറകേ, വിമര്‍ശനവുമായി യൂത്ത് കോണ്‍ഗ്രസ്. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയോടു സംസാരിക്കാനോ ഒപ്പമിരിക്കാനോ പണം വേണ്ടെന്നാണു യൂത്ത് കോണ്‍ഗ്രസ് സാമൂഹ്യ മാധ്യമങ്ങളിലൂടെ പ്രചാരണം നടത്തുന്നത്.
കാട്ടാക്കട ക്രിസ്ത്യന്‍ കോളജിലെ ആള്‍മാറാട്ട കേസില്‍ ഒന്നാംപ്രതിയായ മുന്‍ പ്രിന്‍സിപ്പല്‍ ജി.ജെ ഷൈജു മുന്‍കൂര്‍ ജാമ്യം തേടി കോടതിയെ സമീപിച്ചു. അന്വേഷണത്തില്‍ പൊലീസ് ഒരു നടപടിയും സ്വീകരിച്ചില്ലെന്ന് ആക്ഷേപമുണ്ട്. നാളെ റിപ്പോര്‍ട്ട് നല്‍കാന്‍ കോടതി പൊലീസിനു നിര്‍ദ്ദേശം നല്‍കി.
കോഴിക്കോട് മെഡിക്കല്‍ കോളജിലെ പീഡനക്കേസിലെ അതിജീവിതയെ ഭീഷണിപ്പെടുത്തിയ സംഭവത്തില്‍ അഞ്ച് ജീവനക്കാരുടെ സസ്‌പെന്‍ഷന്‍ പിന്‍വലിച്ചു. കുറ്റം തെളിയിക്കാനായില്ലെന്ന് പ്രിന്‍സിപ്പാള്‍ പുറത്തിറക്കിയ ഉത്തരവില്‍ പറയുന്നു. സസ്‌പെന്‍ഷന്‍ കാലയളവ് ഡ്യൂട്ടിയായി പരിഗണിക്കുമെന്നും ഉത്തരവില്‍ പറയുന്നു.
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ച കേസില്‍ യുവാവിന് 15 വര്‍ഷം കഠിന തടവും 20,000 രൂപ പിഴയും ശിക്ഷ. തൃശൂര്‍ വാടാനപ്പിള്ളി സ്വദേശി രഞ്ജിത്തിനെയാണ് കുന്നംകുളം ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യല്‍ പോക്‌സോ കോടതി ശിക്ഷിച്ചത്.
കെഎസ്ആര്‍ടിസി ബസില്‍ ലൈംഗികാതിക്രമം നടത്തിയയാള്‍ പിടിയില്‍. മലപ്പുറം കൊണ്ടോട്ടി സ്വദേശി മുസമ്മിലിനെയാണ് അറസ്റ്റു ചെയ്തത്. എറണാകുളത്തുനിന്നു തൊടുപുഴയിലേക്കുള്ള ബസിലാണ് ലൈംഗികാതിക്രമം ഉണ്ടായത്.
തിരുവനന്തപുരം പദ്മനാഭസ്വാമി ക്ഷേത്രത്തില്‍ ദര്‍ശനത്തിനു വന്ന സ്ത്രീയോട് മോശമായി പെരുമാറിയ ജീവനക്കാരനെതിരെ പൊലീസ് കേസെടുത്തു.
ഗുസ്തി താരങ്ങളുടെ പരാതിയില്‍ സര്‍ക്കാര്‍ നടപടിയെടുത്തില്ലെങ്കില്‍ ശക്തമായ പ്രക്ഷോഭം തുടങ്ങുമെന്ന്
ഖാപ് പഞ്ചായത്തില്‍ കര്‍ഷക നേതാവ് രാകേഷ് ടിക്കായത്. എല്ലാ ഖാപ് പഞ്ചായത്തുകളുടേയും അഭിപ്രായങ്ങള്‍ പരിഗണിച്ചു മുന്നേറുമെന്നാണ് താക്കീത്.
മെയ് മാസത്തിലെ ജിഎസ്ടി കളക്ഷന്‍ 12 ശതമാനം ഉയര്‍ന്ന് 1,57,090 കോടി രൂപയായി. കഴിഞ്ഞ മാസം ഇത് 1.87 ലക്ഷം കോടിയായിരുന്നു.
കേന്ദ്ര ഏജന്‍സികളെ ഉപയോഗിച്ച് പ്രതിപക്ഷ പാര്‍ട്ടികളെ അടിച്ചമര്‍ത്തുന്ന കേന്ദ്രസര്‍ക്കാരിന്റെ നയം തമിഴ്‌നാട്ടിലും നടപ്പാക്കിത്തുടങ്ങിയെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിന്‍. ആദായ നികുതി വകുപ്പിനേയും സിബിഐയേയും ഇഡിയേയും ഉപയോഗിച്ച് പ്രതികാരം ചെയ്യുകയാണെന്നു സ്റ്റാലിന്‍ പറഞ്ഞു.
മഹാകുംഭമേളയ്ക്കു 300 കോടിയുടെ പദ്ധതികളുമായി യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. പ്രയാഗ് രാജിലെ സംഗം നഗരത്തില്‍ നടക്കുന്ന ‘മഹാകുംഭ് 2023’-ന്റെ ഭാമായാണ് പദ്ധതികള്‍ പ്രഖ്യാപിച്ചിരിക്കുന്നത്.
അമേരിക്കയിലെ സാന്‍ ഫ്രാന്‍സിസ്‌കോയില്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി പങ്കെടുത്ത പരിപാടിയില്‍ ദേശീയഗാനത്തോട് അനാദരവ് കാണിച്ചെന്ന് ആരോപണവുമായി ബിജെപി ഐടി സെല്‍ തലവന്‍ അമിത് മാളവ്യ. പരിപാടിയില്‍ ദേശീയ ഗാനം ആലപിക്കുന്നതിനിടെ നിര്‍ത്തുകയും മൈക്ക് പരിശോധിക്കുകയാണെന്ന് അനൗണ്‍സ് ചെയ്യുകയും ചെയ്‌തെന്നാണ് ആരോപണം.
വനിതാ ഐഎഎസ് ഉദ്യോഗസ്ഥ ഇരുമ്പ് ദണ്ഡുപയോഗിച്ച് മര്‍ദ്ദിച്ചതിനെത്തുടര്‍ന്ന് ഹോംഗാര്‍ഡ് ആശുപത്രിയില്‍. ബിഹാറിലെ സരണില്‍ ഡെപ്യൂട്ടി ഡെവലപ്‌മെന്റ് കമ്മീഷണറായ പ്രിയങ്ക റാണിയാണ് വീട്ടില്‍ ഡ്യൂട്ടി ചെയ്തിരുന്ന ഗാര്‍ഡ് അശോക് കുമാര്‍ സാഹ് പുറത്തുള്ള ചില ജോലി ചെയ്യാന്‍ വിസമ്മതിച്ചതിനാണ് മര്‍ദ്ദിച്ചത്.