ഒരു മാസത്തിനിടെ 50 ശതമാനം സീറ്റുകള്‍ ഒഴിവുള്ള ട്രെയിനുകളിലെ ടിക്കറ്റു നിരക്കില്‍ 25 ശതമാനം ഇളവ് നല്കാന് റെയില്‍വേ. എസി ചെയര്‍കാര്‍, എക്സിക്യൂട്ടീവ് ക്ലാസ് എന്നിവയിലാണ് ഇളവ്. ഒരുമാസത്തിനകം പ്രാബല്യത്തില്‍ വരും. വന്ദേഭാരതിനും ബാധകമായിരിക്കും.
ബംഗാളിലെ സ്കൂള്‍ ഉച്ചഭക്ഷണ പദ്ധതയില്‍ സാമ്പത്തിക ക്രമക്കേടുണ്ടെന്ന് കേന്ദ്ര സര്‍ക്കാര്‍. തട്ടിയെടുത്ത തുക പഞ്ചായത്തു തെരഞ്ഞെടുപ്പിനു വിനിയോഗിച്ചെന്ന ആരോപണത്തില്‍ കേന്ദ്ര സര്‍ക്കാര്‍ റിപ്പോര്‍ട്ട് തേടി. ഉച്ചഭക്ഷണ പദ്ധതിക്കുള്ള തുക മറ്റൊരു ബാങ്ക് അക്കൗണ്ടിലേക്കു മാറ്റിയതിനെക്കുറിച്ചാണ് അന്വേഷണം.
ഏക സിവില്‍കോഡ് വിഷയത്തില്‍ 15 നു കോഴിക്കോട് സിപിഎം നടത്തുന്ന സെമിനാറില്‍ പങ്കെടുക്കുമെന്നു സമസ്ത അധ്യക്ഷന്‍ ജിഫ്രി മുത്തുക്കോയ തങ്ങള്‍. ഏക സിവില്‍ കോഡ് വിഷയത്തില്‍ പ്രധാനമന്ത്രിക്കു നിവേദനം നല്‍കും. ഈ വിഷയത്തില്‍ നല്ല പ്രവര്‍ത്തനം നടത്തുന്നവര്‍ക്കൊപ്പം നില്ക്കും. സമസ്തയുടെ പ്രത്യേക കണ്വന്ഷന് ഉദ്ഘാടനം ചെയ്യുകയായിരുന്നു ജിഫ്രി മുത്തുക്കോയ തങ്ങള്‍.
ഏകീകൃത സിവില്‍ കോഡിനെ ആധാരമാക്കി 15 നു കോഴിക്കോട് സിപിഎം നടത്തുന്ന സെമിനാറില്‍ പങ്കെടുക്കേണ്ടതുണ്ടോയെന്നു തീരുമാനിക്കാന്‍ മുസ്ലിം ലീഗ് സംസഥാന നേതൃയോഗം നാളെ. രാവിലെ ഒമ്പതരയ്ക്ക് പാണക്കാട് സാദിഖലി ശിഹാബ് തങ്ങളുടെ വസതിയിലാണു യോഗം.
ഏക സിവില്‍ കോഡ് വിഷയത്തില്‍ തെരുവിലേക്കിറങ്ങില്ലെന്ന മുസ്ലിം ലീഗ് നിലപാട് സ്വാഗതാര്‍ഹമാണെന്ന് ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് ബി ഗോപാലകൃഷ്ണന്. ഏക സിവില്‍ കോഡുമായി ബന്ധപ്പെട്ട് ന്യൂനപക്ഷങ്ങളുടെ ആശങ്കകള്‍ പരിഹരിക്കാന്‍ മുസ്ലിം സംഘടനകള്‍ അടക്കമുള്ളവരുമായി സംവദിക്കുമെന്നും ഗോപാലകൃഷ്ണന് പറഞ്ഞു.
‘അറയ്ക്കല്‍ ബീവിയെ കെട്ടാന്‍ അരസമ്മതമെന്നു പറയുന്നതു പോലെയാണ് സിപിഎം ലീഗിനു പിറകേ നടക്കുന്നതെ’ ന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്. ഏക സിവില്‍ കോഡ് വേണമെന്നു ഇഎംഎസ് വാദിച്ചിരുന്നത് സിപിഎം മറന്നുകാണില്ലെന്നും സതീശന്.
പനി ബാധിച്ച് രണ്ടു മരണം. ഒമ്പതു വയസുകാരി കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലും മൂന്നു വയസുകാരന് കാസര്‍കോട്ടും മരിച്ചു. മങ്കട സ്വദേശിയും തലശേരി ജനറല്‍ ആശുപത്രി സൂപ്രണ്ടുമായ ജനീഷയുടെ മകള്‍ അസ്കയാണു കോഴിക്കോട് മരിച്ചത്. കാസര്‍കോട് പടന്നക്കാട് താമസിക്കുന്ന തൃശൂര്‍ സ്വദേശി ബലേഷിന്റേയും അശ്വതിയുടേയും മകന് ശ്രീബാലുവാണു മരിച്ചത്.
പാലക്കാട് പിരായിരി പഞ്ചായത്തില്‍ ബിജെപി പിന്തുണയോടെ ഇടതുമുന്നണി സ്ഥാനാര്‍ത്ഥി പഞ്ചായത്തു പ്രസിഡന്റായെങ്കിലും രാജിവയ്ക്കുമെന്ന് സിപിഎം. ബിജെപിയുടെ സഹായത്തോടെ ഭരിക്കില്ലെന്നും പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട സുഹറ ബഷീര്‍ തിങ്കളാഴ്ച രാജിവയ്ക്കുമെന്നും സിപിഎം അറിയിച്ചു. എന്നാല്‍ സിപിഎം -ബിജെപി അവിശുദ്ധ കൂട്ടുക്കെട്ട് പുറത്തു വന്നതായി യുഡിഎഫ് ആരോപിച്ചു.
ജനല്ച്ചില്ലുകളില് കൂളിംഗ് പേപ്പര്‍ ഒട്ടിച്ചതിന് കെഎസ്ആര്‍ടിസി സ്വിഫ്റ്റ് ബസിന് മോട്ടോര്‍ വാഹന വകുപ്പ് പിഴ ചുമത്തി. സ്വിഫ്റ്റിന്റെ ലക്ഷ്വറി സര്‍വീസായ ഗജരാജ് ബസിനാണ് എം വി ഡി പിഴയിട്ടത്.
കെഎസ്ആര്‍ടിസി ബസില്‍ യാത്രക്കാരിക്കെതിരേ ലൈംഗിക അതിക്രമം നടത്തിയ കണ്ടക്ടറെ അറസ്റ്റു ചെയ്തു. തിരുവന്തപുരം- മലപ്പുറം ബസിലെ കണ്ടക്ടര്‍ നെയ്യാറ്റിന്‍കര സ്വദേശി ജസ്റ്റിനെയാണ് ആലുവായില്‍ അറസ്റ്റു ചെയ്തത്. കഴക്കൂട്ടത്തുനിന്ന് കയറിയ യുവതിയെ കണ്ടക്ടറുടെ സീറ്റില്‍ വിളിച്ചിരുത്തിയായിരുന്നു അതിക്രമം.
കാല് വഴുതി മഞ്ചേരി മുട്ടിയറ തോട്ടില്‍ വീണ് അത്താണിക്കല്‍ പടിഞ്ഞാറേപറമ്പില്‍ ആക്കാട്ടുകുണ്ടില്‍ വേലായുധന് (52) മരിച്ചു.
മുംബൈയിലെ മലാഡ് വെസ്റ്റില്‍ അഴുക്കു ചാലിനു മുകളിലൂടെ സ്ഥാപിച്ച 90 അടി നീളവു0 ആറായിരം കിലോ ഭാരവുമുള്ള ഇരുമ്പു പാലം മോഷണം പോയി. സമീപത്തു പുതിയ പാലം നിര്‍മിക്കാന്‍ കരാര്‍ ഏറ്റെടുത്ത സ്ഥാപനത്തിലെ ജീവനക്കാരനും മൂന്നു കൂട്ടുകാരും ചേര്‍ന്നാണ് പാലംതന്നെ അപഹരിച്ചതെന്നു പോലീസ്.
കുടുംബാധിപത്യ പാര്‍ട്ടികള്‍ അഴിമതിയില്‍ അഭിരമിച്ചിരിക്കുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. തെലുങ്കാനയില്‍ ബിജെപി സമ്മേളനത്തില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ലോകം ഇന്ത്യയില്‍ നിക്ഷേപം നടത്താന്‍ ആഗ്രഹിക്കുകയാണെന്ന് തെലുങ്കാനയില്‍ 6,100 കോടി രൂപയുടെ വികസന പദ്ധതികള്‍ മോദി ഉദ്ഘാടനം ചെയ്യവേ അദ്ദേഹം പറഞ്ഞു.
തന്റെ മുഖത്തേക്കു മൂത്രമൊഴിച്ച പ്രതിയെ വെറുതേ വിടണമെന്ന് ഇരയായ ആദിവാസി യുവാവ്. പ്രതി പ്രവേശ് ശുക്ലയ്ക്കു തെറ്റു മനസിലായെന്നും നാട്ടിലെ പണ്ഡിതനായ അദ്ദേഹത്തെ വെറുതെ വിടണമെന്നും ആദിവാസി യുവാവ് ദശ്മത് റാവത്ത് പറഞ്ഞു.
യാത്രക്കാരിയുമായുള്ള തര്‍ക്കത്തിനൊടുവില്‍ യുവതിയെ 200 മീറ്ററോളം റോഡിലൂടെ വലിച്ചിഴച്ച് ഓട്ടോറിക്ഷാ ഡ്രൈവര്‍. ഓട്ടോറിക്ഷയില്‍ സ്ത്രീയുടെ വസ്ത്രം കുടുങ്ങിയത് കണ്ടിട്ടും നിര്‍ത്താതെ ഓട്ടോ ഓടിച്ചുപോയി. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നു. ഓട്ടോറിക്ഷാ ഡ്രൈവര്‍ക്കായി പൊലീസ് തെരച്ചില്‍ ആരംഭിച്ചു.