മണിപ്പൂര്‍ വിഷയത്തില്‍ രാജ്യസഭയില്‍ പ്രതിപക്ഷ അംഗങ്ങള്‍ നോട്ടീസ് നല്‍കിയതു വിവാദത്തില്‍. ഹ്രസ്വ ചര്‍ച്ച ആവശ്യപ്പെട്ട ബിജെപി എംപിമാര്‍ക്കൊപ്പം നാലു സിപിഎം എംപിമാര്‍ അടക്കമുള്ളവര്‍ നോട്ടീസ് നല്‍കി. കോണ്‍ഗ്രസ്, എന്‍സിപി, എസ്പി, ആര്‍ജെഡി പാര്‍ട്ടികളിലെ എംപിമാരും പട്ടികയിലുണ്ട്. ചട്ടം 267 പ്രകാരം സഭ നിര്‍ത്തിവച്ചുള്ള ചര്‍ച്ച വേണമെന്നാണ് പ്രതിപക്ഷ ഐക്യവേദിയായ ‘ഇന്ത്യ’ തീരുമാനിച്ചിരുന്നത്. ഇതിനു വിരുദ്ധമായി ബിജെപി നിലപാടിനു സമാനമായി പ്രതിപക്ഷ എംപിമാരും നോട്ടീസ് നല്‍കിയെന്നാണ് ബിജെപി വാദിക്കുന്നത്. സിപിഎമ്മില്‍നിന്ന് ജോണ്‍ ബ്രിട്ടാസ്, എളമരം കരീം, വി ശിവദാസന്‍, എഎ റഹീം എന്നിവരാണ് നോട്ടീസ് നല്‍കിയത്. എന്നാല്‍ താന്‍ നോട്ടീസ് നല്‍കിയിട്ടില്ലെന്ന് എ എ റഹീം എംപി രാജ്യസഭയില്‍ പ്രതികരിച്ചു.
ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ നേതൃത്വത്തില്‍ ഇന്നും നാളേയും സംസ്ഥാന വ്യാപകമായി ഓപ്പറേഷന്‍ ഫോസ്‌കോസ് ലൈസന്‍സ് പരിശോധന. ലൈസന്‍സിനു പകരം രജിസ്ട്രേഷന്‍ മാത്രം എടുത്ത് പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍ക്കെതിരേ നിയമ നടപടിയെടുക്കും.
മുഖ്യമന്ത്രിയുടെ ഓഫീസില്‍ ഭരണഘടനാതീതമായ ശക്തികള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന ഗുരുതരമായ ആരോപണമാണ് ഐ ജി ഹൈക്കോടതിയില്‍ പറഞ്ഞിരിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. മുഖ്യമന്ത്രിയുടെ ഓഫീസിനെ കുറെക്കാലമായി ഒരു സംഘം ഹൈജാക്ക് ചെയ്തിരിക്കുകയാണെന്ന പ്രതിപക്ഷ ആരോപണം ശരിവയ്ക്കുന്നതാണ് ഈ വെളിപെടുത്തല്‍. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് ഉപജാപ സംഘത്തിനു നേതൃത്വം നല്‍കിയ പ്രിന്‍സിപ്പല്‍ സെക്രട്ടറി ശിവശങ്കര്‍ ജയിലിലാണ്. ഇപ്പോള്‍ ആളു മാറിയെന്നേയുള്ളൂ. ആഭ്യന്തര വകുപ്പ് ഉപജാപക സംഘത്തിന്റെ കയ്യിലാണ്. സതീശന്‍ ആരോപിച്ചു.
യൂട്യൂബ് ചാനല്‍ വഴി മതവിദ്വേഷം വളര്‍ത്താന്‍ ശ്രമിച്ചെന്ന പരാതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ തീര്‍പ്പാക്കുന്നതുവരെ ഷാജന്‍ സ്‌കറിയയെ അറസ്റ്റു ചെയ്യരുതെന്ന് ഹൈക്കോടതി. സുപ്രീം കോടതി ഉത്തരവിനു ശേഷവും തനിക്കെതിരെ സംസ്ഥാനത്ത് 107 കേസുകളെടുത്തെന്നും തന്നെ മനപൂര്‍വം കുടുക്കാന്‍ ശ്രമിക്കുകയാണെന്നും ഷാജന്‍ സ്‌കറിയ കോടതിയെ അറിയിച്ചു. ജാമ്യമില്ലാ വകുപ്പുകള്‍ ചേര്‍ത്ത് കേസെടുക്കുന്നുണ്ടെങ്കില്‍ പൊലീസ് പത്തു ദിവസം മുന്‍പ് നോട്ടീസ് നല്‍കണമെന്നും കോടതി.
ശമ്പളം കൊടുക്കാന്‍ പോലും കടപ്പത്രം ഇറക്കേണ്ടി വരുന്നത് പിണറായി സര്‍ക്കാരിന്റെ പിടിപ്പുകേടുകൊണ്ടാണെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രന്‍. കടുത്ത സാമ്പത്തിക പ്രതിസന്ധി ദുര്‍ഭരണവും ധൂര്‍ത്തും മൂലമാണെന്നും സുരേന്ദ്രന്‍ കുറ്റപ്പെടുത്തി.
നിയമത്തിന്റെ സങ്കീര്‍ണതകളില്‍ കുടുക്കി ജനത്തെ ബുദ്ധിമുട്ടിക്കുന്നവര്‍ വനം വകുപ്പില്‍ തുടരാന്‍ അനുവദിക്കില്ലെന്നു വന മന്ത്രി എകെ ശശീന്ദ്രന്‍. വഴുതക്കാട് വനം വകുപ്പ് ആസ്ഥാനത്ത് മുഖ്യ വനം മേധാവി ബെന്നിച്ചന്‍ തോമസ് ഉള്‍പ്പെടെ വിരമിക്കുന്ന പിസിസിഎഫുമാരുടെ യാത്രയയപ്പു യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ സംസാരിക്കുന്ന വേദിയില്‍ പാമ്പ്. കണ്ണൂര്‍ കരിമ്പം കില ഉപകേന്ദ്രത്തിലെ കെട്ടിട ഉദ്ഘാടന പരിപാടിക്കിടെ പാമ്പിനെ കണ്ടതോടെ സദസിലുണ്ടായിരുന്ന സ്ത്രീകള്‍ ഉള്‍പെടെയുള്ളവര്‍ പരിഭ്രാന്തരായി ചിതറിയോടി.
മണിപ്പൂരില്‍ രണ്ടു സ്ത്രീകളെ നഗ്നരാക്കി നടത്തിയതിനെ വിമര്‍ശിച്ചു പോസ്റ്റിട്ടതിനു ഭീഷണിയെന്നു നടന്‍ സുരാജ് വെഞ്ഞാറമൂട് പോലീസില്‍ പരാതി നല്‍കി. ഫോണില്‍ വിളിച്ച് വധഭീഷണിയും അസഭ്യ വര്‍ഷവും നടത്തിയതിനു സൈബര്‍ പൊലീസ് കേസെടുത്തു.
വാഹനാപകടത്തെ തുടര്‍ന്ന് നടന്‍ സുരാജ് വെഞ്ഞാറമൂടിന്റെ കാര്‍ മോട്ടോര്‍ വാഹനവകുപ്പ് പരിശോധിച്ചു. സുരാജിന് കാരണം കാണിക്കല്‍ നോട്ടിസ് നല്‍കുമെന്നും ഗതാഗത നിയമങ്ങളെക്കുറിച്ചുള്ള മോട്ടോര്‍ വാഹ വകുപ്പിന്റെ ക്ലാസില്‍ പങ്കെടുക്കണമെന്നും മോട്ടോര്‍ വാഹനവകുപ്പ് അറിയിച്ചു.
സുഹൃത്തുമായുള്ള സാമ്പത്തിക തര്‍ക്കത്തെത്തുടര്‍ന്ന് കഴക്കൂട്ടം പൊലീസ് സ്റ്റേഷനു മുന്നില്‍ പെട്രോള്‍ കുപ്പിയുമായി ആത്മഹത്യാ ഭീഷണി മുഴക്കിയ യുവാവിനെ പോലീസ് കീഴ്‌പെടുത്തി. കഠിനംകുളം സ്വദേശി റോബിന്‍ (39) നെതിരെ പൊലീസ് കേസെടുത്തു.
കോട്ടയത്ത് സ്ത്രീയെ ആക്രമിച്ച കേസന്വേഷണത്തില്‍ വീഴ്ച വരുത്തിയതിന് സസ്‌പെന്‍ഷനിലായിരുന്ന വൈക്കം പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥരെ തിരിച്ചെടുത്തു. എസ് ഐ അജ്മല്‍ ഹുസൈന്‍, പൊലീസുകാരായ സാബു, വിനോയ്, വിനോദ് എന്നിവരുടെ സസ്‌പെന്‍ഷനാണ് ഡിഐജി എ. ശ്രീനിവാസ് പിന്‍വലിച്ചത്.
മണിപ്പൂരില്‍ സ്ത്രീകളെ നഗ്നരാക്കി നടത്തി കൂട്ടബലാത്സംഗം ചെയ്ത കേസില്‍ സിബിഐ അന്വേഷണം വേണ്ടെന്ന് ഇരയായ സ്ത്രീകള്‍. സ്വതന്ത്ര അന്വേഷണം വേണമെന്ന് ഇരകള്‍ക്കു വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ കപില്‍ സിബല്‍ ആവശ്യപ്പെട്ടു. കേസ് ആസാമിലേക്കു മാറ്റരുതെന്നും ആവശ്യപ്പെട്ടു. കേസിന്റെ വിചാരണ എവിടെ വേണമെന്ന് കോടതിക്കു തീരുമാനിക്കാമെന്നും സോളിസിറ്റര്‍ ജനറല്‍ അറിയിച്ചു. അന്വേഷണത്തിന് സുപ്രീംകോടതി മേല്‍നോട്ടം വഹിക്കുന്നതിനോടു യോജിപ്പാണെന്നും കേന്ദ്രം കോടതിയെ അറിയിച്ചു.
മറ്റിടങ്ങളില്‍ സ്ത്രീകള്‍ക്കെതിരേ നടക്കുന്ന അതിക്രമങ്ങള്‍ ചൂണ്ടിക്കാട്ടി മണിപ്പൂരില്‍ നടന്നതിനെ ന്യായീകരിക്കരുതെന്നു സുപ്രീം കോടതി ചീഫ് ജസ്റ്റീസ് ഡി.വൈ. ചന്ദ്രചൂഡ്. സ്ത്രീകളെ നഗ്നരാക്കി നടത്തിയെന്ന കേസിന്റെ വിചാരണ മണിപ്പൂരില്‍നിന്നു മറ്റൊരു സംസ്ഥാനത്തേക്കു മാറ്റണമെന്ന കേന്ദ്ര സര്‍ക്കാരിന്റെ ആവശ്യം പരിഗണക്കവേയാണ് ചീഫ് ജസ്റ്റിസിന്റെ പ്രതികരണം. അഭിഭാഷകന്‍ ബംഗാളിലും രാജസ്ഥാനിലുമുള്ള അതിക്രമങ്ങളെക്കുറിച്ചു സംസാരിച്ചപ്പോഴാണ് ഇങ്ങനെ പ്രതികരിച്ചത്.
46,000 വര്‍ഷമായി ജീവനോടെയിരിക്കുന്ന പുഴുവിനെ കണ്ടെത്തിയെന്നു ശാസ്ത്രജ്ഞരുടെ അവകാശവാദം. ഡ്രെഡ്‌സണിലെ മാക്സ് പ്ലാങ്ക് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മോളിക്യുലാര്‍ സെല്‍ ബയോളജി ആന്‍ഡ് ജനറ്റിക്സിലെ ശാസ്ത്രജ്ഞരാണ് മരവിച്ച അവസ്ഥയിലുള്ള പുഴുവിനെ കണ്ടെത്തിയത്. സൈബീരിയന്‍ പെര്‍മാഫ്രോസ്റ്റില്‍ ഉപരിതലത്തില്‍ നിന്ന് 40 മീറ്റര്‍ താഴെയായി ക്രിപ്റ്റോബയോസിസ് എന്നു വിളിക്കപ്പെടുന്ന അവസ്ഥയിലായിരുന്നു പുഴു. ശാസ്ത്രജ്ഞസംഘത്തിനു നേതൃത്വം നല്‍കുന്ന പ്രൊഫ. ടെയ്മുറാസ് കുര്‍സാലിയ പറഞ്ഞു.