മഹാരാഷ്ട്രയിലെ രാഷ്ട്രീയ അട്ടിമറികള്‍ കണ്ട് അമ്പരന്ന് രാജ്യത്തെ പ്രതിപക്ഷ കക്ഷി നേതാക്കള്‍. എന്‍സിപിയെ പിളര്‍ത്തി പകുതിയിലേറെ എംഎല്‍എമാരുമായി എന്‍സിപി നേതാവ് അജിത് പവാര്‍ ബിജെപി സര്‍ക്കാരില്‍ ഉപമുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തത് ഇന്ത്യന്‍ രാഷ്ട്രീയത്തെ ഒന്നാകെ ഞെട്ടിച്ചു. 29 എംഎല്‍എമാരുമൊത്തു രാജ്ഭവനിലെത്തി സത്യപ്രതിജ്ഞ ചെയ്ത അജിത് പവാര്‍ തനിക്കൊപ്പം 40 എംഎല്‍എമാരുണ്ടെന്നാണ് അവകാശപ്പെടുന്നത്. എന്‍സിപിക്ക് ആകെ 53 എംഎല്‍എമാരാണ് ഉണ്ടായിരുന്നത്. ഭൂരിപക്ഷം എംഎല്‍എമാരും തനിക്കൊപ്പമായതിനാല്‍ യഥാര്‍ത്ഥ എന്‍സിപി തന്റേതാണെന്നും അജിത് പവാര്‍ അവകാശപ്പെട്ടു.
ഉപമുഖ്യമന്ത്രിയായുള്ള സത്യപ്രതിജ്ഞ നടക്കുന്നതുവരെ എല്ലാ കരുനീക്കങ്ങളും രഹസ്യമാക്കി അജിത് പവാര്‍. 2019 ല്‍ ബിജെപിയുമായി ചേര്‍ന്നു മന്ത്രിസഭയുണ്ടാക്കാന്‍ നടത്തിയ നീക്കങ്ങള്‍ ചോര്‍ന്നതിനെത്തുടര്‍ന്ന് പാര്‍ട്ടി അധ്യക്ഷന്‍ ശരത് പവാര്‍ അതു തകര്‍ത്തിരുന്നു. ഇത്തവണ അങ്ങനെയൊന്നു സംഭവിക്കാതിരിക്കാന്‍ അജിത് പവാര്‍ പ്രത്യേകം ശ്രദ്ധിച്ചു. എന്‍സിപിക്ക് മകള്‍ സുപ്രിയ സുലെ അടക്കം രണ്ടു വര്‍ക്കിംഗ് പ്രസിഡന്റുമാരെ ഈയിടെ നിയമിച്ചതിനു പിറകേ, അജിത് പവാര്‍ തനിക്കു പ്രതിപക്ഷ നേതൃസ്ഥാനം വേണ്ടെന്നും പാര്‍ട്ടിയില്‍ പദവി വേണമെന്നും ശരത് പവാറിനോടു പറഞ്ഞിരുന്നു.
എന്‍സിപിയെ പിളര്‍ത്തി അജിത് പവാര്‍ ബിജെപി- ശിവസേന മന്ത്രിസഭയില്‍ എത്തിയതോടെ മഹാരാഷ്ടയില്‍ ട്രിപ്പിള്‍ എന്‍ജിന്‍ സര്‍ക്കാരായിയെന്ന് മുഖ്യമന്ത്രിയും ശിവസേന നേതാവുമായ ഏക്‌നാഥ് ഷിന്‍ഡെ. എന്നാല്‍ അധികാരത്തിനും പണത്തിനും പിറകേ ഓടുന്നവരെ ഗൗനിക്കുന്നില്ലെന്നും ജനങ്ങളുടെ പിന്തുണ തനിക്കും എന്‍സിപിക്കും ഉണ്ടെന്നും എന്‍സിപി അധ്യക്ഷന്‍ ശരത് പവാര്‍ പ്രതികരിച്ചെന്നാണ് വക്താവ് സഞ്ജയ് റാവത്ത് മാധ്യമങ്ങളോടു പറഞ്ഞത്.
ചാലക്കുടിയില്‍ ബ്യൂട്ടിപാര്‍ലര്‍ ഉടമയായ ഷീല സണ്ണിയെ മയക്കുമരുന്നു കള്ളക്കേസില്‍ കുടുക്കിയ എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ കെ സതീശനെ സസ്‌പെന്‍ഡ് ചെയ്തു. ഇരിങ്ങാലക്കുടയിലെ ഇന്‍സ്‌പെക്ടറായിരുന്ന ഇയാളുടെ വീഴ്ച മനസിലാക്കി നേരത്തെ സ്ഥലംമാറ്റിയിരുന്നു. ഷീല സണ്ണിയുടെ ബാഗില്‍ നിന്ന് കണ്ടെടുത്തത് ലഹരി സ്റ്റാമ്പ് അല്ലെന്ന് ലാബ് പരിശോധനയില്‍ കണ്ടെത്തിയിരുന്നു. വ്യാജ കേസ് ചമയ്ക്കാന്‍ ഉദ്യോഗസ്ഥന്‍ കൂട്ടുനിന്നെന്നാണ് കുറ്റം.
കള്ളക്കേസില്‍ കുടുക്കിയവര്‍ക്കെതിരേ നടപടിയുണ്ടാകുമെന്ന് മന്ത്രി എംബി രാജേഷ് ഷീലാ സണ്ണിയെ ഫോണില്‍ വിളിച്ച് ആശ്വസിപ്പിച്ചു. തെറ്റു ചെയ്യാതെ ജയിലില്‍ കിടക്കാനിടയായതില്‍ മന്ത്രി ഖേദം പ്രകടിപ്പിച്ചു. ഷീലാ സണ്ണി നിരപരാധിയാണ് എന്ന് കോടതിയെ അറിയിക്കുമെന്നും മന്ത്രി വ്യക്തമാക്കി.
സംസ്ഥാനത്ത് അതിതീവ്ര മഴയ്ക്കു സാധ്യത. രണ്ടു ചക്രവാതച്ചുഴി നിലവിലുള്ളതിനാല്‍ അഞ്ചു ദിവസം കനത്ത മഴയുണ്ടാകുമെന്നാണ് മുന്നറിയിപ്പ്.
കൈതോലപ്പായ വിവാദം സ്വയം എരിഞ്ഞടങ്ങിക്കൊള്ളുമെന്നും ജി ശക്തിധരന്റെ കള്ളപ്രചരണങ്ങള്‍ക്കു മറുപടി പറയാന്‍ സിപിഎമ്മില്ലന്നും സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. ഹിന്ദു അജണ്ട നടപ്പാക്കാനാണ് ബിജെപി ഏകീകൃത സിവില്‍കോഡുമായി വന്നിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
എന്‍സിപി കേരള ഘടകം ശരദ് പവാറിനൊപ്പം ഉറച്ചുനില്‍ക്കുമെന്ന് മന്ത്രി എ കെ ശശീന്ദ്രന്‍. അജിത് പവാറിന്റേത് അധികാരമോഹവും വഞ്ചനയുമാണ്. പാര്‍ട്ടിയിലെ ശക്തന്‍ ശരദ് പവാര്‍ തന്നെയാണെന്നും എ കെ ശശീന്ദ്രന്‍ പറഞ്ഞു.
കേന്ദ്രമന്ത്രി വി. മുരളീധരന്‍ മുന്‍കൈയെടുത്ത് കൊണ്ടുവന്ന ഏതെങ്കിലും ഒരു പദ്ധതിയുടെ പേര് പറയാമോയെന്ന് മന്ത്രി ശിവന്‍കുട്ടി. ‘ചിലപ്പന്‍ കിളി’യെ പോലെ എന്തൊക്കെയോ പറയാന്‍ മാത്രമാണ് മുരളീധരന്‍ കേരളത്തില്‍ വരുന്നത്. കേരളത്തിലെ ഏറ്റവും വലിയ പാര്‍ട്ടിയുടെ സംസ്ഥാന സെക്രട്ടറിയായ എം വി ഗോവിന്ദന്‍ മാസ്റ്ററെക്കുറിച്ച് മുരളീധരന്‍ ആക്ഷേപകരമായ കാര്യങ്ങളാണ് പറയുന്നതെന്നും ശിവന്‍കുട്ടി പറഞ്ഞു.
ബിജെപി അഖിലേന്ത്യാ അധ്യക്ഷന്‍ ജെ പി നദ്ദ പങ്കെടുത്ത യോഗത്തിലേക്കു തന്നെ വിളിക്കാത്തതിനെക്കുറിച്ചു മറുപടി പറയേണ്ടത് സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രനാണെന്ന് മുതിര്‍ന്ന ബിജെപി നേതാവ് ശോഭാ സുരേന്ദ്രന്‍. ബിജെപി വ്യക്തികളുടെ പ്രസ്ഥാനമല്ലെന്നും ശോഭ സുരേന്ദ്രന്‍ പറഞ്ഞു. ചില പ്രത്യേക സാഹചര്യങ്ങളില്‍ കസേരയില്‍ ഇരുത്താത്തതുകൊണ്ടാണ് ചോദ്യങ്ങള്‍ ഉയരുന്നത്. അതില്‍ വേദനയുണ്ടെന്നും ശോഭാ സുരേന്ദ്രന്‍.
പാലക്കാട് പല്ലശ്ശനയില്‍ വധൂവരന്‍മാരുടെ തല മുട്ടിച്ച സംഭവത്തില്‍ നാട്ടുകാരനായ സുഭാഷ് അറസ്റ്റില്‍. നവവധു തെക്കുംപുറത്ത് സച്ചിന്റെ ഭാര്യ സജ്‌ല നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റു ചെയ്തത്. ദേഹോപദ്രവമേല്‍പ്പിച്ചതിനും സ്ത്രീത്വത്തെ അപമാനിച്ചതിനുമാണ് ഇയാള്‍ക്കെതിരെ കേസ്. ആചാരമെന്ന പേരിലുള്ള അതിക്രമം സാമൂഹ്യമാധ്യമങ്ങളില്‍ വന്‍ വിമര്‍ശനത്തിന് വഴിവച്ചിരുന്നു. വനിതാകമ്മീഷനും വിഷയത്തില്‍ ഇടപെട്ടിരുന്നു.
പാലക്കാട്ട് ഥാര്‍ ജീപ്പില്‍ ലഹരിമരുന്ന് കടത്തുന്നതിനിടെ തൃശൂര്‍ സ്വദേശികളായ യുവാവും യുവതിയും പിടിയിലായി. തൃശൂര്‍ മുകുന്ദപുരം സ്വദേശിനി ഷമീന, തളിക്കുളം സ്വദേശി മുഹമ്മദ് റയിസ് എന്നിവരാണ് 62 ഗ്രാം എംഡിഎംഎയുമായി പിടിയിലായത്.
കര്‍ണാടകത്തില്‍ പുതുതായി നിര്‍മിച്ച മുസ്ലിം പള്ളി ഉദ്ഘാടനം ചെയ്തത് സ്വാമി. കോപ്പല്‍ ജില്ലയിലെ കുക്കനൂര്‍ താലൂക്കിലെ ഭാനാപൂര്‍ ഗ്രാമത്തിലാണ് സംഭവം. കൊപ്പല്‍ ഗവി മഠത്തിലെ അഭിനവ ഗവിസിദ്ദേശ്വര സ്വാമിയാണ് മസ്ജിദ് ഉദ്ഘാടനം ചെയ്തത്. ഇക്കാലത്ത് എല്ലാവരും ഐക്യത്തോടെ ജീവിക്കേണ്ടത് അനിവാര്യമാണെന്നും യഥാര്‍ത്ഥ മതം എന്നാല്‍ സൗഹാര്‍ദമാണെന്നും അദ്ദേഹം പറഞ്ഞു.
ഭര്‍ത്താവില്ലാത്ത രാത്രി വീട്ടില്‍ കിടന്നുറങ്ങുന്നതിനിടെ മേല്‍ക്കൂര പൊളിച്ച് അകത്തുകയറി ബലാല്‍സംഗം ചെയ്യാന്‍ ശ്രമിച്ചയാളുടെ ജനനേന്ദ്രിയം യുവതി മുറിച്ചുമാറ്റി. ബിഹാറിലെ ബങ്ക ജില്ലയിലാണ് സംഭവം. ഇയാളെ അറസ്റ്റു ചെയ്ത ശേഷം ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബലാല്‍ക്കാര ശ്രമത്തിനിടെ സമീപത്തു സൂക്ഷിച്ചിരുന്ന ഷേവിംഗ് ബ്ലേഡ് എടുത്ത് ജനനേന്ദ്രിയം മുറിക്കുകയായിരുന്നെന്നു പോലീസ് പറഞ്ഞു.