ബിജെപി നയിക്കുന്ന എന്‍ഡിഎയെ നേരിടാന്‍ പ്രതിപക്ഷ കക്ഷികളുടെ ‘ഇന്ത്യ’. മുന്നണിയുടെ പേര് ബംഗളൂരുവില്‍ ചേര്‍ന്ന 26 പ്രതിപക്ഷ പാര്‍ട്ടികളുടെ യോഗം അംഗീകരിച്ചു. ‘ഇന്ത്യന്‍ നാഷണല്‍ ഡെവലപ്‌മെന്റല്‍ ഇന്‍ക്ലൂസീവ് അലയന്‍സ്’ എന്നാണ് പൂര്‍ണ രൂപം. രാഹുല്‍ഗാന്ധിയാണ് പേരു നിര്‍ദേശിച്ചത്. നാശത്തില്‍നിന്നും കലാപത്തില്‍നിന്നും ഇന്ത്യയെ രക്ഷിക്കാന്‍ ‘ഇന്ത്യ’ വരുമെന്ന് മമത ബാനര്‍ജി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. രാജ്യത്തിന്റെ ശബ്ദം വീണ്ടെടുക്കാനുള്ള സഖ്യമാണെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു. ഇത് മോദിയും ‘ഇന്ത്യ’യും തമ്മിലുള്ള പോരാട്ടമാണമെന്നും രാഹുല്‍ ഗാന്ധി കൂട്ടിച്ചേര്‍ത്തു. മുംബൈയില്‍ ചേരുന്ന അടുത്ത യോഗത്തില്‍ 11 അംഗ ഏകോപന സമിതി രൂപീകരിക്കുമെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെ പറഞ്ഞു.
മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക് കേരളത്തിന്റെ അന്ത്യാഞ്ജലി. വിമാനത്താവളത്തില്‍ നിന്ന് വിലാപയാത്രയായി പുതുപ്പള്ളി ഹൗസില്‍ എത്തിച്ച മൃതദേഹത്തിനു വഴിനീളെ ജനക്കൂട്ടം അന്ത്യോപചാരം അര്‍പ്പിച്ചു. നൂറു കണക്കിനു നേതാക്കളും ആളുകളാണ് അന്ത്യാഞ്ജലി അര്‍പ്പിക്കാനെത്തിയത്.
ഉറ്റസുഹൃത്തായിരുന്ന ഉമ്മന്‍ ചാണ്ടിയുടെ ചേതനയറ്റ ശരീരത്തിനുമുന്നില്‍ പൊട്ടിക്കരഞ്ഞ് മുതിര്‍ന്ന നേതാവ് എ കെ ആന്റണി. ഉമ്മന്‍ചാണ്ടിയുടെ മകന്‍ ചാണ്ടി ഉമ്മനെ ചേര്‍ത്തുപിടിച്ച് വിതുമ്പി. മകളുടെ കൈകള്‍ ചേര്‍ത്തുപിടിച്ച് ആശ്വസിപ്പിച്ചപ്പോഴും ആന്റണി വിതുമ്പി.
അന്തരിച്ച ഉമ്മന്‍ ചാണ്ടിക്ക് അന്ത്യാഞ്ജലിയുമായി ദര്‍ബാര്‍ ഹാളിലും വന്‍ ജനാവലി. രാത്രി കെപിസിസി ഓഫീസിലും പൊതുദര്‍ശനത്തിനു വച്ചശേഷം ജഗതിയിലെ വീട്ടിലേക്കു കൊണ്ടുപോകും. നാളെ രാവിലെ ഏഴിന് കോട്ടയത്തേക്കു കൊണ്ടുപോകും. തിരുനക്കരയില്‍ മൈതാനത്ത് പൊതുദര്‍ശനത്തിനുശേഷം വൈകുന്നേരം പുതുപ്പള്ളിയില്‍ എത്തിക്കും. മറ്റന്നാള്‍ ഉച്ചയ്ക്കു രണ്ടിനാണ് സംസ്‌കാരം.
നിയമന ശുപാര്‍ശാ മെമ്മോകള്‍ ഉദ്യോഗാര്‍ത്ഥികളുടെ പ്രൊഫൈലിലും ലഭ്യമാക്കുമെന്നു കേരള പി.എസ്.സി. തപാല്‍ മാര്‍വും നിയമന ശുപാര്‍ശകള്‍ അയക്കുന്നതു തുടരും. ഒ.ടി.പി സംവിധാനത്തിലൂടെ ഉദ്യോഗാര്‍ത്ഥികള്‍ക്ക് പ്രൊഫൈലില്‍നിന്നു നിയമന ശുപാര്‍ശ നേരിട്ട് ഡൗണ്‍ലോഡ് ചെയ്യാം.
കേരളത്തിന് വീണ്ടും മഴ ഭീഷണി. ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട ചക്രവാതചുഴി 48 മണിക്കൂറിനുള്ളില്‍ വടക്ക് പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിനു മുകളില്‍ ന്യൂനമര്‍ദ്ദമായി ശക്തി പ്രാപിക്കാന്‍ സാധ്യത. ശനിയാഴ്ച വരെ കേരളത്തില്‍ വ്യാപകമായ മഴയ്ക്കു സാധ്യത.
പാലക്കാട് ജില്ലയില്‍ സിപിഐയില്‍ അച്ചടക്ക നടപടി. മുഹമ്മദ് മുഹ്സിന്‍ എംഎല്‍എയെ ജില്ലാ സെക്രട്ടറിയറ്റില്‍നിന്ന് ജില്ലാ കമ്മിറ്റിയിലേക്കും പട്ടാമ്പി മണ്ഡലം സെക്രട്ടറി സുഭാഷ്, പട്ടാമ്പിയില്‍ നിന്നുള്ള ജില്ലാ കമ്മിറ്റിയംഗം കൊടിയില്‍ രാമകൃഷ്ണന്‍ എന്നിവരെ ബ്രാഞ്ച് കമ്മിറ്റിയിലേക്കും തരംതാഴ്ത്തി.
പാലക്കാട് ചാലിശേരി സെന്ററില്‍ അടഞ്ഞ് കിടക്കുന്ന ബേക്കറി കെട്ടിടത്തില്‍ മധ്യവയസ്‌കനെ മരിച്ച നിലയില്‍ കണ്ടെത്തി. ചാലിശ്ശേരി മേലേതലക്കല്‍ സ്വദേശി മുസ്തഫയാണ് (45) മരിച്ചത്.
തമിഴ്നാട് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി കെ പൊന്മുടിയുടെ വീട്ടില്‍നിന്ന് 81.7 ലക്ഷം രൂപ പിടിച്ചെടുത്തെന്ന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. 13 ലക്ഷം രൂപയുടെ വിദേശ കറന്‍സിയും പിടിച്ചെടുത്തിട്ടുണ്ട്. മന്ത്രിയെയും മകനെയും ചെന്നൈ ഇഡി ഓഫീസില്‍ ചോദ്യം ചെയ്യുകയാണ്. മന്ത്രിയുടെ 42 കോടിയുടെ സ്ഥിരനിക്ഷേപം മരവിപ്പിച്ചു.
തമിഴ്‌നാട്ടിലെ സംസ്ഥാനപാത ടെന്‍ഡറിലെ അഴിമതി ആരോപണത്തില്‍ മുന്‍ മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമിക്കെതിരേ പുനരന്വേഷണം ആവശ്യപ്പെട്ടുള്ള വിജിലന്‍സിന്റെ ഹര്‍ജി മദ്രാസ് ഹൈക്കോടതി തള്ളി.
ഇന്‍ഫോസിസ് സ്ഥാപകന്‍ നാരായണ മൂര്‍ത്തിയും ഭാര്യ സുധ മൂര്‍ത്തിയും തിരുപ്പതി ബാലാജി ക്ഷേത്രത്തില്‍ രണ്ടു കിലോഗ്രാം തൂക്കമുള്ള സ്വര്‍ണ ശംഖും സ്വര്‍ണ ആമയുടെ വിഗ്രഹവും സമര്‍പ്പിച്ചു. തിരുമലയിലെ ശ്രീ വരു ക്ഷേത്രത്തിന് സ്വര്‍ണ അഭിഷേക ശങ്കം സമ്മാനിക്കുകയും ചെയ്തു.