അയോധ്യ രാമജന്മഭൂമിയിലെ ശ്രീരാമക്ഷേത്രത്തില്‍ പ്രാണപ്രതിഷ്ഠ നാളെ. ഉച്ചയ്ക്കു 12.20 നു പ്രതിഷ്ഠാകര്‍മങ്ങള്‍ ആരംഭിക്കും. പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് ചടങ്ങുകളിലെ മുഖ്യയജമാനന്‍. അയോധ്യയില്‍ ജയ്ശ്രീരാം വിളികളുമായി രാമഭക്തര്‍ നിറഞ്ഞൊഴുകുകയാണ്. കനത്ത സുരക്ഷാ സന്നാഹങ്ങളുണ്ട്. പ്രതിഷ്ഠാദിനത്തെ രാജ്യവ്യാപകമായ ഉല്‍സവമാക്കിയിരിക്കുകയാണു കേന്ദ്ര സര്‍ക്കാര്‍. പ്രതിഷ്ഠാ ചടങ്ങുകളുടെ തല്‍സമയ സംപ്രേക്ഷണം കാണാന്‍ ഉച്ചയ്ക്ക് 2.30 വരെ കേന്ദ്ര സര്‍ക്കാര്‍ ഓഫീസുകള്‍ക്ക് അവധി. കോണ്‍ഗ്രസ് ഭരിക്കുന്ന ഹിമാചല്‍ പ്രദേശ് അടക്കം 16 സംസ്ഥാന സര്‍ക്കാരുകളും പൊതുഅവധി പ്രഖ്യാപിച്ചിരിക്കുകയാണ്. (രാമക്ഷേത്രം: https://youtu.be/qdvDu8T35dg?si=7Nnbm9wiQrjwLt_S )
ആസാമില്‍ രാഹുല്‍ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ ന്യായ് യാത്രയ്ക്കു നേരേ വീണ്ടും ആക്രമണം. കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി ജയറാം രമേശിന്റെ വാഹനം ബിജെപി പ്രവര്‍ത്തകര്‍ ആക്രമിച്ചു. ദൃശ്യങ്ങള്‍ അദ്ദേഹം പുറത്തുവിട്ടു. വാഹനം തടഞ്ഞ് ചില്ലില്‍ പതിച്ചിരുന്ന ഭാരത് ജോഡോ ന്യായ് യാത്രയുടെ സ്റ്റിക്കറുകള്‍ വലിച്ചു കീറുകയും വാഹനത്തിലേക്ക് വെള്ളം ഒഴിക്കുകയും ചെയ്തു.
കരുവന്നൂര്‍ സഹകരണ ബാങ്കിലെ തട്ടിപ്പുകളില്‍ എന്‍ഫോഴ്‌സ്‌മെന്റ് മുഖ്യപ്രതിയെ മാപ്പുസാക്ഷിയാക്കുന്നതു വിചിത്രമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സിപിഎം നേതാക്കള്‍ തട്ടിപ്പു നടത്തിയെന്നു സ്ഥാപിക്കാനാണ് എന്‍ഫോഴ്‌സ്‌മെന്റിന്റെ ശ്രമം. സഹകരണ മേഖലയുടെ വളര്‍ച്ചയില്‍ ചിലര്‍ക്ക് അസ്വസ്ഥതയുണ്ട്. സ്വര്‍ണ കള്ളകടത്ത് നടന്നപ്പോള്‍ കേന്ദ്ര ഏജന്‍സി അന്വേഷിക്കാന്‍ സംസ്ഥാന സര്‍ക്കാരാണ് ആവശ്യപ്പെട്ടത്. പിന്നെ നടന്നതൊന്നും പറയുന്നില്ല. മുഖ്യമന്ത്രി പറഞ്ഞു.
വ്യാഴാഴ്ച ആരംഭിക്കുന്ന നിയമസഭാ സമ്മേളനത്തില്‍ ഗവര്‍ണര്‍ അവതരിപ്പിക്കേണ്ട നയപ്രഖ്യാപന പ്രസംഗത്തിന്റെ കരട് സംസ്ഥാന സര്‍ക്കാര്‍ രാജ്ഭവനു കൈമാറി. കേന്ദ്ര സര്‍ക്കാരിന്റെ കേരള വിരുദ്ധ നിലപാടിനെ വിമര്‍ശിക്കുന്ന വരികളുണ്ടെന്നാണു റിപ്പോര്‍ട്ട്. മാര്‍ച്ച് 27 വരെ നീളുന്ന നിയമസഭാ സമ്മേളനത്തില്‍ ഫെബ്രുവരി അഞ്ചിന് ധനമന്ത്രി കെഎന്‍ ബാലഗോപാല്‍ ബജറ്റ് അവതരിപ്പിക്കും.
ഇലക്ട്രിക് ബസുകള്‍ ലാഭകരമാണെന്ന് കെഎസ്ആര്‍ടിസിയുടെ വാര്‍ഷിക റിപ്പോര്‍ട്ട്. ഏപ്രില്‍ മുതല്‍ ഡിസംബര്‍ വരെ 288. 91 ലക്ഷം ലാഭമൂണ്ടാക്കി. ഈ കാലയളവില്‍ 18,901 സര്‍വീസാണു നടത്തിയത്. ഒരു കിലോമീറ്റര്‍ ഓടാന്‍ ശമ്പളം, ഇന്ധനം എന്നീ ഇനങ്ങളില്‍ 28. 45 രൂപ ചെലവുവരുന്നു. 36.66 രൂപ ശരാശരി വരുമാനം ലഭിച്ചു. ചെലവുകള്‍ കഴിഞ്ഞ് കിലോമീറ്ററിന് എട്ടു രൂപ 21 പൈസ ലാഭമുണ്ടായെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. ഇലക്ട്രിക് ബസുകള്‍ ലാഭമില്ലെന്ന മന്ത്രി കെ.ബി. ഗണേഷ്‌കുമാറിന്റെ വാദം ശരിയല്ലെന്നാണ് ഈ റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. മന്ത്രി ആവശ്യപ്പെട്ടതനുസരിച്ച് പുതിയ റിപ്പോര്‍ട്ട് കെഎസ്ആര്‍ടിസി എംഡി ബുധനാഴ്ച മന്ത്രിക്കു കൈമാറും.
കാരുണ്യ ഫാര്‍മസിക്കു മരുന്നു വിതരണം ചെയ്തതിന്റെ ഒമ്പതര കോടി രൂപയുടെ കുടിശ്ശിക തരണമെന്ന് ആവശ്യപ്പെട്ട് സണ്‍ ഫാര്‍മ സര്‍ക്കാരിനെതിരേ ഹൈക്കോടതിയെ സമീപിച്ചു. സര്‍ക്കാര്‍ വിശ്വാസവഞ്ചന കാണിച്ചെന്നും പാവപ്പെട്ട രോഗികളെ ഓര്‍ത്താണ് മരുന്നു വിതരണം നിര്‍ത്താത്തതെന്നും കമ്പനി ഹര്‍ജിയില്‍ പറയുന്നു.
മിച്ചഭൂമി കേസില്‍ തിരുവമ്പാടി മുന്‍ എംഎല്‍എ ജോര്‍ജ് എം തോമസിന്റെ കൈവശമുള്ള 5.75 ഏക്കര്‍ മിച്ചഭൂമിയായി കണ്ടുകെട്ടാന്‍ ലാന്‍ഡ് ബോര്‍ഡ് ഉത്തരവിട്ടു. വീട് ഉള്‍പെടുന്ന 35 സെന്റ് സ്ഥലം കണ്ടുകെട്ടുന്നതില്‍നിന്ന് ഒഴിവാക്കി.
ഇന്ത്യയില്‍ ഇന്നു വച്ചാലുടന്‍ വിറ്റുപോകുന്ന വില്‍പനചരക്കാണു ശ്രീരാമന്റെ പേരെന്ന് കഥാകൃത്ത് ടി. പത്മനാഭന്‍. പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ ഒരു കൂട്ടരുടെ ഏറ്റവും വലിയ തുരുപ്പു ചീട്ട് ശ്രീമന്റെ പേരും അയോധ്യയിലെ ക്ഷേത്രവുമായിരിക്കും. ജയ്ശ്രീരാം എന്നു വിളിച്ചില്ലെങ്കില്‍ കുത്തിക്കൊല്ലുന്നവരുടെ നാടായി മാറിയെന്നും അദ്ദേഹം പറഞ്ഞു.
വിദ്യാര്‍ത്ഥികള്‍ക്കായി പ്രധാനമന്ത്രി നയിക്കുന്ന ദേശീയ പരിപാടിയായ പരീക്ഷ പേ ചര്‍ച്ചയുടെ അവതാരകയാകാന്‍ മലയാളി പെണ്‍കുട്ടി. കോഴിക്കോട് ഈസ്റ്റ് ഹില്‍ കേന്ദ്രീയ വിദ്യാലയത്തിലെ പതിനൊന്നാം ക്ലാസ് വിദ്യാര്‍ത്ഥിനി മേഘ്‌ന എന്‍ നാഥിനെയാണ് അവതാരകയാകാന്‍ തെരഞ്ഞെടുക്കപ്പെട്ടത്. വാരണസിയില്‍ നിന്നുള്ള അനന്യ ജ്യോതിയും പരീക്ഷ പേ ചര്‍ച്ചയുടെ അവതാരകയാകും. മൂന്നു മിനിട്ടു ദൈര്‍ഘ്യമുള്ള അവതാരക വീഡിയോ അടിസ്ഥാനമാക്കിയായിരുന്നു പ്രാഥമികഘട്ട തെരഞ്ഞെടുപ്പ്.
നടി ഷക്കീലയെ മര്‍ദിച്ചതിന് വളര്‍ത്തുമകളായ ശീതളിനെതിരേ കേസെടുത്തു. ഷക്കീലയുടെ അഭിഭാഷക സൗന്ദര്യക്കും മര്‍ദനമേറ്റു. ഇവരെ ചെന്നൈയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അതേസമയം ഷക്കീലയ്‌ക്കെതിരെ ശീതളിന്റെ ബന്ധുക്കളും പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.
നവകേരള സദസിനായി സര്‍ക്കാര്‍ ചെലവാക്കിയ തുക എത്രയെന്ന വിവരാവകാശ ചോദ്യത്തിനു മറുപടി നല്‍കാതെ അധികൃതര്‍. കണക്കു ലഭ്യമല്ലെന്നാണു സുല്‍ത്താന്‍ ബത്തേരി ചെതലയം സ്വദേശി കുഞ്ഞുമുഹമ്മദിനു ലഭിച്ച മറുപടി. നവകേരള സദസുമായി ബന്ധപ്പെട്ട പ്രതിഷേധങ്ങളില്‍ ആകെ എത്ര കേസുകളുണ്ടെന്ന ചോദ്യം ഡിജിപിയോട് ചോദിക്കണമെന്നാണു സര്‍ക്കാര്‍ മറുപടി നല്‍കിയത്.
വീല്‍ചെയര്‍ ഭീഷണി വിവാദത്തില്‍ പാണക്കാട് മുഈന്‍ അലി തങ്ങളെ പിന്തുണച്ച് മുസ്ലിം ലീഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടി. കൈ വെട്ടും, കാലു വെട്ടും എന്നൊക്കെയുള്ള വെല്ലുവിളികള്‍ അംഗീകരിക്കാനാകില്ല. എല്ലാവരും ബഹുമാനിക്കുന്ന പാണക്കാട് കുടുംബത്തിനു നേരെ ഇത്തരത്തിലുള്ള പ്രസ്താവനകള്‍ വരുമ്പോള്‍ മുസ്ലിം ലീഗ് പ്രവര്‍ത്തകര്‍ക്കോ സമൂഹത്തിനോ ഒരു തരത്തിലും അംഗീകരിക്കാനാവില്ല. അദ്ദേഹം പറഞ്ഞു.
തിരുവല്ല ഡയറ്റില്‍ പരീക്ഷാത്തട്ടിപ്പു റിപ്പോര്‍ട്ടു ചെയ്തതിനാണ് തന്നെ കള്ളക്കേസില്‍ കുടുക്കി വിദ്യാര്‍ത്ഥി ആത്മഹത്യക്കു ശ്രമിച്ചെന്നു കേസുണ്ടാക്കി തന്നെ സസ്‌പെന്‍ഡു ചെയ്തതെന്ന് അധ്യാപിക മിലീന ജെയിംസ്. വിദ്യാര്‍ത്ഥികള്‍ക്കു കോപ്പിയടിക്കാന്‍ ഒരു അധ്യാപിക ഉത്തരസൂചിക നല്‍കിയെന്ന വിവരം വിദ്യാഭ്യാസ വകുപ്പിനെ അറിയിച്ചതിനുള്ള വൈരാഗ്യമെന്ന നിലയിലാണ് ആത്മഹത്യാശ്രമക്കേസെന്നാണ് ആരോപണം. ആത്മഹത്യക്ക് ശ്രമിച്ച വിദ്യാര്‍ത്ഥിയെ താന്‍ പഠിപ്പിക്കുന്നില്ലെന്നും അവര്‍ പറഞ്ഞു.
ആള്‍ക്കൂട്ടത്തില്‍ പോലീസുകാരന് ഇന്‍സ്‌പെക്ടറുടെ മര്‍ദനം. വൈത്തിരി ഇന്‍സ്‌പെക്ടറാണ് കീഴുദ്യോഗസ്ഥനെ തല്ലിയതിന്റെ ദൃശ്യങ്ങള്‍ സാമൂഹ്യ മാധ്യമങ്ങളിലൂടെ പ്രചരിച്ചു. സ്‌പെഷ്യല്‍ ബ്രാഞ്ച് ജില്ലാ പൊലീസ് മേധാവിക്ക് റിപ്പോര്‍ട്ട് നല്‍കി. പോലീസുകാരന്‍ പരാതി നല്‍കിയിട്ടില്ല.
വടകരയ്ക്കു സമീപം തിരുവള്ളൂരില്‍ യുവതി രണ്ടു മക്കളേയുംകൊണ്ട് കിണറില്‍ ചാടി മരിച്ചു. കുന്നിയില്‍ മഠത്തില്‍ അഖില (32), മക്കളായ കശ്യപ് (60, വൈഭവ് (ആറു മാസം) എന്നിവരാണു മരിച്ചത്.
പോക്‌സോ കേസില്‍ അറസ്റ്റിലായി കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ കഴിയുന്ന പ്രതി അതിജീവിതയുടെ പിതാവിനെ ഫോണിലൂടെ ഭീഷണിപ്പെടുത്തി. ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കുമ്പോള്‍ മൊഴി മാറ്റണമെന്ന് ആവശ്യപ്പെട്ടാണ് ഭീഷണി. പ്രതി ബംഗാള്‍ സ്വദേശി ഇന്‍സമാമു്# ഹഖിനെതിരേ ചിറ്റാരിക്കല്‍ പോലീസ് കേസെടുത്തിട്ടുണ്ട്.
കുന്നംകുളത്ത് പാറക്കുളത്തില്‍ വീണ് രണ്ട് പെണ്‍കുട്ടികള്‍ മുങ്ങി മരിച്ചു. പന്തല്ലൂര്‍ പാറക്കുളത്തിലാണ് സഹോദരിമാരായ ഹസ്‌നത് (13), മഷീദ (9) എന്നിവര്‍ മരിച്ചത്.
തൃപ്പൂണിത്തുറയില്‍ വീടു നിര്‍മാണത്തിനായി മണ്ണു നീക്കിയപ്പോള്‍ തലയോട്ടിയും അസ്ഥികൂടവും കണ്ടെത്തി. കണ്ണന്‍കുളങ്ങര ശ്രീനിവാസ കോവില്‍ റോഡിലെ കിഷോര്‍ എന്നയാളുടെ വീടിന്റെ പറമ്പിലാണ് അസ്ഥികൂടം കണ്ടെത്തിയത്. പോലീസ് അന്വേഷണം ആരംഭിച്ചു.
അയോധ്യാ കേസില്‍ വിധി പറഞ്ഞ അഞ്ചംഗ ബെഞ്ചിലെ നാലു ന്യായാധിപന്മാര്‍ രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങില്‍ പങ്കെടുക്കില്ല. ജസ്റ്റിസ് അശോക് ഭൂഷണ്‍ മാത്രം ചടങ്ങിനെത്തും. മുന്‍ ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയുടെ നേതൃത്വത്തിലുള്ള അഞ്ചംഗ ബെഞ്ചായിരുന്നു അയോധ്യ കേസില്‍ വിധി പറഞ്ഞത്.
അയോധ്യയിലെ ശ്രീരാമ വിഗ്രഹത്തിന്റെ മുഖം വ്യക്തമായി കാണന്ന വിധത്തില്‍ ചിത്രം ചോര്‍ന്നതിനെക്കുറിച്ച് അന്വേഷിക്കണമെന്ന് മുഖ്യപൂജാരി ആചാര്യ സത്യേന്ദ്രദാസ്. വിഗ്രഹത്തിന്റെ മുഖവും മാറിടവും തുണികൊണ്ട് മറച്ചിരിക്കുകയാണ്. ചടങ്ങുകള്‍ക്ക് ശേഷമാണ് വിഗ്രഹത്തിന്റെ കണ്ണു തുറക്കുക.
രാമക്ഷേത്രത്തിലെ പ്രതിഷ്ഠാചടങ്ങില്‍ സന്തോഷത്തോടെ പങ്കെടുക്കുമെന്ന് അയോധ്യക്കേസിലെ ഹര്‍ജിക്കാരനായ ഇക്ബാല്‍ അന്‍സാരി. മസ്ജിദ് വേഗത്തില്‍ യാഥാര്‍ത്ഥ്യമാക്കണം. അല്ലെങ്കില്‍ ആ സ്ഥലത്ത് കൃഷി നടത്തി വിളവ് ഹിന്ദുക്കളും മുസ്ലീങ്ങളും പങ്കിടണമെന്നും ഇക്ബാല്‍ അന്‍സാരി പറഞ്ഞു.
അയോധ്യ ക്ഷേത്ര പ്രതിഷ്ഠാ ദിനമായ നാളെ ഉച്ചയ്ക്കു രണ്ടര വരെ അവധി പ്രഖ്യാപിച്ച ഡല്‍ഹി എയിംസ് ആശുപത്രി തീരുമാനം തിരുത്തി. ഒപി അടക്കം അടച്ചിട്ട് ജീവനക്കാര്‍ക്ക് ഉച്ചവരെ അവധി നല്‍കുമെന്നായിരുന്നു നേരത്തെ പ്രഖ്യാപിച്ചിരുന്നത്. നിശിത വിമര്‍ശനം ഉയര്‍ന്നതോടെയാണ് തീരുമാനം തിരുത്തിയത്.
ഭാരത് ജോഡോ ന്യായ് യാത്രയെ ബിജെപി ഭയക്കുന്നുണ്ടെന്ന് കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ മല്ലികാര്‍ജ്ജുന്‍ ഖര്‍ഗെ. ബിജെപി സര്‍ക്കാര്‍ ഭാരത് ജോഡോ ന്യായ് യാത്രയെ പരാജയപ്പെടുത്താന്‍ ജനങ്ങളെ ഭീഷണിപ്പെടുത്തുകയാണ്. ാത്രക്കുനേരെ ആക്രമണങ്ങള്‍ നടത്തുന്നു. ബ്രിട്ടീഷുകാരെ ഭയക്കാത്ത കോണ്‍ഗ്രസിനോടാണു ബിജെപിയുടെ കളിയെന്നും ഖര്‍ഗെ പറഞ്ഞു.
കമല്‍ഹാസന്റെ നേതൃത്വത്തിലുള്ള മക്കള്‍ നീതി മയ്യാം പാര്‍ട്ടി ഡിഎംകെ സഖ്യത്തില്‍ ചേര്‍ന്നേക്കും. പാര്‍ട്ടിയുടെ അടിയന്തര യോഗം ചൊവ്വാഴ്ച ചൈന്നൈയില്‍ വിളിച്ചു കൂട്ടിയിട്ടുണ്ട്.
ഉത്തര്‍പ്രദേശിലെ ഫത്തേപൂരില്‍ നിര്‍മ്മാണത്തിലിരിക്കുന്ന കെട്ടിടത്തിന്റെ സെപ്റ്റിക് ടാങ്കില്‍ യുവതിയുടെ അര്‍ദ്ധനഗ്‌നമായ മൃതദേഹം കണ്ടെത്തി. ലൈംഗികാതിക്രമത്തിനുശേഷം കൊന്നതാണെന്നാണ് പ്രാഥമിക നിഗമനം. മരിച്ച യുവതിയെ തിരിച്ചറിഞ്ഞിട്ടില്ല.
ഗോവയില്‍ ഭാര്യയെ കൊലപ്പെടുത്തിയ ശേഷം അപകട മരണമെന്നു വരുത്തിത്തീര്‍ക്കാന്‍ ശ്രമിച്ച ആഡംബര ഹോട്ടല്‍ മാനേജര്‍ അറസ്റ്റില്‍. ഗൗരവ് കത്യാര്‍ എന്ന 29 കാരനാണ് അറസ്റ്റിലായത്. താന്‍ വീട്ടിലില്ലാത്ത സമയത്ത് ഭാര്യ ദിക്ഷ ഗാംഗ്വാര്‍ കടലില്‍ മുങ്ങിമരിച്ചെന്നാണ് ഗൗരവ് കത്യാര്‍ പ്രചരിപ്പിച്ചത്. സൗത്ത് ഗോവയിലെ കോള്‍വയില്‍ മാരിയട്ട് ഇന്റര്‍നാഷണലിന്റെ ആഡംബര ഹോട്ടലില്‍ മാനേജരാണ് ഗൗരവ് കത്യാര്‍.
ലോകസുന്ദരി മത്സരം ഇന്ത്യയില്‍ നടക്കം. മിസ് വേള്‍ഡ് സംഘാടകരാണ് ഇക്കാര്യം അറിയിച്ചത്. ഫെബ്രുവരി 18 നും മാര്‍ച്ച് ഒമ്പതിനും ഇടയിലാണ് മത്സരം. ജി -20 വേദിയായ ഡല്‍ഹിയിലെ ഭാരത് മണ്ഡപം, മുംബൈയിലെ ജിയോ വേള്‍ഡ് കണ്‍വെന്‍ഷന്‍ സെന്റര്‍ എന്നിവയായിരിക്കും വേദികള്‍. മിസ് വേള്‍ഡ് ഫൈനല്‍ മുംബൈയിലെ ജിയോ വേള്‍ഡ് കണ്‍വെന്‍ഷന്‍ സെന്ററില്‍ മാര്‍ച്ച് ഒമ്പതിനാണ്. 28 വര്‍ഷത്തിനു ശേഷമാണ് ഇന്ത്യയില്‍ മല്‍സരം നടക്കുന്നത്.
മാലദ്വീപില്‍ രോഗിയെ കൊണ്ടുപോകാന്‍ എയര്‍ലിഫ്റ്റിന് ഇന്ത്യന്‍ വിമാനത്തിനു വിലക്ക്. രോഗബാധിതനായ 14 കാരന്‍ മരിച്ചു്. മാലദ്വീപിന് ഇന്ത്യ നല്‍കിയ ഡോര്‍ണിയര്‍ വിമാനം എയര്‍ലിഫ്റ്റിനായി ഉപയോഗിക്കേണ്ടെന്ന് പ്രസിഡന്റ് മുഹമ്മദ് മുയിസു നിര്‍ദേശിച്ചെന്നാണു റിപ്പോര്‍ട്ട്.
വ്യാഴത്തിന്റെ മനോഹര ചിത്രങ്ങളുമായി നാസ. വ്യാഴത്തിന് മുകളിലുള്ള മേഘങ്ങള്‍ക്കു മുകളില്‍നിന്ന് 23,500 കിലോമീറ്റര്‍ ഉയരത്തില്‍നിന്ന് ജൂണോ ബഹിരാകാശ പേടകം പകര്‍ത്തിയ ചിത്രങ്ങളാണിവ. വ്യാഴത്തിന്റെ നീലയും വെളുപ്പും നിറങ്ങളിലുള്ള വാതകപ്രവാഹങ്ങള്‍ ചിത്രത്തില്‍ കാണാം.
ബഹറിന്‍ തുറമുഖത്ത് രണ്ട് ബ്രിട്ടീഷ് റോയല്‍ നാവികസേന കപ്പലുകള്‍ കൂട്ടിയിടിച്ചു. അപകടത്തില്‍ ആര്‍ക്കും പരിക്കില്ല. വെള്ളിയാഴ്ച ബഹ്‌റൈന്‍ ഹാര്‍ബറിലാണ് സംഭവം. സമുദ്ര മൈനുകള്‍ക്കായി തെരച്ചില്‍ നടത്തുന്ന ബ്രിട്ടീഷ് റോയല്‍ നാവിക സേനയുടെ കപ്പലുകളാണ് കൂട്ടിയിടിച്ചത്.
കടലിനു നടുവില്‍ ഓയില്‍ തീം അമ്യൂസ്‌മെന്റ് പാര്‍ക്ക് നിര്‍മിക്കാനൊരുങ്ങി സൗദി അറേബ്യ. സാഹസിക വിനോദ സഞ്ചാരമെന്ന നിലയിലാണ് ‘ദി റിഗ്’ എന്ന പേരില്‍ അല്‍ ജരീദ് ദ്വീപിനും അല്‍ബരി എണ്ണപ്പാടത്തിനും സമീപം റിഗ് അടക്കമുള്ള പാര്‍ക്ക് സജ്ജമാക്കുന്നത്. സൗദി പബ്ലിക് ഇന്‍വെസ്റ്റ്‌മെന്റ് ഫണ്ടിനു വേണ്ടി ഓയില്‍ പാര്‍ക്ക് ഡവലപ്പ്മെന്റ് കമ്പനിയാണ് പാര്‍ക്ക് നിര്‍മിക്കുക. സമുദ്ര കായിക വിനോദങ്ങളും സാഹസിക വിനോദങ്ങളും ഇവിടെയുണ്ടാകും.