കരുവന്നൂര്‍ സഹകരണ ബാങ്കിലെ കള്ളപ്പണ തട്ടിപ്പു കേസില്‍ സിപിഎം 25 രഹസ്യ അക്കൗണ്ടുകള്‍ വഴി നൂറു കോടിയോളം രൂപയുടെ രഹസ്യ കളളപ്പണ ഇടപാട് നടത്തിയെന്ന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് . ബാങ്കില്‍ നിയമവിരുദ്ധ വായ്പകള്‍ അനുവദിക്കാന്‍ മന്ത്രി പി. രാജീവ് സമ്മര്‍ദം ചെലുത്തി. എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഹൈക്കോടതിയില്‍ സത്യവാങ്മൂലത്തിലാണ് ഈ വിവരങ്ങള്‍. മാപ്പു സാക്ഷിയാക്കുന്ന ബാങ്ക് മുന്‍ സെക്രട്ടറി സുനില്‍ കുമാറാണ് മന്ത്രി രാജീവിനെതിരേ മൊഴി നല്‍കിയത്. സിപിഎം എറണാകുളം ജില്ലാ സെക്രട്ടറിയായിരുന്നപ്പോഴാണ് പി. രാജീവ് ഇടപെട്ടത്. തട്ടിയെടുത്ത പണം ഉപയോഗിച്ച് വന്‍തോതില്‍ സ്വത്തു വാങ്ങിക്കൂട്ടി. ബാങ്ക് അക്കൗണ്ട് മരവിപ്പിച്ച നടപടി റദ്ദാക്കണമെന്നാവശ്യപ്പെട്ടുളള ഹര്‍ജിയിലാണ് ഇഡി അന്വേഷണ പുരോഗതി അറിയിച്ചത്.
സംസ്ഥാനത്തിനെതിരെ കേന്ദ്ര സര്‍ക്കാരിന്റെ ദ്രോഹനയങ്ങള്‍ക്കെതിരെ ഡല്‍ഹിയില്‍ സമരം ചെയ്യാന്‍ പ്രതിപക്ഷത്തെ ക്ഷണിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. പ്രതിപക്ഷ നേതാവ് വി.ഡി. സതീശനുമായി ചേര്‍ന്ന യോഗത്തിലാണ് മുഖ്യമന്ത്രി ഒന്നിച്ചു സമരം നടത്തണമെന്ന് നിര്‍ദേശിച്ചത്. കേരളത്തിന്റെ സാമ്പത്തിക പ്രതിസന്ധിക്ക് കാരണം കേന്ദ്ര സര്‍ക്കാരാണെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി. മുന്നണിയില്‍ ആലോചിച്ച് തീരുമാനിക്കാമെന്നാണു പ്രതിപക്ഷനേതാവ് നിലപാടെടുത്തത്. കേന്ദ്രനയം മാത്രമല്ല, സംസ്ഥാന സര്‍ക്കാരിന്റെ ധൂര്‍ത്തും കൃത്യമായി നികുതി പിരിച്ചെടുക്കാത്തതും സാമ്പത്തിക പ്രതിസന്ധിക്കു കാരണമാണെന്ന് പ്രതിപക്ഷ നേതാവ് വിമര്‍ശിച്ചു.
ലോക്‌സഭാ തെരഞ്ഞെടുപ്പിനു സംസ്ഥാനത്തെ കോണ്‍ഗ്രസിന്റെ പ്രവര്‍ത്തനങ്ങള്‍ക്കു ഫെബ്രുവരി മൂന്നിന് തൃശൂരില്‍ എഐസിസി അധ്യക്ഷന്‍ മല്ലികാര്‍ജുന ഖര്‍ഗെ തുടക്കം കുറിക്കും. തേക്കിന്‍കാട് മൈതാനയില്‍ ഉച്ചകഴിഞ്ഞു മൂന്നരയ്ക്കു നടക്കുന്ന സമ്മേളനത്തില്‍ ലക്ഷം പേര്‍ പങ്കെടുക്കും. സംസ്ഥാനത്തെ 25177 ബൂത്തുകളില്‍ നിന്ന് ബൂത്ത് പ്രസിഡന്റ്, വനിതാ വൈസ് പ്രസിഡന്റ്, ബി.എല്‍.എമാര്‍ എന്നിങ്ങനെ മൂന്ന് പേര്‍ അടങ്ങുന്ന 75000 ത്തില്‍പ്പരം പ്രവര്‍ത്തകരും മണ്ഡലം മുതല്‍ എഐസിസി തലം വരെയുള്ള ഭാരവാഹികളും പങ്കെടുക്കുമെന്ന് കെപിസിസി ജനറല്‍ സെക്രട്ടറി ടി.യു. രാധാകൃഷ്ണന്‍ അറിയിച്ചു.
കെ-ഫോണുമായി ബന്ധപ്പെട്ട് താന്‍ ഹൈക്കോടതിയില്‍ നല്‍കിയ ഹര്‍ജി പ്രശസ്തിക്കുള്ളതല്ലെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. നീതിക്കു വേണ്ടിയാണ് ഹൈക്കോടതിയെ സമീപിച്ചത്. 2019 ല്‍ കൊണ്ടുവന്ന കെ-ഫോണ്‍ പദ്ധതിയില്‍ അഴിമതി ഉണ്ട്. സാമ്പത്തിക പ്രതിസന്ധി ഉള്ള സംസ്ഥാനത്ത് 1500 കോടി മുടക്കിയ പദ്ധതികൊണ്ട് അഞ്ചു ശതമാനം ആളുകള്‍ക്കു പോലും ഗുണമില്ലെന്നും അദ്ദേഹം പറഞ്ഞു.
മകരജ്യോതി ദര്‍ശിച്ച് പതിനായിരക്കണക്കിന് അയ്യപ്പഭക്തര്‍. തിരുവാഭരണ ഘോഷയാത്രയെ വരവേറ്റ് ദീപാരാധനയ്ക്കുശേഷം പൊന്നമ്പലമേട്ടില്‍ മകരജ്യോതി തെളിഞ്ഞു. സുരക്ഷാ ക്രമീകരണങ്ങള്‍ക്കായി ആയിരത്തഞ്ഞൂറോളം പോലീസുകാരെ വിന്യസിപ്പിച്ചിരുന്നു.
മുല്ലപ്പെരിയാറില്‍ പുതിയ അണക്കെട്ട് വേണമെന്ന ആവശ്യപ്പെട്ട് സുപ്രീം കോടതിയെ സമീപിക്കുമെന്ന് മന്ത്രി റോഷി അഗസ്റ്റിന്‍. തമിഴ്നാടിന് ജലലഭ്യത ഉറപ്പാക്കിക്കൊണ്ട് പുതിയ ഡാം വേണം. അണക്കെട്ടിന്റെ സുരക്ഷയെക്കുറിച്ചുള്ള കേരളത്തിന്റെ ആശങ്ക പരിഗണിക്കപ്പെടണം. സുരക്ഷയെ കുറിച്ച് അന്താരാഷ്ട്ര സമിതിയെക്കൊണ്ട് പഠനം നടത്തണം. മന്ത്രി പറഞ്ഞു.
അയോധ്യാ പ്രതിഷ്ഠാ ചടങ്ങുമായി ബന്ധപ്പെട്ട് തന്റേതാണെന്ന വ്യാജേന പ്രചരിക്കുന്ന ഫേസ്ബുക്ക് പോസ്റ്റിനെതിരെ പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ ഡിജിപിക്കു പരാതി നല്‍കി. നമോ എഗെയ്ന്‍ മോദിജി എന്ന ഫേസ് ബുക് അക്കൗണ്ടിലൂടെയാണ് മതസ്പര്‍ഥയുണ്ടാക്കുന്ന വ്യാജപ്രചാരണംമെന്നു പരാതിയില്‍ പറയുന്നു.
തൃശൂര്‍ വെങ്കിടങ്ങില്‍ കോണ്‍ഗ്രസ് നേതാവ് ടി.എന്‍ പ്രതാപന് വോട്ടഭ്യര്‍ത്ഥിച്ചുള്ള ചുവരെഴുത്തിലെ പ്രതാപന്റെ പേര് പ്രതാപന്‍ തന്നെ ഇടപെട്ട് മായ്പിച്ചു. ചിഹ്നം മാത്രം എഴുതാനാണ് പ്രവര്‍ത്തകര്‍ക്കു നിര്‍ദ്ദേശം നല്‍കിയത്. സ്ഥാനാര്‍ത്ഥി പ്രഖ്യാപനം ഉണ്ടാകാതെ പേരെഴുതരുതെന്ന് കര്‍ശന നിര്‍ദ്ദേശം നല്‍കിയെന്നും പ്രതാപന്‍ അറിയിച്ചു.
പത്തനംതിട്ട വടശ്ശേരിക്കരയ്ക്ക് സമീപം പേഴുംപാറയില്‍ കുരുമുളക് പറിക്കുന്നതിനിടെ ഇരുമ്പു കോണി വൈദ്യുതി ലൈനില്‍നിന്നു ഷോക്കേറ്റ് ദമ്പതികളില്‍ ഭാര്യ മരിച്ചു. സുധാമണി എന്ന അമ്പത്തഞ്ചുകാരിയാണ് മരിച്ചത്. ഭര്‍ത്താവ് രാജേന്ദ്രനെ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
അയോധ്യയിലെ ശ്രീരാമക്ഷേത്രത്തിലെ പ്രതിഷ്ഠാ ചടങ്ങുകള്‍ക്ക് ഒരുക്കങ്ങള്‍ പുരോഗമിക്കുന്നതായി ക്ഷേത്രം ട്രസ്റ്റ്. പ്രതിഷ്ഠക്കു മുന്നോടിയായുള്ള ചടങ്ങുകള്‍ നാളെ ആരംഭിക്കും. 22 ന് ഉച്ചയ്ക്ക് 12.20 നാണ് വിഗ്രഹ പ്രതിഷ്ഠ. 200 കിലോയോളമാണ് ക്ഷേത്രത്തില്‍ പ്രതിഷ്ഠിക്കുന്ന ശ്രീരാമ വിഗ്രഹത്തിന്റെ തൂക്കം. പ്രതിഷ്ഠാ ചടങ്ങിന് പ്രധാനമന്ത്രി നരേന്ദ്ര മോദിക്കൊപ്പം വാരാണസിയിലെ വേദപണ്ഡിതന്‍ ലക്ഷ്മികാന്ത് ദീക്ഷിത് നേതൃത്വം നല്‍കും.
അയോധ്യയിലെ രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങിനു മുമ്പേ ഉത്തര്‍പ്രദേശിലെ കോണ്‍ഗ്രസ് നേതാക്കള്‍ സരയൂ നദിയില്‍ സ്‌നാനം ചെയ്ത് രാമക്ഷേത്രം സന്ദര്‍ശിച്ചു. ശ്രീരാമന്‍ എല്ലാവരുടേതുമാണെന്ന മുദ്രാവാക്യവുമായാണ് കോണ്‍ഗ്രസ് സംഘം അയോധ്യയിലെത്തിയത്. ദീപേന്ദര്‍ ഹൂഡ എംപി, പിസിസി അധ്യക്ഷന്‍ അജയ് റായ്, ഉത്തര്‍ പ്രദേശിന്റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി അവിനാഷ് പാണ്ഡെ തുടങ്ങിയവരാണ് അയോധ്യയില്‍ എത്തിയത്.
മഹാരാഷ്ട്രയില്‍ എടിഎം കൊള്ളയടിക്കാന്‍ ഗ്യാസ് കട്ടര്‍ ഉപയോഗിച്ചതുമൂലം അകത്തുണ്ടായിരുന്ന 21 ലക്ഷം രൂപ കത്തിപ്പോയി. താനെയിലെ ഡോംബിവാലി ടൗണ്‍ഷിപ്പിലെ വിഷ്ണു നഗറിലുള്ള ദേശസാല്‍കൃത ബാങ്കിന്റെ എടിഎമ്മിലാണ് സംഭവം. പ്രതികളെ ഇതുവരേയും കണ്ടെത്താനായിട്ടില്ല.
കാമുകിക്കു ജോലി കിട്ടാന്‍ പെണ്‍വേഷം ധരിച്ച് ആള്‍മാറാട്ടം നടത്തി പരീക്ഷയെഴുതാന്‍ ശ്രമിച്ച യുവാവിനെ അറസ്റ്റു ചെയ്തു. പഞ്ചാബിലെ ഫരീദ്‌കോട്ടിലാണ് ഫസില്‍കയില്‍ നിന്നുള്ള അംഗ്രേസ് സിംഗ് പിടിയിലായത്. ബാബ ഫരീദ് യൂണിവേഴ്സിറ്റി ഓഫ് ഹെല്‍ത്ത് സയന്‍സസ് കോട്കപുരയിലെ ഡിഎവി പബ്ലിക് സ്‌കൂളില്‍ വിവിധോദ്ദേശ്യ ആരോഗ്യ പ്രവര്‍ത്തകര്‍ക്കു നടത്തിയ പരീക്ഷയിലാണു കാമുകി പരംജിത് കൗറിനുവേണ്ടി ആള്‍മാറാട്ടം നടത്തി പിടിയിലായത്.
അതിര്‍ത്തിയിലുള്ള പ്യോങ്യാങ് റേഡിയോ സ്റ്റേഷന്‍ ഉത്തര കൊറിയ അടച്ചുപൂട്ടി. ദക്ഷിണ കൊറിയ ഈ റേഡിയോ സ്റ്റേഷനിലൂടെ രഹസ്യ സന്ദേശങ്ങള്‍ കൈമാറുന്നുവെന്ന് സംശയിച്ചാണ് അടച്ചുപൂട്ടിയത്.