night news hd

 

പ്രധാനമന്ത്രി നരേന്ദ്രമോദിയെ വരവേല്‍ക്കാന്‍ തൃശൂര്‍ നഗരത്തില്‍ ഒരുക്കം പൂര്‍ത്തിയാകുന്നു. റോഡ് നടത്തുന്ന റോഡുകള്‍ക്ക് ഇരുവശത്തും ബാരിക്കേഡുകള്‍ സ്ഥാപിച്ചു. ബുധനാഴ്ച തേക്കിന്‍കാട് മൈതാനിയിലാണു മോദി പ്രസംഗിക്കുക. മൈതാനി സുരക്ഷാ സേനയുടെ നിരീക്ഷണത്തിലാണ്. രാവിലെ മുതല്‍ തൃശൂര്‍ സ്വരാജ് റൗണ്ടിലും മോദി വാഹനമാര്‍ഗം എത്തുന്ന കോളജ് റോഡിലും അനുബന്ധ റോഡുകളിലും ഗതാഗതം നിരോധിക്കും. ബുധനാഴ്ച യാത്ര ദുഷ്‌കരമാകുമെന്നതിനാല്‍ തൃശൂര്‍ താലൂക്കിലെ പ്രഫഷണല്‍ കോളജുകള്‍ ഉള്‍പ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ജില്ലാ കളക്ടര്‍ അവധി പ്രഖ്യാപിച്ചു. പരീക്ഷകള്‍ക്കു മാറ്റമില്ല. അവധിക്കു പകരം ശനിയാഴ്ച പ്രവര്‍ത്തി ദിവസമാക്കണമെന്നും കളക്ടര്‍ നിര്‍ദേശിച്ചിട്ടുണ്ട്.

മണിപ്പൂരിലെ ക്രൈസ്തവ വിശ്വാസികള്‍ ജീവിക്കേണ്ടെന്ന് സംഘപരിവാര്‍ തീരുമാനിച്ചിരിക്കേയാണ് പ്രധാനമന്ത്രി നരേന്ദ്രമോദി ക്രൈസ്തവ സഭാ നേതാക്കളെ ക്രിസ്മസ് വിരുന്നിനു ക്ഷണിച്ചതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. തൃക്കാക്കര മണ്ഡലത്തിലെ നവകേരള സദസില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ക്രൈസ്തവ വിശ്വാസത്തിന്റെ പേരില്‍ മനുഷ്യര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടപ്പോള്‍ ചെറുവിരലനക്കാത്തവരാണ് സൗഹൃദം നടിക്കുന്നതെന്നും മുഖ്യമന്ത്രി ആരോപിച്ചു.

എറണാകുളത്തു നവകേരള യാത്രയ്ക്കും മുഖ്യമന്ത്രിക്കും നേരെ കരിങ്കൊടി പ്രതിഷേധം. കൊച്ചി പാലാരിവട്ടത്തും മുളന്തുരുത്തിയിലുമാണ് കെ എസ് യു, യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കരിങ്കൊടി വീശിയത്. ഇവരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി.

യുഡിഎഫ് ഭരിക്കുന്ന ഏക കോര്‍പ്പറേഷനായ കണ്ണൂരിലെ കോണ്‍ഗ്രസിന്റെ മേയര്‍ ടി.ഒ മോഹനന്‍ രാജിവച്ചു. ഇനി മേയര്‍ പദവി മുസ്ലിം ലീഗിനാണ്. ലീഗിലെ ആരെയാണു മേയറാക്കുന്നതെന്ന് തീരുമാനമായിട്ടില്ല.

കെ റെയില്‍ അപ്രായോഗികമായ പദ്ധതിയാണെന്നും കേന്ദ്രം അനുവദിച്ചാലും നടപ്പാക്കാന്‍ സമ്മതിക്കില്ലെന്നും പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. ഉച്ചഭക്ഷണം കൊടുക്കാന്‍ പണമില്ലാത്ത സര്‍ക്കാരാണ് കെ റെയില്‍ ഉണ്ടാക്കാന്‍ പോകുന്നതെന്നും സതീശന്‍ പരിഹസിച്ചു. ഇന്ത്യയില്‍ ഒരു സംസ്ഥാനത്തും ഇല്ലാത്ത സാമ്പത്തിക ബാധ്യതയാണ് കേരളത്തിനുള്ളതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

പുതുവത്സര പുലരിയില്‍ നാലുഭക്തര്‍ ചേര്‍ന്ന് വഴിപാടായി അയ്യപ്പന് 18,018 നെയ്‌തേങ്ങയിലെ നെയ്യ് അഭിഷേകം ചെയ്തു. ബാംഗ്ലൂരിലെ വിഷ്ണു ശരണ്‍ഭട്ട്, ഉണ്ണികൃഷ്ണന്‍ പോറ്റി, രമേശ് റാവു, ദൊരൈ എന്നിവരുടെ വഴിപാടായാണ് നെയ്യഭിഷേകം നടത്തിയത്. പുതുവല്‍സരത്തിനു രാവിലെ മൂന്നിനു നട തുറന്ന് നിര്‍മാല്യ ദര്‍ശനത്തിനും പതിവ് അഭിഷകത്തിനും ശേഷമാണ് നെയ്യഭിഷേകം നടത്തിയത്. 20,000 നെയ്‌തേങ്ങയാണ് ഭക്തര്‍ എത്തിച്ചത്.

എല്ലാ കുടുംബാരോഗ്യ കേന്ദ്രങ്ങളെയും ആന്റിബയോട്ടിക് സ്മാര്‍ട്ട് കുടുംബാരോഗ്യ കേന്ദ്രങ്ങളാക്കി മാറ്റുമെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്. എല്ലാ പഞ്ചായത്തുകളെയും ആന്റിബയോട്ടിക് സാക്ഷര പഞ്ചായത്തുകളാക്കും.

കെപിസിസി മുന്‍ പ്രസിഡന്റ് വി.എം സുധീരന്‍ പരസ്യ പ്രസ്താവന നടത്തരുതായിരുന്നെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. അഭിപ്രായങ്ങള്‍ പറയേണ്ടത് പാര്‍ട്ടിക്കുള്ളിലാണ്. അതേക്കുറിച്ചു കൂടുതലൊന്നും പറയുന്നില്ല. പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് വേദനയുണ്ടാക്കുന്ന പരാമര്‍ശം തന്റെ ഭാഗത്തുനിന്ന് ഉണ്ടാകില്ല. സതീശന്‍ പറഞ്ഞു.

പാര്‍ട്ടി പ്രവര്‍ത്തകര്‍ വിനീതരായി പെരുമാറണമെന്നും ജനങ്ങളോട് അധികാര ഗര്‍വ്വ് കാണിക്കരുതെന്നും സിപിഎം നേതാ് നേതാവ് പി. ജയരാജന്‍. നാലു വോട്ടിനേക്കാള്‍ നിലപാടാണ് പ്രധാനം. മതേതരത്വം സംരക്ഷിക്കുന്ന നിലപാടാണ് സി പി എമ്മിനെന്നും അദ്ദേഹം പറഞ്ഞു. ഗവര്‍ണര്‍ പദവി കൊളോണിയല്‍ അവശേഷിപ്പോ എന്ന സംവാദം ഉദ്ഘാടനം ചെയ്യുകയായിരുന്നു പി ജയരാജന്‍.

തിരുവനന്തപുരം തിരുവല്ലം സ്വദേശിനി ഷഹ്നയുടെ മരണവുമായി ബന്ധപ്പെട്ട കേസിലെ പ്രതികളെ സഹായിച്ച പൊലീസുകാരനെതിരെ നടപടിക്കു ശുപാര്‍ശ. കടയ്ക്കല്‍ സ്റ്റേഷനിലെ പൊലീസുകാരന്‍ നവാസിനെതിരെയാണ് നടപടിക്കു ശുപാര്‍ശ ചെയ്തത്. ഭര്‍തൃവീട്ടുകാരുടെ ബന്ധുവാണ് ഈ പോലീസുകാരന്‍ ഭര്‍ത്താവ് നൗഫലിന്റെയും അമ്മ സുനിതയുടെയും പീഡനത്തെത്തുടര്‍ന്നാണ് ഷഹന ആത്ഹത്യ ചെയ്തതെന്നാണു കേസ്.

സംസ്ഥാനത്ത് ക്രിസ്മസ്, പുതുവത്സര സീസണില്‍ വിറ്റത് 543.13 കോടി രൂപയുടെ മദ്യം. കഴിഞ്ഞ മാസം 22 മുതല്‍ 31 വരെയുള്ള മദ്യ വില്‍പനയുടെ കണക്കാണിത്. കഴിഞ്ഞ വര്‍ഷത്തെക്കാള്‍ 27 കോടിയുടെ അധിക വില്‍പനയാണ് ഇത്തവണയുണ്ടായത്. ഡിസംബര്‍ 31 നു മാത്രം 94.54 കോടി രൂപയുടെ മദ്യമാണ് വിറ്റത്. കഴിഞ്ഞ വര്‍ഷം ഈ ദിവസവുമായി താരതമ്യം ചെയ്യുമ്പോള്‍ ഒരു കോടിയുടെ അധിക വില്‍പന. കൂടുതല്‍ മദ്യം വിറ്റത് തിരുവനന്തപുരം പവര്‍ ഹൗസ് റോഡിലെ ബെവ്‌ക്കോ മദ്യശാലയിലാണ്. 1.02 കോടി രൂപ. എറണാകുളം രവിപുരത്ത് 77.06 ലക്ഷം രൂപയുടെ മദ്യവും ഇരിങ്ങാലക്കുടയില്‍ 76.06 ലക്ഷം രൂപയുടെ മദ്യവും വിറ്റു.

രാമക്ഷേത്ര പ്രതിഷ്ഠാ ദിനത്തില്‍ പങ്കെടുക്കുമെന്ന് ഹിമാചല്‍ പ്രദേശ് മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ സുഖ് വിന്ദര്‍സിംഗ് സുഖു. ക്ഷണം കിട്ടിയില്ലെങ്കിലും അയോധ്യക്ക് പോകുമെന്ന് സുഖ് വിന്ദര്‍സിംഗ് സുഖു പറഞ്ഞു.

പാലവും ട്രെയിന്‍ എന്‍ജിനും മൊബൈല്‍ ടവറുമെല്ലാം മോഷ്ടിച്ച കവര്‍ച്ചക്കാര്‍ പിന്നീടു റോഡ് മോഷ്ടിച്ചതിനു പുറമേ, ഇപ്പോള്‍ ഒരു തടാകംതന്നെ മോഷ്ടിച്ചിരിക്കുന്നു. ബിഹാറിലെ ദര്‍ബംഗ ജില്ലയിലാണ് സംഭവം. നാട്ടുകാര്‍ മീന്‍ പിടിക്കാനും മറ്റും ഉപയോഗിച്ചിരുന്ന തടാകമാണ് ഒറ്റ രാത്രികൊണ്ടു കാണാതായത്. മണ്ണിട്ടു നികത്ത് അതിനു മുകളില്‍ ഒരു കുടിലും കെട്ടിയെന്നാണു നാട്ടുകാര്‍ പറയുന്നത്. സംഭവത്തിന് പിന്നില്‍ ഭൂമാഫിയയാണ് എന്നാണ് നാട്ടുകാരുടെ ആരോപണം.

ജപ്പാനില്‍ വന്‍ഭൂചലനം. റിക്ടര്‍ സ്‌കെയിലില്‍ 7.6 തീവ്രത രേഖപ്പെടുത്തി. ഭൂചലനത്തിന് പിറകേ സുനാമി മുന്നറിയിപ്പുണ്ട്. തീരപ്രദേശത്തുനിന്ന് ആയിരങ്ങളെ ഒഴിപ്പിച്ചു. ഒന്നരമണിക്കൂറിനിടെ 21 തുടര്‍ ഭൂചലനങ്ങളുണ്ടായി. വീടുകളില്‍ വൈദ്യുതി വിച്ഛേദിക്കപ്പെട്ടു. റോഡ്, ബുള്ളറ്റ് ട്രെയിന്‍ ഗതാഗതം തടസ്സപ്പെട്ടു. തീരപ്രദേശങ്ങളില്‍നിന്നു ജനങ്ങള്‍ പലായനം ചെയ്തു.

നോബല്‍ സമ്മാന ജേതാവും സാമ്പത്തിക വിദഗ്ധനുമായ മുഹമ്മദ് യൂനുസിനെ ആറു മാസം തടവു ശിക്ഷയ്ക്കു വിധിച്ച് ബംഗ്ലാദേശ് കോടതി. തൊഴിലാളികള്‍ക്കു ക്ഷേമഫണ്ട് നടപ്പാക്കാതെ തൊഴില്‍ നിയമം ലംഘിച്ചെന്ന് ആരോപിച്ചാണ് ശിക്ഷ. ഗ്രാമീണ്‍ ടെലികോമിലെ മൂന്നു സഹപ്രവര്‍ത്തകരേയും ശിക്ഷിച്ചിട്ടുണ്ട്.

 

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *