പാര്‍ലമെന്റിന്റെ ബജറ്റ് സമ്മേളനം നാളെ മുതല്‍. ബജറ്റ് ബുധനാഴ്ച. അടുത്ത വര്‍ഷം നടക്കുന്ന ലോക്സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള രണ്ടാം മോദി സര്‍ക്കാരിന്റെ അവസാന സമ്പൂര്‍ണ ബജറ്റാണിത്. സാമ്പത്തിക സര്‍വേ നാളെ അവതരിപ്പിക്കും. ബജറ്റ് സമ്മേളനത്തിനു മുന്നോടിയായി സര്‍ക്കാര്‍ വിളിച്ചു ചേര്‍ത്ത പ്രതിപക്ഷ കക്ഷികളുടെ യോഗത്തില്‍ നിരവധി വിഷയങ്ങളാണ് ഉന്നയിക്കപ്പെട്ടത്. ഗവര്‍ണര്‍- സര്‍ക്കാര്‍ പോര്, ബിബിസി വിവാദം, ചൈനീസ് കടന്നു കയറ്റം, അദാനി ഓഹരി ഇടപാട് തുടങ്ങിയവ പാര്‍ലമെന്റ് ചര്‍ച്ച ചെയ്യണമെന്ന് പ്രതിപക്ഷ പാര്‍ട്ടികള്‍ ആവശ്യപ്പെട്ടു. കോണ്‍ഗ്രസ്, സമാജ് വാദി പാര്‍ട്ടികള്‍ പങ്കെടുത്തില്ല. ഡിഎംകെ, തൃണമൂല്‍ കോണ്‍ഗ്രസ്, മുസ്ലിം ലീഗ്, ബിആര്‍എസ് ഉള്‍പ്പടെ 27 പാര്‍ട്ടികള്‍ പങ്കെടുത്തു.
യുവജന കമ്മീഷന്‍ ചെയര്‍പേഴ്‌സണ്‍ ചിന്താ ജെറോമിന്റെ കോപ്പിയടിച്ചും തെറ്റായ വിവരങ്ങള്‍ ചേര്‍ത്തുമുള്ള ഡോക്ടറേറ്റ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഗവര്‍ണര്‍ക്കും കേരള സര്‍വ്വകലാശാല വിസിക്കും പരാതി. സേവ് യൂണിവേഴ്‌സിറ്റി ക്യാമ്പയിന്‍ കമ്മിറ്റിയാണ് പരാതി നല്‍കിയത്. ഗവേഷണത്തില്‍ ചിന്തയുടെ ഗൈഡായി പ്രവര്‍ത്തിച്ച മുന്‍ പ്രോ വൈസ് ചാന്‍സലര്‍ ഡോ. അജയകുമാറിന്റെ ഗൈഡ്ഷിപ്പ് സസ്‌പെന്‍ഡ് ചെയ്യണമെന്നും പരാതിയില്‍ ആവശ്യപ്പെട്ടു.
മുസ്ലിം ലീഗിന്റെ പ്രവര്‍ത്തനം മതേതരമാണെന്നും കേരളത്തിലെ വിവിധ തദ്ദേശ സ്ഥാപനങ്ങളില്‍ ഹിന്ദു, ക്രൈസ്തവ വിഭാഗത്തിലുള്ള നൂറിലധികം ജനപ്രതിനിധികള്‍ തങ്ങള്‍ക്കുണ്ടെന്നും മുസ്ലിം ലീഗ്. കൊടിയിലും പേരിലും മതചിഹ്നവും പേരും ഉപയോഗിക്കുന്ന രാഷ്ട്രീയ പാര്‍ട്ടികളെ നിരോധിക്കണമെന്ന ഹര്‍ജിക്കെതിരെ മുസ്ലീം ലീഗ് സുപ്രീംകോടതിയില്‍ സത്യവാങ്മൂലം ഫയല്‍ ചെയ്തു. ഹര്‍ജിക്കാരനായ സയ്യദ് വാസിം റിസ്വിവിയുടെ യഥാര്‍ത്ഥ പേര് ജിതേന്ദ്ര നാരായണ്‍ ത്യാഗി എന്നാണെന്നും മതഭ്രാന്തനായ ഇയാള്‍ ന്യൂനപക്ഷങ്ങള്‍ക്കെതിരെ വിദ്വേഷം പരത്തുന്നയാളാണെന്നും ലീഗിന്റെ സത്യവാങ്മൂലത്തില്‍ പറയുന്നു.
തൃശൂര്‍ ജില്ലയിലെ വടക്കാഞ്ചേരി കുണ്ടന്നൂരില്‍ വെടിക്കെട്ട് പുരയില്‍ സ്‌ഫോടനം. കുണ്ടന്നൂര്‍ സുന്ദരാക്ഷന്റെ പടക്കപ്പുരയ കത്തി നശിച്ചു. ചേലക്കര സ്വദേശി മണിക്കു പരിക്കേറ്റു. 10 കിലോമീറ്റര്‍ അകലേക്കുവരെ പ്രകമ്പനമുണ്ടായെന്നാണ് പ്രദേശവാസികള്‍ പറയുന്നത്. ഓട്ടുപാറ അത്താണി മേഖലയിലും സ്‌ഫോടനത്തിന്റെ പ്രകമ്പനമുണ്ടായി.
പ്രധാനമന്ത്രി ജന്‍ വികാസ് കാര്യക്രമത്തിനു (പി എം ജെ വി കെ) കീഴില്‍ 111. 33 കോടിയുടെ 37 പദ്ധതികള്‍ സമര്‍പ്പിച്ചപ്പോള്‍ വയനാടിനു 14.6 കോടിയുടെ നാലു പദ്ധതികള്‍ മാത്രമാക്കി അജണ്ട വെട്ടിച്ചുരുക്കിയതിനെതിരേ രാഹുല്‍ഗാന്ധി എംപി ചീഫ് സെക്രട്ടറിക്കു കത്തയച്ചു. വയനാടിന് അര്‍ഹമായ പരിഗണന നല്‍കണമെന്ന് ആവശ്യപ്പെട്ടാണു രാഹുല്‍ കത്തയച്ചത്.
മഹാത്മാ ഗാന്ധിയുടെ രക്തസാക്ഷിത്വത്തെ മഹാത്മാഗാന്ധി മരിച്ചെന്നു പഠിപ്പിക്കാനാണ് സംഘപരിവാറിന്റെ ശ്രമമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. നാഥുറാം ഗോഡ്‌സെ എന്ന മതഭ്രാന്തന്‍ ഗാന്ധിജിയെ വെടിവെച്ചുകൊന്നപ്പോള്‍ ഇന്ത്യയെന്ന ആശയത്തിനുതന്നെയാണ് മുറിവേല്‍ക്കപ്പെട്ടതെന്നും മുഖ്യമന്ത്രി പറഞ്ഞു.
കണ്ണൂര്‍ വിമാനത്താവളത്തില്‍ രണ്ടു യാത്രക്കാരില്‍നിന്നായി 1.299 കിലോ സ്വര്‍ണം പിടികൂടി. ഇരിക്കൂര്‍ സ്വദേശിനിയില്‍ നിന്നും 24 ലക്ഷം രൂപ വരുന്ന 500 ഗ്രാം സ്വര്‍ണാഭരണങ്ങളും കാസര്‍ഗോഡ് സ്വദേശി മുഹമ്മദ് നസീദില്‍നിന്ന് 45 ലക്ഷം രൂപ വരുന്ന 799 ഗ്രാം സ്വര്‍ണവുമാണ് പിടികൂടിയത്.
താരസംഘടനയായ അമ്മയുടെ ജനറല്‍ സെക്രട്ടറിയും നടനുമായ ഇടവേള ബാബുവിനെ സമൂഹമാധ്യമങ്ങളിലൂടെ അധിക്ഷേപിച്ചെന്ന പരാതിയില്‍ വ്‌ളോഗറും തിരുവനന്തപുരം സ്വദേശിയുമായ കൃഷ്ണകുമാറിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.
വീണ്ടും ശൈശവ വിവാഹം. ഇടുക്കി ഇടമലകുടിയില്‍ പതിനഞ്ചുകാരിയെ 47 കാരന്‍ വിവാഹം ചെയ്തു. ഗോത്രാചാരപ്രകാരം ഒരു മാസം മുമ്പായിരുന്നു വിവാഹം. ആചാരപ്രകാരം വിവാഹം കഴിഞ്ഞെങ്കിലും ഒന്നിച്ചു താമസിച്ചിട്ടില്ലെന്നാണു റിപ്പോര്‍ട്ട്. ചൈല്‍ഡ്‌ലൈനും പോലീസൂം ഇടപെട്ട് കുട്ടിയെ സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റി.
മദ്യനിരോധനമുള്ള ലക്ഷദ്വീപിലെ കവരത്തിയില്‍ 200 കുപ്പി മദ്യവുമായി മൂന്നു പേര്‍ പിടിയിലായി. കവരത്തി സ്വദേശി മുഹമ്മദ് നസീര്‍, തിരുവനന്തപുരം സ്വദേശികളായ സൈജു, രതീഷ് എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.
കാക്കനാട് സെക്യൂരിറ്റി ജീവനക്കാരനെ ആക്രമിച്ച അഞ്ച് ഓണ്‍ലൈന്‍ ഭക്ഷണ വിതരണക്കാരെ അറസ്റ്റു ചെയ്തു. ഇടച്ചിറയിലെ ഫ്‌ളാറ്റിലെ സെക്യൂരിറ്റി ജീവനക്കാരനായ അജീഷിനാണ് മര്‍ദ്ദനമേറ്റത്. ഭക്ഷണ വിതരണത്തിനെത്തിയ ഓണ്‍ലൈന്‍ ജീവനക്കാരനെ തടഞ്ഞതിനാണ് മര്‍ദിച്ചത്. മഹാദേവന്‍, ശ്രീജിത്ത്, ഉണ്ണി, നിധിന്‍, കണ്ണന്‍ എന്നിവരാണ് അറസ്റ്റിലായത്.
പ്രായപൂര്‍ത്തിയാകാത്ത മകളെ പലതവണ ബലാല്‍സംഗം ചെയ്ത് ഗര്‍ഭിണിയാക്കിയ പിതാവിന് മൂന്നു ജീവപര്യന്തം തടവ് ശിക്ഷ. ആറു ലക്ഷത്തി അറുപതിനായിരം രൂപ പിഴയും ഒടുക്കണം. മുന്‍ മദ്രസ അധ്യാപകനായ പ്രതി 2021 മാര്‍ച്ചില്‍ അമ്മ വീട്ടില്‍ ഇല്ലാത്ത സമയത്താണ് ആദ്യമായി പീഡിപ്പിച്ചത്.
കൊല്ലം പന്മന കല്ലിട്ടക്കടവില്‍ ഹൗസ്‌ബോട്ടിന് തീപിടിച്ചു. മൂന്ന് വിനോദസഞ്ചാരികളെ രക്ഷപെടുത്തി. ഹൗസ് ബോട്ട് പൂര്‍ണ്ണമായും കത്തി നശിച്ചു.
തെലുങ്കാനയില്‍ ബജറ്റ് അവതരിപ്പിക്കാന്‍ തടസമില്ലെന്ന് ഗവര്‍ണര്‍ തമിഴിസൈ സൗന്ദരരാജന്‍. ബജറ്റ് അവതരിപ്പിക്കാന്‍ അനുമതി ആവശ്യപ്പെട്ട് ഗവര്‍ണര്‍ക്കെതിരേ തെലുങ്കാന സര്‍ക്കാര്‍ ഹൈക്കോടതിയെ സമീപിച്ചതോടെയാണ് ബജറ്റിനു തടസമില്ലെന്ന് ഗവര്‍ണര്‍ അറിയിച്ചത്. ഇതോടെ ഹര്‍ജി പിന്‍വലിച്ചു. നയപ്രഖ്യാപന പ്രസംഗത്തിന്റെ പകര്‍പ്പു ലഭിക്കാത്തതിനാലാണ് ബജറ്റിന് അനുമതി നല്‍കാതിരുന്നതെന്നാണു ഗവര്‍ണറുടെ വിശദീകരണം.
ലക്ഷദ്വീപ് ലോക്‌സഭാ മണ്ഡലത്തില്‍ അടുത്തമാസം 27 ന് പ്രഖ്യാപിച്ച ഉപതെരഞ്ഞെടുപ്പ് മരവിപ്പിച്ചു. മുന്‍ എംപി മുഹമ്മദ് ഫൈസലിനെതിരായ ശിക്ഷാനടപടി കേരള ഹൈക്കോടതി മരവിപ്പിച്ച സാഹചര്യത്തിലാണ് തീരുമാനം.
ഓഹരി വിപണിയില്‍ തട്ടിപ്പ് നടത്തിയെന്ന ഹിന്‍ഡന്‍ബെര്‍ഗ് റിസര്‍ച്ചിന്റെ റിപ്പോര്‍ട്ടും അദാനി ഗ്രൂപ്പിന്റെ വിശദീകരണവും എല്‍ഐസി പരിശോധിക്കുമെന്ന് മാനേജിംഗ് ഡയറക്ടര്‍ രാജ്കുമാര്‍. അദാനിയുടെ വിവിധ കമ്പനികളില്‍ എല്‍ഐസി വന്‍ നിക്ഷേപം നടത്തിയിട്ടുണ്ട്. ഹിന്‍ഡന്‍ബെര്‍ഗ് റിപ്പോര്‍ട്ടിനു പിറകേ, എല്‍ഐസിക്ക് വന്‍ നഷ്ടം സംഭവിച്ചിരുന്നു.
ആന്ധ്രപ്രദേശ് മുഖ്യമന്ത്രി ജഗന്‍മോഹന്‍ റെഡ്ഡിയുടെ വിമാനം സാങ്കേതിക തകരാര്‍മൂലം അടിയന്തരമായി നിലത്തിറക്കി. വൈകീട്ട് അഞ്ചുമണിയോടെ ഡല്‍ഹിയിലേക്കു പോകുന്നതിനായി വിജയവാഡ ഗന്നാവരം വിമാനത്താവളത്തില്‍ നിന്നു പറന്നുയര്‍ന്ന ഉടനെയാണ് സാങ്കേതിക തകരാര്‍ കണ്ടെത്തിയത്.
പാകിസ്ഥാനില്‍ പെഷാവറിലെ പള്ളിയില്‍ ചാവേറാക്രമണത്തില്‍ 17 പേര്‍ കൊല്ലപ്പെട്ടു. മരിച്ചവരില്‍ പൊലീസുകാരുമുണ്ട്. 83 പേര്‍ക്ക് പരിക്ക്.