night news hd 22

 

ചരിത്രം കുറിച്ച് ഭാരത് ജോഡോ യാത്ര. 3,570 കിലോമീറ്റര്‍ സഞ്ചരിച്ച പദയാത്ര ഇന്ത്യയിലെ ഏറ്റവും വലുതും ജനപങ്കാളിത്തവുമുള്ള യാത്രയായി. രാഹുല്‍ ഗാന്ധി നയിച്ച ഭാരത് ജോഡോ പദയാത്രക്കു നാളെ കാഷ്മീരില്‍ സമാപനം. യാത്ര ഇന്നു സമാപിച്ചെങ്കിലും ഇന്നു ശ്രീനഗറില്‍ നടക്കുന്ന സമാപന സമ്മേളനം പ്രതിപക്ഷ ഐക്യത്തിനുള്ള വേദിയായേക്കും. ക്ഷണിച്ച 23 പാര്‍ട്ടികളില്‍ 13 പാര്‍ട്ടികളുടെ നേതാക്കളാണു പങ്കെടുക്കുക. ഭാരത് ജോഡോ യാത്രയിലൂടെ കോണ്‍ഗ്രസിന് പുതിയ ഊര്‍ജം ലഭിച്ചെന്നും ജീവിതത്തിലെ ഏറ്റവും നല്ല അനുഭവമാണു തനിക്കുണ്ടായതെന്നും രാഹുല്‍ഗാന്ധി കാഷ്മീരില്‍ പറഞ്ഞു. വിദ്വേഷത്തിനെതിരായ, സ്‌നേഹത്തിന്റെ രാഷ്ട്രീയമാണ് യാത്രയിലൂടെ ജനങ്ങളോടു പറഞ്ഞത്. ജോഡോ യാത്രയുടെ ഫലം രാജ്യത്തിനു മുഴുവന്‍ ലഭിക്കുമെന്നും രാഹുല്‍ പറഞ്ഞു.

രാജ്യതാല്‍പര്യം പരിഗണിക്കാതെ സ്വന്തം കാര്യം നോക്കി അടവ് നയം സ്വീകരിക്കുന്നതിനാലാണു സിപിഎം അഭാരത് ജോഡോ യാത്രയുടെ സമാപന സമ്മേളനത്തില്‍ പങ്കെടുക്കാത്തതെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍. ജനങ്ങള്‍ക്കൊപ്പം നില്‍ക്കാനല്ല, സംഘ പരിവാറിനെ സന്തോഷിപ്പിക്കാനാണ് സിപിഎം ശ്രമിക്കുന്നതെന്നും സുധാകരന്‍.

ബിബിസിക്കെതിരെ വീണ്ടും കോണ്‍ഗ്രസ് നേതാവ് എകെ ആന്റണിയുടെ മകന്‍ അനില്‍ ആന്റണി. കാഷ്മീര്‍ ഇല്ലാത്ത ഇന്ത്യന്‍ ഭൂപടം പലതവണ പ്രസിദ്ധീകരിച്ച മാധ്യമമാണ് ബിബിസി. ഇന്ത്യയുടെ പരമാധികാരത്തെ ചോദ്യം ചെയ്തുള്ള വാര്‍ത്തകള്‍ പലതവണ ബിബിസി നല്‍കിയിട്ടുണ്ടെന്നും അനില്‍ കുറ്റപ്പെടുത്തി.

ആരോഗ്യം, ടൂറിസം വകുപ്പുകളെ വിമര്‍ശിച്ച് സിപിഎം നേതാവും മുന്‍മന്ത്രിയുമായ ജി.സുധാകരന്‍. ആരോഗ്യമേഖലയില്‍ അശ്രദ്ധയും അവഗണനയുമാണ്. മെഡിക്കല്‍ കോളേജുകളില്‍ ആവശ്യത്തിന് ഡോക്ടര്‍മാരില്ല. ആലപ്പുഴ മെഡിക്കല്‍ കോളേജിന്റെ വികസനം എവിടെയും എത്തിയില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

മുസ്ലീങ്ങള്‍ രാജ്യത്ത് വെല്ലുവിളികള്‍ നേരിടാത്തതിനു കാരണം ഇന്ത്യയുടെ ഭരണഘടനയുടെ ശക്തിയാണെന്നാണ് മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷന്‍ സാദിഖലി ശിഹാബ് തങ്ങള്‍. അതു നിലനിര്‍ത്താനാണ് ലീഗ് അടക്കമുള്ള ജനാധിപത്യ കക്ഷികളുടെ പോരാട്ടമെന്നും അദ്ദേഹം വിശദീകരിച്ചു. രാജ്യത്തെ ജനാധിപത്യത്തിനും മതേതരത്വത്തിനും ചില ഭീഷണികള്‍ ഉണ്ടാകുന്നുണ്ടെന്നാണ് മുസ്ലിം ലീഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടി പ്രതികരിച്ചത്.

പിണറായി സര്‍ക്കാര്‍ ശ്രീലങ്കയുടേയും പാക്കിസ്ഥാന്റേയും പാതയിലാണ് കേരളത്തെ കൊണ്ടുപോകുന്നതെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ. സുരേന്ദ്രന്‍. സംസ്ഥാനത്തിന്റെ സാമ്പത്തിക തകര്‍ച്ചയ്ക്കു ഭരണകക്ഷിയേപ്പോലെ പ്രതിപക്ഷവും ഉത്തരവാദികളാണെന്നും സുരേന്ദ്രന്‍.

തിരുവനന്തപുരം തിരുവല്ലം റേസിംഗ് ബൈക്കപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. പൊട്ടക്കുഴി സ്വദേശി അരവിന്ദാണ് മരിച്ചത്. ഇന്‍സ്റ്റാഗ്രാം റീല്‍സില്‍ വീഡിയോ ഇടാനായി റേസിംഗ് ഷൂട്ട് ചെയ്യുകയായിരുന്നു അരവിന്ദ്. അപകടത്തില്‍ ബൈക്കിടിച്ച വീട്ടമ്മ മരിച്ചിരുന്നു. അപകടത്തില്‍ കഴുത്ത് ഒടിഞ്ഞ അരവിന്ദ് ശരീരമാസകലം പരിക്കുമായി തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയിലായിരുന്നു.

സുല്‍ത്താന്‍ ബത്തേരി താലൂക്ക് ആശുപത്രി വളപ്പില്‍ പത്തൊമ്പതുകാരി മരിച്ചനിലയില്‍. കോളിയാടി ഉമ്മളത്തില്‍ വിനോദിന്റെ മകള്‍ അക്ഷര (19) ആണ് മരിച്ചത്. ആത്മഹത്യയെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.

നേര്യമംഗലം വാളറയില്‍ ഉടുമ്പിനെ കൊന്നുതിന്ന കേസില്‍ നാലുപേരെ വനംവകുപ്പ് പിടികൂടി. അഞ്ചാം മൈല്‍ സെറ്റില്‍മെന്റിലെ ബാബു, മജേഷ്, മനോഹരന്‍ പൊന്നപ്പന്‍ എന്നിവരാണ് അറസ്റ്റിലായത്.

ഫോര്‍ട്ടുകൊച്ചി പരേഡ് മൈതാനിയില്‍ അഭ്യാസപ്രകടനത്തിനിടെ ജീപ്പ് തലകീഴായി മറിഞ്ഞു. ജീപ്പ് ഓടിച്ചിരുന്ന ഫോര്‍ട്ടുകൊച്ചി സ്വദേശി മൈക്കിള്‍ ബിനീഷിനെതിരെ പൊലീസ് കേസെടുത്തു.

ലക്‌നോവില്‍നിന്ന് കൊല്‍ക്കത്തയിലേക്കു പുറപ്പെട്ട എയര്‍ ഏഷ്യ വിമാനത്തില്‍ പക്ഷി ഇടിച്ചതിനെ തുടര്‍ന്ന് അടിയന്തിരമായി നിലത്തിറക്കി. യാത്രക്കാരെ ലക്‌നോ വിമാനത്താവളത്തില്‍ത്തന്നെയാണ് ഇറക്കിയത്.

വിമാനയാത്രക്കിടെ എമര്‍ജന്‍സി വാതില്‍ തുന്ന യാത്രക്കാരനെ മുംബൈ വിമാനത്താവളത്തില്‍ പോലീസ് അറസ്റ്റു ചെയ്തു. നാഗ്പൂരില്‍നിന്ന് മുംബൈയിലേക്കുള്ള ഇന്‍ഡിഗോ വിമാനത്തിലെ യാത്രക്കാരനാണ് എമര്‍ജന്‍സി വാതില്‍ തുറന്നത്.

ഒഡീഷയില്‍ ആരോഗ്യമന്ത്രി നവ ദാസിനെ വെടിവച്ച എഎസ്‌ഐ ഗോപാല്‍ദാസിന് മാനസികപ്രശ്‌നമുണ്ടെന്ന് ഭാര്യ ജയന്തി. ഉയര്‍ന്ന രക്തസമ്മര്‍ദ്ദത്തിന് ഗോപാല്‍ദാസ് മരുന്ന് കഴിക്കുന്നുണ്ടെന്നും മന്ത്രിയുമായി പ്രശ്‌നങ്ങളുണ്ടോയെന്ന് അറിയില്ലെന്നും ഗോപാല്‍ദാസിന്റെ ഭാര്യ.

നഴ്‌സിംഗ് വിദ്യാര്‍ത്ഥി കോളേജ് ഹോസ്റ്റല്‍ കെട്ടിടത്തിന്റെ മുകളില്‍നിന്ന് താഴേക്കു കെട്ടി തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. തമിഴ്‌നാട് അതിര്‍ത്തിയില്‍ കളിയാക്കാവിളയിലെ ഗ്രേസ് നഴ്‌സിംഗ് കോളജിലെ രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥിയായ സുമിത്രനെയാണ്(19) മരിച്ചത്. തമിഴ്‌നാട് തഞ്ചാവൂര്‍ സ്വദേശിയാണ് സുമിത്രന്‍.

ഏറ്റവും വലിയ നയതന്ത്രജ്ഞര്‍ ശ്രീകൃഷ്ണനും ഹനുമാനുമാണെന്ന് വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍. ഹനുമാന്‍ ഏല്‍പ്പിച്ചതിനേക്കാള്‍ ഒരുപാടു ദൗത്യങ്ങള്‍ നിറവേറ്റിയ നയതന്ത്രജ്ഞനായിരുന്നു ഹനുമാന്‍. നയതന്ത്രത്തിന്റെയും ക്ഷമയുടെ മഹത്തായ ഉദാഹരണമായിരുന്നു ശ്രീകൃഷ്ണന്‍. നിയമങ്ങള്‍ ലംഘിക്കുന്നവരുടെ കഥയാണ് മഹാഭാരതമെന്നും അദ്ദേഹം പറഞ്ഞു. തന്റെ ഇംഗ്ലീഷ് പുസ്തകമായ ‘ദി ഇന്ത്യ വേ: സ്ട്രാറ്റജീസ് ഫോര്‍ ആന്‍ അണ്‍സെര്‍ട്ടെയ്ന്‍ വേള്‍ഡി’ന്റെ മറാത്തി പരിഭാഷയായ ‘ഭാരത് മാര്‍ഗി’ന്റെ പ്രകാശന ചടങ്ങിലായിരുന്നു മന്ത്രി ഇങ്ങനെ പറഞ്ഞത്.

 

 

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *