തൊഴിലില്ലാത്ത സ്ത്രീകള്‍ക്കു സംരംഭങ്ങള്‍ തുടങ്ങാനുള്ള സബ്സിഡി പദ്ധതിയില്‍ തിരുവനന്തപുരം നഗരസഭയിലെ ഉദ്യോഗസ്ഥന്‍ വ്യാജരേഖ ചമച്ച് അഞ്ചര കോടി രൂപ തട്ടിയെടുത്തു. സിഎജി റിപ്പോര്‍ട്ടിലാണ് ഈ വിവരം. ചെറുകിട സംരംഭങ്ങള്‍ തുടങ്ങാന്‍ സ്ത്രീകളുടെ സംഘങ്ങളുടെ ബാങ്കു വായ്പകള്‍ക്കു മൂന്നു ലക്ഷം രൂപ വീതം സബ്‌സിഡി നല്‍കുന്ന പദ്ധതിയിലാണു തട്ടിപ്പ്. 2020-22 കാലയളവിലാണ് തട്ടിപ്പ് നടന്നത്. ഈ കാലയളവില്‍ 215 ഗ്രൂപ്പുകള്‍ക്ക് സബ്‌സിഡി അനുവദിച്ചു. ഇതില്‍ പത്തു സംഘങ്ങള്‍ മാത്രമാണ് യഥാര്‍ത്ഥത്തില്‍ വായ്പ എടുത്തത്. ബാക്കി 205 സംഘങ്ങളും വ്യാജമാണ്.
ലൈഫ് മിഷന്‍ കോഴ ഇടപാടില്‍ ചോദ്യംചെയ്യലിനു ചൊവ്വാഴ്ച ഹാജരാകാന്‍ എം ശിവശങ്കറിന് എന്‍ഫോഴ്‌സ്‌മെന്റ് നോട്ടീസ്. ചൊവ്വാഴ്ച്ച കൊച്ചിയിലെത്താനാണ് നിര്‍ദേശം. ശിവശങ്കര്‍ വിരമിക്കുന്ന ദിവസമായതിനാല്‍ മറ്റൊരു ദിവസത്തേക്കു മാറ്റണമെന്നു ശിവശങ്കര്‍ ആവശ്യപ്പെട്ടു. ലൈഫ് മിഷന്‍ കരാറിനു നാലര കോടി രൂപയുടെ കോഴ നല്‍കിയെന്ന യൂണിടാക്ക് ഉടമ സന്തോഷ് ഈപ്പന്റെ വെളിപ്പെടുത്തലിലും സ്വപ്ന സുരേഷിന്റെ ലോക്കറില്‍നിന്നു ലഭിച്ച ഒരു കോടി രൂപ സംബന്ധിച്ച വിവരങ്ങളിലുമാണ് ഇന്റഫോഴ്‌സ്‌മെന്റ് വിവരങ്ങള്‍ തേടുന്നത്.
മന്ത്രിസ്ഥാനമോ ഏതെങ്കിലും പദവിയോ കിട്ടാനല്ല ഇടതുമുന്നണിയിലെ ചില വിഷയങ്ങളെ വിമര്‍ശിച്ചതെന്ന് കെ.ബി. ഗണേഷ്‌കുമാര്‍. മുന്നണിയില്‍ കൂടിയാലോചനകളില്ലെന്നും കഴിഞ്ഞ ബജറ്റിലെ നിര്‍ദേശങ്ങളില്‍ പലതും നടപ്പാക്കിയിട്ടില്ലെന്നും ഗണേഷ്‌കുമാര്‍ വിമര്‍ശിച്ചിരുന്നു. ജനങ്ങളെ വഞ്ചിച്ചുകൊണ്ടു മുന്നോട്ടുപോകില്ലെന്നും ഗണേഷ്‌കുമാര്‍ പറഞ്ഞു.
ബഫര്‍ സോണ്‍ വിഷയത്തില്‍ കെപിസിസി സുപ്രീം കോടതിയിലെ കേസില്‍ കക്ഷി ചേരും. കെപിസിസി ഉപസമിതി യോഗമാണ് തീരുമാനമെടുത്തത്. 2019 ല്‍ സംസ്ഥാന സര്‍ക്കാര്‍ ഇറക്കിയ ഒരു കിലോമീറ്റര്‍ ബഫര്‍ സോണ്‍ ഉത്തരവ് പിന്‍വലിക്കണമെന്നാണ് ആവശ്യം.
തന്റെയോ സിനിമയുടെയോ പേരില്‍ പണപ്പിരിവ് പാടില്ലെന്ന് സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണന്‍. സംഘാടക സമിതിയെ വിളിച്ച് അടൂര്‍ ഗോപാലകൃഷ്ണന്‍ പ്രതിഷേധം അറിയിച്ചു. സ്വയംവരം സിനിമയുടെ അമ്പതാം വാര്‍ഷിക ആഘോഷത്തിനു പഞ്ചായത്തുകളില്‍നിന്ന് അയ്യായിരം രൂപ പണപ്പിരിവു നടത്താനുള്ള ഉത്തരവ് വിവാദമായതോടെയാണ് അടൂര്‍ പണപ്പിരിവ് അരുതെന്ന് ആവശ്യപ്പെട്ടത്.
പ്രവാസി വ്യവസായിയുടെ പ്രൊജക്ടിനു പെര്‍മിറ്റ് നല്‍കാന്‍ 20,000 രൂപയും സ്‌കോച്ച് വിസ്‌കിയും കൈക്കൂലി വാങ്ങിയ പഞ്ചായത്ത് അസിസ്റ്റന്റ് എന്‍ജിനിയര്‍ അറസ്റ്റിലായി. കോട്ടയം മാഞ്ഞൂര്‍ പഞ്ചായത്തിലെ ഇ.ടി. അജിത്കുമാറാണു പിടിയിലായത്.
ഹോട്ടലുകള്‍ക്കു ത്രീസ്റ്റാര്‍ പദവി ലഭിക്കാന്‍ കൈക്കൂലി വാങ്ങിയ കേസില്‍ ടൂറിസം വകുപ്പ് ഉദ്യോഗസ്ഥനെയും ഹോട്ടലുടമകളെയും സിബിഐ കോടതി ശിക്ഷിച്ചു. കൊച്ചിയിലെ മുന്‍ടൂറിസ്റ്റ് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ കെ എസ് സാബുവിനെ മൂന്നു വര്‍ഷം തടവിനാണു ശിക്ഷിച്ചത്. മൂന്നു ലക്ഷം രൂപ പിഴയും ഒടുക്കണം. ഹോട്ടലുടമകളായ എന്‍ കെ നിഗേഷ് കുമാര്‍, ജെയിംസ് ജോസഫ് എന്നിവര്‍ക്ക് ഓരോ വര്‍ഷം തടവും 55,000 രൂപ വീതം പിഴയുമാണു ശിക്ഷ.
ആലപ്പുഴയിലെ ലഹരിക്കടത്തില്‍ രണ്ടു പേര്‍ക്കെതിരെ കൂടി സിപിഎം നടപടി. വലിയമരം പടിഞ്ഞാറെ ബ്രാഞ്ച് അംഗങ്ങളായ വിജയകൃഷ്ണനെ പാര്‍ട്ടിയില്‍നിന്ന് പുറത്താക്കി, സിനാഫിനെ ഒരു വര്‍ഷത്തേക്കു സസ്‌പെന്‍ഡു ചെയ്തു. കഴിഞ്ഞ ഓഗസ്റ്റില്‍ 45 ലക്ഷം രൂപയുടെ ലഹരി വസ്തുക്കള്‍ കടത്തിയ കേസിലെ പ്രതികളാണിവര്‍.
ഇന്ത്യ മതസ്വാതന്ത്ര്യമുള്ള നാടാണെന്ന് സമസ്ത എപി വിഭാഗം സെക്രട്ടറി പൊന്മള അബ്ദുല്‍ ഖാദര്‍ മുസ്ല്യാര്‍. കോഴിക്കോട്ട് എസ് എസ് എഫ് സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്ത്യ പോലെ ഇസ്ലാമിക പ്രവര്‍ത്തന സ്വാതന്ത്ര്യമുള്ള രാജ്യങ്ങളില്ല. ഗള്‍ഫില്‍ പോലും ഈ സ്വാതന്ത്ര്യം ലഭിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
മലപ്പുറത്തു കൈവിലങ്ങുമായി രക്ഷപ്പെട്ട പ്രതി പൊലീസ് പിടിയില്‍. ആദിവാസി ബാലികയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ അറസ്റ്റിലായ കരുളായി സ്വദേശി ജൈസലാണ് വൈദ്യപരിശോധനക്കിടെ നിലമ്പൂര്‍ ജില്ലാശുപത്രിയില്‍നിന്ന് ഓടി രക്ഷപ്പെട്ടത്.
നെടുമങ്ങാട് എല്‍ഐസി അസിസ്റ്റന്റ് മാനേജര്‍ കാറില്‍ മോശമായി സ്പര്‍ശിച്ചെന്ന് സഹപ്രവര്‍ത്തകയുടെ പരാതി. സാജു ജോസ് (58) ന് എതിരെയാണ് പരാതി. എല്‍ഐസിയുടെ പരാതി പരിഹാര സെല്ലില്‍ പരാതി നല്‍കിയെങ്കിലും നടപടിയെടുത്തില്ല. മുഖ്യമന്ത്രിയുടെ പരാതി സെല്ലിലും പരാതി നല്‍കി. പൊലീസ് കേസെടുത്തു. സാജു ജോസ് ഒളിവിലാണെന്നാണ് പൊലീസ് പറയുന്നത്.
ദാമ്പത്യം അവസാനിപ്പിച്ച് ഭാര്യ മറ്റൊരാള്‍ക്കൊപ്പം പോകുമെന്ന് അറിയിച്ചതോടെയാണ് ഭാര്യയെ കൊന്നതെന്ന് എറണാകുളം കാലടിയില്‍ തമിഴ്‌നാട് സ്വദേശിനി രത്‌നവല്ലിയെ കൊലപ്പെടത്തിയ ഭര്‍ത്താവ് മഹേഷ്‌കുമാര്‍. കൊലപാതകത്തിനുശേഷം ഭാര്യയെ കാണാനില്ലെന്നു പൊലീസില്‍ പരാതി നല്‍കിയ മഹേഷിനെ സംശയം തോന്നി ചോദ്യം ചെയ്തപ്പോഴാണ് കൊലപാതക വിവരം പുറത്തറിയുന്നത്. കാലടിയില്‍ പരിചയപ്പെട്ട മുത്തു എന്ന സേലം സ്വദേശിക്കൊപ്പം പോകുമെന്നും ബുദ്ധിമുട്ടിക്കരുതെന്നും ആവശ്യപ്പെട്ടതോടെയാണ് കൊലപാതകത്തിനു തീരുമാനിച്ചത്.
വിരമിച്ച് ആറു മാസം കഴിഞ്ഞയാള്‍ക്കു പഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറിയായി സ്ഥാനക്കയറ്റം നല്‍കി നിയമനം. ജൂലൈയില്‍ വിരമിച്ച തൃശൂര്‍ സ്വദേശി കെ.എന്‍ സുരേഷ് കുമാറിനാണു കോഴിക്കോട് കടലുണ്ടി പഞ്ചായത്തില്‍ നിയമനം നല്‍കിയത്. പഞ്ചായത്ത് വകുപ്പ് ഡയറക്ടറാണ് ഉത്തരവിട്ടത്.
കോണ്‍ക്രീറ്റ് സ്ലാബുകളില്‍ വിള്ളലുണ്ടായ റാന്നി പുതമണ്‍ പാലം പൊളിച്ചു പണിയും. പാലത്തില്‍ പൊതുമരാമത്ത് റോഡ്സ് ആന്‍ഡ് ബ്രിഡ്ജസ് വിഭാഗം ചീഫ് എന്‍ജീനിയര്‍ പരിശോധന നടത്തി. പുതിയ പാലത്തിനായി വേഗത്തില്‍ സ്ഥല പരിശോധന നടത്തി.
കോഴിക്കോട് പേരാമ്പ്ര കാല്ലോട് കാട്ടുപന്നിയുടെ ആക്രമണത്തില്‍ 10 പേര്‍ക്ക് പരിക്കേറ്റു. ഒരാളുടെ നില ഗുരുതരമാണ്. ഒന്‍പത് പേരെ പേരാമ്പ്ര താലൂക്ക് ആശുപത്രിയിലും ഗുരുതരമായി പരിക്കേറ്റ സ്ത്രീയെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു.
തൊടുപുഴ മുട്ടം പൊലീസ് സ്റ്റേഷനടുത്ത ലോഡ്ജില്‍ വൃദ്ധനെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ അയല്‍വാസി അറസ്റ്റില്‍. തിരുവനന്തപുരം മാര്‍ത്താണ്ഡം സ്വദേശി യേശുദാസിനെ കൊലപ്പെടുത്തിയെന്ന കേസില്‍ അയല്‍വാസി ഉല്ലാസിനെയാണ് അറസ്റ്റ് ചെയ്തത്.
നിയമസഭാ തെരഞ്ഞെടുപ്പിന് ഒരുങ്ങുന്ന ത്രിപുരയില്‍ നാടകീയ വിശേഷങ്ങള്‍. അറുപതംഗ നിയമസഭയിലേക്കു ബിജെപി 48 സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു. 12 സീറ്റുകള്‍ ഒഴിച്ചിട്ടിരിക്കുകയാണ്. തിപ്രമോത പാര്‍ട്ടിയിലെ നേതാക്കളെ ബിജെപി ‘ഓപറേഷന്‍ താമര’യിലൂടെ വിലയ്‌ക്കെടുക്കുകയാണെന്ന് തിപ്രമോത നേതാവ് പ്രത്യുദ് ദേബ് ബര്‍മന്‍ ആരോപിച്ചു. സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തോടെ ബിജെപിയിലും കോണ്‍ഗ്രസിലും കലഹം. സീറ്റു കിട്ടാത്തവര്‍ അണികളുമായി എത്തി ബിജെപി, കോണ്‍ഗ്രസ് ഓഫീസുകള്‍ അടിച്ചു തകര്‍ത്തു. സിപിഎമ്മുമായി സഖ്യത്തിലുള്ള കോണ്‍ഗ്രസിന്റെ 13 സീറ്റിനു പകരം 17 സീറ്റിലേക്ക് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു. ബിജെപി സ്ഥാനാര്‍ത്ഥി പട്ടികയില്‍ കേന്ദ്രമന്ത്രി പ്രതിമ ഭൗമിക് ഉള്‍പെടുന്നു.
ഗോതമ്പിന്റെ മൊത്തവില പത്തു ശതമാനം കുറഞ്ഞു. മധ്യപ്രദേശ്, ഹരിയാന, പഞ്ചാബ്, യുപി, രാജസ്ഥാന്‍ എന്നിവിടങ്ങളിലെ മൊത്ത ഗോതമ്പ് വില ക്വിന്റലിന് 2,950 രൂപയില്‍നിന്ന് 2655 രൂപയായി.
രാഷ്ട്രപതി ഭവനിലെ ഉദ്യാനത്തിന്റെ പേരു മാറ്റി. മുഗള്‍ ഗാര്‍ഡന്‍ ഇനി അമൃത് ഉദ്യാന്‍. സ്വാതന്ത്ര്യത്തിന്റെ 75 ാം വാര്‍ഷികാഘോഷമായ ആസാദ് കാ അമൃത് മഹോല്‍സവത്തോടനുബന്ധിച്ചാണ് അമൃത് ഉദ്യാന്‍ എന്നു പേരിട്ടത് എന്നാണ് വിശദീകരണം. സാമൃാജ്യത്വ, അധിനിവേശ കാലഘട്ടത്തിലെ പേരുകളും സംസ്‌കാരവും ഒഴിവാക്കുന്നതിന്റെ ഭാഗമായാണ് പേരുമാറ്റം.
രാജസ്ഥാനില്‍ ഗുജ്ജര്‍ വിഭാഗക്കാരെ പുകഴ്ത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജസ്ഥാനിലെ ഭില്‍വാര ജില്ലയിലെ മാലാസേരി മേഖലയില്‍ ഭഗവാന്‍ ദേവ് നാരായണിന്റെ ജന്മവാര്‍ഷിക ആഘോഷ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു നരേന്ദ്ര മോദി. കോണ്‍ഗ്രസില്‍ ഗുജ്ജര്‍ വിഭാഗം നേതാവായ സച്ചിന്‍ പൈലറ്റും ഗെലോട്ടും തമ്മില്‍ ഗ്രൂപ്പുയുദ്ധം നടക്കുന്നതിനിടെയാണ് ഗുജ്ജറുകളെ വശത്താക്കാനുള്ള നീക്കം.
സനാതന ധര്‍മ്മമാണ് ഇന്ത്യയുടെ ദേശീയ മതമെന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. മുമ്പ് എപ്പോഴെങ്കിലും ആരാധനാലയങ്ങള്‍ നശിപ്പിക്കപ്പെട്ടിട്ടുണ്ടെങ്കില്‍ അയോധ്യയിലെ രാമക്ഷേത്ര മാതൃകയില്‍ അവ പുനഃസ്ഥാപിക്കാന്‍ പ്രചാരണം നടത്തണമെന്നും അദ്ദേഹം പറഞ്ഞു.
അമേരിക്കയില്‍ പൊലീസ് മര്‍ദ്ദനത്തില്‍ വീണ്ടും കറുത്ത വര്‍ഗക്കാരന്‍ കൊല്ലപ്പെട്ടു. സംഭവത്തില്‍ അമേരിക്കയില്‍ പ്രതിഷേധം ശക്തമായി. ആഫ്രിക്കന്‍ അമേരിക്കന്‍ വംശജന്‍ ടയര്‍ നിക്കോളസിനെ പൊലീസ് മര്‍ദ്ദിക്കുന്ന ദൃശ്യങ്ങള്‍ പുറത്തു വന്നു. സംഭവം അമേരിക്കയുടെ പ്രതിഛായ മോശമാക്കിയെന്ന് പ്രസിഡന്റ് ജോ ബൈഡന്‍ പ്രതികരിച്ചു. അശ്രദ്ധമായി വാഹനമോടിച്ചെന്ന് ആരോപിച്ച് കഴിഞ്ഞ ഏഴാം തീയതിയാണ് 29 കാരനായ ടയര്‍ നിക്കോളാസിനെ പൊലീസ് പിടികൂടി നിലത്തിട്ടു മര്‍ദ്ദിച്ചത്.