സംഘപരിവാര്‍ അധികാരത്തിന്റെ മറവില്‍ ഭരണഘടനയെ വെല്ലുവിളിക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇന്ത്യന്‍ സ്വാതന്ത്ര്യ പോരാട്ടത്തെ തള്ളിപ്പറഞ്ഞവരുടെ പിന്മുറക്കാരാണ് ഇന്ത്യയില്‍ അധികാരം കൈയാളുന്നത്. പൗരത്വ നിയമം പോലുള്ളവയിലൂടെ ഭരണഘടനാ മൂല്യങ്ങള്‍ അട്ടിമറിക്കുന്നു. മുസ്ലിം, ക്രിസ്ത്യന്‍ വിഭാഗങ്ങളെ അഭ്യന്തര ശത്രുക്കള്‍ ആയി സംഘ പരിവാര്‍ ചിത്രീകരിക്കുന്നുകേരള നവോത്ഥാന സമിതി സംഘടിപ്പിച്ച ഭരണഘടനാ സംരക്ഷണ, മതേതര സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കൊവിഡ് പ്രതിരോധത്തിനായി മൂക്കിലൂടെ നല്‍കുന്ന ആദ്യത്തെ വാക്‌സിന്‍ പുറത്തിറക്കി. ഭാരത് ബയോടെക്ക് പുറത്തിറക്കുന്ന ഇന്‍കൊവാക് ആണ് മന്ത്രിമാരായ ഡോ. മന്‍സുഖ് മാണ്ഡവ്യയും ജിതേന്ദ്ര സിംഗും ചേര്‍ന്ന് പുറത്തിറക്കിയത്. സര്‍ക്കാര്‍ ആശുപത്രികളില്‍ ഡോസിന് 325 രൂപയും സ്വകാര്യ ആശുപത്രികളില്‍ 800 രൂപയുമാണ് വില.
കഞ്ഞിക്കുഴിയില്‍ വ്യാജ മദ്യ നിര്‍മാണ യൂണിറ്റ്. 70 ലിറ്റര്‍ വ്യാജ മദ്യവും ബോട്‌ലിംഗ് യൂണിറ്റും പിടികൂടി. 3500 ഓളം കുപ്പികളും കണ്ടെത്തി. കഴിഞ്ഞ ദിവസം മദ്യവുമായി പിടിയിലായ ബിവറേജസ് കോര്‍പറേഷന്‍ ജീവനക്കാരന്‍ തിരുവന്തപുരം കോലിയക്കോട് ഉല്ലാസ് നഗര്‍ സ്വദേശി ബിനു അടക്കമുള്ള പ്രതികളെ ചോദ്യം ചെയ്തപ്പോഴാണ് വ്യാജമദ്യ നിര്‍മാണ യൂണിറ്റിനെക്കുറിച്ചു വിവരം ലഭിച്ചത്. ബിവറേജസ് കോര്‍പറേഷനില്‍നിന്നു വാങ്ങി മറിച്ചുവില്‍ക്കുകയാണെന്നായിരുന്നു എക്‌സൈസ് ആദ്യം കരുതിയത്.
നെയ്യാറ്റിന്‍കരയില്‍ തനിച്ചു താമസിക്കുന്ന വൃദ്ധയെ കബളിപ്പിച്ച് ഭൂമിയും പണവും തട്ടിയെടുത്ത നഗരസഭാ കൗണ്‍സിലറെ സിപിഎം സസ്‌പെന്‍ഡു ചെയ്തു. തവരവിള വാര്‍ഡ് കൗണ്‍സിലര്‍ സുജിനെ പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍നിന്നാണ് സസ്‌പെന്‍ഡ് ചെയ്തത്.
ഇടുക്കി ചിന്നക്കനാല്‍, ശാന്തന്‍പാറ പഞ്ചായത്തുകളില്‍ നിരവധി പെരെ കൊന്ന കാട്ടാനാകളെ പിടികൂടാന്‍ ശുപാര്‍ശ നല്‍കുമെന്ന് വനംവകുപ്പ്. വനംവകുപ്പ് വാച്ചര്‍ ശക്തിവേലിനെ കാട്ടാന കൊന്നതില്‍ പ്രതിഷേധിച്ചുള്ള ദേശീയ പാത ഉപരോധ സമരം അവസാനിപ്പിക്കാന്‍ നടത്തിയ ചര്‍ച്ചയിലാണ് വനം വകുപ്പ് ഉറപ്പ് നല്‍കിയത്. നാലു മണിക്കൂറിനു ശേഷമാണ് കൊച്ചി -ധനുഷ്‌കോടി ദേശീയ പാത ഉപരോധം അവസാനിപ്പിച്ചത്.
കൊച്ചി ചേരാനെല്ലൂരില്‍ ലഹരിമരുന്നുമായി ഗര്‍ഭിണിയായ യുവതിയടക്കം മൂന്നു പേര്‍ പിടിയില്‍. ആലുവ എടത്തല സ്വദേശികളായ സനൂപ്, നൗഫല്‍, മുണ്ടക്കയം സ്വദേശിനി അപര്‍ണ എന്നിവരാണ് പൊലീസിന്റെ പിടിയിലായത്. ഇവരില്‍ നിന്ന് എല്‍.എസ്.ഡി സ്റ്റാംപ്, ഹാഷിഷ് ഓയില്‍, എംഡിഎംഎ, കഞ്ചാവ്, നൈട്രോസെപാം ഗുളികകള്‍ എന്നിവയാണ് പിടിച്ചെടുത്തത്.
ആലപ്പുഴ ആറാട്ടുപുഴയില്‍ അസാധാരണമായ കടലാക്രമണം. നിരവധി വീടുകളില്‍ വെള്ളം കയറി. തീരദേശ റോഡുകള്‍ പലയിടത്തും മണ്ണിനടിയിലായി. സര്‍ക്കാര്‍ ഇടപെടണമെന്ന് ആവശ്യപ്പെട്ട് പെരുമ്പള്ളിയില്‍ നാട്ടുകാര്‍ റോഡ് ഉപരോധിച്ചു. ആറാട്ടുപുഴ പഞ്ചായത്തിലെ വലിയഴിക്കല്‍ പെരുമ്പള്ളി രാമഞ്ചേരി എം.ഇ.എസ്. ജങ്ഷന്‍ എന്നിവിടങ്ങളിലാണ് കടലാക്രമണം ദുരിതമായത്.
കോട്ടയം തീക്കോയി മാര്‍മല അരുവി കാണാനെത്തി കുളിക്കാനിറങ്ങിയ യുവാവ് മുങ്ങിമരിച്ചു. ഹൈദരാബാദ് സ്വദേശി നിര്‍മല്‍ കുമാര്‍ ബെഹ്‌റ(21) ആണ് മരിച്ചത്. പാലാ വലവൂര്‍ ഐഐഐ ഐടിയിലെ എട്ടു പേരാണ് മാര്‍മല അരുവി സന്ദര്‍ശിക്കാനെത്തിയത്.
മുലായം സിംഗ് യാദവിന് പത്മവിഭൂഷണല്ല, പരമോന്നത സിവിലിയന്‍ ബഹുമതിയായ ഭാരതരത്‌നയാണ് സമ്മാനിക്കേണ്ടിരുന്നതെന്ന് അദ്ദേഹം സ്ഥാപിച്ച പാര്‍ട്ടിയായ സമാജ്വാദി പാര്‍ട്ടിയുടെ നേതാവ് സ്വാമി പ്രസാദ് മൗര്യ. കേന്ദ്ര സര്‍ക്കാര്‍ അദ്ദേഹത്തിന്റെ മഹത്വത്തെ പരിഹസിക്കുകയാണു ചെയ്തതെന്നും അദ്ദേഹം പറഞ്ഞു.
പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരായ ബിബിസി ഡോക്യുമെന്ററി പ്രദര്‍ശനം നടത്താന്‍ നേതൃത്വം നല്‍കിയതിനു കരുതല്‍ തടങ്കലിലാക്കിയ വിദ്യാര്‍ത്ഥികളെയും പ്രതിഷേധിച്ച വിദ്യാര്‍ത്ഥികളേയും വിട്ടയച്ചു. എസ്എഫ്‌ഐ , എന്‍എസ് യുഐ സംഘടനകളിലെ പന്ത്രണ്ട് വിദ്യാര്‍ത്ഥികളെ അറസ്റ്റ് ചെയ്തത്.
വിഷ പാമ്പിനെ കഴുത്തിലിട്ടു സെല്‍ഫിയെടുക്കാന്‍ ശ്രമിച്ച യുവാവ് പാമ്പുകടിയേറ്റു മരിച്ചു. ആന്ധ്രപ്രദേശിലെ നെല്ലൂരിലാണ് 32 വയസുകാരനായ പോളംറെഡ്ഢി മണികണ്ഠ റെഡ്ഢി മരിച്ചത്. ഇയാളുടെ ജ്യൂസ് കടയില്‍ പാമ്പുകളുമായി എത്തിയ പാമ്പാട്ടിയുടെ വാക്കു വിശ്വസിച്ചാണ് പാമ്പിനെ കഴുത്തിലണിഞ്ഞു ഫോട്ടോയെടുക്കാന്‍ ശ്രമിച്ചത്.
ഒഡീഷയിലെ ഗഞ്ചാം ജില്ലയില്‍ നാലുവയസുകാരനെ ലൈംഗികമായി പീഡിപ്പിച്ച ശേഷം കൊലപ്പെടുത്തിയ കേസില്‍ എന്‍ജിനീയറിംഗ് വിദ്യാര്‍ത്ഥിയെ പൊലീസ് അറസ്റ്റ് ചെയ്തു. സംഭവം പുറത്തറിയാതിരിക്കാന്‍ കൊലപ്പെടുത്തിയെന്നാണ് പൊലീസ് പറയുന്നത്.
അവിഹിത ബന്ധമുണ്ടെന്ന് ആരോപിച്ച് ഭര്‍ത്താവ് ഭാര്യയെ കഴുത്തു ഞെരിച്ചു കൊന്നശേഷം പൊലീസ് സ്റ്റേഷനില്‍ കീഴടങ്ങി. ഉത്തര്‍പ്രദേശിലെ ഗോരഖ്പൂരിലാണ് സംഭവം. രാജ്ഘട്ടിലെ ഖുറംപൂര്‍ സ്വദേശിയായ ശരദ്ചന്ദ്ര പാല്‍ എന്നയാളാണ് മകന്റെ പ്രായമുള്ള പുരുഷനുമായി അവിഹിത ബന്ധം ആരോപിച്ച് ഭാര്യ നീലത്തെ കൊലപ്പെടുത്തിയത്.
റഷ്യയില്‍നിന്ന് യുക്രൈനിലേക്കു മിസൈലാക്രമണവും ഡ്രോണ്‍ സ്‌ഫോടനങ്ങളും. രാജ്യമെമ്പാടും വ്യോമാക്രമണ സൈറണുകള്‍ ഉയര്‍ന്നു. എന്നാല്‍ ആളപായം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. യുക്രൈനിലേക്ക് നിരവധി യുദ്ധ ടാങ്കുകള്‍ അയക്കുമെന്ന് ബുധനാഴ്ച ജര്‍മ്മനിയും അമേരിക്കയും പ്രഖ്യാപിച്ചതിനു പിറകേയാണ് റഷ്യ ആക്രമണം കടുപ്പിച്ചത്.
സ്വവര്‍ഗരതിയെ കുറ്റമാക്കുന്ന നിയമങ്ങള്‍ അനീതിയാണെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ. ഭിന്നലിംഗക്കാരേയും സ്വവര്‍ഗ രതിക്കാരും അടക്കമുള്ള എല്ലാ മക്കളെയും ദൈവം സ്‌നേഹിക്കുന്നു. അവരുടെ കുറ്റംകൊണ്ടല്ല അവര്‍ അങ്ങനെയായത്. അവരെ അകറ്റി നിര്‍ത്തരുതെന്നും കത്തോലിക്കാ ബിഷപ്പുമാരോട് മാര്‍പാപ്പ ആഹ്വാനം ചെയ്തു