നിയമസഭാ സമ്മേളനം നാളെ മുതല്‍. ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗത്തോടെയാണു സമ്മേളനം ആരംഭിക്കുക. ഗവര്‍ണര്‍- സര്‍ക്കാര്‍ പോരു മൂര്‍ധന്യത്തിലായിരുന്നെങ്കിലും കഴിഞ്ഞ ദിവസങ്ങളിലായി അനുരഞ്ജനത്തിലാണ്.
നയപ്രഖ്യാപനത്തില്‍ കേന്ദ്രത്തിനെതിരായ വിമര്‍ശനം മയപ്പെടുത്തിയത് ഗവര്‍ണര്‍ – സര്‍ക്കാര്‍ ഒത്തുകളിയെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. മുഖ്യമന്ത്രിയും ഗവര്‍ണറും തമ്മില്‍ നടത്തുന്നത് കൊടുക്കല്‍ വാങ്ങലുകളും ഒത്തുതീര്‍പ്പുമാണെന്നും സതീശന്‍ പറഞ്ഞു. സര്‍ക്കാര്‍ പ്രതിക്കൂട്ടിലാകുമ്പോഴെല്ലാം സര്‍ക്കാര്‍ – ഗവര്‍ണര്‍ സംഘര്‍ഷമുണ്ടാക്കും. ജനശ്രദ്ധ തിരിക്കാനാണ് ഇവരുടെ ശ്രമമെന്നും സതീശന്‍.
നാലു വര്‍ഷമായി പാലക്കാട് ധോണി പ്രദേശത്തെ ഉറക്കം കെടുത്തിയ ഒറ്റയാന്‍ പാലക്കാട് ടസ്‌കര്‍ സെവന് (പിടി ഏഴാമന്‍) വനം മന്ത്രി എ കെ ശശീന്ദ്രന്‍ ധോണി എന്നു പേരിട്ടു. ആനയെ കുങ്കിയാനയാക്കി പരിശീലിപ്പിക്കാനാണു പരിപാടി.
നിക്ഷേപ തട്ടിപ്പു കേസില്‍ ഓണ്‍ലൈന്‍ ലേല സ്ഥാപനമായ സേവ് ബോക്‌സ് ഉടമ തൃശൂര്‍ സ്വദേശി സ്വാതി റഹീം അറസ്റ്റിലായി. ഫ്രാഞ്ചൈസി വാഗ്ദാനം ചെയ്ത് നിരവധി പേരില്‍നിന്ന് പണം കൈക്കലാക്കിയെന്ന പരാതിയിലാണ് അറസ്റ്റ്.
ടയര്‍ ബിസിനസിനായി രാജസ്ഥാനിലെ ബിവാഡിയില്‍ പോയ മലയാളികളെ തോക്കിന്‍ മുനയില്‍ ബന്ദികളാക്കി വന്‍ കവര്‍ച്ച. ഇടുക്കി സ്വദേശികളെയാണ് ബന്ദികളാക്കി നാലു ലക്ഷം രൂപയും മൊബൈല്‍ ഫോണം കവര്‍ന്നത്.
കോട്ടയം കെ.ആര്‍ നാരായണന്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലെ ജാതിവിവേചന ആരോപണ വിഷയത്തില്‍ ഫേസ്ബുക്കില്‍ വിമര്‍ശിച്ച സിവില്‍ പൊലീസ് ഉദ്യോഗസ്ഥനെ സ്ഥലംമാറ്റി. കോഴിക്കോട് ഫറോക്ക് സ്റ്റേഷനിലെ സിപിഒ യു.വി. ഉമേഷിനെ പത്തനംതിട്ടയിലേക്കാണ് മാറ്റിയത്.
ട്യൂഷനെത്തിയ സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയെ ലൈംഗികമായി പീഡിപ്പിച്ച ദേശീയ അധ്യാപക അവാര്‍ഡ് ജേതാവ് ബാബു കെ ഇട്ടീരക്കെതിരെ കേസ്. പുത്തന്‍ കുരിശ് പൊലീസാണു കേസെടുത്തത്. 2005 ല്‍ സംസ്ഥാന സര്‍ക്കാര്‍ ശുപാര്‍ശ പ്രകാരം 2006 ലാണ് ഇദ്ദേഹത്തിന് ദേശീയ അവാര്‍ഡ് പ്രഖ്യാപിച്ചത്. സ്‌കൂള്‍ മാനേജ്‌മെന്റ് പരാതിപ്പെട്ടതോടെ അവാര്‍ഡ് നല്‍കിയല്ല. തുടര്‍ന്ന് 15 വര്‍ഷത്തിനു ശേഷം കോടതി ഉത്തരവനുസരിച്ച് 2021 ലാണ് അവാര്‍ഡ് വാങ്ങിയത്.
പോക്‌സോ കേസില്‍ മലപ്പുറത്ത് കേരള ബാങ്ക് ജീവനക്കാരനും പെണ്‍സുഹൃത്തും അറസ്റ്റിലായി. മലപ്പുറം ജില്ലാ സഹകരണ ബാങ്ക് ക്ലാര്‍ക്ക് അലി അക്ബര്‍ ഖാന്‍ (39) ആണ് പിടിയിലായത്. കാമുകിയുടെ മകളായ 11 വയസുകാരിയെ പീഡിപ്പിച്ചെന്നാണ് കേസ്.
‘ഭാര്യ സീതയ്‌ക്കൊപ്പം മദ്യപിക്കുമായിരുന്ന രാമനെ എങ്ങനെ ഉത്തമനായി വാഴ്ത്തുമെന്ന് കന്നഡ എഴുത്തുകാരന്‍ കെ എസ് ഭഗവാന്‍. രാമന്‍ സീതയെ കാട്ടിലേക്കയച്ചു. തപസു ചെയ്യുകയായിരുന്ന ശംഭൂകനെന്ന ശൂദ്രനെ കൊന്നവനാണ് രാമന്‍. 11,000 വര്‍ഷമല്ല 11 വര്‍ഷം മാത്രമാണ് രാമന്‍ ഭരിച്ചത്. ഇതിനെല്ലാം തെളിവുകള്‍ രാമായണത്തിലെ ഉത്തരകാണ്ഡത്തിലുണ്ടെന്നും കെ എസ് ഭഗവാന്‍ പറഞ്ഞു.
സിഐടിയു ദേശീയ പ്രസിഡന്റായി കെ. ഹേമലതയേയും ജനറല്‍ സെക്രട്ടറിയായി തപന്‍ സെനിനെയും തെരഞ്ഞെടുത്തു. ബംഗളൂരുവില്‍ നടന്ന ദേശീയ സമ്മേളനത്തില്‍ 425 അംഗ ജനറല്‍ കൗണ്‍സിലിനേയും തെരഞ്ഞെടുത്തു. കേരളത്തില്‍നിന്ന് 178 പേര്‍ ഈ സമിതിയിലുണ്ട്. എളമരം കരീം, ജി. സുകുമാരന്‍, പി. നന്ദകുമാര്‍, കെ.എന്‍. ഉമേഷ് എന്നിവര്‍ സെക്രട്ടറിമാരും എ.കെ. പത്മനാഭന്‍, ആനത്തലവട്ടം ആനന്ദന്‍, ജെ. മേഴ്‌സിക്കുട്ടിയമ്മ തുടങ്ങിയവര്‍ വൈസ് പ്രസിഡന്റുമാരുമാണ്.
അമേരിക്കയില്‍ വെടിവയ്പില്‍ പത്തുപേര്‍ കൊല്ലപ്പെട്ടു. കാലിഫോര്‍ണിയയിലെ ലോസ് ആഞ്ചലസിനടുത്തുള്ള മൊണ്ടേറെ പാര്‍ക്കില്‍ ചൈനീസ് ആഘോഷത്തിനിടയിലാണ് സംഭവം.
ചന്ദ്രനില്‍ രണ്ടാമതായി കാലുകുത്തിയ ഡോ. എഡ്വിന്‍ ബസ് ആല്‍ഡ്രിന്‍ എന്ന എഡ്വിന്‍ യൂജിന്‍ ആല്‍ഡ്രിന്‍ 93 -ാം വയസില്‍ വിവാഹിതനായി. 63 വയസുള്ള അങ്ക ഫൗറിനെയാണ് വിവാഹം കഴിച്ചത്. ഏറെ നാളായി ഇരുവരും പ്രണയത്തിലായിരുന്നു. വിവാഹ ചിത്രം അദ്ദേഹം തന്നെയാണ് ട്വിറ്ററില്‍ പങ്കുവച്ചത്. 1969 -ലെ അപ്പോളോ 11 ദൗത്യത്തിലൂടെയാണ് ആല്‍ഡ്രിന്‍ ചന്ദ്രനില്‍ കാല്‍ കുത്തിയത്. നീല്‍ ആംസ്ട്രോങ് ചന്ദ്രനില്‍ ആദ്യമായി കാലുകുത്തി പത്തൊമ്പത് മിനിറ്റിന് ശേഷമായിരുന്നു ആല്‍ഡ്രിന്‍ ചന്ദ്രനിലിറങ്ങിയത്. നേരത്തെ മൂന്ന് തവണ വിവാഹിതനായിരുന്നു ആല്‍ഡ്രിന്‍.