എറണാകുളം പറവൂരില്‍ കുഴിമന്തി കഴിച്ച് ഭക്ഷ്യവിഷബാധയേറ്റ് 68 പേര്‍ ആശുപത്രികളില്‍ ചികില്‍സ തേടി. 28 പേര്‍ പറവൂര്‍ താലൂക്ക് ആശുപത്രിയിലും 20 പേര്‍ സ്വകാര്യ ആശുപത്രിയിലും ഏതാനും പേര്‍ കളമശേരി മെഡിക്കല്‍ കോളേജ് ആശുപത്രിയിലും തൃശൂര്‍, കോഴിക്കോട് എന്നിവിടങ്ങളിലെ ആശുപത്രികളിലുമാണ് ചികിത്സയിലുള്ളത്.

കേരള പൊലീസിന്റെ ഔദ്യോഗിക യൂട്യൂബ് ചാനല്‍ ഹാക്ക് ചെയ്തു. മൂന്ന് വീഡിയോകളും ഹാക്കര്‍മാര്‍ പേജില്‍ പോസ്റ്റ് ചെയ്തു. ആരാണ് പേജ് ഹാക്ക് ചെയ്തതെന്ന് കണ്ടെത്താന്‍ സാധിച്ചിട്ടില്ല.

സാങ്കേതിക സര്‍വകലാശാലയിലും ആര്‍ത്തവാവധി. എല്ലാ കോളേജിലും ആര്‍ത്തവാവധി അനുവദിക്കും. ര്‍ത്തവസമയത്ത് വിദ്യാര്‍ത്ഥിനികള്‍ അനുഭവിക്കുന്ന മാനസിക – ശാരീരിക ബുദ്ധിമുട്ടുകള്‍ കണക്കിലെടുത്താണ് അവധി നല്‍കുന്നത്.

ആന്റിബയോട്ടിക്കുകളും ആന്റിവൈറല്‍ മരുന്നുകളും ഉള്‍പ്പെടെ 128 മരുന്നുകളുടെ വില ചിലതു കുറയ്ക്കുകയും ചിലതു വര്‍ധിപ്പിക്കുകയും ചെയ്തു. ഡ്രഗ് പ്രൈസിംഗ് റെഗുലേറ്റര്‍ നാഷണല്‍ ഫാര്‍മസ്യൂട്ടിക്കല്‍ പ്രൈസിംഗ് അതോറിറ്റിയാണു വില പുതുക്കി നിശ്ചയിച്ചത്. മോക്‌സിസില്ലിന്‍, ക്ലാവുലാനിക് ആസിഡ് എന്നിവയുടെ ആന്റിബയോട്ടിക് കുത്തിവയ്പുകളുടെ വിലയിലും മാറ്റമുണ്ട്. വാന്‍കോമൈസിന്‍, ആസ്മ മരുന്ന് സാല്‍ബുട്ടമോള്‍, കാന്‍സര്‍ മരുന്ന് ട്രാസ്റ്റുസുമാബ്, ബ്രെയിന്‍ ട്യൂമര്‍ ചികിത്സ മരുന്ന് ടെമോസോളോമൈഡ്, വേദനസംഹാരിയായ ഇബുപ്രോഫെന്‍, പാരസെറ്റമോള്‍ എന്നിവയുടെ വിലയും പരിഷ്‌കരിച്ചു.

ആര്യങ്കാവില്‍ പിടികൂടിയ മായം കലര്‍ന്ന പാലുള്ള ടാങ്കര്‍ ലോറി ക്ഷീരവികസന വകുപ്പിന് വിട്ടുകൊടുക്കാന്‍ ഹൈക്കോടതി ഉത്തരവിട്ടു. ഭക്ഷ്യസുരക്ഷാ വകുപ്പിനാണ് കോടതി ഉത്തരവ് നല്‍കിയത്. വാഹനത്തിലെ പാല്‍ ക്ഷീരവികസന വകുപ്പ് നശിപ്പിക്കണം. ടാങ്കര്‍ പൊട്ടിത്തെറിച്ചതിനു നഷ്ടപരിഹാരം വേണമെന്ന ഹര്‍ജിക്കാരന്റെ ആവശ്യം പുതിയ ഹര്‍ജിയായി നല്‍കാനും കോടതി നിര്‍ദേശിച്ചു.

പി.വി അന്‍വര്‍ എംഎല്‍എയെ രണ്ടാം ദിവസവും എന്‍ഫോഴ്‌സ്‌മെന്റ് ചോദ്യം ചെയ്തു. ബെല്‍ത്തങ്ങടിയിലെ ക്വാറിയുടെ പേരില്‍ 50 ലക്ഷം രൂപ തട്ടി എന്ന പരാതിയിലാണ് അന്‍വറിനെ ചോദ്യം ചെയ്യുന്നത്.

കൊച്ചി മെട്രോ സ്റ്റേഷനുകളിലെ പാര്‍ക്കിംഗ് ഫീസ് വര്‍ധിപ്പിച്ചു. മെട്രോ യാത്രക്കാരുടടെ കാര്‍, ജീപ്പ് എന്നിവയ്ക്ക് ആദ്യത്തെ രണ്ടു മണിക്കൂറിന് 15 രൂപ. തുടര്‍ന്നുള്ള ഓരോ മണിക്കൂറിനും അഞ്ചു രൂപ വീതം. ഇരുചക്ര വാഹനങ്ങള്‍ക്ക് ഓരോ രണ്ടു മണിക്കൂറിനും അഞ്ചു രൂപ വീതം. മെട്രോ യാത്രക്കാരല്ലാത്തവര്‍ കാര്‍, ജിപ്പ് എന്നിവ പാര്‍ക്കു ചെയ്യാന്‍ ആദ്യത്തെ രണ്ടു മണിക്കൂറിനു 35 രൂപയും തുടര്‍ന്നുളള ഓരോ മണിക്കൂറിനും ഇരുപത് രൂപ വീതവും നല്‍കണം. ഇരുചക്ര വാഹനങ്ങള്‍ക്ക് ആദ്യ രണ്ടു മണിക്കൂറിന് 20 രൂപയും പിന്നീടുള്ള ഓരോ മണിക്കൂറിനും പത്തു രൂപയുമാണു നിരക്ക്.

തിരുവനന്തപുരം ആനാട വേങ്കവിള തവലോട്ടുകോണം നാലു സെന്റ് കോളനിയില്‍ സുനിതയെ മണ്ണെണ്ണ ഒഴിച്ചു ചുട്ടുകൊന്ന് സെപ്റ്റിക് ടാങ്കില്‍ തള്ളിയെന്ന കേസില്‍ പ്രതിയായ ഭര്‍ത്താവ് ജോയ് ആന്റണിക്കു ജീവപര്യന്തം തടവുശിക്ഷ. 60,000 രൂപ പിഴയടയ്ക്കുകയും വേണം. തിരുവനന്തപുരം സെഷന്‍സ് കോടതിയാണു ശിക്ഷിച്ചത്.

കണ്ണൂര്‍ പാവന്നൂര്‍ ഇരുവാപ്പുഴയില്‍ ചവറുകള്‍ക്കു തീയിടുന്നതിനിടെ പൊള്ളലേറ്റ വീട്ടമ്മ മരിച്ചു. നമ്പ്രം ചീരാച്ചേരിയിലെ കലിക്കോട്ട് വളപ്പില്‍ ഉഷ (52) യാണ് മരിച്ചത്.

ഭാര്യവീട്ടിലെ വഴക്കിനിടെ അടിയേറ്റ് ഭര്‍ത്താവ് മരിച്ചു. എറണാകുളം സൗത്ത് പുതുവൈപ്പ് സ്വദേശി ബിബിന്‍ ബാബു (35) ആണ് മരിച്ചത്. സംഘര്‍ഷത്തില്‍ പരിക്കേറ്റ ഭാര്യാപിതാവ്, ഭാര്യയുടെ സഹോദരന്‍ എന്നിവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

സിറോ മലബാര്‍ സഭയുടെ ഭൂമിയിടപാട് കേസില്‍ കര്‍ദ്ദിനാള്‍ മാര്‍ ആലേഞ്ചരിക്കെതിരെ ഗൂഢാലോചനയെന്നു കര്‍ദ്ദിനാളിന്റെ അഭിഭാഷകന്‍ സിദ്ധാര്‍ത്ഥ് ലൂത്ര. വരുമാനവും സ്വത്തും സംരക്ഷിക്കുന്നതില്‍ ആലഞ്ചേരി നിലപാട് എടുത്തു. ഇത് പലരുടെയും ശത്രുതയ്ക്ക് വഴിവച്ചു. ഗൂഡാലോചനക്കാല്‍ പല കോടതികളിലായി പരാതികള്‍ നല്‍കാന്‍ കാണം ഇതാണെന്നും അഭിഭാഷകന്‍ കോടതിയില്‍ വാദിച്ചു.

സംവിധായിക നയന സൂര്യയുടെ ദുരൂഹ മരണം അന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് സംഘം തെളിവെടുപ്പ് തുടങ്ങി. വെള്ളയമ്പലത്തെ വീട്ടില്‍ എത്തി നയന കിടന്നിരുന്ന മുറി പരിശോധിച്ചു. മുറിയില്‍ പുറത്തുനിന്ന് ആളെത്താന്‍ സാധ്യതയുണ്ടോയെന്നും പരിശോധിച്ചു. അയല്‍വാസികളില്‍നിന്ന് വിവരം ചോദിച്ചറിഞ്ഞു.

കേരളാ കോണ്‍ഗ്രസ് ചെയര്‍മാന്‍ പി.ജെ ജോസഫിന്റെ ഭാര്യ ഡോ. ശാന്ത ജോസഫ് അന്തരിച്ചു. 77 വയസായിരുന്നു. തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ആരോഗ്യവകുപ്പ് അഡീഷണല്‍ ഡയറക്ടറായി വിരമിച്ച ഡോക്ടറാണ് ശാന്ത ജോസഫ്.

അരുവിക്കരയില്‍ വീട് കുത്തിത്തുറന്ന് എട്ടുലക്ഷത്തി അറുപത്തി അയ്യായിരം രൂപയും 32 പവനും കൊള്ളയടിച്ചു. ജയ്ഹിന്ദ് ടിവി ടെക്‌നിക്കല്‍ വിഭാഗം ആര്‍ മുരുകന്റെയും ഭക്ഷ്യസുരക്ഷ വിഭാഗത്തിലെ റിസര്‍ച്ച് ഓഫീസര്‍ രാജിയുടേയും വീട്ടിലാണ് മോഷണം നടന്നത്.

വൈക്കം അയ്യര്‍കുളങ്ങരയില്‍ ഭിന്നശേഷിക്കാരിയായ മകളെ കൊലപ്പെടുത്തി അച്ഛന്‍ തൂങ്ങിമരിച്ചു. അയ്യര്‍കുളങ്ങര സ്വദേശി ജോര്‍ജ് ജോസഫ് (72), മകള്‍ ജിന്‍സി (30) എന്നിവരാണ് മരിച്ചത്. ജിന്‍സിയുടെ മൃതദേഹം വീടിനുള്ളിലും ജോസഫിനെ തൊഴുത്തില്‍ തൂങ്ങിമരിച്ച നിലയിലുമാണ് കണ്ടെത്തിയത്.

പത്തനംതിട്ട റാന്നിയില്‍ റോഡിന്റെ പാര്‍ശ്വഭിത്തി നിര്‍മ്മാണത്തിന് കമ്പിക്കു പകരം മരത്തടി ഉപയോഗിച്ച് കോണ്‍ക്രീറ്റിംഗ് നടത്തിയത് നാട്ടുകാര്‍ തടഞ്ഞു.

ബിജെപി ദേശീയ അധ്യക്ഷനായി ജെപി നദ്ദ തുടരും. ഡല്‍ഹിയില്‍ ദേശീയ നിര്‍ഹക സമിതിയിലെ തീരുമാനം അമിത് ഷായാണ് പ്രഖ്യാപിച്ചത്. കേരളത്തിലെ അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ അടക്കമുള്ള സംസ്ഥാന അധ്യക്ഷന്മാര്‍ തുടരുന്നതിലും നിര്‍ഹക സമിതിയില്‍ ധാരണയായി. അടുത്തവര്‍ഷം ജൂണ്‍ വരെയാണ് ജെ പി നദ്ദയുടെ കാലാവധി നീട്ടിയത്.

തന്നെ ഒരാള്‍ ആലിംഗനം ചെയ്തത് ആവേശം കൂടിപ്പോയതുകൊണ്ടാണെന്നും സുരക്ഷാ വീഴ്ചയായി കരുതേണ്ടെന്നും രാഹുല്‍ ഗാന്ധി. സുരക്ഷാ ഉദ്യോഗസ്ഥര്‍ അദ്ദേഹത്തെ പരിശോധിച്ചിരുന്നെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.

ഇന്റിഗോ വിമാനത്തിലെ എമര്‍ജന്‍സി വാതില്‍ യാത്രക്കാരനായ ബിജെപി എംപി തേജസ്വി സൂര്യ തുറന്ന സംഭവത്തില്‍ ഡയറക്ടര്‍ ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ അന്വേഷണം പ്രഖ്യാപിച്ചു. ഡിസംബര്‍ പത്തിനു ചെന്നൈ – തിരുച്ചിറപ്പള്ളി വിമാനത്തിലാണ് എമര്‍ജന്‍സി വാതില്‍ തുറന്നത്. തേജസ്വി സൂര്യയും തമിഴ്‌നാട് ബിജെപി അധ്യക്ഷന്‍ അണ്ണാമലൈയും എമര്‍ജന്‍സി വാതിലിന് അരികിലാണ് ഇരുന്നിരുന്നത്. അബദ്ധത്തില്‍ സംഭവിച്ചതാണെന്ന് തേജസ്വി സൂര്യ ഇന്റിഗോ വിമാനക്കമ്പനിക്ക് എഴുതി നല്‍കിയിരുന്നു.

അധ്യാപകരുടെ ഫിന്‍ലന്‍ഡിലേക്കുള്ള സന്ദര്‍ശനം തടഞ്ഞ ഗവര്‍ണര്‍ ആരാണെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍. നിയസസഭാ പ്രത്യേക സമ്മേളനത്തിലാണു ഗവര്‍ണര്‍ വി.കെ. സക്‌സേനക്കെതിരെ പ്രതികരിച്ചത്. ജനങ്ങള്‍ തെരഞ്ഞെടുത്ത മുഖ്യമന്ത്രിയാണു ഞാന്‍, നിങ്ങള്‍ ആരാണ് എന്നാണു കേജരിവാള്‍ ചോദിച്ചത്. പ്രസിഡന്റാണ് തന്നെ തെരഞ്ഞെടുത്തതെന്നാണ് ഗവര്‍ണറുടെ പ്രതികരണം. ബ്രിട്ടീഷുകാര്‍ വൈസ്രോയിമാരെ തെരഞ്ഞെടുത്തത് പോലെയെന്ന് കേജരിവാള്‍ തിരിച്ചടിക്കുകയും ചെയ്തു.

കാഷ്മീര്‍ അടക്കമുള്ള വിഷയങ്ങളില്‍ ഇന്ത്യ ചര്‍ച്ചയ്ക്കു തയ്യാറാവണമെന്ന പ്രസ്താവനയില്‍ മലക്കം മറിഞ്ഞ് പാകിസ്ഥാന്‍ പ്രധാനമന്ത്രി ഷഹബാസ് ഷെരീഫ്. കാഷ്മീരിന്റെ പ്രത്യേക അധികാരം പുനസ്ഥാപിച്ചാല്‍ മാത്രം ഇന്ത്യയുമായി ചര്‍ച്ചയെന്ന് അദ്ദേഹം തിരുത്തി.

 

 

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *