night news hd 9

 

അടുത്ത ലോക്‌സഭാ തെരഞ്ഞെടുപ്പിലും നരേന്ദ്രമോദി തന്നെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയെന്ന് ബിജെപി. കേന്ദ്രമന്ത്രിമാരായ അമിത് ഷായും ധര്‍മ്മേന്ദ്ര പ്രധാനുമാണ് ഇക്കാര്യം വ്യക്തമാക്കിയത്. സാമ്പത്തിക ശാസ്ത്രജ്ഞന്‍ അമര്‍ത്യ സെന്‍ തുടക്കമിട്ട പ്രധാനമന്ത്രി ചര്‍ച്ചയില്‍ സംസാരിക്കുകയായിരുന്നു ഇരുവരും.

നേപ്പാള്‍ പൊഖാറ വിമാനാപകടത്തില്‍ മരിച്ചവരില്‍ മൂന്നു പേര്‍ കേരളത്തില്‍ വന്ന് മടങ്ങിയവര്‍. മൂന്നു നേപ്പാള്‍ സ്വദേശികളാണ് കേരളത്തില്‍ വന്ന് മടങ്ങുന്നതിനിടെ വിമാന അപകടത്തില്‍ മരിച്ചത്. രാജു ടക്കൂരി, റബിന്‍ ഹമാല്‍, അനില്‍ ഷാഹി എന്നിരാണ് കേരളത്തില്‍ നിന്ന് മടങ്ങവെ അപകടത്തില്‍ മരിച്ചത്. പത്തനംതിട്ടയിലെ ആനിക്കാട്ടെ സംസ്‌കാര ചടങ്ങില്‍ പങ്കെടുത്തു മടങ്ങുകയായിരുന്നു.

പ്രകൃതി സംരക്ഷണവും ദുരന്തനിവാരണവും പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. പ്രകൃതി ദുരന്തങ്ങള്‍ വര്‍ദ്ധിച്ചുവരുന്ന സാഹചര്യത്തില്‍ പുതുതലമുറയെ ബോധവല്‍ക്കരിക്കുന്നതിനും അവര്‍ക്കാവുന്ന ഇടപെടലുകള്‍ നടത്തുന്നതിനും എല്ലാ സ്‌കൂളുകളിലും പ്രകൃതിസംരക്ഷണ ക്ലബ്ബുകള്‍ രൂപീകരിക്കുമെന്നും മന്ത്രി പറഞ്ഞു.

സമൂഹത്തില്‍ ജാതിബോധം വളര്‍ത്തിയത് രാഷ്ട്രീയക്കാരാണെന്നു ശശി തരൂര്‍ എംപി. തന്റെ ഓഫീസില്‍ നായര്‍ സമുദായക്കാര്‍ മാത്രമാണെന്ന് പരാതി ഉയര്‍ന്നിരുന്നു. പരാതി പരിഹരിക്കാന്‍ മറ്റു വിഭാഗക്കാരെ തെരഞ്ഞുപിടിച്ച് നിയമിക്കുകയായിരുന്നെന്നും നിയമസഭ പുസ്തകോത്സവത്തില്‍ തരൂര്‍ പറഞ്ഞു.

ശബരിമല പാതയില്‍ തീര്‍ത്ഥാടകരുടെ വാഹനങ്ങള്‍ തമ്മില്‍ കൂട്ടിയിടിച്ചു. പത്തനംതിട്ട മണ്ണാറകുളഞ്ഞിയിലാണ് അപകടമുണ്ടായത്. ദര്‍ശനം കഴിഞ്ഞു മടങ്ങിയ ആന്ധ്രയില്‍ നിന്നുള്ള തീര്‍ത്ഥാടകരുടെ ബസും സന്നിധാനത്തേക്ക് പോകുകയായിരുന്ന തിരുവനന്തപുരം പാറശാല സ്വദേശികള്‍ സഞ്ചരിച്ച മിനി ബസുമാണ് കൂട്ടിയിടിച്ചത്.

മണ്ണാര്‍ക്കാട് മധ്യവസ്‌കനെ കഴുത്തു കൊന്നു. ചന്തപ്പടി പള്ളിക്കുന്നിലെ കോര്‍ട്ടേഴ്‌സില്‍ വാടകയ്ക്കു താമസിക്കുന്ന കുന്തിപ്പുഴ കൊളക്കാടന്‍ ഹംസയുടെ മകള്‍ മറിയയുടെ ഭര്‍ത്താവ് അബ്ദുല്ല (60) യാണ് കൊല്ലപ്പെട്ടത്. തമിഴ്‌നാട് വേലൂര്‍ കാട്ട്പാഡി സ്വദേശിയാണ്.

കാര്യവട്ടത്ത് കാണികള്‍ കുറഞ്ഞത് കായികമന്ത്രി വി അബ്ദുറഹ്‌മാന്റെ വിവാദ പരാമര്‍ശം മൂലമെന്ന് പ്രതിപക്ഷനേതാവ് വി ഡി സതീശന്‍. പട്ടിണി കിടക്കുന്നവര്‍ കളി കാണാന്‍ വരേണ്ടെന്നായിരുന്നു കായികമന്ത്രിയുടെ പരാമര്‍ശം. മലയാളികളുടെ ആത്മാഭിമാനത്തെ ചോദ്യം ചെയ്യരുതെന്നു സതീശന്‍ പറഞ്ഞു.

കോട്ടയത്ത് ഭക്ഷ്യവിഷബാധയേറ്റ് നഴ്‌സ് മരിച്ച കേസില്‍ ഹോട്ടലുടമ അറസ്റ്റില്‍. കോളറങ്ങള വീട്ടില്‍ ലത്തീഫ് (37) ആണ് അറസ്റ്റിലായത്. ബംഗളൂരുവില്‍ നിന്നാണ് ലത്തീഫിനെ പിടികൂടിയത്. ഹോട്ടലിലെ പാചകക്കാരനെ ദിവസങ്ങള്‍ക്ക് മുമ്പ് അറസ്റ്റ് ചെയ്തിരുന്നു.

കോഴിക്കോട് പേരാമ്പ്രയില്‍ പെട്രോള്‍ പമ്പുടമയില്‍നിന്നു കോഴ വാങ്ങിയെന്ന ആരോപണത്തില്‍ ബിജെപി പേരാമ്പ്ര മണ്ഡലം ജനറല്‍ സെക്രട്ടറിയേയും വൈസ് പ്രസിഡന്റിനേയും സസ്‌പെന്റ് ചെയ്തു. പേരാമ്പ്രയിലെ ബിജെ പി യോഗത്തിനിടെയുണ്ടായ കയ്യാങ്കളിയില്‍ അഞ്ച് പ്രവര്‍ത്തകരെ പ്രാഥമികാംഗത്വത്തില്‍നിന്നും പുറത്താക്കി.

തൃശൂരിലെ കുഴിക്കാട്ടുശേരിയില്‍ ചലച്ചിത്ര താരം സുനില്‍ സുഖദയുടെ കാറിനുനേരെ ആക്രമണം. രണ്ടു ബൈക്കുകളില്‍ വന്ന നാലു പേരാണ് ആക്രമണം നടത്തിയത്. സുനില്‍ സുഖദ, ബിന്ദു തങ്കം കല്യാണി എന്നിവരുള്‍പ്പെടെയുള്ള നാടക സംഘത്തിനാണ് ആക്രമണത്തില്‍ പരിക്കേറ്റത്.

കുസാറ്റ് മാതൃകയില്‍ മറ്റു സര്‍വകലാശാലകളിലും ആര്‍ത്തവ അവധി അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് കെഎസ്‌യു ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്‍ ബിന്ദുവിന് നിവേദനം നല്‍കി. കെഎസ്‌യു സംസ്ഥാന വൈസ് പ്രസിഡന്റ് ആന്‍ സെബാസ്റ്റ്യനാണ് കത്തു നല്‍കിയത്.

ലോക്‌സഭ തെരഞ്ഞെടുപ്പിന് ഇനി ഒരു വിശാല സഖ്യത്തിനും ബഹുജന്‍ സമാജ്‌വാദി പാര്‍ട്ടിയില്ലെന്നു മായാവതി. 2019 ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ അഖിലേഷ് യാദവിന്റെ സമാജ് വാദി പാര്‍ട്ടിക്കും രാഷ്ട്രീയ ലോക്ദളിനൊപ്പം ചേര്‍ന്ന് വിശാല സഖ്യം ഉണ്ടാക്കിയാണ് മായാവതിയുടെ പാര്‍ട്ടിയായ ബിഎസ്പി തെരഞ്ഞെടുപ്പിനെ നേരിട്ടത്.

ലോക്‌സഭാ തെരഞ്ഞെടിപ്പിനു മുന്നോടിയായി പാര്‍ട്ടിയെ സജ്ജമാക്കാന്‍ ബിജെപി ദേശീയ നിര്‍വാഹക സമിതി യോഗം ഇന്ന് ഡല്‍ഹിയില്‍ ആരംഭിക്കും.

തമിഴ്‌നാട് ശ്രീപെരുമ്പത്തൂരില്‍ പോലീസിന്റെ പിടിയില്‍നിന്നു രക്ഷപ്പെടാന്‍ ശ്രമിച്ച ബലാത്സംഗ കേസിലെ പ്രതികള്‍ക്കുനേരെ പൊലീസ് വെടിവച്ചു. തിരുവള്ളൂര്‍ സ്വദേശികളായ നാഗരാജ്, പ്രകാശ് എന്നിവര്‍ക്ക് നേരെയാണ് പൊലീസ് വെടിവച്ചത്. പൊലീസിനെ ആക്രമിച്ച് രക്ഷപ്പെടാന്‍ ശ്രമിച്ചപ്പോഴാണു കാലില്‍ വെടിവച്ച് പ്രതികളെ കീഴ്‌പ്പെടുത്തിയത്.

അമേരിക്കയുടെ ആര്‍ബോണി ഗബ്രിയേല്‍ മിസ് യൂണിവേഴ്‌സ്. ഇന്ത്യയുടെ മത്സരാര്‍ത്ഥി ദിവിത റായി അവസാന പതിനാറില്‍ ഇടം പിടിച്ചിരുന്നു. മിസ് വെനുസ്വേല രണ്ടാം സ്ഥാനം നേടി. കഴിഞ്ഞ വര്‍ഷത്തെ മിസ് യൂണിവേഴ്‌സായ ഇന്ത്യയുടെ ഹര്‍നാസ് സിന്ധുവാണ് വിജയിയായ ആര്‍ബോണി ഗബ്രിയേലിനെ വിജയ കിരീടം ചൂടിപ്പിച്ചത്. ലോകമെങ്ങുനിന്നും ഏത്തിയ 90 മല്‍സരാര്‍ത്ഥികളില്‍നിന്നാണ് മിസ് യൂണിവേഴ്സിനെ തെരഞ്ഞെടുത്തത്.

 

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *