ഡല്‍ഹിയിലേക്കു മാര്‍ച്ച് ചെയ്യുന്ന കര്‍ഷക സംഘടനകള്‍ നാളെ നടത്തുമെന്ന് ആഹ്വാനം ചെയ്ത ഭാരത് ബന്തിന് വ്യാപക പിന്തുണ. സംയുക്ത കിസാന്‍ മോര്‍ച്ചയും നിരവധി ട്രേഡ് യൂണിയനുകളുമാണ് ഗ്രാമീണ ഭാരത് ബന്തിന് ആഹ്വാനം ചെയ്തത്. രാവിലെ ആറു മുതല്‍ വൈകുന്നേരം നാലുവരെയാണ് ബന്ത്. ഉച്ചയ്ക്ക് 12 മുതല്‍ വൈകുന്നേരം നാലുവരെ രാജ്യത്തെ പ്രധാന റോഡുകള്‍ ഉപരോധിക്കും. വ്യാപാര സ്ഥാപനങ്ങള്‍ തുറക്കുന്നതു തടയില്ലെന്നാണ് ബന്ത് ആഹ്വാനം ചെയ്തവരുടെ നിലപാട്.
പ്രധാനമന്ത്രി ഈ മാസം 27 ന് തിരുവനന്തപുരത്ത് എത്തും. ബിജെപി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രന്‍ നയിക്കുന്ന പദയാത്രയുടെ സമാപന സമ്മേളനത്തില്‍ പ്രധാനമന്ത്രി പ്രസംഗിക്കും. സെന്‍ട്രല്‍ സ്റ്റേഡിയത്തിലാണ് സമാപന സമ്മേളനം. റോഡ് ഷോയുമുണ്ടാകും. ചില ഔദ്യോഗിക പരിപാടികള്‍കൂടി ഇതോടൊപ്പം ആസൂത്രണം ചെയ്യുന്നുണ്ട്.
തിരുവല്ലം കസ്റ്റഡി മരണക്കേസില്‍ എസ്എച്ച്ഒ അടക്കം നാലു പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ സിബിഐ കുറ്റപത്രം നല്‍കി. തിരുവല്ലം എസ്.എച്ച്.ഒ.ആയിരുന്ന സുരേഷ് വി.നായര്‍, എസ്‌ഐമാരായ വിപിന്‍ പ്രകാശ്, സജികുമാര്‍, ഹോം ഗാര്‍ഡ് വിനു എന്നിവര്‍ക്കെതിരേയാണ് സിജെഎം കോടതിയില്‍ കുറ്റപത്രം നല്‍കിയത്. തിരുവല്ലയിലെ ജഡ്ജി കുന്ന് സന്ദര്‍ശിക്കാനെത്തിയ ദമ്പതികളെ ആക്രമിച്ച കേസില്‍ കസ്റ്റഡിലെടുത്ത സുരേഷ് കുമാറാണ് പൊലീസ് കസ്റ്റഡിയില്‍ കൊല്ലപ്പെട്ടത്.
വയനാട്ടിലെ ആക്രമണകാരികളായ വന്യജീവികളെ കൈകാര്യം ചെയ്യാന്‍ വയനാട്ടില്‍ സിസിഎഫ് റാങ്കിലുള്ള സ്‌പെഷല്‍ ഓഫീസറെ നിയമിക്കും. പ്രത്യേക അധികാരങ്ങളോടുകൂടിയ ഓഫീസറായിരിക്കും വന്യജീവി ശല്യത്തിനെതിരായ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുക. മുഖ്യമന്ത്രി വിളിച്ചു ചേര്‍ത്ത വയനാട്ടിലെ ജനപ്രതിനിധികളുടെ യോഗത്തിലാണ് തീരുമാനം. വയനാട്ടില്‍ രണ്ട് ആര്‍ആര്‍ടി ടീമിനെക്കൂടി നിയമിക്കാനും തിരുമാനിച്ചു.
ഗവര്‍ണര്‍ നാമനിര്‍ദേശം ചെയ്ത കേരള സര്‍വകലാശാല സെനറ്റ് അംഗങ്ങള്‍ക്കു പൊലീസ് സുരക്ഷ നല്‍കുമെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍. സുരക്ഷ ആവശ്യപ്പെട്ട് ഏഴു സെനറ്റംഗങ്ങള്‍ നല്‍കിയ ഹര്‍ജിയിലാണ് സര്‍ക്കാര്‍ പൊലീസ് സംരക്ഷണം നല്‍കുമെന്ന് ഹൈക്കോടതിയെ അറിയിച്ചത്.
മുഖ്യമന്ത്രി നാടകകമ്പനിയുടെ സംവിധായകനായി മാറിയെന്നു പരിഹസിച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. ഒരുകൈകൊണ്ട് അക്രമങ്ങള്‍ക്കായി പ്രവര്‍ത്തകരെ ഇറക്കിവിടും. മറുകൈകൊണ്ട് അതു തടയാനെന്ന പേരില്‍ പോലീസിനേയും ഇറക്കിവിടുന്നു. സര്‍വ്വകലാശാലകളില്‍ ഇഷ്ടക്കാരെയും ബന്ധുക്കളെയും തിരുകിക്കയറ്റാനുള്ള സിപിഎമ്മിന്റെ നീക്കം തടഞ്ഞതിനാണ് തനിക്കെതിരെ പ്രതിഷേധിക്കുന്നതെന്നും ഗവര്‍ണര്‍ പറഞ്ഞു.
മാനന്തവാടിയില്‍ ആളെക്കൊല്ലി മോഴയാന ബേലൂര്‍ മഖ്‌നയെ മയക്കുവെടിവച്ചു പിടിക്കാനാകാതെ അഞ്ചാം ദിവസവും വനംവകുപ്പ് ഉദ്യോഗസ്ഥര്‍ പിന്‍വാങ്ങി. ആന കൂടുതല്‍ ഉള്‍ക്കാട്ടിലേക്കു നീങ്ങി. ആനയെ പിടികൂടാന്‍ കര്‍ണാടക വനംവകുപ്പ് നിയോഗിച്ച 25 അംഗ സംഘവും സ്ഥലത്തെത്തിയിട്ടുണ്ട്.
ചലോ ഡല്‍ഹി കര്‍ഷക സമരത്തില്‍ പങ്കെടുക്കാനെത്തിയ രാഷ്ട്രീയ കിസാന്‍ മഹാസംഘ് കേരള സംസ്ഥാന കണ്‍വീനറായ റോജര്‍ സെബാസ്റ്റിയനെ ഡല്‍ഹി പോലീസ് കസ്റ്റഡിയിലെടുത്തു. 11 മണിക്കൂര്‍ കസ്റ്റഡിയില്‍വച്ചു ചോദ്യം ചെയ്തശേഷം വിട്ടയച്ചു.
ഇരിങ്ങാലക്കുടയില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ തടഞ്ഞ് എസ്എഫ്‌ഐ പ്രവര്‍ത്തകരുടെ കരിങ്കൊടി പ്രതിഷേധം. അഞ്ചിടങ്ങളില്‍ പൊലീസിനെ വെട്ടിച്ച് ഗവര്‍ണറുടെ വാഹന വ്യൂഹത്തിനു നേരെ എസ്എഫ്‌ഐക്കാര്‍ ചാടി വീണു.
കെഎസ്ആര്‍ടിസിയിലെ ജീവനക്കാര്‍ക്ക് ഒന്നാം തീയതിതന്നെ ശമ്പളം നല്‍കാന്‍ കഴിയുന്ന പദ്ധതികള്‍ മുഖ്യമന്ത്രി പിണായി വിജയനുമായി ചര്‍ച്ച ചെയ്‌തെന്ന് ഗതാഗതമന്ത്രി കെ.ബി. ഗണേഷ്‌കുമാര്‍. കെഎസ്ആര്‍ടിസിയുടെ ദാരിദ്ര്യം മാറ്റാനുളള നടപടികള്‍ പുരോഗമിക്കുകയാണെന്നും മന്ത്രി പറഞ്ഞു.
ബിജെപിയുടെയും സിപിഎമ്മിന്റെയും വെറുപ്പിന്റെ രാഷ്ട്രീയമാണെന്ന് കോണ്‍ഗ്രസ് നേതാവും ഇന്ത്യന്‍ ക്രിക്കറ്റ് ടീം മുന്‍ ക്യാപ്റ്റനുമായ മുഹമ്മദ് അസ്ഹറുദ്ദീന്‍. കോണ്‍ഗ്രസ് സമരാഗ്‌നി യാത്ര മലപ്പുറം അരീക്കോട് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കേരളത്തില്‍ ലോക്സഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് 20 സീറ്റിലും ജയിക്കണമെന്നും അദ്ദേഹം പറഞ്ഞു.
പാസ്‌പോര്‍ട്ടില്‍ കൃത്രിമം കാണിച്ചു ഗള്‍ഫിലേക്കു കടക്കാന്‍ ശ്രമിച്ച രണ്ടു യുവതികള്‍ കൊച്ചി രാജ്യാന്തര വിമാനത്താവളത്തില്‍ പിടിയിലായി. കൊല്ലം സ്വദേശി ജയ ജോസഫ്, കോഴിക്കോട് സ്വദേശി സക്കീന മുസ്തഫ എന്നിവരാണ് പിടിയിലായത്. മസ്‌കറ്റിലേക്കു പോകാനാണ് ഇരുവരും എത്തിയത്. വിസിറ്റിംഗ് വിസയാണ് ഉണ്ടായിരുന്നത്. പാസ്‌പോര്‍ട്ടില്‍ നേരത്തെയുണ്ടായിരുന്ന കുവൈറ്റ് വിസയുടെ മുകളില്‍ റദ്ദാക്കിയ മറ്റൊരു വിസ സ്റ്റിക്കര്‍ ഒട്ടിച്ചിരുന്നു.
ഭാരത് അരിയേക്കാല്‍ കൂടിയ വിലയ്ക്കാണ് സപ്ലൈകോയില്‍ അരി വില്‍ക്കുന്നതെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രന്‍. ഭാരത് അരി രാഷ്ട്രീയ അരിയെന്നു പരിഹസിച്ച് വില്‍പന തടസപ്പെടുത്താനാണ് ഭക്ഷ്യമന്ത്രി അടക്കമുള്ള സര്‍ക്കാര്‍ ശ്രമിക്കുന്നത്. ഇതുപോലൊരു ജനവിരുദ്ധ സര്‍ക്കാരിനെ കേരളം കണ്ടിട്ടില്ലെന്നും സുരേന്ദ്രന്‍ പറഞ്ഞു.
കൊല്ലം അഞ്ചലില്‍ മുള്ളന്‍പന്നിയെ ജീപ്പ് ഇടിച്ച് ചത്ത മുള്ളന്‍പന്നിയെ കറിയാക്കിയ ആയുര്‍വേദ ഡോക്ടര്‍ അറസ്റ്റില്‍. വാളകം അമ്പലക്കര സ്വദേശി ബാജിയാണ് പിടിയിലായത്.
കോഴിക്കോട് കരിങ്കല്‍ ക്വാറിയില്‍ അജ്ഞാത മൃതദേഹം. കോഴിക്കോട് കാരശ്ശേരി മരഞ്ചാട്ടിയിലെ അടഞ്ഞുകിടക്കുന്ന ക്വാറിയിലാണ് മൃതദേഹം കണ്ടെത്തിയത്.
എന്‍സിപി അജിത് പവാര്‍ പക്ഷമാണു യഥാര്‍ത്ഥ എന്‍സിപിയെന്ന് മഹാരാഷ്ട്ര നിയമസഭാ സ്പീക്കര്‍ രാഹുല്‍ നല്‍വേക്കര്‍ ഉത്തരവിറക്കി. അജിത് പവാറിനൊപ്പമാണ് പാര്‍ട്ടിയിലെ ഭൂരിപക്ഷം എംഎല്‍എമാരുമെന്നു ചൂണ്ടിക്കാട്ടിയാണ് സ്പീക്കറുടെ ഉത്തരവ്. അജിത് പവാര്‍ വിഭാഗത്തിന് തെരഞ്ഞെടുപ്പ് കമ്മിഷനും അംഗീകാരം നല്‍കിയിരുന്നു. ഇതോടെ ശരദ് പവാര്‍ പക്ഷത്തുള്ള എംഎല്‍എമാര്‍ അയോഗ്യരാക്കപ്പെടുമെന്ന അവസ്ഥയിലായി. അയോഗ്യരാക്കണമെന്ന് ആവശ്യപ്പെട്ടുള്ള പരാതിയും സ്പീക്കറുടെ പരിഗണനയിലുണ്ട്.
മുന്‍ പ്രധാനമന്ത്രി എച്ച് ഡി ദേവഗൗഡ ആശുപത്രിയില്‍. ശ്വാസം സംബന്ധമായ അസുഖങ്ങളും, ആമാശയ സംബന്ധമായ അസുഖങ്ങളെയും തുടര്‍ന്നാണ് ദേവഗൗഡയെ എയര്‍പോര്‍ട്ട് റോഡിലെ മണിപ്പാല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
നടിയും തൃണമൂല്‍ കോണ്‍ഗ്രസ് എംപിയുമായ മിമി ചക്രബര്‍ത്തി ലോക്‌സഭാംഗത്വവും പാര്‍ട്ടി പദവികളും രാജി വച്ചു. പാര്‍ട്ടി അധ്യക്ഷ മമത ബാനര്‍ജിക്കാണു രാജിക്കത്തുകള്‍ നല്‍കിയത്. പാര്‍ട്ടിയില്‍ തനിക്കു കൂടുതല്‍ ഉയര്‍ന്ന പദവികളും അഗീകാരവും വേണമെന്ന സൂചന നല്‍കിക്കൊണ്ടാണു രാജി.
എട്ട് ഇന്ത്യന്‍ നാവികരെ മോചിപ്പിച്ചതിനു നന്ദി അറിയിച്ചും ഖത്തര്‍ അമീറിനെ ഇന്ത്യയിലേക്ക് ക്ഷണിച്ചും പ്രധാനമന്ത്രി നരേന്ദ്രമോദി. അമീര്‍ ഹമദ് ബിന്‍ ഖലീഫ അല്‍ താനിയെയും പ്രധാനമന്ത്രി സന്ദര്‍ശിച്ചു. മേഖലയിലെ സാഹചര്യങ്ങള്‍ക്കൊപ്പം അന്താരാഷ്ട്ര പ്രാധാന്യമുള്ള കാര്യങ്ങളും ചര്‍ച്ചയായതായി വിദേശകാര്യ സെക്രട്ടറി പറഞ്ഞു.