കേരളമടക്കം മൂന്നു സംസ്ഥാനങ്ങളില്‍ ദേശീയ അന്വേഷണ ഏജന്‍സി റെയ്ഡ്. എറണാകുളത്ത് അഞ്ചിടങ്ങളിലെ പരിശോധനയ്ക്കിടെ രണ്ടുപേരെ കസ്റ്റഡിയിലെടുത്തു. ആലുവയില്‍ പണമിടപാടു ബിസിനസ് നടത്തുന്ന അശോകന്‍, ആലുവ വെളിയത്തുനാട് സ്വദേശി റിയാസ് എന്നിവരെയാണ് കസ്റ്റഡിയിലെടുത്തത്. പാനായിക്കുളം സ്വദേശിയും ബെംഗളൂരു സ്‌ഫോടനക്കേസില്‍ പ്രതിയുമായിരുന്ന സീനിമോന്റെ വീട്ടിലും പരിശോധന നടന്നു. ഇയാളോട് എന്‍ഐഎ ഓഫീസില്‍ ഹാജരാകാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ലാപ്‌ടോപ്പുകളും മൊബൈല്‍ ഫോണുകളും സാമ്പത്തിക ഇടപാടുകളുടെ രേഖകളും പിടിച്ചെടുത്തു. മംഗളൂരുവിലെ പ്രഷര്‍ കുക്കര്‍ ബോംബ് സ്‌ഫോടനക്കേസിലെ പ്രതി മുഹമ്മദ് ഷെരീഖ് സന്ദര്‍ശിച്ച സ്ഥലങ്ങളിലാണ് റെയ്ഡ് നടത്തിയത്.
ലൈഫ് കോഴക്കേസില്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എംശിവശങ്കറിനെ അഞ്ചുദിവസത്തേക്ക് എന്‍ഫോഴ്‌സ്‌മെന്റിന്റെ കസ്റ്റഡിയില്‍ വിട്ടു. തിങ്കളാഴ്ച ഉച്ചയ്ക്കു രണ്ടരയ്ക്കു കോടതിയില്‍ ഹാജരാക്കണം. രണ്ട് മണിക്കൂര്‍ ചോദ്യം ചെയ്താല്‍ ഇടവേള നല്‍കണമെന്ന് കോടതി നിര്‍ദേശിച്ചു. തന്നെ 12 മണിക്കൂര്‍ തുടര്‍ച്ചയായി ചോദ്യം ചെയ്‌തെന്നും ശാരീരികമായി ബുദ്ധിമുട്ടുണ്ടെന്നും ശിവശങ്കര്‍ കോടതിയില്‍ പറഞ്ഞിരുന്നു. കോഴക്കേസില്‍ എം ശിവശങ്കറിനു ലഭിച്ചത് ഒരു കോടി രൂപയും മൊബൈല്‍ ഫോണുമെന്ന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ റിപ്പോര്‍ട്ട്. 3.38 കോടി രൂപയുടെ കോഴ ഇടപാടെന്ന് എന്‍ഫോഴ്‌സ്‌മെന്റിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു.
സിപിഎമ്മിനുവേണ്ടി കൊലപാതകം നടത്തിയെന്ന് ഷുഹൈബ് വധക്കേസിലെ ഒന്നാം പ്രതി ആകാശ് തില്ലങ്കേരി ഫേസ്ബുക്ക് കമന്റിലൂടെ വെളിപ്പെടുത്തി. എടയന്നൂരിലെ പാര്‍ട്ടി നേതാക്കളാണ് അത് ചെയ്യിച്ചത്. ആഹ്വാനം ചെയ്തവര്‍ക്ക് പാര്‍ട്ടി സഹകരണ സ്ഥാപനങ്ങളില്‍ ജോലി കിട്ടി. നടപ്പിലാക്കിയ ഞങ്ങള്‍ക്ക് പട്ടിണിയും പടിയടച്ച് പിണ്ഡം വയ്ക്കലുമാണ് കിട്ടിയത്. പാര്‍ട്ടി തള്ളിയതോടെയാണ് തങ്ങള്‍ സ്വര്‍ണക്കടത്ത് ക്വട്ടേഷനിലേക്ക് തിരിഞ്ഞതെന്നും ആകാശ്.
ഡിവൈഎഫ്‌ഐ നേതാവ് എം ഷാജറിനെ കുടുക്കാന്‍ ആകാശ് തില്ലങ്കേരി ഗൂഢാലോചന നടത്തിയെന്ന് ഡിവൈഎഫ്‌ഐ. ഷാജറിന്റെ കയ്യില്‍ നിന്ന് ട്രോഫി വാങ്ങുന്നതിനുവേണ്ടി ആകാശ് ക്രിക്കറ്റ് ടീമില്‍ കയറിപ്പറ്റിയെന്നും ട്രോഫി വാങ്ങുന്ന ചിത്രം പ്രചരിപ്പിക്കാന്‍ വാട്‌സാപ്പ് ഗ്രൂപ്പില്‍ ആഹ്വാനം ചെയ്‌തെന്നും ഡിവൈഎഫ്‌ഐ ആരോപിച്ചു. ഷാജറിന്റെ പാര്‍ട്ടി അംഗത്വം കളയാനായിരുന്നു ഈ നീക്കം. ആകാശ് നടത്തിയ വാട്‌സാപ്പ് ചാറ്റുകളുടെ സ്‌ക്രീന്‍ ഷോട്ടുകളും നേതാക്കള്‍ പുറത്തുവിട്ടു.
നടിയെ ആക്രമിച്ച കേസിലെ സാക്ഷി മഞ്ജു വാര്യരെ വീണ്ടും വിസ്തരിക്കുന്നതിനെതിരെ ദിലീപ് സുപ്രീം കോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിച്ചു. തെളിവുകളുടെ വിടവ് നികത്താന്‍ മഞ്ജുവിനെ വീണ്ടും വിസ്തരിക്കണമെന്നാണു പ്രോസിക്യൂഷന്‍ ആവശ്യപ്പെടുന്നത്. ഭാര്യ കാവ്യ മാധവന്റെ അച്ഛനെയും അമ്മയെയും വീണ്ടും വിസ്തരിക്കുന്നത് വിചാരണ നീട്ടി കൊണ്ടുപോകാനാണെന്നും സത്യവാങ്മൂലത്തില്‍ ദിലീപ് പറയുന്നു.
മരിച്ച ആദിവാസി യുവാവ് വിശ്വനാഥനു ചുറ്റും പന്ത്രണ്ടു പേര്‍ കൂടിനിന്ന് സംസാരിക്കുന്നതിന്റെ സിസി ടിവി ദൃശ്യങ്ങള്‍ പുറത്ത്. ഇതോടെ പോലീസ് എഫ്‌ഐആര്‍ തിരുത്തി. മരണത്തില്‍ പട്ടികജാതി പട്ടികവര്‍ഗ പീഡന നിരോധന നിയമപ്രകാരം പൊലീസ് കേസെടുത്തു. അന്വേഷണത്തിന് പുതിയ സംഘത്തെ നിയോഗിച്ചു.
പീഡനശ്രമക്കേസ് റദ്ദാക്കണമെന്ന നടന്‍ ഉണ്ണി മുകുന്ദന്റെ ഹര്‍ജിയില്‍ പരാതിക്കാരി ഇമെയില്‍ വഴി ഒത്തുതീര്‍പ്പിന് തയ്യറാണെന്ന് അറിയിച്ചതായി അഡ്വ. സൈബി വീണ്ടും ഹൈക്കോടതിയെ അറിയിച്ചു. പരാതിക്കാരി അയച്ച ഓഡിയോ സന്ദേശം കൈയിലുണ്ടെന്നും സൈബി വ്യക്തമാക്കി.
ലൈഫ് മിഷന്‍ കോഴക്കേസില്‍ ശിവശങ്കര്‍ അറസ്റ്റിലായിരിക്കേ, ശിഷ്യനു പിറകെ ആശാനും അകത്തുപോകുന്ന സമയം വിദൂരമല്ലെന്നു പിണറായി വിജയനെ പരിഹസിച്ച് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍. മുഖ്യമന്ത്രി ഇക്കാലമത്രയും പടുത്തുയര്‍ത്തിയ നുണകള്‍ ചീട്ടുകൊട്ടാരംപോലെ തകര്‍ന്നുവീണെന്നും കെ സുധാകരന്‍ പറഞ്ഞു.
ഇടുക്കി കൊമ്പൊടിഞ്ഞാലിനു സമീപം പാറ ക്വാറിയിലെ വെള്ളത്തില്‍ വീണ കുട്ടിയെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ മുത്തശ്ശിയും സഹോദരിമാരായ രണ്ടു പേരക്കുട്ടികളും മുങ്ങി മരിച്ചു. കൊമ്പോടിഞ്ഞാല്‍ ഇണ്ടിക്കുഴിയില്‍ ബിനോയി – ജാസ്മി ദമ്പതികളുടെ മക്കളായ ആന്‍മരിയ (8), അമേയ (4) എന്നിവരും ജാസ്മിയുടെ മാതാവ് എല്‍സമ്മ (50) യുമാണ് മുങ്ങി മരിച്ചത്.
പാലക്കാട് ജില്ലയിലെ തമിഴ് മലയാളം എല്‍ഡിസി ക്ലര്‍ക്കുമാരുടെ റാങ്ക് പട്ടികയില്‍ അട്ടിമറി. കഴിഞ്ഞ വര്‍ഷം ഫെബ്രുവരി അഞ്ചിന് ഇറങ്ങിയ 75 പേരുള്ള പട്ടികയില്‍ നിന്ന് 42 ഒഴിവാക്കി, പുതുതായി അത്രയും പേരെ ഉള്‍പ്പെടുത്തിയെന്നാണ് പരാതി. ലിസ്റ്റ് പരിഷ്‌കരിച്ചപ്പോള്‍ നിയമന ശുപാര്‍ശ ലഭിച്ചവര്‍പോലും പട്ടികയ്ക്കു പുറത്തായി.
കുണ്ടമന്‍കടവിലെ ആര്‍എസ്എസ് പ്രവര്‍ത്തകന്‍ പ്രകാശ് ആത്മഹത്യ ചെയ്ത സംഭവത്തില്‍ നാല് ആര്‍എസ്എസ് പ്രവര്‍ത്തകര്‍ അറസ്റ്റില്‍. കൃഷ്ണകുമാര്‍, ശ്രീകുമാര്‍, സതി കുമാര്‍, രാജേഷ് എന്നിവരാണ് അറസ്റ്റിലായത്. പരസ്ത്രീ ബന്ധം ആരോപിച്ച് പ്രകാശിനെ പ്രതികള്‍ മര്‍ദ്ദിച്ചെന്നാണു ക്രൈംബ്രാഞ്ചിന്റെ കണ്ടെത്തല്‍. സന്ദീപാനന്ദഗിരിയുടെ ആശ്രമത്തിലെ വാഹനങ്ങള്‍ കത്തിച്ചതു പ്രകാശാണെന്ന് ആരോപിച്ച് പോലീസെടുത്ത കേസ് ചീറ്റിപ്പോയിരിക്കേയാണ് അറസ്റ്റ്.
പുലയനാര്‍കോട്ടയില്‍ മര്‍ദ്ദനമേറ്റ വീട്ടമ്മ ജീവനൊടുക്കിയ സംഭവത്തില്‍ ശ്രീ മഹാദേവര്‍ ക്ഷേത്രം ഉപദേശകസമിതി പ്രസിഡന്റ് അശോകന്‍ അറസ്റ്റില്‍. അതിര്‍ത്തി തര്‍ക്കത്തിനിടെ ഇയാള്‍ വിജയകുമാരിയെ മര്‍ദ്ദിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു.
സണ്‍ ഗ്ലാസ് ധരിച്ച് സ്‌കൂളിലെത്തിയ വിദ്യാര്‍ത്ഥിയെ സീനിയര്‍ വിദ്യാര്‍ത്ഥികള്‍ മര്‍ദിച്ചു. കോഴിക്കോട് മുക്കം കെഎംസിടി പോളിടെക്‌നിക് കോളേജ് വിദ്യാര്‍ത്ഥി മുഹമ്മദ് ജാബിറിനാണ് മര്‍ദ്ദനമേറ്റത്. അഞ്ചു വിദ്യാര്‍ത്ഥികളെ സസ്പെന്‍ഡ് ചെയ്തു.
കൊല്ലങ്കോട് കടന്നല്‍ കുത്തേറ്റ് പാലോക്കാട് സ്വദേശി പഴനി (74) മരിച്ചു. രാവിലെ ചായ കുടിക്കാന്‍ പോയപ്പോഴാണ് കടന്നാല്‍ കുത്തേറ്റത്. പ്രദേശത്തെ മറ്റു ചിലര്‍ക്കും കടന്നല്‍ കുത്തേറ്റു.
ചെറിയതുറയിലെ മൂന്നു വീടുകളില്‍ കയറി പണവും മൊബൈല്‍ ഫോണുകളും വാച്ചുകളും കവര്‍ന്ന മൂന്നംഗ സംഘം പിടിയില്‍. വളളക്കടവ് സ്വദേശി ഷാരൂഖ് ഖാന്‍ (22), ചെറിയതുറ മുഹമ്മദ് ഹസന്‍ (25), ബീമാപളളി ചന്തു (25) എന്നിവരെയാണ് വലിയതുറ പൊലീസ് അറസ്റ്റു ചെയ്തത്.
വീട്ടില്‍ വെള്ളം ചോദിച്ചെത്തി് എണ്‍പതുകാരിയെ പീഡിപ്പിച്ചയാള്‍ പിടിയില്‍. വെട്ടുകാട് ബാലനഗര്‍ ഈന്തിവിളാകം സ്വദേശി പൊടിയന്‍ എന്ന രഞ്ജിത്ത് (42) ആണ് വലിയതുറ പൊലീസിന്റെ പിടിയിലായത്.
അഞ്ചു വര്‍ഷത്തിനകം രാജ്യത്ത് രണ്ടു ലക്ഷം വായ്പ സഹകരണ സംഘങ്ങള്‍ യാഥാര്‍ത്ഥ്യമാക്കുമെന്നു കേന്ദ്രമന്ത്രിസഭ യോഗം. കാര്‍ഷിക, ക്ഷീര, മത്സ്യബന്ധന മേഖലകളിലാണു സംഘങ്ങള്‍ തുടങ്ങുകയെന്ന് കേന്ദ്രമന്ത്രി അനുരാഗ് താക്കൂര്‍ വ്യക്തമാക്കി. ഗ്രാമീണ മേഖലയെ ശാക്തീകരിക്കാന്‍ 4800 കോടി രൂപ ചെലവിട്ട് വൈബ്രന്റ് വില്ലേജസ് എന്ന പദ്ധതിക്കും മന്ത്രിസഭാ യോഗം അനുമതി നല്‍കി.
ആന്ധ്രാപ്രദേശിന് മൂന്നു തലസ്ഥാനമുണ്ടാകില്ലെന്ന് ധനമന്ത്രി ബുഗ്ഗന രാജേന്ദ്രനാഥ്. ആന്ധ്രയ്ക്കു മൂന്നു തലസ്ഥാനമുണ്ടാകുമെന്നത് തെറ്റായ ധാരണയാണ്. ബെംഗളുരുവില്‍ നടന്ന വ്യവസായസംഗമത്തിലാണ് ധനമന്ത്രിയുടെ വിശദീകരണം. സര്‍ക്കാരിന്റെ ഭരണകാര്യങ്ങള്‍ നടത്തുക വിശാഖപട്ടണത്തു തന്നെയാകും.
ബിബിസി ഓഫീസ് സ്ഥിതി ചെയ്യുന്ന കെട്ടിടത്തിനു സുരക്ഷ കൂട്ടി. ബിബിസിക്കെതിരെ പ്രതിഷേധവുമായി ഹിന്ദു സേന പ്രവര്‍ത്തകര്‍ എത്തിയതിനു പിന്നാലെയാണ് സുരക്ഷ വര്‍ധിപ്പിച്ചത്.
ബിബിസിയിലെ ആദായ നികുതി റെയ്ഡ് അപ്രഖ്യാപിത അടിയന്തരാവസ്ഥയുടെ അടയാളമാണെന്ന് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. പേര് സര്‍വ്വേ എന്നാണെങ്കിലും നടത്തുന്നത് റെയ്ഡ് ആണെന്നും യെച്ചൂരി പറഞ്ഞു.
ലിബിയയില്‍ കപ്പല്‍ മുങ്ങി 73 അഭയാര്‍ത്ഥികള്‍ മരിച്ചു. ട്രിപ്പോളിയില്‍നിന്ന് യൂറോപ്പിലേക്ക് അഭയാര്‍ഥികളുമായി പോയ കപ്പലാണ് മുങ്ങിയത്. 80 പേരായിരുന്നു കപ്പലില്‍ ഉണ്ടായിരുന്നത്. ഏഴു പേര്‍ രക്ഷപ്പെട്ടു.