night news hd 3

 

കൊച്ചി മെട്രോ റെയില്‍ പദ്ധതിയുടെ രണ്ടാംഘട്ടമായ പിങ്ക് ലൈന്‍ നിര്‍മ്മാണത്തിന് 378.57 രൂപ അനുവദിച്ചതായി ധനമന്ത്രി കെ എന്‍ ബാലഗോപാല്‍. ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയം മുതല്‍ ഇന്‍ഫോ പാര്‍ക്കിലൂടെ കാക്കനാടുവരെയുള്ള പദ്ധതിയുടെ പുതുക്കിയ അടങ്കലിനാണ് ധനവകുപ്പിന്റെ അംഗീകാരം. 11.8 കിലോമീറ്റര്‍ നീളത്തില്‍ പിങ്ക് ലൈന്‍ സ്ഥാപിക്കാനാണ് ഇത്രയും തുക.

കേരളത്തിന്റെ വായ്പാ പരിധി വര്‍ദ്ധിപ്പിക്കാനാവില്ലെന്ന് കേന്ദ്ര ധനകാര്യ മന്ത്രി നിര്‍മ്മലാ സീതാരാമന്‍. കേരളത്തിന്റെ മൊത്ത ആഭ്യന്തര ചരക്കു സേവന ഉല്‍പാദനത്തിന്റെ ഒരു ശതമാനം കൂടി വായ്പ അധികമായി എടുക്കാന്‍ അനുവദിക്കണമെന്നാണ് കേരളം ആവശ്യപ്പെടുന്നത്. പൊതു വിപണിയില്‍നിന്നു കടമെടുക്കാനുളള പരിധിയില്‍ 23,852 കോടി രൂപയുടെ വായ്പയെടുക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ അനുമതി നല്‍കിയിട്ടുണ്ട്. മറ്റു സ്രോതസുകളിലൂടെ വായ്പ എടുക്കാവുന്നതാണെന്നും നിര്‍മല സീതാരാമന്‍ എന്‍.കെ. പ്രേമചന്ദ്രനു മറുപടി നല്‍കി.

ലോകായുക്തക്കോ ഉപലോകായുക്തക്കോ നിര്‍ദേശ ഉത്തരവു പുറപ്പെടുവിക്കാന്‍ അധികാരമില്ലെന്ന് സുപ്രീംകോടതി. ബന്ധപ്പെട്ട അതോറിറ്റിക്ക് ശുപാര്‍ശകള്‍ റിപ്പോര്‍ട്ടായി സമര്‍പ്പിക്കാനേ അധികാരമുള്ളൂ. ജസ്റ്റീസുമാരായ വിക്രം നാഥ്, രാജേഷ് ബിന്‍ഡല്‍ എന്നിവരടങ്ങുന്ന സുപ്രീം കോടതി ബെഞ്ച് വ്യക്തമാക്കി. റീസര്‍വേ രേഖകളിലെ തെറ്റുകള്‍ തിരുത്താന്‍ വര്‍ക്കല അഡീഷണല്‍ തഹീല്‍ദാറിനോട് ഉപലോകായുക്ത നിര്‍ദേശിച്ചിരുന്നു. ഇതു ചോദ്യം ചെയ്തുള്ള ഹര്‍ജിയിലാണ് സുപ്രീംകോടതിയുടെ ഉത്തരവ്.

മിഷോംഗ് ചുഴലിക്കാറ്റ് നാളെ രാവിലെ തെക്കന്‍ ആന്ധ്രാ പ്രദേശ് തീരത്തു നെല്ലൂരിനും മച്ചലിപട്ടണത്തിനും ഇടയില്‍ കരതൊടും. 110 കിലോമീറ്റര്‍ വേഗത്തിലായിരിക്കും ചുഴലിക്കാറ്റ് ആഞ്ഞടിക്കുക. കേരളത്തിനു വലിയ ഭീഷണിയുണ്ടാകില്ലെങ്കിലും നാലു ദിവസം ഇടി മിന്നലോടുകൂടിയ മഴക്കു സാധ്യത. ഇതേസമയം, ചെന്നൈയിലും സമീപ പ്രദേശങ്ങളിലും അതിതീവ്രമഴ തുടര്‍ന്നു. താഴ്ന്ന പ്രദേശങ്ങളും വീടുകളും വെള്ളത്തിനടിയിലായി. പാര്‍ക്ക് ചെയ്തിരുന്ന കാറുകള്‍ ഒലിച്ചുപോയി. പുതുതായി നിര്‍മിച്ച കെട്ടിടം തകര്‍ന്ന് ചെന്നൈയിലെ കാണത്തൂരില്‍ രണ്ടു പേര്‍ മരിച്ചു. വെള്ളം കയറിയതോടെ ചെന്നൈ വിമാനത്താവളത്തിലെ വിമാന സര്‍വ്വീസുകള്‍ നിര്‍ത്തിവച്ചു.

കോഴിക്കോട് വിമാനത്താവളം ഉള്‍പ്പെടെ രാജ്യത്തെ 25 വിമാനത്താവളങ്ങള്‍ കൂടി സ്വകാര്യവത്ക്കരിക്കുമെന്നു കേന്ദ്ര സര്‍ക്കാര്‍. 2025 നുള്ളില്‍ സ്വകാര്യവത്ക്കരിക്കുമെന്ന് കേന്ദ്ര സര്‍ക്കാര്‍ പാര്‍ലമെന്റില്‍ അറിയിച്ചു.

കരുവന്നൂര്‍ കേസില്‍ വ്യാജമൊഴി നല്‍കാന്‍ ബാങ്ക് സെക്രട്ടറിയെ ഭീഷണിപ്പെടുത്തിയെന്ന് ആരോപിച്ച് എന്‍ഫോഴ്‌സ്‌മെന്റ് ഉദ്യോഗസ്ഥര്‍ക്കെതിരെ കേസെടുക്കണമെന്ന പെരിങ്ങണ്ടൂര്‍ ബാങ്കിന്റെ ഹര്‍ജി കോടതി തള്ളി. തെളിവില്ലെന്നു ചൂണ്ടിക്കാട്ടിയാണ് ഹര്‍ജി തള്ളിയത്. ബാങ്കിനെതിരെ മാധ്യമങ്ങളിലൂടെ വ്യാജ വിവരം പ്രചരിപ്പിച്ചെന്ന ആരോപണവും ഉന്നയിച്ചെങ്കിലും കോടതി പരിഗണിച്ചില്ല.

ഇന്ത്യമുന്നണി ലക്ഷ്യമിടുന്നത് ബിജെപിയെ ആണെങ്കില്‍ വയനാട്ടില്‍ രാഹുല്‍ ഗാന്ധി ഇടതുമുന്നണി സ്ഥാനാര്‍ത്ഥിക്കെതിരെയല്ല മത്സരിക്കേണ്ടതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍. രാഹുല്‍ മത്സരിക്കുന്നതിലെ യുക്തിയില്ലായ്മ സാമാന്യ മര്യാദയുള്ള എല്ലാവര്‍ക്കും അറിയാം. വയനാട്ടില്‍ മല്‍സരിക്കരുതെന്നു കോണ്‍ഗ്രസിനോട് അപേക്ഷിക്കാനൊന്നും സിപിഎം ഒരുക്കമല്ല. ഗോവിന്ദന്‍ പറഞ്ഞു.

സിപിഎം അടക്കമുള്ള കക്ഷികള്‍ ശക്തമായി പ്രതിഷേധിച്ചതോടെ ചിന്നക്കനാലിലെ 364.39 ഹെക്ടര്‍ ഭൂമി റിസര്‍വ് വനമാക്കിയുള്ള ഉത്തരവ് സര്‍ക്കാര്‍ മരവിപ്പിച്ചു. വനംമന്ത്രി എ.കെ. ശശീന്ദ്രനാണ് ഇക്കാര്യം അറിയിച്ചത്.

ചാവക്കാട് കൊല്ലപ്പെട്ട കോണ്‍ഗ്രസ് പ്രവര്‍ത്തകനായ ഹനീഫയുടെ ഭാര്യ ഷഫ്‌നയും മക്കളും ജീവനും സ്വത്തിനും സംരക്ഷണം ആവശ്യപ്പെട്ട് നവകേരള സദസില്‍ മുഖ്യമന്ത്രിക്കു നിവേദനം നല്‍കി. ഹനീഫയുടെ കുടുംബാംഗങ്ങളില്‍നിന്നു ഭീഷണിയുണ്ടെന്നും അവകാശങ്ങള്‍ തടഞ്ഞെന്നും ചാവക്കാട് പൊലീസ് സ്റ്റേഷനില്‍ ഷഫ്ന പരാതി നല്‍കിയിരുന്നു.

വടക്കാഞ്ചേരിയില്‍ നവകേരള സദസിനിടെ സ്റ്റേജിലേക്ക് ഓടിക്കയറാന്‍ ശ്രമിച്ച യുവാവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ആര്യമ്പാടം സ്വദേശി റഫീഖാണ് പിടിയിലായത്. മുഖ്യമന്തി പ്രസംഗിച്ചുകൊണ്ടിരിക്കേയാണ് സംഭവം.

മുഖ്യമന്ത്രിയുടെ പൈലറ്റ് വാഹനം ഇടിച്ച് ബൈക്കു യാത്രക്കാരനു പരിക്കേറ്റു. മുഖ്യമന്ത്രിമാരും മന്ത്രിമാരും സഞ്ചരിച്ച നവകേരള ബസിനു പൈലറ്റ് പോയ വാഹനമിടിച്ചാണ് ചെറുതുരുത്തി അത്തിക്ക പറമ്പ് സ്വദേശി അബ്ദുല്‍ റഷീദിനു പരിക്കേറ്റത്. ചേലക്കരയിലെ നവ കേരള സദസ് കഴിഞ്ഞ് മന്ത്രിസംഘം മടങ്ങുന്നതിനിടെയായിരുന്നു അപകടം. ാ

നിമിഷ പ്രിയയുടെ മോചനത്തിനു യമനില്‍ സൗകര്യം ഒരുക്കാന്‍ തയ്യാറായവര്‍ സത്യവാങ്മൂലം സമര്‍പ്പിക്കണമെന്ന് ഡല്‍ഹി ഹൈക്കോടതി. കോടതിയുടെ കരുണയിലാണ് നിമിഷയുടെ ജീവനെന്ന് അമ്മ ഹര്‍ജിയില്‍ പറഞ്ഞു. യമനില്‍ സൗകര്യം ഒരുക്കാന്‍ തയ്യാറായവരുടെ പട്ടിക നിമിഷപ്രിയയുടെ അമ്മ കോടതിക്കു കൈമാറിയിരുന്നു. യമന്‍ യാത്രക്ക് അനുമതി നിഷേധിച്ച കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിന്റെ നടപടി ചോദ്യം ചെയ്താണ് അമ്മയുടെ ഹര്‍ജി.

പാവപ്പെട്ടവരെ മറന്ന് കോടികളുടെ ധൂര്‍ത്ത് നടത്തുന്ന നവകേരള സദസ് അശ്ശീല സദസെന്ന് ആവര്‍ത്തിച്ച് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍. മഹാരാജാവ് എഴുന്നള്ളാന്‍ സ്‌കൂള്‍ മതിലുകളും കെട്ടിടങ്ങളും പൊളിച്ചടക്കുകയാണ്. തന്റെ മണ്ഡലത്തിലെ സ്‌കൂള്‍ മതില്‍ പൊളിച്ചതും രാജാവിന് സ്വതന്ത്രമായി കടന്നു വരാനാണെന്നും സതീശന്‍ പറഞ്ഞു.

കേരളത്തിലെ കേരള സ്റ്റേറ്റ് കോ ഓപ്പറേറ്റിവ് ബാങ്ക് ഉള്‍പ്പെടെ ഒമ്പതു സഹകരണ ബാങ്കുകള്‍ക്കെതിരെ ഇഡി പിഴ ചുമത്തിയിട്ടുണ്ടെന്ന് കേന്ദ്ര സര്‍ക്കാര്‍. പാര്‍ലമെന്റില്‍ കെ മുരളീധരന്റെ ചോദ്യത്തിനാണ് ഇങ്ങനെ മറുപടി നല്‍കിയത്.

ശബരിമല തീര്‍ത്ഥാടകര്‍ സഞ്ചരിച്ച കാറിടിച്ച് ഇരുചക്ര വാഹന യാത്രക്കാരന്‍ മരിച്ചു. വടശ്ശേരിക്കര സ്വദേശി അരുണ്‍കുമാര്‍ സി എസ് (42) ആണ് മരിച്ചത്. പത്തനംതിട്ട മൈലപ്ര തയ്യില്‍പടിയിലാണ് അപകടമുണ്ടായത്.

ലൈഫ് മിഷന്‍ ഫ്‌ളാറ്റ് നിര്‍മ്മാണം പൂര്‍ത്തിയാക്കണമെന്ന് ആവശ്യപ്പെട്ട് ഫ്‌ളാറ്റിനു മുന്നില്‍ മെഴുതിരി തെളിച്ചുള്ള സമരവുമായി കോണ്‍ഗ്രസ്. വടക്കാഞ്ചേരിയിലെ ലൈഫ് ഫ്‌ളാറ്റിന് മുന്നിലാണു മെഴുകുതിരി കത്തിച്ച് കൂട്ട പ്രാര്‍ത്ഥന നടത്തിയത്.

സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയെ പരീക്ഷയ്ക്കിടെ പീഡിപ്പിച്ചെന്ന കേസില്‍ അധ്യാപകന് ഏഴു വര്‍ഷം കഠിന തടവും അമ്പതിനായിരം രൂപ പിഴയും ശിക്ഷ. കോഴിക്കോട് വടകര മേമുണ്ട സ്വദേശി അഞ്ചുപുരയില്‍ ലാലുവിനെയാണ് നാദാപുരം അതിവേഗ കോടതി ശിക്ഷിച്ചത്.

രാജസ്ഥാന്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ സിപിഎം സിറ്റിംഗ് സീറ്റുകളില്‍ തോറ്റതിനു കാരണം കോണ്‍ഗ്രസാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ ഒറ്റയ്ക്കു ജയിക്കാമെന്ന തന്‍പ്രമാണിത്തമാണ് കോണ്‍ഗ്രസിന്റെ പരാജയത്തിനു കാരണം. മധ്യപ്രദേശിലും ഛത്തിസ്ഗഡിലും രാജസ്ഥാനിലും ഒപ്പം കൂട്ടേണ്ടവരെ കൂട്ടിയില്ല. പിണറായി പറഞ്ഞു.

ഭക്ഷ്യ സുരക്ഷാ ഓഫീസര്‍ ചമഞ്ഞ് റസ്റ്റോറന്റില്‍ പരിശോധന നടത്തി കൈക്കൂലിയായി പതിനായിരം രൂപ തട്ടിയെടുക്കാന്‍ ശ്രമിക്കുകയും ചെയ്തയാള്‍ അറസ്റ്റിലായി. തമിഴ്‌നാട്ടിലെ തിരുച്ചിറപ്പള്ളി തിരുവെരുമ്പൂര്‍ സ്വദേശിയായ എസ്. തിരുമുരുകന്‍ (44) ആണ് അറസ്റ്റിലായത്.

ഓണ്‍ലൈന്‍ പണമിടപാടുകള്‍ സുരക്ഷിതമാക്കാന്‍ ഒരു വര്‍ഷത്തിലേറെയായി ഉപയോഗിക്കാത്ത യുപിഐ ഐഡികള്‍ പ്രവര്‍ത്തനരഹിതമാക്കണമെന്ന് ഗൂഗിള്‍ പേ അടക്കമുള്ള ഡിജിറ്റല്‍ പണമിടപാടു സംവിധാനങ്ങളോടു കേന്ദ്ര സര്‍ക്കാര്‍ ആവശ്യപ്പെട്ടു. ഡീ ആക്ടിവേഷന്‍ പ്രക്രിയ ഡിസംബര്‍ 31 ന് പ്രാബല്യത്തില്‍ വരുത്തണമെന്നാണു നിര്‍ദേശം.

മിസോറാമില്‍ ഭരണകക്ഷിയായ എംഎന്‍എഫിനെയും കോണ്‍ഗ്രസിനെയും പിന്തള്ളി സോറം പീപ്പിള്‍സ് മൂവ്‌മെന്റിനു (ഇസെഡ് പി എം) വമ്പന്‍ ഭൂരിപക്ഷം. മുഖ്യമന്ത്രി സോറം താങ്ഗ 2101 വോട്ടിനു തോറ്റു. ഇന്ദിരാഗാന്ധിയുടെ സുരക്ഷ ചുമതലയുണ്ടായിരുന്ന ലാല്‍ഡുഹോമ എന്ന മുന്‍ ഐ പി എസ് ഉദ്യാഗസ്ഥന്‍ നാലു വര്‍ഷം മുമ്പു രൂപീകരിച്ച പാര്‍ട്ടിയാണ് ഇസഡ് പി എം.

മണിപ്പൂരിലെ തെങ്നൗപാല്‍ ജില്ലയില്‍ നടന്ന അക്രമത്തില്‍ 13 പേര്‍ കൊല്ലപ്പെട്ടു. ലെയ്തു ഗ്രാമത്തിലാണ് രണ്ട് സംഘങ്ങള്‍ തമ്മില്‍ വെടിവയ്പുണ്ടായത്.

പ്രധാനമന്ത്രി നരേന്ദ്രമോദി ദുശ്ശകുനമല്ല, ഐശ്വര്യമാണെന്നു രാജ്യത്തെ സാധാരണ ജനങ്ങള്‍ വിധിച്ചതാണു നിയമസഭ തെരഞ്ഞെടുപ്പുകളില്‍ ബിജെപിയുടെ ഉജ്വല വിജയമെന്ന് കേന്ദ്രമന്ത്രി വി. മുരളീധരന്‍. കോടിക്കണക്കിനു ദരിദ്ര ജനങ്ങളുടെ ജീവിതനിലവാരം ഉയര്‍ത്തിയ മോദി സര്‍ക്കാരിന്റെ ജനക്ഷേമ പദ്ധതികളാണ് മൂന്നു സംസ്ഥാനങ്ങളിലെ വിജയത്തിന് കാരണം. മുരളീധരന്‍ പറഞ്ഞു.

വളര്‍ത്തുപൂച്ചയുടെ കടിയേറ്റു പേവിഷബാധ മൂലം അധ്യാപകനും മകനും മരിച്ചു. ഉത്തര്‍പ്രദേശിലെ കാണ്‍പൂരില്‍ 58 കാരനായ ഇംതിയാസുദ്ദീനും 24 കാരനായ മകന്‍ അസീം അക്തറുമാണ് മരിച്ചത്.

ഇന്തോനേഷ്യയിലെ മറാപിയിലുണ്ടായ അഗ്‌നിപര്‍വ്വത സ്‌ഫോടനത്തില്‍ 11 ഹൈക്കര്‍മാര്‍ മരിച്ചു.

 

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *