എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ കരിങ്കൊടി കാണിച്ചു കാറില്‍ ഇടിച്ച സംഭവത്തില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ീഫ് സെക്രട്ടറി വി വേണുവിനോടും ഡിജിപി അനില്‍കാന്തിനോടും റിപ്പോര്‍ട്ടു തേടി. ഡിസംബര്‍ 10, 11 തിയ്യതികളിലെ എസ്എഫ്‌ഐ പ്രതിഷേധങ്ങളില്‍ സുരക്ഷാ വീഴ്ച ഉണ്ടായെന്നും എന്താണ് സംഭവിച്ചതെന്ന് വിശദീകരിക്കണമെന്നുമാണ് ആവശ്യപ്പെട്ടിരിക്കുന്നത്. പൊലീസ് സ്വീകരിച്ച നടപടികള്‍ വിശദീകരിക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.
വെര്‍ച്വല്‍ ബുക്കിംഗോ സ്‌പോട്ട് ബുക്കിംഗോ നടത്തുന്ന തീര്‍ത്ഥാടകരെ മാത്രമേ ശബരിമലയിലേക്കു പ്രവേശിപ്പിക്കാവൂവെന്ന് ഹൈക്കോടതി. എന്‍എസ്എസ്- എന്‍സിസി വളണ്ടിയര്‍മാരുടെ സഹായം തേടാവുന്നതാണ്. കേരളത്തിന് പുറത്തുള്ള എത്ര പേര്‍ സ്‌പോട്ട് ബുക്ക് ചെയ്യുന്നുണ്ടെന്ന് ഹൈക്കോടതി ചോദിച്ചു. സ്‌പോട്ട് ബുക്കിംഗ് ദിവസവും പതിനായിരത്തില്‍ കൂടതലാണെന്നും കേരളത്തില്‍ നിന്നാണ് കൂടുതല്‍ തീര്‍ത്ഥാടകര്‍ എത്തുന്നതെന്നും എഡിജിപി കോടതിയെ അറിയിച്ചു.
ഗവര്‍ണറുടെ കാറിന്റെ ചില്ലില്‍ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ ഇടിച്ചതുമൂലം ഗ്ലാസ് തകരാറിലായെന്നും 76,357 രൂപയുടെ നഷ്ടമുണ്ടായെന്നും രാജ്ഭവന്‍. ഈ റിപ്പോര്‍ട്ടു സഹിതമാണു പ്രതികളെ കോടതിയില്‍ ഹാജരാക്കിയത്. ആറു പ്രതികളെ കോടതി റിമാന്‍ഡു ചെയ്തു. എല്‍എല്‍ബി വിദ്യാര്‍ത്ഥിയായ ആറാം പ്രതിക്ക് പരീക്ഷ എഴുതാന്‍ ഇടക്കാല ജാമ്യം അനുവദിച്ചു. സംസ്ഥാനത്തെ പ്രഥമ പൗരനുനേരെ അതിക്രമം നടത്തിയതു ഗുരുതരമാണെന്നു കോടതി നിരീക്ഷിച്ചു.
കേരള സര്‍വകലാശാല സെനറ്റിലേക്കു നാലു വിദ്യാര്‍ഥികളെ നിര്‍ദേശിച്ച ഗവര്‍ണറുടെ നടപടി ഹൈക്കോടതി സ്റ്റേ ചെയ്തു. മാര്‍ ഇവാനിയോസ് കോളേജ് വിദ്യാര്‍ത്ഥി നന്ദകിഷോര്‍, അരവിന്ദ് എന്നിവര്‍ നല്‍കിയ ഹര്‍ജിയിലാണ് ഹൈക്കോടതി നടപടി.
യെമനില്‍ വധശിക്ഷയ്ക്കു വിധിക്കപ്പെട്ട് ജയിലില്‍ കഴിയുന്ന നിമിഷപ്രിയയുടെ അമ്മയ്ക്ക് യെമനില്‍ പോകാമെന്ന് ഡല്‍ഹി ഹൈക്കോടതി. മകളെ സന്ദര്‍ശിക്കാനും മോചിപ്പിക്കാനുള്ള നടപടികള്‍ക്കു ശ്രമിക്കാനും അനുമതി തേടിയതിനെ വിദേശകാര്യ മന്ത്രാലയം എതിര്‍ത്തതു വകവയ്ക്കാതെയാണ് കോടതി അനുമതി നല്‍കിയത്. മകളുടെ ജീവന്‍ രക്ഷിക്കാന്‍ പോകാന്‍ അനുമതി തേടുമ്പോള്‍ മന്ത്രാലയം തടയുന്നത് എന്തിനാണെന്ന് ഹൈക്കോടതി ചോദിച്ചു.
ശബരിമലയില്‍ കൂട്ടം തെറ്റിയ കുഞ്ഞയ്യപ്പന്‍ ‘അപ്പാ’ എന്നു വിളിച്ച് പോലീസ് വാഹനത്തില്‍ നിന്നുകൊണ്ടു കരയുന്ന ദൃശ്യങ്ങള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലായി. ആശ്വസിപ്പിക്കാന്‍ ശ്രമിക്കുന്ന പൊലീസിനോട് കൈകൂപ്പി അലറിക്കരയുന്ന കുഞ്ഞയ്യപ്പന്‍ ഒടുവില്‍ അച്ഛനെ കണ്ടപ്പോള്‍ ആശ്വാസത്തോടെ കൈവീശുന്നതും ദൃശ്യങ്ങളിലുണ്ട്. അഞ്ചാം ദിനവും ശബരിമല തീര്‍ത്ഥാടകര്‍ക്കു ദുരിതമാണ്. 20 മണിക്കൂറിലേറെ കാത്തുകിടക്കേണ്ട സ്ഥിതിയാണ്. ദുരിതത്തിലായ തീര്‍ത്ഥാടകര്‍ ശബരിമല ദര്‍ശനം നടത്താതെ മടങ്ങി പോകുകയാണ്.
ശബരിമല തീര്‍ത്ഥാടകര്‍ മലകയറി അയ്യപ്പ ദര്‍ശനം നടത്താനാകാതെ നിരാശയോടെ മടങ്ങിപ്പോകുന്നതു ചരിത്രത്തില്‍ ആദ്യമായിട്ടാണെന്നും സംസ്ഥാന സര്‍ക്കാരിന്റെ പിടിപ്പുകേടാണു കാരണമെന്നും കെ പി സി സി അധ്യക്ഷന്‍ കെ സുധാകരന്‍.
അയ്യപ്പ ഭക്തര്‍ ദര്‍ശനം നടത്താനാകാതെ പന്തളത്ത് യാത്ര അവസാനിപ്പിച്ചു മടങ്ങിപ്പോകുകയാണെന്നു പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. മല ചവിട്ടാതെ ഭക്തര്‍ മടങ്ങുന്നത് ചരിത്രത്തിലാദ്യമാണ്. സര്‍ക്കാരിനും ദേവസ്വം ബോര്‍ഡിനും ഒരു ഉത്തരവാദിത്തവുമില്ലേയെന്നും സതീശന്‍ ചോദിച്ചു.
മുഖ്യമന്ത്രിക്കെതിരെ കരിങ്കൊടി പ്രതിഷേധം നടത്തുന്ന കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് മര്‍ദ്ദനവും വധശ്രമത്തിനു കേസും നേരിടേണ്ടിവരുമ്പോള്‍ ഗവര്‍ണറെ കരിങ്കൊടികാട്ടി ആക്രമിച്ച എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ക്കെതിരെ ദുര്‍ബലവകുപ്പുകള്‍ മാത്രമാണ് ചുമത്തിയതെന്ന് കെപിസിസി പ്രസിഡണ്ട് കെ. സുധാകരന്‍. കെ.എസ്.യു പ്രവര്‍ത്തകരെ മര്‍ദ്ദിച്ച സിപിഎം ക്രിമിനലുകള്‍ക്കെതിരെ കോടതി ഇടപെട്ടശേഷമാണു കേസെടുത്തതെന്നും സുധാകരന്‍.
എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ ഗവര്‍ണറെ ആക്രമിച്ചതു പൊലീസിന്റെ ആസൂത്രണമാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. ഗവര്‍ണറെ ആക്രമിക്കാന്‍ സാധ്യതയുണ്ടെന്ന ഇന്റലിജന്‍സ് റിപ്പോര്‍ട്ട് ഉന്നത പൊലീസ് ഉദ്യോഗസ്ഥരാണ് എസ്എഫ്‌ഐ ക്രിമിനലുകള്‍ക്കു ചോര്‍ത്തിക്കൊടുത്തത്. ഗവര്‍ണറുടെ യാത്രാ വിവരങ്ങളും ചോര്‍ത്തി കൊടുത്തു. പൊലീസിന്റെ സഹായത്തോടെയാണ് ഗവര്‍ണറെ ആക്രമിച്ചത്. പൈലറ്റ് വാഹനങ്ങള്‍ അക്രമികള്‍ക്കായി നിര്‍ത്തികൊടുത്തെന്നും സുരേന്ദ്രന്‍ ആരോപിച്ചു.
തിരുവനന്തപുരം പേട്ടയില്‍ ഗവര്‍ണര്‍ക്കെതിരെ കരിങ്കൊടി കാണിച്ച് അറസ്റ്റിലായ അഞ്ച് എസ്എഫ്‌ഐക്കാര്‍ക്കു കോടതി ജാമ്യം അനുവദിച്ചു. പൊലീസുകാരുടെ ഔദ്യോഗിക കൃത്യ നിര്‍വഹണം തടസപ്പെടുത്താന്‍ ശ്രമിച്ചെന്ന് ആരോപിച്ചാണ് ഇവര്‍ക്കെതിരെ പോലീസ് കേസെടുത്തത്.
കോഴിക്കോട് ഓര്‍ക്കാട്ടേരിയിലെ ഷബ്‌നയുടെ ആത്മഹത്യ ചെയ്ത സംഭവത്തില്‍ ഒടുവില്‍ ഭര്‍ത്താവിന്റെ മാതാപിതാക്കള്‍, സഹോദരി എന്നിവരെ പോലീസ് പ്രതി ചേര്‍ത്തു. ആത്മഹത്യ പ്രേരണ, ഗാര്‍ഹിക പീഡനം എന്നീ കുറ്റങ്ങള്‍ ചുമത്തിയാണ് പൊലീസ് ഇവരെ പ്രതികളാക്കിയത്. ഇവര്‍ ഒളിവിലാണെന്നും ഉടന്‍ പിടികൂടുമെന്നും പൊലീസ് പറഞ്ഞു.
ക്രിസ്മസിനോടനുബന്ധിച്ച് ബാംഗ്ലൂരു, ചെന്നൈ എന്നിവിടങ്ങളിലേക്ക് 20 മുതല്‍ കെഎസ്ആര്‍ടിസി പ്രത്യേക സര്‍വ്വീസുകള്‍ ആരംഭിക്കും. ജനുവരി മൂന്നു വരെയാണ് അധിക സര്‍വ്വീസുകള്‍ നടത്തുക.
ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ രഞ്ജിത്തുമായുള്ള തര്‍ക്കത്തിനിടെ കേരള സ്റ്റേറ്റ് ഫിലിം ഡെവലപ്‌മെന്റ് കോര്‍പ്പറേഷന്‍ ബോര്‍ഡ് അംഗത്വം സംവിധായകന്‍ ഡോ. ബിജു രാജിവച്ചു. തൊഴില്‍പരമായ കാരണങ്ങളാലാണ് രാജി എന്നാണ് കത്തില്‍ പറയുന്നത്.
രാജസ്ഥാന്‍ മുഖ്യമന്ത്രിയായി ഭജന്‍ലാല്‍ ശര്‍മ്മയെ ബിജെപി തെരഞ്ഞെടുത്തു. പാര്‍ട്ടി കേന്ദ്ര നേതൃത്വത്തിന്റേതാണ് തീരുമാനം. മുന്‍ മുഖ്യമന്ത്രി വസുന്ധര രാജെ സിന്ധ്യ മുഖ്യമന്ത്രിയാകാന്‍ ചരടുവലി നടത്തിയെങ്കിലും ബിജെപി നേതൃത്വം വഴങ്ങിയില്ല.
ഇന്ത്യയില്‍ കോണ്‍ഗ്രസുള്ളപ്പോള്‍ മണി ഹീസ്റ്റ് കഥകള്‍ ആര്‍ക്ക് വേണമെന്നു പരിഹസിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി.
കോണ്‍ഗ്രസിന്റെ രാജ്യസഭാ എംപി ധീരജ് പ്രസാദ് സാഹുവിന്റെ 351 കോടി രൂപയുടെ കള്ളപ്പണം പിടിച്ചെടുത്തിരിക്കേയാണ് മോദിയുടെ പരിഹാസം. 70 വര്‍ഷമായി കോണ്‍ഗ്രസ് കൊള്ള തുടരുകയാണെന്നും മോദി സാമൂഹ്യ മാധ്യമങ്ങളില്‍ വിമര്‍ശിച്ചു.
അയോധ്യ രാമക്ഷേത്രത്തിലെ പൂജാരിയായ മോഹിത് പാണ്ഡെയെ അപകീര്‍ത്തിപ്പെടുത്താന്‍ പാണ്ഡേയുടേതെന്ന പേരില്‍ വ്യാജ അശ്ലീല ചിത്രങ്ങള്‍ പ്രചരിപ്പിച്ചതിനു ഗുജറാത്തിലെ കോണ്‍ഗ്രസ് നേതാവ് അറസ്റ്റില്‍. ഹിതേന്ദ്ര പിതാഡിയയെ ഗുജറാത്ത് പൊലീസാണ് അറസ്റ്റു ചെയ്തത്.
ലോക്‌സഭയില്‍നിന്ന് അയോഗ്യയാക്കപ്പെട്ട തൃണമൂല്‍ കോണ്‍ഗ്രസ് എംപി മഹുവ മൊയ്ത്ര ഒരു മാസത്തിനകം ഔദ്യോഗിക വസതി ഒഴിയണമെന്ന് ലോക്‌സഭാ സെക്രട്ടേറിയറ്റ് നോട്ടീസ് നല്‍കി.