ഓയൂരില്‍ ആറു വയസുകാരിയെ തട്ടിക്കൊണ്ടുപോയ കേസില്‍ കുടുംബത്തിലെ മൂന്നു പേര്‍ പിടിയിലായി. ചാത്തന്നൂര്‍ സ്വദേശി കെ.ആര്‍. പത്മകുമാര്‍ (52) ഭാര്യ അനിത, മകള്‍ അനുപമ എന്നിവരാണു പിടിയിലായത്. തമിഴ്‌നാട് തെങ്കാശി പുളിയറയിലെ ഹോട്ടലില്‍നിന്ന് ഉച്ചയ്ക്കു രണ്ടരയോടെ ഉച്ചഭക്ഷണം കഴിക്കുന്നതിനിടെയാണ് പോലീസ് പിടികൂടിയത്. തട്ടിക്കൊണ്ടുപോയ കുഞ്ഞിന്റെ പിതാവ് റെജിയുമായുള്ള സാമ്പത്തിക തര്‍ക്കമാണു തട്ടിക്കൊണ്ടുപോകാന്‍ കാരണം. വിദേശത്തു ജോലി തരപ്പെടുത്താന്‍ റെജി പണം വാങ്ങി കബളിപ്പിച്ചെന്നാണു ആരോപണം.
ഭൂമി തരംമാറ്റ ഫീസ് ചുമത്തുന്നതു സംബന്ധിച്ച് ഹൈക്കോടതി ഏര്‍പ്പെടുത്തിയ നിയന്ത്രണം സുപ്രീംകോടതി താല്ക്കാലികമായി സ്റ്റേ ചെയ്തു. 25 സെന്റില്‍ കൂടുതല്‍ തരംമാറ്റുമ്പോള്‍ അധിക ഭൂമിയുടെ ഫീസ് മാത്രം നല്‍കിയാല്‍ മതിയെന്ന ഹൈക്കോടതിയുടെ ഉത്തരവാണ് സംസ്ഥാന സര്‍ക്കാരിന്റെ അപ്പീല്‍ പരിഗണിച്ച സുപ്രീം കോടതി സ്റ്റേ ചെയ്തത്. 2008 ലെ കേരള നെല്‍വയല്‍ തണ്ണീര്‍ത്തട സംരക്ഷണ നിയമത്തിലെ സെക്ഷന്‍ 27 (എ) പ്രകാരം തരംമാറ്റം ഫീസ് 25 സെന്റ് വരെയുള്ള ഭൂമിക്ക് ഒഴിവാക്കണമെന്നായിരുന്നു ഹൈക്കോടതി ഉത്തരവ്.
പത്തു വര്‍ഷത്തിനകം രാജ്യത്തെ മുഖ്യമന്ത്രിമാരില്‍ അമ്പതു ശതമാനവും സ്ത്രീകളായിരിക്കണമെന്നാണ് ആഗ്രഹമെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ഗാന്ധി. എറണാകുളം മറൈന്‍ഡ്രൈവില്‍ മഹിളാ കോണ്‍ഗ്രസ് സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. വനിതകള്‍ക്ക് അധികാരം നല്‍കാതിരിക്കാനാണ് ആര്‍എസ്എസ് ശ്രമിക്കുന്നതെന്നും രാഹുല്‍ പറഞ്ഞു.
തൃശൂര്‍ ജില്ലയിലെ ഒല്ലൂര്‍ മണ്ഡലത്തിലെ നവകേരള സദസ് പുത്തൂര്‍ സുവോളജിക്കല്‍ പാര്‍ക്കില്‍ നടത്തരുതെന്ന് ഹൈക്കോടതി. ഇതോടെ സര്‍ക്കാര്‍ വേദി മാറ്റി. വന്യജീവി സംരക്ഷണ മേഖലയില്‍ ശബ്ദശല്യം അടക്കമുള്ളവ അരുതെന്നു ചൂണ്ടിക്കാട്ടി നല്‍കിയ ഹര്‍ജികളിലാണ് കോടതി ഇങ്ങനെ തീര്‍പ്പാക്കിയത്.
കോഴിക്കോട് റവന്യൂ ജില്ലാ കലോത്സവത്തിനുള്ള വിഭവസമാഹരണം വിവാദമായി. ഓരോ സ്‌കൂളും ഓരോ വിഭവങ്ങള്‍ എത്തിക്കണമെന്ന് വിദ്യാഭ്യാസ വകുപ്പ് ആവശ്യപ്പെട്ടിട്ടുണ്ടെന്നും ഇതനുസരിച്ച് ഓരോ വിദ്യാര്‍ത്ഥിയും ഓരോ കിലോ പഞ്ചസാരയോ 40 രൂപയോ എത്തിക്കണമെന്ന് പേരാമ്പ്ര സെന്റ് ഫ്രാന്‍സിസ് സ്‌കൂള്‍ ആവശ്യപ്പെട്ടതാണ് വിവാദമായത്. എന്നാല്‍ ജനകീയ സമാഹരണമാണ് ഉദ്ദേശിച്ചതെന്നാണു എഇഒയുടെ വിശദീകരണം.
ജില്ലാ കലാമേളയുടെ പേരില്‍ കുട്ടികളില്‍നിന്ന് പണം പിരിക്കാന്‍ സര്‍ക്കുലര്‍ ഇറക്കിയ അണ്‍ എയിഡഡ് സ്‌കൂള്‍ ഹെഡ്മിസ്ട്രസിനെതിരെ നടപടിയെടുക്കാന്‍ സ്‌കൂള്‍ മാനേജര്‍ക്ക് നിര്‍ദേശം നല്‍കിയെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. അണ്‍ എയിഡഡ് സ്ഥാപനമായതിനാലാണ് മാനേജര്‍ക്ക് നിര്‍ദേശം നല്‍കിയതെന്നും ശിവന്‍കുട്ടി പറഞ്ഞു.
ആലുവയില്‍ നവകേരള സദസ് നടക്കുന്ന വേദിക്കരികില്‍ ഗ്യാസ് ഉപയോഗിച്ച് പാചകം ചെയ്യരുതെന്ന് പൊലീസിന്റെ വിലക്ക്. ഹോട്ടലുടമകള്‍ക്കു പോലീസ് നോട്ടീസ് നല്‍കി. മറ്റെവിടെയെങ്കിലും ഭക്ഷണം പാകം ചെയ്ത് ഹോട്ടലില്‍ എത്തിച്ച് വില്‍ക്കാമെന്നാണു നിര്‍ദേശം. നവകേരള സദസ് നടക്കുന്ന ദിവസം ജോലിക്കെത്തുന്ന തൊഴിലാളികള്‍ പൊലീസ് സ്റ്റേഷനിലെത്തി താത്കാലിക തിരിച്ചറിയല്‍ കാര്‍ഡ് കൈപ്പറ്റണമെന്നും നോട്ടീസില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
കേരള സര്‍വകലാശാല സെനറ്റിലേക്ക് ഗവര്‍ണറുടെ നോമിനികളായി സംഘപരിവാര്‍ ബന്ധമുള്ളവരെ ഉള്‍പ്പെടുത്തി. സെനറ്റിലെ 17 പേരില്‍ സര്‍വകലാശാല നിര്‍ദ്ദേശിച്ച പട്ടിക തിരുത്തിയാണ് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ സംഘപരിവാര്‍ നേതാക്കളെ ഉള്‍പെടുത്തിയത്.
ചീഫ് സെക്രട്ടറി പദവിയിലേക്കു സ്ഥാനക്കയറ്റം നല്‍കാത്തതു ചോദ്യം ചെയ്ത് മുതിര്‍ന്ന ഐഎഎസ് ഉദ്യോഗസ്ഥന്‍ രാജു നാരായണ സ്വാമി നല്‍കിയ ഹര്‍ജിയില്‍ സുപ്രീം കോടതി നോട്ടീസ്. കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ക്കും, കേരള കേഡറിലെ രണ്ട് ഐഎഎസ് ഉദ്യോഗസ്ഥര്‍ക്കുമാണ് സുപ്രീം കോടതി നോട്ടീസയച്ചത്.
വധശിക്ഷയ്ക്കു വിധിക്കപ്പെട്ട് യമന്‍ ജയിലില്‍ കഴിയുന്ന മലയാളി നഴ്‌സ് നിമിഷ പ്രിയയുടെ അമ്മയ്ക്ക് യമനിലേക്ക് പോകാന്‍ കേന്ദ്ര സര്‍ക്കാര്‍ അനുമതി നല്‍കിയില്ല. യെമനില്‍ ആഭ്യന്തര കലാപംമൂലം സുരക്ഷിതത്വമില്ലെന്നും സഹായത്തിന് നയതന്ത്രപ്രതിനിധികള്‍ ഇല്ലെന്നുമാണു വിദേശകാര്യ മന്ത്രാലയം നല്‍കിയ വിശദീകരണം.
തനിക്കെതിരെയുള്ള ബലാത്സംഗക്കേസ് കെട്ടിച്ചമച്ചതാണെന്ന് ഹൈക്കോടതി മുന്‍ ഗവണ്‍മെന്റ് പ്ലീഡര്‍ പി.ജി മനു. തൊഴില്‍ മേഖലയിലെ ശത്രുക്കളാണ് പരാതിക്കാരിക്കു പിറകിലെന്നും മനു ആരോപിച്ചു. പ്രതിഛായ തകര്‍ക്കാന്‍ വേണ്ടിയും കരിയറും കുടുംബജീവിതവും നശിപ്പിക്കാനുമാണ് പരാതി നല്‍കിയത്. മനു വിശദീകരിച്ചു.
ആറുവയസുകാരിയുടെ വീട്ടിലെത്തിയ അന്വേഷണ സംഘം കുടുംബാംഗങ്ങളുടെ മൊഴി രേഖപ്പെടുത്തി. മൊഴിയെടുപ്പ് മൂന്നര മണിക്കൂര്‍ നീണ്ടു നിന്നു. കുട്ടിയോടും വിവരങ്ങള്‍ ചോദിച്ചറിഞ്ഞുവെന്നും ക്രൈംബ്രാഞ്ച് അന്വേഷണ സംഘം വിശദീകരിച്ചു.
കണ്ണൂര്‍ സര്‍വകലാശാല വിസി പുനര്‍നിയമനം സുപ്രീം കോടതി റദ്ദാക്കിയതിന്റെ ജാള്യം മറയ്ക്കാനാണ് സിപിഎം ഗവര്‍ണറെ അപമാനിക്കുന്നതെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രന്‍. മുഖ്യമന്ത്രിയുടെ മുഖത്തേറ്റ പ്രഹരമാണ് സുപ്രീംകോടതി വിധി. ഗവര്‍ണര്‍ രാജിവയ്ക്കണമെന്ന ഗോവിന്ദന്റെ പ്രസ്താവന തമാശയാണ്. ചട്ടങ്ങള്‍ ലംഘിച്ച് യുജിസി മാനദണ്ഡങ്ങള്‍ കാറ്റില്‍ പറത്തി വിസിയെ പുനര്‍നിയമിച്ച മുഖ്യമന്ത്രിയാണ് രാജിവയ്‌ക്കേണ്ടത്. സുരേന്ദ്രന്‍ പറഞ്ഞു.
കോഴിക്കോട് കുന്നമംഗലം ഗവണ്‍മെന്റ് ആര്‍ട്‌സ് കോളജ് വിദ്യാര്‍ത്ഥി യൂണിയന്‍ തെരഞ്ഞെടുപ്പിന്റെ റീ പോളിംഗ് പൂര്‍ത്തിയായപ്പോള്‍ എസ്എഫ്‌ഐക്കു തിരിച്ചടി. ചെയര്‍മാന്‍ സ്ഥാനാര്‍ത്ഥിയടക്കം എട്ടു ജനറല്‍ സീറ്റുകളിലും എസ് എഫ് ഐ പരാജയപ്പെട്ടു. കോളേജ് യൂണിയന്‍ യു ഡി എസ് എഫ് ഭരിക്കും.
കണ്ണൂരില്‍ ഒന്നര കിലോ കഞ്ചാവുമായി യുവതി പിടിയിലായി. പയ്യന്നൂര്‍ സ്വദേശിനി നിഖില എന്ന 28 കാരിയാണു പിടിയിലായത്.
പിന്‍വലിച്ച 2000 രൂപ നോട്ടുകളില്‍ 97.26 ശതമാനവും തിരിച്ചെത്തിയെന്ന് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ. 9,760 കോടി രൂപയുടെ മൂല്യമുള്ള നോട്ടുകള്‍ ഇപ്പോഴും ജനങ്ങളുടെ കൈവശമുണ്ടെന്നും റിസര്‍വ് ബാങ്ക് വ്യക്തമാക്കി.
അമ്പതു മീറ്റര്‍ ഉയരമുള്ള മൊബൈല്‍ ടവര്‍ മോഷണം പോയി. ഉത്തര്‍പ്രദേശിലെ കൗശാമ്പി ജില്ലയിലെ ഉജ്ജൈനി ഗ്രാമത്തിലാണ് 10 ടണ്ണിലധികം ഭാരമുള്ള ടവര്‍ അജ്ഞാതര്‍ കടത്തിയത്. പോലീസ് കേസെടുത്തു.
എട്ടോ അതിലധികമോ കുട്ടികളെ പ്രസവിക്കണമെന്ന് റഷ്യന്‍ സ്ത്രീകളോട് റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡ്മിര്‍ പുടിന്‍. വലിയ കുടുംബങ്ങളുണ്ടാകണം. മോസ്‌കോയില്‍ വേള്‍ഡ് റഷ്യന്‍ പീപ്പിള്‍സ് കൗണ്‍സിലിനെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു പുടിന്‍. റഷ്യയിലെ ജനസംഖ്യ വര്‍ധിപ്പിക്കണമെന്നും പുടിന്‍ ആവശ്യപ്പെട്ടു.
ഹോങ്കോങ്ങില്‍ തടവുകാര്‍ക്കായി മുഴുവന്‍ സമയ കോളേജ് പ്രവര്‍ത്തനം ആരംഭിച്ചു. ഒരു ചാരിറ്റി ഫണ്ടിന്റെയും ഹോങ്കോംഗ് മെട്രോപൊളിറ്റന്‍ സര്‍വകലാശാലയുടെയും പിന്തുണയോടെയാണു കോളജ് പ്രവര്‍ത്തിക്കുക. സ്റ്റാന്‍ലിയിലെ പാക് ഷാ വാന്‍ കറക്ഷ്ണല്‍ ഇന്‍സ്റ്റിറ്റിയൂഷനിലുള്ള ഈ കോളജ് ‘എത്തിക്‌സ് കോളജ്’ എന്നാണ് അറിയപ്പെടുക. 15 വനിതാ തടവുകാരും 60 പുരുഷ തടവുകാരുമാണ് ആദ്യഘട്ടത്തിലെ വിദ്യാര്‍ത്ഥികള്‍.