night news hd 7

 

മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ വിയോഗത്തോടെ ഒഴിഞ്ഞ പുതുപ്പള്ളി നിയമസഭാ മണ്ഡലത്തില്‍ സെപ്റ്റംബര്‍ അഞ്ചിന് ഉപതെരഞ്ഞെടുപ്പ്. സെപ്റ്റംബര്‍ എട്ടിനാണു വോട്ടെണ്ണല്‍. ഈ മാസം 17 നാണ് നാമനിര്‍ദ്ദേശം പത്രിക നല്‍കേണ്ട അവസാന തീയതി. മണ്ഡലത്തില്‍ മാതൃകാ പെരുമാറ്റച്ചട്ടം നിലവില്‍ വന്നു.

മലപ്പുറം താനൂരില്‍ പൊലീസ് കസ്റ്റഡിയില്‍ മരിച്ച താമിര്‍ ജിഫ്രിക്കു പോലീസിന്റെ മര്‍ദനമേറ്റെന്നു പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. താമിര്‍ ജിഫ്രിയുടെ ശരീരത്തില്‍ മയക്കു മരുന്ന് ഉപയോഗംമൂലമുള്ള നിരവധി പ്രശ്‌നങ്ങള്‍ കണ്ടെത്തി. ശ്വാസകോശത്തില്‍ നീരു കെട്ടിയിരുന്നു. ഹൃദയ ധമനികള്‍ക്കും തടസമുണ്ടായിരുന്നു. 21 മുറിവുകളുണ്ടായിരുന്നു. ഇടുപ്പിലും കാല്‍പാദത്തിലും കണംകാലിലുമാണു മര്‍ദ്ദനമേറ്റത്. ആമാശയത്തിലെ രണ്ടു പാക്കറ്റുകളില്‍ ഒന്ന് പൊട്ടിയ നിലയിലായിരുന്നു.

വയനാട് മുട്ടില്‍ മരംമുറിക്കേസില്‍ കുറ്റപത്രം ഉടനെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. മീനങ്ങാടി, മേപ്പാടി പൊലീസ് സ്റ്റേഷനുകളില്‍ രജിസ്റ്റര്‍ ചെയ്ത കേസുകളില്‍ മിനങ്ങാടി പൊലീസിന്റെ കേസില്‍ വീട്ടി മരത്തിന്റെ ഡിഎന്‍എ സര്‍ട്ടിഫിക്കറ്റും മരത്തിന്റെ പ്രായം നിര്‍ണ്ണയിക്കുന്ന സര്‍ട്ടിഫിക്കറ്റും ലഭിച്ചിട്ടുണ്ട്. ഇതിലാകും ആദ്യം കുറ്റപത്രം സമര്‍പ്പിക്കുക. മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞു.

ഏക സിവില്‍ കോഡിനെതിരെ പ്രമേയം പാസാക്കിയ ഭരണ- പ്രതിപക്ഷങ്ങള്‍ നിയമസഭയെ മതധ്രുവീകരണത്തിന് ഉപയോഗിക്കുകയാണെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രന്‍. ഒരു വിഭാഗത്തെ പ്രീണിപ്പിക്കാനാണു നിയമസഭയെ ഉപയോഗിക്കുന്നതെന്നും സുരേന്ദ്രന്‍ കുറ്റപ്പെടുത്തി.

ആശുപത്രിയില്‍ ഗുരുതരാവസ്ഥയില്‍ ചികിത്സയില്‍ കഴിയുന്ന സംവിധായകന്‍ സിദ്ദിഖിനെ കാണാന്‍ സുഹൃത്ത് ലാല്‍ എത്തി. നടന്‍ സിദ്ദിഖ്, സംവിധായകന്‍ ബി ഉണ്ണികൃഷ്ണന്‍, റഹ്‌മാന്‍, എംജി ശ്രീകുമാര്‍ തുടങ്ങി സിനിമാരംഗത്തെ പ്രമുഖരും എത്തി.

കൊല്ലം ചിറക്കര പഞ്ചായത്ത് ഭരണം യുഡിഎഫിന്. എല്‍ഡിഎഫ് ഭരിച്ചിരുന്ന പഞ്ചായത്തില്‍ മുന്‍ധാരണ പ്രകാരം പ്രസിഡന്റ് സ്ഥാനമാറ്റത്തിനിടെ സിപിഎം അഗങ്ങളായിരുന്ന സജിലയും സുചിത്രയും കൂറുമാറി കോണ്‍ഗ്രസിന് വോട്ട് ചെയ്തു. കോണ്‍ഗ്രസിന്റെ സജില പ്രസിഡന്റായി. സിപിഐ അംഗമായിരുന്നു പഞ്ചായത്ത് പ്രസിഡന്റ്. അടുത്ത ഊഴം സിപിഎമ്മിനു നല്‍കാനാണു രാജിവച്ചത്.

കോതമംഗലം പുതുപ്പാടി ഇളങ്ങടത്ത് വൈദ്യുതി ലൈനിനു താഴെയുള്ള വാഴ കൃഷി വെട്ടി നശിപ്പിച്ചവരില്‍നിന്നും ചെയ്യിപ്പിച്ച കെഎസ്ഇബി ഉദ്യോഗസ്ഥരില്‍നിന്നും നഷ്ടപരിഹാരം ഈടാക്കണമെന്ന് ഷാഫി പറമ്പില്‍ എംഎല്‍എ നിയമസഭയില്‍. ചില വാഴകള്‍ക്കു വൈദ്യുതി ലൈനില്‍നിന്നു തീ പിടിച്ചതിനാലാണ് വാഴകള്‍ വെട്ടിമാറ്റിയതെന്നു വൈദ്യുതി മന്ത്രി കെ കൃഷ്ണന്‍കുട്ടി വിശദീകരണം നല്‍കി.

എറണാകുളത്തു മദ്യപിച്ചു വാഹനമോടിച്ച 12 ബസ് ഡ്രൈവര്‍മാര്‍ പിടിയില്‍. ഇവരില്‍ പത്തു പേര്‍ സ്‌കൂള്‍ വാഹനങ്ങളുടെ ഡ്രൈവര്‍മരാണ്.

കോട്ടയം പാണ്ടന്‍ചിറയില്‍ ഓടിക്കൊണ്ടിരുന്ന കാറിനു തീപിടിച്ചു. മുണ്ടക്കയം ചോറ്റി സ്വദേശി വാകത്താനം പാണ്ടന്‍ചിറ ഓട്ടക്കുന്ന് വീട്ടില്‍ സാബു (57) വിന് ഗുരുതര പരിക്കേറ്റു. വീടിനു സമീപമെത്തിയപ്പോള്‍ വലിയ ശബ്ദത്തോടെ തീപിടിക്കുകയായിരുന്നു.

മണിപ്പൂര്‍ വിഷയത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മൗനം ഭജിക്കാനാണ് അവിശ്വാസ പ്രമേയം കൊണ്ടുവന്നതെന്ന് അവിശ്വാസ പ്രമേയം അവതരിപ്പിച്ച ഗൗരവ് ഗോഗോയി. മണിപ്പൂര്‍ രണ്ടു മണിപ്പൂര്‍ ആകുന്ന സ്ഥിതിയാണ്. മണിപ്പൂരിലെ കലാപം ശാന്തമാക്കാന്‍ ഒരു വാക്കുപോലും പ്രധാനമന്ത്രി ഉരിയാടിയിട്ടില്ല. അദ്ദേഹം പറഞ്ഞു. മോദി സഭയിലുള്ളപ്പോഴേ രാഹുല്‍ ഗാന്ധി പ്രസംഗിക്കൂവെന്ന് കോണ്‍ഗ്രസ് വൃത്തങ്ങള്‍ വ്യക്താക്കി. രാഹുല്‍ പ്രസംഗിക്കാത്തതിനെ പല ബിജെപി എംപിമാരും വിമര്‍ശിച്ചിരുന്നു.

പ്രതിപക്ഷ നേതാക്കളെ രാജ്യദ്രോഹികളെന്നു വിശേഷിപ്പിച്ച കേന്ദ്രമന്ത്രി പിയൂഷ് ഗോയലിനെതിരേ പ്രതിപക്ഷ സഖ്യമായ ഇന്ത്യ മുന്നണി അവകാശലംഘനത്തിനു നോട്ടീസ് നല്‍കി. പ്രതിഷേധിച്ച് പ്രതിപക്ഷം സഭയില്‍നിന്ന് ഇറങ്ങിപ്പോയി. ഇന്ത്യ സഖ്യത്തിലെ എല്ലാ പാര്‍ട്ടികളും നോട്ടീസ് നല്‍കിയിട്ടുണ്ട്.

അപകീര്‍ത്തി കേസില്‍ ശിക്ഷിക്കപ്പെടുകയും എംപി സ്ഥാനത്തുനിന്ന് അയോഗ്യനാക്കപ്പെടുകയും ചെയ്തതിനു പിറകേ, രാഹുല്‍ ഗാന്ധി ഒഴിഞ്ഞുകൊടുത്ത ഔദ്യോഗിക വസതി തിരികെ കിട്ടി. തുഗ്ലക്ക് ലയിനിലെ പഴയ വസതിതന്നെയാണ് രാഹുലിനു ലഭിച്ചത്. ഇന്ത്യ മുഴുവന്‍ തനിക്കു വസതിയാണെന്നാണ് രാഹുല്‍ പ്രതികരിച്ചത്.

തൃണമൂല്‍ കോണ്‍ഗ്രസ് എംപി ഡെറിക് ഒബ്രിയാനെ രാജ്യസഭയില്‍നിന്ന് സസ്‌പെന്‍ഡു ചെയ്തു. സഭയില്‍ ബഹളം വച്ചതിനാണ് രാജ്യസഭാധ്യക്ഷന്‍ ജഗ്ദീപ് ധന്‍കര്‍ സസ്‌പെന്‍ഡു ചെയ്തത്.

സിപിഎം പിബി അംഗവും മുന്‍ ജനറല്‍ സെക്രട്ടറിയുമായ പ്രകാശ് കാരാട്ടിന് അമേരിക്കന്‍ വ്യവസായി നെവില്ലെ റോയ് സിംഗവുമായി അടുത്തബന്ധമുണ്ടെന്ന ആരോപണവുമായി ബിജെപി എംപി നിഷികാന്ത് ദുബെ. ദേശ വിരുദ്ധരുമായാണ് സിപിഎമ്മിന് ബന്ധമെന്നും അദ്ദേഹം ആരോപിച്ചു.

ഗുലാം നബി ആസാദിന്റെ പാര്‍ട്ടിയായ ഡെമോക്രാറ്റിക് പ്രോഗ്രസീവ് ആസാദ് പാര്‍ട്ടിയില്‍നിന്ന് 20 നേതാക്കള്‍ കോണ്‍ഗ്രസിലേക്കു തിരിച്ചെത്തി. കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയുടെ സാന്നിധ്യത്തിലാണ് നേതാക്കള്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നത്.

രാജ്യത്തെ വാണിജ്യ ബാങ്കുകള്‍ 2014- 15 മുതല്‍ 2022- 23 വരെ ഒമ്പതു വര്‍ഷം 14.56 ലക്ഷം കോടിയിലധികം രൂപയുടെ വായ്പകള്‍ എഴുതിത്തള്ളി. ഇതില്‍ പകുതിയും വന്‍കിട വ്യവസായങ്ങളുടേതാണ്. വന്‍കിട വ്യവസായങ്ങളുടെതു മാത്രം 7,40,968 കോടി രൂപയാണ്. കിട്ടാക്കടങ്ങളില്‍ തിരിച്ചുപിടിച്ചത് 2,04,668 കോടി രൂപ മാത്രമാണ്. ധനകാര്യ സഹമന്ത്രി ഭഗവത് കരാദ് ലോക്‌സഭയില്‍ പറഞ്ഞു. പൊതുമേഖലാ ബാങ്കുകളുടെ മൊത്തം കിട്ടാക്കടം 2018 മാര്‍ച്ച് 31 ലെ 8.96 ലക്ഷം കോടി രൂപയില്‍നിന്ന് 2023 മാര്‍ച്ച് 31 വരെ 4.28 ലക്ഷം കോടി രൂപയായി കുറഞ്ഞെന്നും അദ്ദേഹം പറഞ്ഞു.

ഇലോണ്‍ മസ്‌കിന്റെ ഓട്ടോമോട്ടീവ് – എനര്‍ജി കമ്പനിയായ ടെസ്‌ലയുടെ ചീഫ് ഫിനാന്‍ഷ്യല്‍ ഓഫീസറായി ഇന്ത്യന്‍ വംശജനായ വൈഭവ് തനേജയെ നിയമിച്ചു. അദ്ദേഹം നിലവില്‍ ടെസ്‌ലയുടെ ചീഫ് അക്കൗണ്ടിംഗ് ഓഫീസറാണ്.

 

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *