night news hd 3

 

രാഹുല്‍ഗാന്ധിക്കെതിരായ അപകീര്‍ത്തിക്കേസിലെ ശിക്ഷാവിധി സ്റ്റേ ചെയ്ത സുപ്രീം കോടതി വിധിയില്‍ ആഹ്ലാദവുമായി കോണ്‍ഗ്രസ് നേതാക്കളും പ്രവര്‍ത്തകരും. ഉത്തരവിന്റെ പകര്‍പ്പ് ലഭിക്കുന്ന മുറയ്ക്ക് രാഹുല്‍ ഗാന്ധിയുടെ എംപി സ്ഥാനം പുനഃസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് കത്തു നല്‍കും. കത്തു നല്‍കിയിട്ടും എംപി സ്ഥാനം പുനസ്ഥാപിച്ചില്ലെങ്കില്‍ അതിനായി വേറെ ഹര്‍ജി സുപ്രീം കോടതിയില്‍ ഫയല്‍ ചെയ്യേണ്ടിവരും.

രാഹുല്‍ഗാന്ധിക്കു പരമാവിധി ശിക്ഷ നല്‍കിയത് എന്തിനെന്നു വിചാരണ കോടതിയുടെ വിധിയില്‍ പറയുന്നില്ലെന്നു സുപ്രീം കോടതി. ജനപ്രതിനിധി എന്ന ഘടകം വിചാരണ കോടതി പരിഗണിച്ചില്ല. എംപി സ്ഥാനത്തുനിന്ന് അയോഗ്യനാക്കപ്പെടുന്നത് ജനങ്ങളുടെ അവകാശത്തെ നിഷേധിക്കലാണെന്നും സുപ്രീം കോടതി ചൂണ്ടിക്കാട്ടി. എന്നാല്‍ രാഹുലിന്റെ വാക്കുകള്‍ സ്വീകാര്യമല്ലെന്നും പൊതുപ്രവര്‍ത്തകര്‍ പ്രസംഗിക്കുമ്പോള്‍ ജാഗ്രത വേണമെന്നും കോടതി നിരീക്ഷിച്ചു.

സുപ്രീം കോടതി വിധി വന്നതിനു പിറകേ, ‘ദൗത്യം തുടരും, ഇന്ത്യ എന്ന ആശയം സംരക്ഷിക്കു’മെന്ന് രാഹുല്‍ ഗാന്ധിയുടെ ആദ്യ പ്രതികരണം. പിന്നീടു നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ ‘ഇന്നല്ലങ്കില്‍ നാളെ സത്യം ജയിക്കു’മെന്നു രാഹുല്‍ പറഞ്ഞു. ജനങ്ങള്‍ തന്ന വലിയ പിന്തുണയ്ക്കും സ്‌നേഹത്തിനും നന്ദി അറിയിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

അദാനി – മോദി ബന്ധം പറഞ്ഞതിനു പിറകേയാണ് രാഹുല്‍ ഗാന്ധിക്കെതിരെ ബിജെപി പ്രവര്‍ത്തകര്‍ കൂട്ടത്തോടെ കേസുകള്‍ നല്‍കിയതെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍ കുറ്റപ്പെടുത്തി. വയനാട്ടിലെ എംപിയെ തിരികെ കിട്ടിയെന്ന് ചെന്നിത്തലയും രാജ്യത്തു നീതിപീഠം ഉണ്ടെന്ന് ഓര്‍മ്മിപ്പിക്കുന്നതാണ് വിധിയെന്ന് പികെ കുഞ്ഞാലിക്കുട്ടിയും പ്രതികരിച്ചു.

വാരാണസിയിലെ ഗ്യാന്‍വാപി പള്ളിയില്‍ സര്‍വേ നടത്താം എന്നാല്‍ ഖനനം നടത്തരുതെന്നു സുപ്രീം കോടതി. ആര്‍ക്കിയോളജിക്കല്‍ സര്‍വേ നടത്താനുള്ള ജില്ലാ കോടതിയുടെ ഉത്തരവും അതു ശരിവച്ച അലഹബാദ് ഹൈക്കോടതി ഉത്തരവും സ്‌റ്റേ ചെയ്യാന്‍ സുപ്രീം കോടതി വിസമ്മതിച്ചു. ആര്‍ക്കിയോളജിക്കല്‍ വകുപ്പ് സര്‍വേ നടപടികള്‍ ഇതിനകം ആരംഭിച്ചു.

ഓണത്തോടനുബന്ധിച്ച് രണ്ടു മാസത്തെ ക്ഷേമ പെന്‍ഷന്‍ തുകയായ 3,200 രൂപ വീതം വിതരണം ചെയ്യാന്‍ ധനവകുപ്പ് 1,550 കോടി രൂപ അനുവദിച്ചു. ക്ഷേമനിധി ബോര്‍ഡ് പെന്‍ഷനുകള്‍ക്കായി 212 കോടി രൂപ ഉള്‍പെടെ 1,762 കോടി രൂപയാണ് അനുവദിച്ചത്. 60 ലക്ഷം പേര്‍ക്ക് ഈ മാസം 23 നകം പെന്‍ഷന്‍ ലഭിക്കും.

ഓണം വിപണനമേളയില്‍ ശബരി മട്ടയരി, ആന്ധ്ര ജയ അരി, പുട്ടുപൊടി, ആട്ട, അപ്പപ്പൊടി എന്നീ അഞ്ചിനങ്ങള്‍ പൊതുവിപണിയിലേതിനേക്കാള്‍ അഞ്ചു രൂപ വില കുറച്ചു ലഭ്യമാക്കും. ഭക്ഷ്യ സിവില്‍ സപ്ലൈസ് മന്ത്രി ജി ആര്‍ അനില്‍ അറിയിച്ചതാണ് ഇക്കാര്യം. സബ്‌സിഡി ഇനത്തില്‍ നല്‍കിവരുന്ന 13 ഭക്ഷ്യ വസ്തുക്കളില്‍ മൂന്നിനം മാത്രമാണ് ഇല്ലാത്തത്. ഈമാസം 18 മുതല്‍ 28 വരെ ഓണം വിപണനമേള നടത്തും. സംസ്ഥാനതല ഉദ്ഘാടനം പുത്തരിക്കണ്ടം മൈതാനത്ത് മുഖ്യമന്ത്രി നിര്‍വഹിക്കും. ജില്ലാ കേന്ദ്രങ്ങളിലും 18 ന് ഓണം ഫെയര്‍ തുടങ്ങും.

സാമ്പത്തിക പ്രതിസന്ധിയും വിലക്കയറ്റവും അടക്കമുള്ള ഭരണപരാജയം മറയ്ക്കാന്‍ സിപിഎം ഗണപതിയെ കൂട്ടുപിടിച്ചു വിവാദമുണ്ടാക്കുകയാണെന്നു കോണ്‍ഗ്രസ് നേതാവ് കെ. മുരളീധരന്‍ എംപി. എല്ലാ ദൈവങ്ങളെയും വിശ്വാസങ്ങളെയും ഭക്തരുടെ വികാരങ്ങളെയും മാനിക്കണം. ശാസ്ത്രവും വിശ്വാസവും തമ്മില്‍ ഇപ്പോള്‍ ഒരു യുദ്ധവുമില്ല. എന്‍എസ്എസിനെ വര്‍ഗീയമായി ചിത്രീകരിക്കാന്‍ സിപിഎം നോക്കേണ്ട. മുരളീധരന്‍ പറഞ്ഞു.

സിപിഎം അനുഭാവിയായിരുന്ന പാനൂരിലെ അജയനെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ പ്രതികളായ ഏഴ് ആര്‍എസ്എസ് പ്രവര്‍ത്തകരെ തലശേരി സെഷന്‍സ് കോടതി വെറുതെവിട്ടു. 2009 മാര്‍ച്ച് 11 നാണ് സിപിഎം അനുഭാവിയായ അജയനെ വെട്ടിക്കൊന്നത്. ഒമ്പതു പ്രതികളില്‍ ഒരാള്‍ വിചാരണക്കിടെ കൊല്ലപ്പെട്ടു. മറ്റൊരാള്‍ ആത്മഹത്യ ചെയ്തു.

ഇരുന്നൂറു കോടിയിലേറെ രൂപയുടെ ബിഎസ്എന്‍എല്‍ എന്‍ജനിയറിംഗ് സഹകരണ സംഘം നിക്ഷേപ തട്ടിപ്പുകേസിലെ പ്രതി കൊല്ലം കൊറ്റങ്കര സ്വദേശിനി ഷീജകുമാരി (47)യെ തിരുവനന്തപുരം അഡീഷണല്‍ സെഷന്‍സ് കോടതി കൂടുതല്‍ അന്വേഷണത്തിനായി ക്രൈംബ്രാഞ്ചിന് കസ്റ്റഡിയില്‍ വിട്ടു.

എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഭരിക്കുന്ന രാജ്യത്തിലാണ് നാം ജീവിക്കുന്നതെന്നു സംവിധായകന്‍ ടി വി ചന്ദ്രന്‍. ആരെയും ഭയക്കാതെ ഡോക്യുമെന്ററി ഫിലിം നിര്‍മ്മിക്കാന്‍ സാധിക്കുമായിരുന്നു. എന്നാല്‍ ഇപ്പോള്‍ സിനിമ നിര്‍മ്മിക്കുന്നവരെപോലും എന്‍ഫോഴ്‌സ്‌മെന്റ് വേട്ടയാടുകയാണ്. തിരുവനന്തപുരം കൈരളി തിയേറ്ററില്‍ പതിനഞ്ചാമത് രാജ്യാന്തര ഡോക്യുമെന്ററി ഷോര്‍ട്ട് ഫിലിം ഫെസ്റ്റിവലില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഫെസ്റ്റിവല്‍ സാസ്‌കാരിക മന്ത്രി സജി ചെറിയാന്‍ ഉദ്ഘാടനം ചെയ്തു.

ബിജെപി സംസ്ഥാന കമ്മിറ്റിയില്‍ സന്ദീപ് വാര്യരെയും പി ആര്‍ ശിവശങ്കരനെയും വീണ്ടും ഉള്‍പ്പെടുത്തി. ലോക്‌സഭ തെരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തിലാണ് തിരിച്ചെടുത്തത്.

അപകടത്തില്‍ മരിച്ച കൊല്ലം സുധിക്കു വീട് വയ്ക്കാന്‍ സ്ഥലം സൗജന്യമായി സമ്മാനിച്ച് അംഗ്ലീക്കന്‍ സഭയുടെ ബിഷപ്പ് നോബിള്‍ ഫിലിപ്പ് അമ്പലവേലില്‍. ഏഴു സെന്റ് സ്ഥലമാണു ദാനമായി നല്‍കിയത്. കേരള ഹോം ഡിസൈന്‍സ് എന്ന ഫെയ്സ്ബുക്ക് കൂട്ടായ്മയിലെ അംഗങ്ങളുടെ നേതൃത്വത്തില്‍ വീട് പണി ഉടനേ തുടങ്ങും. തന്റെ കുടുംബ സ്വത്തിലെ ഒരു ഭാഗമാണ് സുധിക്കു കൈമാറിയതെന്ന് ബിഷപ് നോബിള്‍ ഫിലിപ്പ് പറഞ്ഞു.

തിരുവനന്തപുരം പൂവാറില്‍ പത്തും പന്ത്രണ്ടും വയസുള്ള സഹോദരിമാരെ ലൈംഗികമായി പീഡിപ്പിച്ചതിനു മുന്‍ സൈനികനായ പൂവാര്‍ സ്വദേശി ഷാജി (56) പിടിയിലായി. സ്‌കൂളില്‍ വിദ്യാര്‍ത്ഥികള്‍ക്കു നടത്തിയ കൗണ്‍സലിംഗിനിടെയാണ് പീഡന വിവരം പുറത്തു വന്നത്.

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ യുവാവിനെ അറസ്റ്റു ചെയ്തു. തോപ്പുംപ്പടി നസ്രത്ത് സ്വദേശി നിന്‍സണ്‍ എന്നു വിളിക്കുന്ന ലൂയിസ് പീറ്ററിനെ(27)യാണ് പിടികൂടിയത്. ഫോട്ടോകള്‍ എടുത്ത് സോഷ്യല്‍ മീഡിയ വഴി പ്രചരിപ്പിച്ചെന്നും കേസുണ്ട്.

തിരുവനന്തപുരം വെങ്ങാനൂരില്‍ നാലംഗ സംഘം വീടുകയറി യുവാവിനെയും ജേഷ്ഠന്റെ ഭാര്യയേയും ആക്രമിച്ചു. നെല്ലിവിള സ്വദേശി വിജിന്‍, വിജിന്റെ ജേഷ്ഠന്റെ ഭാര്യ നിജ എന്നിവര്‍ക്കാണ് പരുക്കേറ്റത്. യുവാവിന്റെ കാലൊടിക്കുകയും വീട്ടിലെ ടെലിവിഷന്‍ അടക്കുളള ഗൃഹോപകരണങ്ങള്‍ തകര്‍ക്കുകയും ചെയ്തു.

മോദി പരാമര്‍ശത്തിലെ അപകീര്‍ത്തിക്കേസില്‍ നിയമ പോരാട്ടം തുടരുമെന്ന് പരാതിക്കാരനും ഗുജറാത്തിലെ ബിജെപി എംഎല്‍എയുമായ പൂര്‍ണേഷ് മോദി. വിധിക്കെതിരേ അപ്പീല്‍ നല്‍കുമെന്നാണ് പൂര്‍ണേഷിന്റെ നിലപാട്.

സൂര്യനേയും ചന്ദ്രനേയും സത്യത്തേയും ഏറെ നാള്‍ മൂടനാവില്ലെന്ന് കോണ്‍ഗ്രസ് നേതാവ് പ്രിയങ്കാ ഗാന്ധി. രാഹുല്‍ഗാന്ധിക്കെതിരായ അപകീര്‍ത്തിക്കേസിലെ കീഴ്‌കോടതി വിധി സുപ്രീം കോടതി സ്റ്റേ ചെയ്ത ഉടനേയാണ് ബുദ്ധനെ ഉദ്ധരിച്ചുള്ള ഈ വാക്കുകള്‍ പ്രിയങ്ക സാമൂഹ്യമാധ്യമത്തില്‍ കുറിച്ചത്.

ബോംബെ ഹൈക്കോടതിയില്‍ ജഡ്ജി പരസ്യമായി രാജി പ്രഖ്യാപിച്ചു. ജസ്റ്റിസ് രോഹിത് ദിയോ ആണ് ‘ആത്മാഭിമാനത്തിനെതിരായി ജോലി ചെയ്യാന്‍ കഴിയില്ലെന്നു’ പറഞ്ഞുകൊണ്ടാണ് രാജി പ്രഖ്യാപനം നടത്തിയത്. ഓപ്പണ്‍ കോര്‍ട്ടിലെ രാജി പ്രഖ്യാപനം കേട്ട് എല്ലാവരും ഞെട്ടി. മാവോയിസ്റ്റ് ബന്ധം ആരോപിച്ച അറസ്റ്റു ചെയ്ത ജി എന്‍ സായിബാബയെ വെറുതെ വിട്ടതടക്കം സുപ്രധാന വിധികള്‍ പ്രസ്താവിച്ച ജഡ്ജിയാണ് രോഹിത് ദിയോ. രണ്ടുവര്‍ഷം കൂടി കാലാവധി ശേഷിക്കെയാണ് അദ്ദേഹം രാജിവച്ചത്.

പുതിയ പാസ്‌പോര്‍ട്ടിന് അപേക്ഷിക്കാന്‍ ഡിജിലോക്കറില്‍ ആവശ്യമായ അനുബന്ധ രേഖകള്‍ അപ്ലോഡ് ചെയ്യണമെന്ന് വിദേശകാര്യ മന്ത്രാലയം. www.passportindia.gov.in എന്ന വെബ്സൈറ്റില്‍ ഓണ്‍ലൈന്‍ ആയി അപേക്ഷ സമര്‍പ്പിക്കുന്നതിന് മുമ്പ് അപേക്ഷകര്‍ പാസ്പോര്‍ട്ട് സേവാ കേന്ദ്രങ്ങളിലും പോസ്റ്റ് ഓഫീസ് പാസ്പോര്‍ട്ട് സേവാ കേന്ദ്രങ്ങളിലും ഡിജിലോക്കറില്‍ ആവശ്യമായ അനുബന്ധ രേഖകള്‍ അപ്ലോഡ് ചെയ്യേണ്ടിവരും.

 

 

 

 

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *