സ്വാതന്ത്ര്യദിനാഘോഷത്തില്‍ പങ്കെടുക്കാന്‍ എത്തിയ അമേരിക്കന്‍ കോണ്‍ഗ്രസ് പ്രതിനിധി സംഘത്തിലെ മുതിര്‍ന്ന ചില പാര്‍ലമെന്റംഗങ്ങള്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ഗാന്ധിയുമായി കൂടിക്കാഴ്ചയ്ക്ക് അനുമതി തേടിയെന്ന് കോണ്‍ഗ്രസ് വക്താവ് പ്രവീണ്‍ ചക്രവര്‍ത്തി. കേന്ദ്ര സര്‍ക്കാരിന്റെ അനുമതി നേടിയശേഷം കൂടിക്കാഴ്ചയാകാമെന്നാണ് രാഹുല്‍ പ്രതികരിച്ചതെന്നും അദ്ദേഹം വെളിപെടുത്തി.
മാത്യു കുഴല്‍ നാടന്‍ എം.എല്‍.എ ഏഴു കോടി രൂപയുടെ ഭൂമി 1.92 കോടി രൂപയ്ക്കു രജിസ്റ്റര്‍ ചെയ്തതടക്കമുള്ള കള്ളപ്പണം വെളുപ്പിക്കലും നികുതി വെട്ടിപ്പിലും അന്വേഷിക്കണമെന്ന് സി.പി.എം എറണാകുളം ജില്ലാ സെക്രട്ടറി സി.എന്‍. മോഹനന്‍. കണക്കറ്റ വരുമാനം മാത്യു കുഴല്‍നാടന് ലഭിക്കുന്നുണ്ട്. ഇതേക്കുറിച്ച് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് സര്‍ക്കാരിനും വിജിലന്‍സിനും മോഹനന്‍ പരാതി നല്‍കി. ആരോപണങ്ങള്‍ക്കു നാളെ മറുപടി പറയുമെന്ന് മാത്യു കുഴല്‍നാടന്‍ എംഎല്‍എ പ്രതികരിച്ചു.
കൊച്ചി മെട്രോ രണ്ടാം ഘട്ടത്തിലെ മൂന്നു സ്റ്റേഷനുകളുടെ നിര്‍മാണത്തിനുള്ള ടെന്‍ഡര്‍ ക്ഷണിച്ചു. ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയം മെട്രോ സ്റ്റേഷന്‍ മുതല്‍ കാക്കനാട് വരെ നീളുന്നതാണു കൊച്ചി മെട്രോയുടെ രണ്ടാം ഘട്ടം. കിന്‍ഫ്ര പാര്‍ക്ക്, ഇന്‍ഫോപാര്‍ക്ക്, ചിറ്റേത്തുകര എന്നീ സ്റ്റേഷനുകളുടെ നിര്‍മ്മാണത്തിനുള്ള ടെന്‍ഡറുകളാണ് ക്ഷണിച്ചത്.
മഹാരാജാസ് കോളജില്‍ അധ്യാപകനെ അപമാനിച്ച സംഭവത്തില്‍ കെഎസ് യുവിനു പങ്കില്ലെന്ന് സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യര്‍. യുണിറ്റ് വൈസ് പ്രസിഡന്റ് മുഹമ്മദ് ഫാസിലിനെതിരെയുള്ള ആരോപണത്തിനും നടപടിക്കും പിന്നില്‍ ഇടതുപക്ഷ അധ്യപക- അനധ്യാപക- വിദ്യാത്ഥി സംഘടനകളുടെ ഗുഢലോചനയുണ്ട്. ജില്ല പോലീസ് മേധാവിക്ക് പരാതി നല്‍കുമെന്നും അലോഷ്യസ് സേവ്യര്‍ പറഞ്ഞു.
എറണാകുളം അങ്കമാലി അതിരൂപതയിലെ വിമത വിഭാഗം മാര്‍പ്പാപ്പയ്ക്കും സഭയ്ക്കുമൊപ്പമാണോ എന്ന് ആര്‍ച്ച് ബിഷപ്പ് സിറില്‍ വാസില്‍. സഭയും മാര്‍പ്പാപ്പയും അംഗീകരിച്ച ഏകീകൃത കുര്‍ബാനയ്‌ക്കെതിരായ നിലപാട് സഭാ വിരുദ്ധമാണ്. വസ്തുതകള്‍ വിശ്വാസികളില്‍നിന്ന് മറച്ചുവയ്ക്കുകയും തെറ്റിദ്ധരിപ്പിക്കുകയും ചെയ്തവര്‍ക്കെതിരേ കര്‍ശന നടപടി വേണ്ടിവരുമെന്നും കാക്കനാട് സെന്റ് തോമസ് മൗണ്ടിലെ കുര്‍ബാനയ്ക്കിടെ അദ്ദേഹം പറഞ്ഞു.
എറണാകുളം- അങ്കമാലി അതിരൂപതയിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കാനെത്തിയ പൊന്തിഫിക്കല്‍ ഡെലഗേറ്റ് ആര്‍ച്ച്ബിഷപ് സിറില്‍ വാസിലിനെതിരെയുണ്ടായ പ്രതിഷേധം അങ്ങേയറ്റം ഖേദകരവും പ്രതിഷേധാര്‍ഹവുമാണെന്ന് സിറോ മലബാര്‍സഭ അറിയിച്ചു.
കൊല്ലം പത്തനാപുരത്ത് പട്ടാപ്പകല്‍ നടുറോഡില്‍ ഭാര്യയെ കഴുത്തറുത്തു കൊല്ലാന്‍ ശ്രമിച്ച ഭര്‍ത്താവ് മലപ്പുറം സ്വദേശി ഗണേഷിനെ നാട്ടുകാര്‍ കെട്ടിയിട്ട് പൊലീസില്‍ ഏല്‍പ്പിച്ചു. 23 വയസുള്ള ഭാര്യ പത്തനാപുരം കടശ്ശേരി സ്വദേശി രേവതിയെ ഗുരുതരാവസ്ഥയില്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
രാജ്യം അതിവേഗം ഫൈവ് ജിയില്‍നിന്ന് സിക്‌സ് ജിയിേേലക്കു കുതിക്കുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ലോകത്ത് ഏറ്റവും കുറഞ്ഞ നിരക്കില്‍ അതിവേഗം ഡാറ്റ ലഭ്യമാക്കുന്ന രാജ്യമായി മാറുകയാണ്. 6 ജി വേഗത്തിലാക്കാന്‍ ടാസ്‌ക് ഫോഴ്‌സ് രൂപീകരിച്ചിട്ടുണ്ട്. 5 ജിയില്‍ സെക്കന്‍ഡില്‍ 10 ജിഗാ ബൈറ്റാണു വേഗമെങ്കില്‍ 6 ജിയില്‍ സെക്കന്‍ഡില്‍ ഒരു ടെറാബൈറ്റാണ്. മോദിച ചെങ്കോട്ടയിലെ സ്വാതന്ത്ര്യദിന പ്രസംഗത്തില്‍ പറഞ്ഞു.
കോടതി വിധികള്‍ പ്രാദേശിക ഭാഷയിലും വേണമെന്ന സുപ്രീം കോടതി ഉത്തരവിനെ സ്വാഗതം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്രമോദി. ചെങ്കോട്ടയില്‍ സ്വാതന്ത്ര്യദിന പരേഡില്‍ പങ്കെടുത്ത് പ്രസംഗിക്കവേയാണ് ഇക്കാര്യം എടുത്തു പറഞ്ഞത്. ചീഫ് ജസ്റ്റീനെ അനുമോദിച്ചു സംസാരിച്ചതോടെ സദസിലുണ്ടായിരുന്ന ചീഫ് ജസ്റ്റീസ് ഡി.വൈ. ചന്ദ്രചൂഡ് കൈകൂപ്പി നന്ദി അറിയിച്ചു.
ബിഹാര്‍ മുഖ്യമന്ത്രി നിതീഷ്‌കുമാര്‍ പങ്കെടുത്ത സ്വാതന്ത്ര്യദിനാഘോഷ പരിപാടിയില്‍ സുരക്ഷാ വീഴ്ച. പാറ്റനയിലെ വേദിയിലേക്ക് യുവാവ് ഇടിച്ചുകയറി സര്‍ക്കാര്‍ ജോലി ആവശ്യപ്പെട്ട നിതീഷ്‌കുമാര്‍ എന്ന യുവാവിനെ അറസ്റ്റു ചെയ്തു.
പൂനെയിലെ ഒരു ക്ലബിലെ ആഘോഷത്തിനിടെ ദേശീയ പതാകയെ അപമാനിച്ചെന്നാരോപിച്ച് പ്രശസ്ത യുക്രേനിയന്‍ ഗായിക ഉമാ ശാന്തിക്കെതിരെ കേസെടുത്തു. മുന്‍ധ്വയിലെ ഒരു ക്ലബ്ബില്‍ നടന്ന പ്രകടനത്തിനിടെ ഉമാ ശാന്തി ഇന്ത്യന്‍ പതാകയെ എറിഞ്ഞെന്നാണ് ആരോപണം.
ഇന്ത്യയും യുഎഇയും ആദ്യമായി പ്രാദേശിക കറന്‍സി വഴി ക്രൂഡ് ഓയില്‍ ഇടപാട് നടത്തി. 10 ലക്ഷം ബാരല്‍ ക്രൂഡ് ഓയില്‍ ഇന്ത്യ വാങ്ങിയത് രൂപയും ദിര്‍ഹവും മാത്രം ഉപയോഗിച്ചാണ്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ യുഎഇ സന്ദര്‍ശനത്തിലെ ധാരണപ്രകാരമാണ് നടപടി.
സുലഭ് ഇന്റര്‍നാഷണല്‍ സ്ഥാപകന്‍ ഡോ ബിന്ദേശ്വര്‍ പഥക് ഡല്‍ഹി എയിംസില്‍ അന്തരിച്ചു. ദേശീയ പതാക ഉയര്‍ത്തിയതിനു പിറകേ കുഴഞ്ഞു വീഴുകയായിരുന്നു. ശൗചാലയങ്ങളുടെ പ്രചരണത്തില്‍ വലിയ പങ്ക് വഹിച്ച സംഘടനയാണ് സുലഭ് ഇന്റര്‍നാഷണല്‍.
കനേഡിയന്‍ പൗരനായിരുന്ന ബോളിവുഡ് സൂപ്പര്‍താരം അക്ഷയ് കുമാറിന് ഇന്ത്യന്‍ പൗരത്വം ലഭിച്ചു. അക്ഷയ് കുമാര്‍ തന്നെ വെളിപെടുത്തിയതാണ് ഇക്കാര്യം.
ബംഗളൂരുവില്‍ ഏഴു വയസുകാരിയെ പീഡിപ്പിച്ചതിന് 74 വയസുള്ള റിട്ടയേഡ് എസ്‌ഐ അറസ്റ്റില്‍. ഇയാളുടെ വീടിന്റെ മുകള്‍നിലയില്‍ വാടകയ്ക്കു താമസിക്കുന്നയാളുടെ മകളെ പീഡിപ്പിച്ചെന്നാണു പരാതി.
റഷ്യയിലെ റിപ്പബ്ലിക് ഓഫ് ഡെഗിസ്ഥാനിലെ പെട്രോള്‍ പമ്പിലുണ്ടായ സ്‌ഫോടനത്തില്‍ 35 പേര്‍ മരിച്ചു. 80 പേര്‍ക്കു പരിക്കേറ്റു.
ഒക്ടോബര്‍ അഞ്ചിനു തുടങ്ങുന്ന ഏകദിന ലോകകപ്പിനുള്ള ടിക്കറ്റുകള്‍ക്കുള്ള രജിസ്‌ട്രേഷന്‍ തുടങ്ങി. ഐസിസി വെബ്‌സൈറ്റിലൂടെ സന്നാഹ മത്സരങ്ങള്‍ക്കും ലോകകപ്പ് മത്സരങ്ങള്‍ക്കുമുള്ള ടിക്കറ്റുകള്‍ക്കായി രജിസ്‌ട്രേഷന്‍ നടത്താം. രജിസ്റ്റര്‍ ചെയ്യുന്നവര്‍ക്ക് ടിക്കറ്റുകള്‍ വില്‍പനക്കെത്തുന്ന ഈ മാസം 25 നു മുമ്പു തന്നെ അറിയിപ്പുകള്‍ ലഭിക്കും.
പരിക്കേറ്റതുമൂലം ഇന്ത്യയുടെ മെഡല്‍ പ്രതീക്ഷയായ ഗുസ്തി താരം വിനേഷ് ഫോഗട്ട് ഏഷ്യന്‍ ഗെയിംസില്‍ നിന്ന് പിന്മാറി. പരിശീലനത്തിനിടെ പരിക്കേറ്റ വിനേഷ് ഫോഗട്ടിനെ മറ്റന്നാള്‍ മുംബൈയില്‍ ശസ്ത്രക്രിയ്ക്കു വിധേയയാക്കും.