എന്‍ഫോഴ്‌സ്‌മെന്റ് കേസില്‍ ജയിലിലുള്ള തമിഴ്‌നാട് മന്ത്രി സെന്തില്‍ ബാലാജിയുടെ സഹോദരന്‍ അശോക് കുമാര്‍ കൊച്ചിയില്‍ എന്‍ഫോഴ്‌സ്‌മെന്റിന്റെ പിടിയിലായി. സാമ്പത്തിക തട്ടിപ്പ്, അനധികൃത സ്വത്തു സമ്പാദന കേസില്‍ ചോദ്യം ചെയ്യലിനു ഹാജരാകണമെന്ന് ആവശ്യപ്പെട്ട് നാലു തവണ നോട്ടിസ് അയച്ചെങ്കിലും അശോക് കുമാര്‍ ഹാജരായിരുന്നില്ല. കഴിഞ്ഞ ദിവസം അശോക് കുമാറിന്റെ ഭാര്യ നിര്‍മ്മലയുടെ പേരിലുണ്ടായിരുന്ന വീടും ഭൂമിയും എന്‍ഫോഴ്‌സ്‌മെന്റ് കണ്ടുകെട്ടിയിരുന്നു.
പ്രസവ ശസ്ത്രക്രിയക്കിടെ വയറില്‍ കത്രിക കുടുങ്ങിയ കോഴിക്കോട് സ്വദേശി കെ കെ ഹര്‍ഷിന വയനാട്ടിലെത്തി രാഹുല്‍ ഗാന്ധി എംപിയെ കണ്ട് പരാതിപ്പെട്ടു. നീതി നടപ്പാക്കണമെന്നു സര്‍ക്കാര്‍ ആഗ്രഹിക്കുന്നുണ്ടെങ്കില്‍ ഇപ്പോഴെങ്കിലും ചെയ്യാമായിരുന്നെന്ന് ഹര്‍ഷിന മാധ്യമങ്ങളോടു പറഞ്ഞു. എത്രകാലം തെരുവില്‍ നിന്നാലാണ് നീതി ലഭിക്കുകയെന്നും ഹര്‍ഷിന ചോദിച്ചു.
ഗ്രോവാസുവിനെ ജയിലില്‍നിന്നു കോടതിയിലെത്തിച്ചപ്പോള്‍ മാധ്യമങ്ങളോടു സംസാരിക്കാന്‍ അവസരം നല്‍കിയതു സുരക്ഷാ വീഴ്ചയാണെന്നു റിപ്പോര്‍ട്ടുണ്ടാക്കി പൊലീസുകാര്‍ക്കെതിരെ നടപടിയുമായി ആഭ്യന്തര വകുപ്പ്. മുഖ്യമന്ത്രിക്കെതിരേ പ്രതികരിക്കാന്‍ അവസരം നല്‍കിയതാണു മുഖ്യമന്ത്രിയുടെ ഓഫീസിനെ ചൊടിപ്പിച്ചത്. സുരക്ഷാ ഡ്യൂട്ടിയിലുണ്ടായിരുന്ന ഉദ്യോഗസ്ഥരോട് കോഴിക്കോട് ഡെപ്യൂട്ടി കമ്മീഷണര്‍ വിശദീകരണം ആവശ്യപ്പെട്ടു.
കുടുംബവഴക്കിനെ തുടര്‍ന്ന് തിരുവനന്തപുരത്ത് കോണ്‍ഗ്രസ് പ്രാദേശിക നേതാവ് അടിയേറ്റ് കൊല്ലപ്പെട്ടു. കാഞ്ഞിരംകുളം സ്വദേശി സാം ജെ വല്‍സലമാണ് മരിച്ചത്. പൊലീസ് മൂന്നുപേരെ കസ്റ്റഡിയിലെടുത്തു.
തിരുവനന്തപുരം കല്ലമ്പലത്ത് കുളത്തില്‍ യുവാവിന്റെ മൃതദേഹം കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് പോലീസ്. ചിറ്റാഴിക്കോട് കോലകത്ത് വീട്ടില്‍ ബാബുവിന്റെ മകന്‍ രാജു കൊല്ലപ്പെട്ട കേസില്‍ ഒന്നിച്ചിരുന്ന മദ്യപിച്ച സുഹൃത്ത് മാവിന്‍മൂട് തലവിള വീട്ടില്‍ സുനില്‍ എന്ന 41 കാരനെ പോലീസ് അറസ്റ്റു ചെയ്തു.
ബഹറിനില്‍ മലയാളി വിദ്യാര്‍ത്ഥി ബാല്‍ക്കണിയില്‍ നിന്ന് വീണ് മരിച്ചു. കണ്ണൂര്‍ പഴയങ്ങാടി മുട്ടം വെള്ളച്ചാല്‍ സ്വദേശി സയാന്‍ അഹമ്മദ് (15) ആണ് മരിച്ചത്.
വയനാട് ജില്ലയിലെ ബേഗൂരില്‍ കാട്ടില്‍ ആടിനെ മേയ്ക്കാന്‍ പോയ
വയോധികന്‍ കാട്ടാനയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടു. ബേഗൂര്‍ കോളനിയിലെ സോമന്‍ (60) ആണ് മരിച്ചത്.
നീറ്റ് പരീക്ഷക്കെതിരെ തമിഴ്‌നാട് സര്‍ക്കാര്‍ അവതരിപ്പിച്ച ബില്ലില്‍ ഒപ്പിടില്ലെന്ന ഗവര്‍ണറുടെ നിലപാട് പരിഹാസ്യമാണെന്ന് തമിഴ്‌നാട് അരോഗ്യമന്ത്രി എം സുബ്രമണ്യന്‍. ബില്ല് രാഷ്ട്രപതിയുടെ പരിഗണനിയിലാണെന്നും ഗവര്‍ണര്‍ക്ക് ഒന്നും ചെയ്യാനാകില്ലെന്നും അദ്ദേഹം പറഞ്ഞു.
മഹാരാഷ്ട്രയിലെ താനെയില്‍ മുനിസിപ്പല്‍ ആശുപത്രിയില്‍ രോഗികളുടെ കൂട്ടമരണം. രണ്ടു ദിവസത്തിനിടെ 18 രോഗികളാണ് ആശുപത്രിയില്‍ മരിച്ചത്. സംഭവത്തില്‍ താനെ മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ അന്വേഷണം പ്രഖ്യാപിച്ചു. മഹാരാഷ്ട്ര സര്‍ക്കാരും അന്വേഷണത്തിന് ഉന്നത തല സമിതിയെ നിയോഗിച്ചു.
ഡോക്ടറുടെ നേതൃത്വത്തില്‍ ആശുപത്രിയിലെ നേഴ്‌സിനെ കൂട്ടബലാല്‍സംഗം ചെയ്തു കൊലപ്പെടുത്തി. ബിഹാറിലെ ഈസ്റ്റ് ചമ്പാരന്‍ ജില്ലയിലെ നേഴ്‌സിംഗ് ഹോമിലാണ് സംഭവം. ഒളിവിലുള്ള ഡോ. ജയപ്രകാശ് ദാസിനും അഞ്ചു പേര്‍ക്കുമെതിരേ കേസെടുത്തു. നേഴ്‌സിംഗ് ഹോം അടച്ചുപൂട്ടി.
അമേരിക്കയിലെ ഹവായ് ദ്വീപിലെ മൗവിയില്‍ ഉണ്ടായ കാട്ടുതീയില്‍ മരിച്ചവരുടെ എണ്ണം 93 ആയി. 550 കോടി ഡോളറിന്റെ നഷ്ടമുണ്ടായെന്നാണു കണക്കാക്കുന്നത്. മരണ സംഖ്യ ഇനിയും ഉയരും.
അമേരിക്കന്‍ മുന്‍ പ്രസിഡന്റ് ബരാക് ഒബാമ മുന്‍കാമുകിക്ക് 1982 ല്‍ എഴുതിയ പ്രണയലേഖനങ്ങള്‍ പുറത്ത്. ജീവചരിത്രകാരനായ ഡേവിഡ് ഗാരോ നല്‍കിയ അഭിമുഖത്തില്‍ മൂന്നു മുന്‍ കാമുകിമാരില്‍നിന്ന് ഒബാമ അയച്ച പ്രണയലേഖനങ്ങള്‍ ലഭിച്ചെന്ന് അവകാശപ്പെട്ടിരുന്നു. സ്വവര്‍ഗ ലൈംഗികത ഇഷ്ടമാണെന്നു വിവരിക്കുന്ന കത്തു പുറത്തായതാണ് ഇപ്പോള്‍ വിവാദമായത്.