രാഷ്ട്രീയ ജീവിതത്തില്‍ മണിപ്പൂര്‍ പോലൊരു ദുരനുഭവം താന്‍ നേരിട്ട് കണ്ടിട്ടില്ലെന്ന് രാഹുല്‍ഗാന്ധി എംപി. പല കലാപബാധിത പ്രദേശങ്ങളിലും പോയിട്ടുണ്ട്. പക്ഷെ മണിപ്പൂരിനോളം ഭീകരത ഒരിടത്തും കണ്ടിട്ടില്ല. എങ്ങും ചോര. എല്ലായിടത്തും സ്ത്രീകളെ ബലാത്സംഗം ചെയ്തു. പാര്‍ലമെന്റില്‍ രണ്ടേകാല്‍ മണിക്കൂര്‍ പ്രസംഗിച്ച പ്രധാനമന്ത്രി രണ്ടു മിനിറ്റു മാത്രമാണ് മണിപ്പൂരിനെക്കുറിച്ചു പറഞ്ഞത്. വയനാട്ടില്‍ കോണ്‍ഗ്രസിന്റെ വരവേല്‍പു സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രതിസന്ധി കാലത്ത് പിന്തുണച്ച കുടുംബമാണ് വയനാട്. എത്ര തവണ അയോഗ്യനാക്കിയാലും വയനാടും താനുമായുള്ള ബന്ധം നാള്‍ക്കുനാള്‍ ശക്തിപ്പെടുമെന്നു രാഹുല്‍ ഗാന്ധി പറഞ്ഞു.
ഓണക്കാലത്തേക്ക് മുംബൈയില്‍നിന്ന് കേരളത്തിലേക്കു സ്‌പെഷല്‍ ട്രെയിന്‍. പന്‍വേല്‍- നാഗര്‍കോവില്‍ സ്‌പെഷ്യല്‍ ട്രെയിന്‍ ഈ മാസം 22 ന് നാഗര്‍കോവിലില്‍ നിന്ന് പന്‍വേലിലേക്കും, 24 ന് പന്‍വേലില്‍ നിന്ന് നാഗര്‍കോവിലിലേക്കും സര്‍വീസ് നടത്തും. സെപ്തംബര്‍ ഏഴു വരെ മൂന്ന് സര്‍വീസാണ് കേരളത്തിലേക്കുണ്ടാകുക. തിരിച്ചും മൂന്നു സര്‍വീസുണ്ടാകും.
ഓണം സീസണില്‍ വിദേശ രാജ്യങ്ങളില്‍ നിന്നും കേരളത്തിലേക്കുള്ള വിമാന ടിക്കറ്റ് നിരക്ക് വര്‍ദ്ധന നിയന്ത്രിക്കാനാവില്ലെന്നു കേന്ദ്ര സര്‍ക്കാര്‍. വിമാനക്കമ്പനികള്‍ ഡൈനാമിക് പ്രൈസിംഗ് രീതിയിലാണു ടിക്കറ്റ് നിരക്കു നിശ്ചയിക്കുന്നത്. നേരത്തെ ടിക്കറ്റ് ബുക്കു ചെയ്താല്‍ നിരക്കു വര്‍ധനയില്‍നിന്ന് ഒഴിവാകാം. വിമാന ടിക്കറ്റു നിരക്ക് കുറയ്ക്കാന്‍ ഇടപെടണമെന്ന് അഭ്യര്‍ത്ഥിച്ചു മുഖ്യമന്ത്രി പിണറായി വിജയന്‍ നല്‍കിയ കത്തിനുള്ള മറുപടിയിലാണ് ഈ വിവരം. എന്നാല്‍ യാത്രക്കാരുടെ തിരക്കു കറയ്ക്കാന്‍ കൂടുതല്‍ വിമാന സര്‍വീസുകള്‍ ആരംഭിക്കാന്‍ വിമാനക്കമ്പനികളോട് ആവശ്യപ്പെടാമെന്ന് കേന്ദ്രം വ്യക്തമാക്കിയിട്ടുണ്ട്.
പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചതിനു പിറകേ വോട്ടഭ്യര്‍ത്ഥനയുമായി ജെയ്ക് സി തോമസ്. പുതുപ്പള്ളിയിലെ ജനകീയ ആവശ്യങ്ങള്‍ക്കായി ഇതുവരെ ഒന്നിച്ചാണ് നീങ്ങിയത്. നവകേരളത്തിനൊപ്പം കുതിക്കാന്‍ പുതുപ്പള്ളിയില്‍ മാറ്റം അനിവാര്യമാണെന്ന് ജെയ്ക് ഫേസ്ബുക്കില്‍ കുറിച്ചു.
ട്രെയിനിന്റെ ചവിട്ടുപടിയില്‍ ഇരുന്നു യാത്ര ചെയ്യുന്നതിനിടെ പുഴയില്‍ വീണ യാത്രക്കാരനുവേണ്ടി തെരച്ചില്‍. മംഗലാപുരത്തുനിന്നും തിരുവനന്തപുരത്തേക്ക് പോവുകയായിരുന്ന പരശുറാം എക്‌സ്പ്രസ് വൈക്കം വെള്ളൂര്‍ പിറവം റോഡ് റെയില്‍ പാലത്തില്‍ എത്തിയപ്പോള്‍ യാത്രക്കാരന്‍ മൂവാറ്റുപുഴ ആറിലേക്കു വീഴുകയായിരുന്നു.
വ്യവസായ വകുപ്പിന് കീഴിലുള്ള ടെക്‌സ്‌റ്റൈല്‍ മില്ലുകള്‍ക്ക് പ്രവര്‍ത്തന മൂലധനമായി 10.50 കോടി രൂപ അനുവദിച്ചു. അടച്ചിട്ടിരുന്ന അഞ്ചു ടെക്സ്‌റ്റൈല്‍ മില്ലുകള്‍ വീണ്ടും തുറക്കും. ടെക്സ്റ്റയില്‍ കോര്‍പ്പറേഷന്റെ മില്ലുകളായ ആലപ്പുഴ ജില്ലയിലെ പ്രഭുറാം മില്‍സ്, കോട്ടയം ജില്ലയിലെ കോട്ടയം ടെക്സ്റ്റൈല്‍സ്, മലപ്പുറം ജില്ലയിലെ എടരിക്കോട് ടെക്‌സ്റ്റൈല്‍സ് എന്നിവയും തൃശൂര്‍ ജില്ലയിലെ സീതാറാം ടെക്‌സ്റ്റൈല്‍സ് സഹകരണ മേഖലയില്‍ ടെക്‌സ്‌ഫെഡിന് കീഴിലുള്ള തൃശൂര്‍ കോ ഓപ്പറേറ്റീവ് സ്പിന്നിംഗ് മില്‍ എന്നിവയാണ് വീണ്ടും തുറക്കുന്നത്.
നെഹ്‌റു ട്രോഫി വള്ളംകളിയില്‍ വീയപുരം ചുണ്ടന്‍ ജലരാജാവ്. തുടര്‍ച്ചയായി നാലാം തവണയും തുഴക്കാരായ പള്ളാത്തുരുത്തി ബോട്ട് ക്ലബാണു കിരീടം ചൂടിയത്. ചമ്പക്കുളം ചുണ്ടനാണ് രണ്ടാമതായി ഫിനിഷ് ചെയ്തത്. കെടിബിസി കുമരകമാണ് ചമ്പക്കുളം തുഴഞ്ഞത്. യുബിസി തുഴഞ്ഞ നടുഭാഗം ചുണ്ടന്‍ മൂന്നാമതും കേരള പൊലീസ് തുഴഞ്ഞ കാട്ടില്‍ തെക്കെതില്‍ നാലാമതും ഫിനിഷ് ചെയ്തു.
പനിയെ തുര്‍ന്ന് രക്ത പരിശോധനക്കെത്തിയ ഏഴു വയസുകാരിക്ക് പേവിഷബാധക്കുള്ള കുത്തിവയ്പു നല്‍കി. എറണാകുളം അങ്കമാലി താലൂക്ക് ആശുപത്രിയിലാണ് സംഭവം. അമ്മ ഒ പി ടിക്കറ്റെടുക്കാന്‍ പോയപ്പോഴാണ് നഴ്‌സ് കോതകുളങ്ങര സ്വദേശിയായ കുട്ടിക്കു കുത്തിവയ്പു മാറി നല്‍കിയത്.
മലപ്പുറം മേലാറ്റൂരിലെ പൊലീസ് സ്റ്റേഷന്‍ ബോംബുവച്ചു തകര്‍ക്കുന്ന റീല്‍ നിര്‍മിച്ചു പ്രചരിപ്പിച്ച അഞ്ചു യുവാക്കളെ അറസ്റ്റു ചെയ്തു. കരുവാരക്കുണ്ട് പുന്നക്കാട് സ്വദേശികളായ മുഹമ്മദ് റിയാസ്, സല്‍മാനുല്‍ ഫാരിസ്, മുഹമ്മദ് ജാസിം, സലിം ജിഷാദിയന്‍, മുഹമ്മദ് ഫവാസ് എന്നിവരാണ് പിടിയിലായത്.
കണ്ണൂരില്‍ പനി ബാധിച്ച് അഞ്ചു വയസുകാരന്‍ മരിച്ചു. ചെറുകുന്ന് നിഷാന്ത്-ശ്രീജ ദമ്പതികളുടെ മകന്‍ ആരവ് നിഷാന്താണ് മരിച്ചത്.
പുളിക്കീഴില്‍ ചതുപ്പില്‍ ആറുമാസം പ്രായമുള്ള കുഞ്ഞിന്റെ മൃതദേഹം. രണ്ടു ദിവസം പഴക്കമുണ്ടെന്നു പോലീസ്.
നെടുമ്പാശേരിയില്‍ ശരീരത്തിലൊളിപ്പിച്ച് കടത്താന്‍ ശ്രമിച്ച 50 ലക്ഷം രൂപ വരുന്ന ഒരു കിലോ സ്വര്‍ണവുമായി മലപ്പുറം സ്വദേശി നിസാമുദീന്‍ പിടിയിലായി. 13 വര്‍ഷമായി ജിദ്ദയില്‍ ഡ്രൈവറായ ഇയാളുടെ അമ്മയ്ക്കു ഡയാലിസിസിനു പണം കണ്ടെത്താനാണ് സ്വര്‍ണം കടത്താന്‍ ശ്രമിച്ചതെന്ന് കസ്റ്റംസിനോടു പറഞ്ഞു.
കള്ളപണക്കേസില്‍ അറസ്റ്റിലായ തമിഴ്‌നാട് മന്ത്രി സെന്തില്‍ ബാലാജിക്കെതിരെ എന്‍ഫോഴ്‌സ്‌മെന്റ് ചെന്നൈ കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചു. മൂവായിരത്തിലേറെ പേജുള്ള കുറ്റപത്രമാണ് സമര്‍പ്പിച്ചത്. 2011 മുതല്‍ 2015 വരെ ജയലളിത മന്ത്രിസഭയില്‍ ഗതാഗത മന്ത്രിയായിരുന്നപ്പോഴത്തെ അഴിമതി കേസിലാണ് അന്വേഷണം നടക്കുന്നത്.
മണിപ്പൂരില്‍ അനധികൃത കുടിയേറ്റക്കാരേയും തീവ്രവാദികളേയും തടയാന്‍ സര്‍ജിക്കല്‍ സ്‌ട്രൈക്ക് പോലുള്ള നടപടികള്‍ വേണമെന്ന് നാഷണല്‍ പീപ്പിള്‍സ് പാര്‍ട്ടി നേതാവ് രമേഷ് സിംഗ്. മണിപ്പൂരില്‍ ബിജെപി സര്‍ക്കാരിന്റെ സഖ്യകക്ഷിയാണ് ഈ പാര്‍ട്ടി.
തമിഴ് സിനിമ താരം സത്യരാജിന്റെ അമ്മ നതാംബാള്‍ കലിംഗരായര്‍ അന്തരിച്ചു. 94 വയസായിരുന്നു.
പാക്കിസ്ഥാനില്‍ തെരഞ്ഞെടുപ്പിനു മുന്നോടിയായി സെനറ്റര്‍ അന്‍വാര്‍ ഉല്‍ ഹഖ് കാകര്‍ ഇടക്കാല പ്രധാനമന്ത്രിയാകും. പ്രധാനമന്ത്രി ഷെഹ്ബാസ് ഷരീഫും പ്രതിപക്ഷ നേതാവ് രാജാ റിയാസും തമ്മിലുണ്ടാക്കിയ ധാരണയനുസരിച്ചാണ് താത്കാലിക ചുമതല.